ഇസ്രായേല്‍ സ്വവര്‍ഗവിവാഹം അനുവദിക്കാത്തതെന്തുകൊണ്ട്?

ലിയാം ഹോവരെ
(സ്ലേറ്റ്)

“ഒരു ഗേ നഗരത്തിന് ഒരു ഗേ മേയറെ വേണം” എന്നായിരുന്നു ഈയടുത്ത് നടന്ന മേയര്‍ ഇലക്ഷനില്‍ നിറ്റ്സാന്‍ ഹോറോവിറ്റ്‌സിന്റെ പ്രചാരണ മുദ്രാവാക്യം. മേരെറ്റ്സ് പാര്‍ട്ടിയുടെ ആഹ്വാനം “ഒറ്റവോട്ടുകൊണ്ട് അഞ്ച് ഗേകളെ കൌണ്‍സിലില്‍ എത്തിക്കൂ” എന്നായിരുന്നു. എല്ലാപാര്‍ട്ടികളും ആരാണ് കൂടുതല്‍ ഗേ എന്ന് സ്ഥാപിക്കാന്‍ മത്സരിക്കുന്നതുപോലെയായിരുന്നു കാര്യങ്ങള്‍. രണ്ടുപാര്‍ട്ടികളും ഗേ സമൂഹത്തിന് ബെഡ്ജറ്റില്‍ കൂടുതല്‍ പണം അനുവദിക്കുമെന്നും പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഗേ യുവാക്കള്‍ക്ക് സാമൂഹ്യപരിരക്ഷകള്‍ ഉറപ്പുവരുത്തുമെന്നും ഉറപ്പുനല്‍കിയിരുന്നു.

LGBTQ (ലെസ്ബിയന്‍ ഗേ ബൈസെക്ഷ്വല്‍ ട്രാന്‍സ്ജെന്‍ഡര്‍ ക്യുവര്‍) അവകാശങ്ങള്‍ക്കുവേണ്ടി ഇസ്രായേല്‍ നിലകൊള്ളുന്നു എന്നാണോ ഇതിന്റെ അര്‍ഥം? അല്ലെന്നുവേണം കരുതാന്‍.
സ്വവര്‍ഗാനുരാഗികളായ ഇസ്രായേലികള്‍ കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളില്‍ സാംസ്കാരികവും നിയമപരവുമായ ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. 1988ലാണ് സ്വവര്‍ഗാനുരാഗം കുറ്റകരമല്ലാതാക്കിയത്. സ്വവര്‍ഗാനുരാഗികള്‍ക്ക്  തൊഴിലിടങ്ങളില്‍ നേരിടുന്ന വിവേചനത്തില്‍ നിന്നും സംരക്ഷിക്കുന്ന നിയമം വന്നത് 1992ലാണ്. 1993 മുതല്‍ സ്വവര്‍ഗാനുരാഗികള്‍ പട്ടാളസേവനവും ചെയ്യുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൈഡ് ഉത്സവങ്ങള്‍ നടക്കുന്നതും ഇവിടെയാണ്‌.
 

വലിയ മുന്നേറ്റങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിബന്ധങ്ങളും കുറവല്ല. ഇസ്രായേലിലെ സിവില്‍റൈറ്റ്സ് അസോസിയേഷന്‍ പറയുന്നത് LGBTQ സമൂഹം ഇപ്പോഴും ഗവണ്‍മെന്‍റ് മേലധികാരികളില്‍ നിന്നും സ്വകാര്യവ്യക്തികളില്‍ നിന്നും ഇപ്പോഴും ധാരാളം വിവേചനങ്ങള്‍ നേരിടുന്നുവെന്നാണ്. സമൂഹത്തിന്റെ നിലപാടുകളെപ്പറ്റി ഈയടുത്തുനടന്ന ഒരു സര്‍വേഫലം വെളിപ്പെടുത്തുന്നത് 30.5 ശതമാനം ഇസ്രായേലി ജൂതരെയും 46.2 ശതമാനം ഇസ്രായേലി അറബികളെയും അയല്‍വാസികളായി സ്വവര്‍ഗാനുരാഗികള്‍ വരുന്നത് അലോസരപ്പെടുത്തുന്നു എന്നാണ്.

ഈ സാഹചര്യത്തിലാണ് സ്വവര്‍ഗ്ഗവിവാഹത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ഇസ്രായേലില്‍ നടക്കുന്ന എല്ലാ നിയമാനുസൃതവിവാഹങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. കണക്കെടുപ്പുകള്‍ക്ക് വേണ്ടി വിദേശത്തുനടന്ന സ്വവര്‍ഗ്ഗവിവാഹങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്. അതായത് നെതര്‍ലാന്‍ഡ്സില്‍ വെച്ച് വിവാഹിതരായ ഗേ ദമ്പതികള്‍ക്ക് ഇസ്രായേലിലും വിവാഹിതരായി തുടരാം. എന്നാല്‍ ഇസ്രായേലിലുള്ള രണ്ടു സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരു വിവാഹം റെജിസ്റ്റര്‍ ചെയ്യാനാകില്ല. ഇസ്രായേലി വിവാഹങ്ങള്‍ പൂര്‍ണ്ണമായും മതപരമായ ചടങ്ങാണ്. ഇവിടെ ജൂതര്‍ക്കും മുസ്ലീമുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വിവാഹ ചടങ്ങുകള്‍ നടത്താന്‍ പ്രത്യേക മതാധികാരികളുണ്ട്. ഇസ്രായേലി ജൂതന്മാരുടെ മതാധികാരികളാണ് ആദ്യമായി സ്വവര്‍ഗ്ഗവിവാഹത്തോട് വിയോജിപ്പ്‌ പ്രകടിപ്പിച്ചത്. രാജ്യത്ത് മതപരമല്ലാത്ത വിവാഹച്ചടങ്ങുകളില്ലാത്തതുകൊണ്ട് വിവാഹിതരാകാനാഗ്രഹിക്കുന്ന സ്വവര്‍ഗാനുരാഗികള്‍ക്ക് അസംതൃപ്തരാവാതെ തരമില്ല.
 

മതപരമായ വിവാഹച്ചടങ്ങുകളില്‍ മതാനുഷ്ടാനങ്ങളില്‍ വിശ്വാസമില്ലാത്ത ആളുകള്‍ക്കും പ്രശ്നമില്ല. ഇത് വിവാഹത്തെ മാത്രമല്ല ബാധിക്കുന്നത്. വിദ്യാഭ്യാസം, കുടുംബനിയമം, റെസ്റ്റോറന്റ്കളുടെ നടത്തിപ്പ്, കടകള്‍ തുറക്കാനുള്ള അനുമതികള്‍, ശാബത്ത് ദിവസം പൊതുവാഹനങ്ങള്‍ ഉപയോഗിക്കല്‍ എന്നിങ്ങനെ ഒരുപാട് കാര്യങ്ങളില്‍ മതത്തിന്റെ ഇടപെടലുകള്‍ ഇസ്രായേലി പൊതുജീവിതത്തില്‍ ഉണ്ടാകാറുണ്ട്.

വിവാഹം പോലെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഇത്തരമൊരു വിഷയത്തില്‍ ഇങ്ങനെയൊരു മാറ്റമില്ലാത്ത നിലപാട് സ്വീകരിക്കുന്നത് ഇസ്രായേലി രാഷ്ട്രീയത്തെയും ബാധിക്കുന്നുണ്ട്. ഇസ്രായേലി രാഷ്ട്രീയവ്യവസ്ഥയില്‍ സാമ്പ്രദായികവിശ്വാസങ്ങളുള്ള പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈയുള്ളതുകൊണ്ട് മാത്രമല്ല ഈ നില തുടരുന്നത്. ഇങ്ങനെയൊരു നിലപാടില്‍ മാറ്റം വരുത്തിയാല്‍ അത് മതവികാരങ്ങളുടെ മേല്‍ സെക്കുലര്‍ മൂല്യങ്ങളുടെ കടന്നുകയറ്റവും തിരിച്ചും ആയിത്തീരുമെന്ന പേടിയുള്ളതുകൊണ്ടുമാണ്. ഇസ്രായേലിന്റെ പല രാഷ്ട്രീയപ്പാര്ട്ടികളില്‍ ഇടതുപക്ഷസംഘടനകള്‍ മാത്രമാണ് സിവില്‍ വിവാഹങ്ങള്‍ക്ക് നിയമസാധുത വേണമെന്നു വാദിക്കുന്നത്.

സെക്കുലര്‍ താല്പ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് പറയുന്ന മറ്റുപാര്‍ട്ടികള്‍ സിവില്‍ നിയമം തത്വത്തില്‍ ഉണ്ടെന്ന് സമര്‍ഥിക്കുകയും എന്നാല്‍ മതപരമായ വിവാഹങ്ങള്‍ മാത്രം അംഗീകരിക്കുകയുമാണ് ചെയ്യുന്നത്. ഇപ്പോഴത്തെ ഗവണ്മെന്റിലെ ധനകാര്യമന്ത്രിയായ യെയര്‍ ലാപിദ് സ്വവര്‍ഗ്ഗവിവാഹങ്ങള്‍ കൂടി ഉള്‍പ്പെടുന്ന സിവില്‍ വിവാഹങ്ങള്‍ക്ക് നിയമസാധുത ലഭിക്കാനുള്ള ഒരു ബില്‍ പാസാക്കാനുള്ള ശ്രമത്തിലാണ്. ഇസ്രായേലിന്റെ നിയമമന്ത്രിയായ സിപ്പി ലിവ്നിയാവട്ടെ ഇസ്രായേലികളായ സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ നിയമപരമായ അനുമതി നല്‍കാനുള്ള മറ്റൊരു ബില്‍ പിന്താങ്ങുന്നുണ്ട്.
 

എന്നാല്‍ ഈ ആലോചനകളൊക്കെ പരാജയപ്പെട്ടെക്കും. ഇപ്പോഴുള്ള കൂട്ടുമന്ത്രിസഭാ ഉടമ്പടി പ്രകാരം ജ്യൂയിഷ് ഹോം എന്ന വലതുപക്ഷ സയണിസ്റ്റ് പാര്‍ട്ടി മിനിസ്ട്രി ഓഫ് റിലീജ്യസ് സര്‍വീസസിനെ നിയന്ത്രിക്കുക മാത്രമല്ല ചെയ്യുന്നത്. മതവും ഗവണ്മെന്റും തമ്മിലുള്ള സമതുലനാവസ്ഥയെ ബാധിക്കുന്ന എന്തുമാറ്റം കൊണ്ടുവന്നാലും അതിന് എല്ലാ പാര്‍ട്ടികളുടെയും സമ്മതം വേണമെന്ന ഒരു വ്യവസ്ഥ കൂടി അവര്‍ നടപ്പിലാക്കിയിട്ടുണ്ട്. ജ്യൂയിഷ് ഹോമിന്റെ നിലപാട് വളരെ വ്യക്തവുമാണ്. ഒരു മുതിര്‍ന്ന പാര്‍ട്ടിവക്താവ് പറയുന്നത് ഗേ വ്യക്തികളുടെ നിയമപരമായ വിവാഹം അനുവദിക്കാന്‍ ഒരു സാധ്യതയുമില്ല എന്നാണ്.

പ്രതിപക്ഷത്തുള്ള ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ഷെല്ലി യാചിമോവിച്ച് സിവില്‍ വിവാഹങ്ങള്‍ക്ക് നിയമസാധുത കൊണ്ടുവരാനുള്ള ബില്ലിനുവേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ഗവണ്മെന്റിന്റെ പിന്തുണയില്ലാതെയുള്ള ഈ ശ്രമം ഒരു പാഴ്ശ്രമം മാത്രമാണ്. ഗവന്മേന്റ്റ് പിന്തുണയില്ലാത്ത ഒരു ബില്‍ ഒരിക്കലും പാസാകില്ല. മറ്റുപാര്‍ട്ടികളുടെ പിന്തുണയില്ലാതെ സെന്‍ട്രല്‍-ലെഫ്റ്റ് സെക്കുലര്‍ പാര്‍ട്ടികള്‍ക്ക് മാത്രമായി ഈ ബില്‍ പാസാക്കാനുള്ള വോട്ടുകള്‍ കിട്ടില്ല എന്നതാണ് അവസ്ഥ.

സാധാരണ ദമ്പതികള്‍ക്ക് സിവില്‍ വിവാഹങ്ങള്‍ നടത്താനുള്ള സാധ്യത അല്പ്പമെങ്കിലുമുണ്ടെന്നു പറയാം. എന്നാല്‍ സ്വവര്‍ഗാനുരാഗികളായ ഇസ്രായേലികളുടെ പ്രശ്നത്തിനു പരിഹാരമില്ലാതെ തുടരും. എന്തായാലും ഈ ഗവണ്മെന്റിന്റെ കാലത്ത് ഗേ വിവാഹങ്ങള്‍ ഇസ്രായേലില്‍ സംഭവിക്കില്ല.

 

This post was last modified on January 2, 2017 5:27 pm

Praveen Vattapparambath:
Related Post
Leave a Comment