ടീം അഴിമുഖം
ഇന്ത്യയിലെ ഒരു പ്രമുഖ ബിസിനസ് പത്രത്തിന്റെ രണ്ട് മുതിര്‍ന്ന എഡിറ്റര്‍മാര്‍ ഈ അടുത്തിടെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഇന്റര്‍വ്യു ചെയ്യാന്‍ പോയി. മുന്‍ നിശ്ചയ പ്രകാരമായിരുന്നു ഈ കൂടിക്കാഴ്ച. അഭിമുഖത്തിനായി ക്ളിഫ് ഹൗസിലെത്തിയ ഇവര്‍ കണ്ടത് ഒരു വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ ഫയലുകള്‍ നോക്കുകയൂം അപേക്ഷ സ്വീകരിക്കുകയും മറ്റും ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയെയാണ്. ഡല്‍ഹിയിലെ ‘ഫ്യൂഡല്‍’ അന്തരീക്ഷത്തില്‍ ഉന്നത പരിഗണനകളോടെ മന്ത്രിമാരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് അഭിമുഖം നടത്തിയിരുന്ന ഇവര്‍ക്ക് ഇത് ഒരേ സമയം അത്ഭുതവും അസ്വസ്ഥതയും ഉണ്ടാക്കി. ഈ വലിയ തിരക്കിനിടയില്‍ മുഖ്യമന്ത്രി 15 മിനിറ്റോളം ഇവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവും നല്‍കി. ടെലിവിഷന്‍ സ്റ്റുഡിയോയിലല്ലാതെ ഉമ്മന്‍ ചാണ്ടിയെ ഒറ്റയ്ക്ക് ഒരു ഇന്റര്‍വ്യുവിന് കാണുക എളുപ്പമല്ല.
കേരള രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ട ഒരു പ്രതിഭാസമൊന്നുമല്ല ഉമ്മന്‍ ചാണ്ടി. ‘പ്രോട്ടോക്കോളി’ല്ലാതെ ഏതൊരു പാര്‍ട്ടിക്കാരനും സമീപിക്കാവുന്ന നേതാവാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി.എസ് അച്യുതാനന്ദന്റെ ഇങ്ങനെയുള്ള ജനകീയ സ്വഭാവത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതുമില്ല. കെ.എം മാണി മുതല്‍ കുഞ്ഞാലിക്കുട്ടി വരെയും പന്ന്യന്‍ രവീന്ദ്രന്‍ മുതല്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ വരെയും ആര്യാടന്‍ മുഹമ്മദ് മുതല്‍ വി.എം. സുധീരന്‍ വരെയും – ഈ നിര നീണ്ടതാണ്.

കേരളത്തില്‍ ‘പൊളിറ്റിക്കല്‍ ക്ളാസി’നുളള പ്രാമുഖ്യത്തിന് ഒരു ചരിത്രമുണ്ട്. രാജാവിനെ കൊണ്ട് നിയമ നിര്‍മാണ സഭ ഉണ്ടാക്കിക്കുന്നതു മുതല്‍ സര്‍ സി.പിയുടെ ബ്യൂറോക്രാറ്റിക്ക് ഭരണ സംവിധാനത്തെ ഒരുമിച്ച് എതിര്‍ക്കുന്നതും മറ്റൊരു സംസ്ഥാനത്തിലും സാധിക്കാത്ത വിധത്തില്‍ 1,300 – ലധികം നിയമങ്ങള്‍ സാമൂഹിക – ഭരണ മേഖലയില്‍ പാസാക്കിയതും ഉള്‍പ്പെടെ കേരള രാഷ്ട്രീയക്കാര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന പല സംഭവങ്ങളുമുണ്ട്. വന്‍ വിജയമായി മാറിയ സമ്പൂര്‍ണ സാക്ഷരതാ യജ്ഞം പോലും ഒരു പൊളിറ്റിക്കല്‍ മൂവ്‌മെന്റ് ആയിരുന്നു. ക്രിയാത്മകമായ രാഷ്ട്രീയ ഇടപെടലുകള്‍ ഒരുപാട് നടന്നിട്ടുള്ള സംസ്ഥാനമാണ് കേരളം.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അധികാര ശ്രേണിയില്‍ എളുപ്പം സമീപിക്കാന്‍ കഴിയുന്നത് രാഷ്ട്രീയക്കാരെയാണ്. കാരണം ബ്യൂറോക്രസിയെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് നേരിടേണ്ടി വരിക എന്നത് രാഷ്ട്രീയക്കാരെ ഒരു പരിധി വരെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ ബാധ്യസ്ഥരാക്കുന്നുണ്ട്.
മറ്റു പല സംസ്ഥാനങ്ങളിലെയും പൊളിറ്റിക്കല്‍ ക്ളാസിനെ മനസിലായെങ്കില്‍ മാത്രമേ കേരളത്തിലെ രാഷ്ട്രീയക്കാരുടെ മെച്ചം എന്താണെന്നും മനസിലാകൂ. രാഷ്ട്രീയക്കാരുടെ എല്ലാ ചെയ്തികളെയും ന്യായീകരിക്കാനുള്ള ശ്രമമല്ല ഇത്. മറിച്ച് തിരുത്തലുകള്‍ വരുത്തേണ്ടത് സിസ്റ്റത്തിനാണെന്നും അതിനെ സദാചാരത്തിന്റെ കുപ്പായം ധരിപ്പിച്ച് അഴുക്കുകളെ മൂടിവയ്ക്കുകയല്ല ചെയ്യേണ്ടതെന്ന് പറയാന്‍ കൂടിയാണ്.
പൊതുജനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും തമ്മില്‍ ഇഴയടുപ്പമുള്ള ബന്ധം കേരളത്തിന്റെ ഒരു സവിശേഷതയാണ്. വില്ലേജ് ഓഫീസില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് മുതല്‍ കളക്‌ട്രേറ്റില്‍ നിന്ന് പട്ടയം വരെ ലഭിക്കാന്‍ സാധാരണ ജനങ്ങള്‍ വാര്‍ഡ് തലം മുതല്‍ സംസ്ഥാന നേതൃത്വം വരെയുള്ള രാഷ്ട്രീയക്കാരെയാണ് സമീപിക്കാറ്. ഉദ്യോഗസ്ഥ തലത്തിലുള്ള ‘സ്വാഭാവിക’ തടസങ്ങള്‍ മറികടക്കാന്‍ സാധാരണക്കാര്‍ക്കുള്ള ഏക ആശ്രയം രാഷ്ട്രീയക്കാരാണ്. കാലാകാലങ്ങളിലുള്ള വോട്ടു മാത്രമാണ് പലപ്പോഴും പ്രതിഫലം.

സാങ്കേതിക വിദ്യകള്‍ മെച്ചപ്പെട്ടതോടെ മൊബൈല്‍ ഫോണുകളും ഇ-മെയിലുമൊക്കെ രാഷ്ട്രീയക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. എം.പിമാരുടെയും എം.എല്‍.എമാരുടേയും മാത്രമല്ല, വിവിധ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കക്ഷി നേതാക്കളുടേയും മൊബൈല്‍ നമ്പറുകള്‍ പൊതുജനമധ്യത്തിലുണ്ട്. മടി കൂടാതെ വ്യക്തിപരമായ പ്രശ്‌നങ്ങളും പൊതു പ്രശ്‌നങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഈ സുതാര്യത സഹായിക്കുന്നു. ഇതുകൊണ്ടൊക്കെ തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ നേതൃത്വം തങ്ങള്‍ക്ക് മുകളിലാണെന്ന ചിന്ത കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. ഈ ഒരു സുതാര്യതയാണ് സോളാര്‍ വിവാദം വെല്ലുവിളിക്കുന്നത്.
ഇതുവരെയുള്ള വിവരങ്ങള്‍ പ്രകാരം, പോലീസും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏതാനും ഉദ്യോഗസ്ഥരുമാണ് സരിത എസ്. നായരുടെ മൊബൈല്‍ കോള്‍ വിവരങ്ങള്‍ പുറത്തു വിട്ടത്. അറിഞ്ഞിടത്തോളം, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കിടയിലെ ആഭ്യന്തര, പെറ്റി-പൊളിറ്റിക്‌സ് പ്രശ്‌നങ്ങളായിരുന്നു മറ്റേതൊരു തട്ടിപ്പു കേസും പോലെ തീരുമായിരുന്ന വിഷയത്തെ ഇപ്പോഴത്തെ രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് ഇടവരുത്തിയതും. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ ഉള്‍പ്പെട്ട അഴിമതി പുറത്തു കൊണ്ടുവരുക എന്നതിലുപരി, സരിത എസ്. നായര്‍, ശാലു മേനോന്‍ തുടങ്ങിയവരുമായി അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നവര്‍ക്കും ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമുള്ള വ്യക്തിപരമായ സൗഹൃദം പുറത്താക്കുക എന്ന സ്ഥിരം ‘ഒളിഞ്ഞുനോട്ട’ സ്വഭാവം മാത്രമായിരുന്നു ഈ വെളിപ്പെടുത്തലുകള്‍ക്ക് പുറകില്‍.

ഇതോടൊപ്പം തന്നെ കാണേണ്ടതാണ് കേരളത്തിലെ മാധ്യമങ്ങളുടെ നിരുത്തരവാദപരമായ സമീപനം. സൗരോര്‍ജ പദ്ധതിയിലെ ക്രമക്കേടുകള്‍ അല്ല, മറിച്ച് രാഷ്ട്രീയക്കാരുടെ സ്വഭാവഹത്യ – അതും തെളിവുകളില്ലാതെ – യിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പറഞ്ഞു വരുന്നത്, തെറ്റു ചെയ്ത രാഷ്ട്രീയക്കാര്‍ ശിക്ഷിക്കപ്പെടേണ്ടതില്ല എന്നല്ല, സദാചാരത്തിന്റെയും ധാര്‍മികതയുടേയും പേരില്‍ ചെയ്യാത്ത തെറ്റുകള്‍ അടിച്ചേല്‍പ്പിച്ച് അവരെ ക്രൂശിക്കുന്നത് ജനാധിപത്യപരമായി ശരിയല്ല. എല്ലാ രാഷ്ട്രീയക്കാരെയും മോശക്കാരായി കണക്കാക്കുന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാക്കാനും ഇടയാക്കും.
രാഷ്ട്രീയത്തെ പുച്ഛത്തോടെ കാണുന്ന മധ്യവര്‍ഗ നിലപാടിനെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകളും വ്യാഖ്യാനങ്ങളുമൊക്കെ. രാഷ്ട്രീയക്കാരെ ജനകീയ ഇടപെടലുകളിലൂടെ തിരുത്തിയെടുക്കുക എന്നതിലേക്കല്ല ഈ വാര്‍ത്തകള്‍ വികസിക്കുന്നത്. മറിച്ച് സമൂഹത്തെ കൂടുതല്‍ അരാഷ്ട്രീയവത്ക്കരിക്കുക എന്നതിലേക്ക് മാത്രമാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാകുന്നത് ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളെ ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് നേരിടുന്നതിലൂടെയാണ്. ആ സംവിധാനത്തിലുണ്ടാകുന്ന പാളിച്ചകള്‍ തിരുത്തുന്നത് ആര് ആരെയൊക്കെ ഏതൊക്കെ സമയത്ത് വിളിച്ചു എന്നു നോക്കിയല്ല. ആ വിളിയുടെ ഒരു വശത്ത് ഒരു സ്ത്രീയുണ്ട് എന്നതു കൊണ്ടു മാത്രം വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നു എന്നതാണ് കേരള സമൂഹത്തിന്റെ അടിസ്ഥാനപ്രശ്‌നവും. സദാചാര പോലീസ് എന്ന സ്ഥിരം സംജ്ഞ ഒരു സമൂഹത്തിന്റെ മൊത്തത്തിലുള്ള ലക്ഷണക്കേടായി മാറുന്നു എന്നും പറയാം.
കേരള സമൂഹം ഇന്ന് നിരവധി സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അവയെ നേരിടാന്‍ പര്യാപ്തമായ രാഷ്ട്രീയ നേതൃത്വവുമുണ്ട്. എന്നാല്‍ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും രാഷ്ട്രീയ ശ്രദ്ധ ലഭിക്കാതെ പോകുന്ന അവസ്ഥ ഇന്നുണ്ട്. സരിത എസ്. നായരുടേയും ശാലു മേനോന്റെയും കോള്‍ റിക്കോര്‍ഡ്‌സ് വരുന്നതു കൊണ്ട് അവസാനിക്കുന്നതല്ല കേരള സമൂഹത്തിലെ പ്രശ്‌നങ്ങള്‍. കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന്റെ ഫോണ്‍ വിവരങ്ങള്‍ എന്തുകൊണ്ടാണ് ആര്‍ക്കും താത്പര്യമില്ലാത്തത് എന്നതു മാത്രം ആലോചിച്ചാല്‍ മതി, നമ്മുടെ സമൂഹത്തിലെ പുഴുക്കുത്ത് എത്രമാത്രമുണ്ടെന്ന് മനസിലാക്കാന്‍.
മലയാളിയുടെ സദാചാരം ഒളിഞ്ഞു നോട്ടക്കാരന്റെ വൈകൃതം മാത്രമാണ്.