Continue reading “ശൈശവ വിവാഹക്കാര്‍ അറിയേണ്ട പാത്തു അമ്മായിയുടെ ജീവിതം”

" /> Continue reading “ശൈശവ വിവാഹക്കാര്‍ അറിയേണ്ട പാത്തു അമ്മായിയുടെ ജീവിതം”

"> Continue reading “ശൈശവ വിവാഹക്കാര്‍ അറിയേണ്ട പാത്തു അമ്മായിയുടെ ജീവിതം”

">

UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

ശൈശവ വിവാഹക്കാര്‍ അറിയേണ്ട പാത്തു അമ്മായിയുടെ ജീവിതം

                       

മക്കള്‍ രണ്ടും വന്ന ശേഷം ഭക്ഷണമുണ്ടാക്കിയും അവരുടെ വിശേഷങ്ങള്‍ കേട്ടും അവരോടൊപ്പം യാത്രകള്‍ പ്ലാന്‍ ചെയ്തും തിരക്കിലായി പോയ ദിവസങ്ങളിലാണ് തറവാടു വീട്ടില്‍ സഹായത്തിനു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ഫോണ്‍ വന്നത്. വീട്ടിലുണ്ടാവുമോ എന്റെ ഉമ്മാക്ക് കാക്കുവിനെ കണ്ട് എന്തോ പറയാനുണ്ട് എന്ന് പറഞ്ഞപ്പോള്‍ വൈകുന്നേരം വന്നോളൂ എന്ന് പറഞ്ഞതനുസരിച്ച് അന്ന് തന്നെ അവര്‍ വരികയും ചെയ്തു. അവര്‍ വന്നപ്പോള്‍ ഭര്‍ത്താവിന്റെ ഉമ്മയും ഉണ്ടായിരുന്നു ഇവിടെ.

 

അവരുടെ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ സ്കൂളിലേക്ക് പോവുന്ന ബസ്സിലെ ചെക്കറുമായി പ്രണയത്തിലാണ്, കല്യാണം കഴിച്ചു കൊടുക്കണമെന്ന് അവള്‍ വീട്ടില്‍ വന്ന് വാശി പിടിക്കുന്നു എന്ന് പറയാന്‍ വന്നതായിരുന്നു അവര്‍. പയ്യന്‍ ഇവിടെ റബ്ബര്‍ ടാപ്പിങ്ങിനു വരുന്ന സ്ത്രീയുടെ മകനായതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്ന് വിചാരിച്ചു വന്നതാണവര്‍. പതിനാലു വയസില്‍ കല്യാണം കഴിപ്പിക്കുന്നത് കുറ്റകരമാണ് മകളെ കാര്യം പറഞ്ഞ് മനസിലാക്കു എന്നൊക്കെ പറഞ്ഞപ്പോള്‍ ഒരാഴ്ച്ച മുന്‍പ് അയല്പക്കത്ത് നടന്ന കല്യാണങ്ങളിലെ പെണ്‍കുട്ടികളെല്ലാം പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്നവരായിരുന്നു, അവരൊക്കെ കാശുള്ള വീട്ടിലെ കുട്ടികളായത് കൊണ്ടാണോ നിയമമൊന്നും പ്രശ്നമാവാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍ അവരുടെ ശബ്ദത്തില്‍ അല്‍പ്പം നീരസമുണ്ടായിരുന്നു.

 

അവര്‍ പറഞ്ഞ മണവാട്ടി പെണ്‍കുട്ടികളെ ഞാനും മകളും അവരുടെ കല്യാണ തലേന്ന് പാര്‍ലറില്‍ വെച്ച് കണ്ടിരുന്നു.അന്ന് അവരോട് എന്റെ മകള്‍ എന്തിനാ ഇത്ര ചെറുപ്പത്തില്‍ കല്യാണം കഴിക്കുന്നത്, പതിനെട്ട് വയസു പോലുമായില്ലല്ലോ നിങ്ങള്‍ക്ക് എന്ന് പറയുകയും ചെയ്തു. കണ്ണുകളില്‍ സ്വപ്നങ്ങളും, കുണുങ്ങി ചിരിയുമായി മൈലാഞ്ചി അണിഞ്ഞ കൈകളുമായി ഇരുന്ന അവരുടെ മുഖത്ത് കണ്ട ചിരിയില്‍ ഇത്തിരി പരിഹാസമുണ്ടായിരുന്നു. ഇവളാരാ എന്നെ ഉപദേശിക്കാന്‍ എന്ന ഒരു ചോദ്യവും.

 

അന്നവരോട് സംസാരിച്ചു വീട്ടിലെത്തിയ ശേഷവും എന്റെ മകള്‍ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. നിയമമൊന്നും ഇവര്‍ക്ക് ബാധകമല്ലേ, കല്യാണങ്ങള്‍ക്കെല്ലാം മുന്‍പില്‍ കാണുന്ന പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പറഞ്ഞ് കൊടുത്ത് കൂടേ എന്നെല്ലാം പറഞ്ഞ് അന്ന് മുഴുവന്‍ അവള്‍ സങ്കടപെട്ടിരുന്നു.

 

 

അത് കേട്ട് ഇവിടുത്തെ പാത്തുമ്മാത്ത പറഞ്ഞത്, അവര്‍ക്കെന്തറിയാം സ്വര്‍ണമാലകളിട്ട് ഒരുങ്ങുന്ന ഊറ്റത്തിലല്ലേ അവര്‍ ഇപ്പോള്‍, എന്നായിരുന്നു. ജീവിതമെന്നാല്‍ ആഭരണങ്ങളും ഊട്ടിയിലേക്കൊരു ടൂറും എന്ന് വിചാരിച്ചിരിക്കുന്ന അവര്‍ അതിന്റെ ഊറ്റത്തില്‍ തന്നെയായിരുന്നു എന്ന് തോന്നി എനിക്കും.

 

ചെറുപ്രായത്തില്‍ വിവാഹത്തിന് നിന്നു കൊടുക്കേണ്ടിവരുന്നത് സമൂഹത്തിലെ താഴെത്തട്ടിലെ ജീവിക്കുന്നവര്‍ മാത്രമല്ല. അവയില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളുടെ സമ്മതത്തോടെ തന്നെയാണെന്ന് തോന്നി എനിക്കന്ന്. ദാരിദ്ര്യമുള്ള വീട്ടിലെ ചില മാതാപിതാക്കളെങ്കിലും അവരെ ഏതെങ്കിലുമൊരുത്തന്റെ തലയില്‍ ഏല്‍പിച്ചാല്‍ സ്വസ്ഥമായി എന്നും വിചാരിക്കുന്നുണ്ട്. അങ്ങിനെ വിചാരിച്ചത് കൊണ്ടാവാം പയ്യന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് പറഞ്ഞിട്ടു പോലും ആ ഉമ്മക്ക് നീരസം തോന്നിയത്.

 

അന്നവരെ കാര്യം പറഞ്ഞ് മനസിലാക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. ആ കല്യാണത്തില്‍ നിന്ന് പിന്മാറാന്‍ ഇവിടുത്തെ ഉമ്മയും ഒരു പാട് നിര്‍ബന്ധിക്കേണ്ടി വന്നു.

 

അവര്‍ പോയി കഴിഞ്ഞ് പതിമൂന്ന് വയസില്‍ വിവാഹിതയായി വന്ന ഉമ്മയുടെ ജീവിതത്തെ കുറിച്ച് ഞാന്‍ വെറുതെ ചോദിച്ചതായിരുന്നു. ഇപ്പോള്‍ എണ്‍പതിനടുത്ത് പ്രായമുള്ള ഉമ്മ അന്ന് വീടിനടുത്തുള്ള സ്കൂളില്‍ രണ്ടാം ക്ലാസ്സു വരെ പഠിച്ചതും പെണ്‍കുട്ടികള്‍ മദ്രസ്സ മാത്രം പഠിച്ചാല്‍ മതി എന്ന് പറഞ്ഞ ഉസ്താദ് അത് നിര്‍ത്തലാക്കിയതുമൊക്കെ കേള്‍ക്കുന്നത് ഞാനന്നായിരുന്നു.

 

ഉമ്മയുടെ കഥകള്‍ കേട്ടിരിക്കാന്‍ എന്നെ പോലെ മക്കള്‍ക്കും ഇഷ്ടമാണ്. പറഞ്ഞ് പറഞ്ഞ് ഉമ്മ പെട്ടെന്നാണ് പാത്തു അമ്മായിയെ കുറിച്ച് പറഞ്ഞത്. ഉമ്മയുടേ കസിന്റെ മകനാണ് എന്റെ അനിയത്തിയെ കല്യാണം കഴിച്ചിരിക്കുന്നത്. അവിടെ പോവുമ്പോള്‍ ഇടക്കെല്ലാം ഞാന്‍ പാത്തു അമ്മായിയെ കാണാറുണ്ട്. തൂവെള്ള വസ്ത്രവും നിറയെ സ്വര്‍ണാഭരണങ്ങളിട്ട, മാനസിക വിഭ്രാന്തിയുള്ള പാത്തു അമ്മായിയെ. ആ വീട്ടിലെ ബാപയുടെ ജ്യേഷ്ഠത്തിയാണവര്‍. അറുപതില്‍ അയ്യായിരം രൂപക്ക് അനുജന് വിറ്റ ഭൂമി തിരിച്ച് തരണം ആ പൈസ കൊണ്ടു വന്നിട്ടുണ്ട് എന്ന് പറഞ്ഞ് വരുന്നതാണവര്‍.

 

ഇത് മാസത്തില്‍ പല തവണ ആവര്‍ത്തിക്കും. പാത്തു അമ്മായി വരുന്നതും അവരുടെ സംസാരവും അവിടെ എല്ലാവര്‍ക്കും ഒരു തമാശയാണ്. വഴക്കടിച്ച് കുറേ ശപിച്ച് വയറു നിറയേ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വീട്ടിലാരെങ്കിലും അവരെ തിരിച്ചു വീട്ടിലെത്തിക്കുകയാണ് പതിവ്. എന്നെ കാണുമ്പോഴെല്ലാം ചിരിച്ചു സംസാരിക്കാറുണ്ട് അവര്‍. പരസ്പര ബന്ധമില്ലാതെ അവര്‍ പറയുന്നതെല്ലാം മൂളി കേള്‍ക്കുന്നത് കൊണ്ടാവാം അവര്‍ക്കെന്നെ ഇഷ്ടമാണെന്ന് അനിയത്തി പറയാറുണ്ട്.

 

എങ്കിലും അവര്‍ക്കിങ്ങിനെ വരാന്‍ കാരണമെന്താവുമെന്ന് ഞാന്‍ ആലോചിച്ചിട്ടേ ഇല്ല. കുട്ടികളായിരുന്നപ്പോള്‍ വിരുന്ന് പോയിരുന്ന കുടുംബത്തിലെ പല തറവാട്ടു വീട്ടിലും ഇങ്ങിനെയുള്ളവരെ കാണുമ്പോഴെല്ലാം കൂടെ വന്നിരുന്ന വീട്ടിലെ ജോലിക്കാരി പറഞ്ഞിരുന്നത് ഏതോ ശാപമാണ് ഇതെന്നായിരുന്നു.

 

 

ഉമ്മ പറഞ്ഞു കേട്ട ആ കഥ ഞങ്ങളെയെല്ലാവരേയും സങ്കടപ്പെടുത്തുന്നതായിരുന്നു. കിഴക്കേലെ പാത്തുവിന്റെ ഭംഗിയെ കുറിച്ച് പണിക്കാരെല്ലാം പറയുമ്പോള്‍ ഇത്തിരി നിറം കുറവുള്ള ഉമ്മാക്ക് അന്ന് ഇത്തിരി അസൂയതോന്നിയിരുന്നു. പന്ത്രണ്ട് വയസില്‍ തറവാട്ടുമഹിമയും വൈക്കോല്‍ കൂഞ്ഞയുടെ എണ്ണവും നോക്കി അവളെ വിവാഹം കഴിച്ചയക്കുമ്പോള്‍ ആ ചെറിയ പെണ്‍കുട്ടിയുടെ സങ്കടവും പരിഭ്രമവും ആരും ശ്രദ്ധിച്ചതേ ഇല്ല.

 

ആ വിവാഹവും ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടി വന്ന ആക്രമണവും ആ പന്ത്രണ്ടുകാരിയെ തകര്‍ത്തു കളഞ്ഞു. പതിമൂന്ന് വയസില്‍ ഗര്‍ഭിണിയാവുകയും ഓപെറേഷനോ മുറിവുകളില്‍ തയ്യല്‍ ഇടാനോ സൗകര്യമില്ലാത്ത കാലത്ത് നടന്ന ബുദ്ധിമുട്ട് നിറഞ്ഞ പ്രസവവും കൂടെ ആയപ്പോള്‍ അവരുടെ മാനസിക നില ആകെ തകര്‍ന്നു പോയി. മൗനിയായി പോയ മകളുടെ മാനസിക നില തെറ്റിയത് ആരും ശ്രദ്ധിച്ചതുമില്ല.

 

പിന്നീട് പ്രസവം കഴിഞ്ഞ് തൊണ്ണൂറു ദിവസങ്ങള്‍ക്ക് ശേഷം ഭര്‍തൃവീട്ടിലേക്ക് പോയ രാത്രിയില്‍ അലറികരഞ്ഞ് കൊണ്ട് വെട്ടുകത്തിയുമായി ഭര്‍ത്താവിനെ വെട്ടാന്‍ ചെന്ന അവരെ എല്ലാവരും കൂടെ പിടിച്ച് വീട്ടിലെത്തിച്ചപ്പോഴാണ് മാതാപിതാക്കള്‍ മകളുടെ സമനില തെറ്റിയ വിവരം മനസിലാക്കുന്നത്. ചികിത്സകള്‍ക്കും മന്ത്രങ്ങള്‍ക്കുമൊന്നും പഴയ സുന്ദരി പാത്തുവിനെ വീണ്ടെടുക്കാനായില്ല എന്ന് പറയുമ്പോള്‍ ഉമ്മയുടെ ശബ്ദം നനഞ്ഞിരുന്നു.

 

പഴയ മുസ്ലിം തറവാടു വീട്ടില്‍ പിറന്ന അധികം വിദ്യാഭ്യാസമില്ലാത്ത ഭര്‍ത്താവിന്റെ ഉമ്മ എന്നും ശൈശവ വിവാഹത്തെ എതിര്‍ക്കുന്നത് കാണുമ്പോള്‍ എനിക്കെന്നും അത്ഭുതമായിരുന്നു.”ഓള് പഠിക്കട്ടെ, പെങ്കുട്ട്യാള്‍ക്ക് പഠിപ്പാണ് ആദ്യം മാണ്ടത്, അതുണ്ടായാല്‍ ഓല്‍ക്ക് ഉണ്ടാവണ കുട്ട്യാളും നന്നാവും” എന്ന് ഇടക്കിടെ പറയുന്നത് എന്തു കൊണ്ടാണന്ന് എനിക്കന്നാണ് മനസിലായത്.

 

ഉമ്മയുടെ തറവാടു വീട്ടില്‍ സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ ഒരു കുടുസ്സുമുറിയുണ്ട്. അവിടെ പോവുമ്പോഴെല്ലാം ആ മുറിക്കു മുന്‍പില്‍ ഉമ്മ നിശബ്ദയായി കുറേ നേരം നിന്നു പോവുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. പന്ത്രണ്ട് വയസില്‍ വിവാഹിതയായി പതിമൂന്നു വയസില്‍ ഗര്‍ഭിണിയായി പത്താം മാസത്തില്‍ പ്രസവിക്കാതെ നിറവയറോടെ മരിച്ചു പോയ അനിയത്തിയെ കുറിച്ച് ഉമ്മ ഇടക്കിടെ പറയാറുണ്ട്. പ്രസവത്തിനായി അവളെ കിടത്തിയ ആ കുടുസ്സു മുറിയില്‍ നിന്ന് അന്ന് കേട്ട അനിയത്തിയുടെ അടക്കിയ കരച്ചിലായിരിക്കാം ഉമ്മയെ അപ്പോള്‍ വേദനിപ്പിക്കുന്നത് എന്ന് ഉമ്മയുടെ ആ നില്‍പ്പ് കാണുമ്പോള്‍ തോന്നാറുണ്ട് എനിക്ക്. പഴയ കാലത്ത് പന്ത്രണ്ടിലും പതിമൂന്നിലുമല്ലേ വിവാഹം ചെയ്തയച്ചിരുന്നത് എന്ന് ചോദിക്കാറുണ്ട് പലരും.

 

ചെറുപ്രായത്തിലെ വിവാഹവും ലൈഗിംക ജീവിതവും ഗര്‍ഭധാരണവും പെണ്‍കുട്ടികളുടെ മനസ്സിലേല്‍പ്പിക്കുന്ന ആഘാതത്തെ തിരിച്ചറിയാന്‍ അന്നാരും ഒരുക്കമായിരുന്നില്ല. അവള്‍ക്കാണെങ്കില്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള സ്വാതന്ത്രവുമുണ്ടായിരുന്നില്ല.

 

പെണ്‍കുട്ടികളെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവളാക്കണമെങ്കില്‍, ഇതിനപ്പുറമൊരു ലോകമുണ്ടെന്ന് തിരിച്ചറിവുണ്ടാകണമെങ്കില്‍ ആദ്യം അവള്‍ക്ക് ആവശ്യം വിദ്യാഭ്യാസമാണ്.

 

Related news


Share on

മറ്റുവാര്‍ത്തകള്‍