അഡ്വ. എം.എസ് വിഷ്ണു ശങ്കര്‍
ശക്തമായൊരു ജനാധിപത്യത്തിനെ പിടിച്ചുനിറുത്തുന്ന മൂന്ന് തൂണുകളാണ് നിയമനിര്‍മ്മാണവും ഭരണനിര്‍വഹണവും നിയമവ്യവസ്ഥയും. ഇതില്‍ മറ്റ് രണ്ടു തൂണുകളെയും പലപ്പോഴും പുനര്‍ചിന്തനത്തിന് വഴിയൊരുക്കുന്നത് രാജ്യത്ത് ശക്തമായൊരു നിയമവ്യവസ്ഥയുള്ളതുകൊണ്ടാണ്. എന്നാല്‍ അതേ തൂണിന് ചില വിള്ളലുകള്‍ വരുമ്പോള്‍ അത് ബാധിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തെ തന്നെയാണ്. ജനങ്ങള്‍ അനീതിക്ക് വിധേയരാകുമ്പോള്‍ അവര്‍ അഭയം പ്രാപിക്കുന്നത് കോടതികളിലാണ്. രാജ്യത്തെ സബ്‌കോടതി മുതല്‍ ഹൈക്കോടതി വരെയുള്ള നീതിപീഠങ്ങള്‍ക്ക് പരമോന്നത കോടതിയായ സുപ്രീം കോടതി വിധിക്കുന്ന ഏത് വിധിയും ബാധകമാണെന്ന് ഭരണഘടനയുടെ 141-ആം വകുപ്പ് തന്നെ പറയുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മാതൃകയാകേണ്ട സുപ്രീം കോടതിയിലെ തലതൊട്ടപ്പന്മാര്‍ തന്നെ ഇന്ന് തലകുനിച്ച് നില്‍ക്കേണ്ട അവസ്ഥയാണു സംജാതമായിട്ടുള്ളത്.
സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ ഏടുകള്‍ക്ക് സംഭാവന നല്‍കിയ വര്‍ഷമാണ് കടന്നുപോയത്. പരമോന്നത നീതിപീഠത്തിലെ ബഹുമാന്യനായ ഒരു ന്യായാധിപനെതിരെ ശക്തമായൊരു ആരോപണമുയര്‍ന്നുവന്നു. ആരോപണം സ്ത്രീവിഷയമായതിനാല്‍ അത്, വാര്‍ത്തകളില്‍ നിറഞ്ഞനില്‍ക്കാനുള്ള കാരണവുമായി. രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സി.എ.ജി കണ്ടെത്തിയ 2ജി സ്‌പെക്ട്രം അഴിമതിയില്‍, ബന്ധപ്പെട്ട കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ വിധി കല്‍പ്പിച്ച ബെഞ്ചിലെ ഒരു അംഗമായിരുന്നു ആരോപണവിധേയനായ ജസ്റ്റിസ് ഗാംഗുലി. അതുകൊണ്ടുതന്നെ ആരോപണമുയര്‍ന്നവന്നപ്പോഴും അത് സംശയങ്ങള്‍ക്ക് ഇടയാക്കി.

സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ശേഷം ഒരു ഉന്നത കമ്മിഷന്റെ അദ്ധ്യക്ഷനായിരിക്കെയാണ് ഗാംഗുലി തന്റെ ഇന്റേര്‍ണായിരുന്ന നിയമവിദ്യാര്‍ത്ഥിനിയെ പീഡിപിച്ചതെന്നാണ് പറയുന്നത്. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി രാജ്യം ആ രോഷത്തില്‍ തെരുവില്‍ സമരം ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടിയോട് ജഡ്ജി അപമരാദ്യയായി പെരുമാറിയത്. സംഭവം നടന്നൊരു വര്‍ഷത്തിന് ശേഷം ഒരു ബ്‌ളോഗിലാണ് പീഡനത്തിനിരയായ യുവതി മുത്തശ്ശനാകാന്‍ പ്രായമുണ്ടായിരുന്ന ജഡ്ജിയില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന ദുരവസ്ഥ വെളിപ്പെടുത്തിയത്. സംഭവം പുറം ലോകമറിഞ്ഞതോടെ സുപ്രീം കോടതി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. മൂന്നംഗസമിതിയാണ് സംഭവം അന്വേഷിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയും ഗാംഗുലിക്ക് പറയാനുള്ള വിശദീകരണവും കേട്ട സമിതി സംഭവത്തില്‍ പ്രഥമദൃഷ്ട്യാ ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തി. റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന് മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ നടപടി സ്വീകരിക്കേണ്ട ചീഫ് ജസ്റ്റിസ്, ജഡ്ജി വിരമിച്ചതിനാലും, വിരമിച്ച ശേഷം നടന്ന സംഭവമായതിനാലും നടപടി സ്വീകരിക്കാനാവില്ലെന്ന് വിധിയെഴുതി. എന്നാല്‍ അതായിരുന്നോ പരമോന്നത നീതി പീഠം ചെയ്യേണ്ടിയിരുന്നത്? നിയമം അങ്ങനെ ചെയ്യാനേ അനുവദിക്കുന്നുള്ളുവെങ്കിലും നീതിപീഠത്തിന് തലകുനിക്കാന്‍ ഇനിയൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് മാത്രം പരമോന്നത നീതിപീഠം വ്യക്തമാക്കിയില്ലെന്ന് മാത്രമല്ല, തികഞ്ഞ മൗനം പാലിക്കുകയും ചെയ്തു.
ഇതിനിടെ, പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷ സഥാനത്ത് നിന്ന് രാജിവച്ച് ഒഴിയണമെന്നാവശ്യപ്പെട്ട് വിവിധ തുറകളിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. അവരില്‍ പലര്‍ക്കും രാഷ്ട്രീയനേട്ടമല്ലാതെ മറ്റൊന്നുമായിരുന്നില്ല ലക്ഷ്യം. ഏതായാലും നടപടിയൊന്നുമുണ്ടായില്ലെന്നതാണ് വാസ്തവം. നടപടി പടിവാതില്‍ക്കല്‍ എത്തുംമുന്‍പ് അദ്ദേഹം തന്നെ സ്വയം രാജിവച്ചു ഒഴിഞ്ഞു.
ഗാംഗുലിയുടെ ആരോപണങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ മറ്റൊരു ജഡ്ജിയ്‌ക്കെതിരായും ആരോപണമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പല പേരുകളും ഉയര്‍ന്നുവരികയും ചെയ്തു. അത് തന്നെ നീതിപീഠത്തിനെ അവഹേളിക്കുന്നതിന് തുല്യമാണ്. കാരണം പല പേരുകളും ഉയര്‍ന്നുവരുമ്പോള്‍ പരമോന്നത കോടതിയില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് ധാരണയാണ് പൊതുസമൂഹത്തിന് ഉണ്ടാകുന്നത്.
റിട്ട. ജസ്റ്റിസ് ഗാംഗുലി
നിയമവിദ്യാര്‍ത്ഥി ആരോപിച്ച ജഡ്ജി ഗാംഗുലിയാണെന്ന് വെളിപ്പെടുത്തിയതും യുവതിയുടെ മൊഴിയും മറ്റും ലേഖനമാക്കി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജെയ്സിംഗ് ഒരു പത്രത്തിന് അയച്ചുകൊടുത്തപ്പോള്‍, അവര്‍ അത് സ്വന്തം ലേഖകന്റെ സ്‌റ്റോറി പോലെ ഇന്ദിരാ ജെയ്‌സിംഗിന്റെ പേര് വച്ച് തന്നെ പ്രസിദ്ധപ്പെടുത്തി. അതോടെ ജനത്തിന്റെ മുന്നില്‍ കോടതി കൂടുതല്‍ അവഹേളിതമായി. അവര്‍ക്ക് അതിന് പിന്നില്‍ മറ്റ് എന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോവെന്നത് ഇപ്പോഴും ദുരൂഹവുമാണ്.
ഇപ്പോഴിതാ അടുത്ത ജഡ്ജിയുടെ പേരും അവര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. സുപ്രീംകോടതിയിലെ റിട്ട. ജഡ്ജിയായിരുന്ന ജസ്റ്റിസ് സ്വതന്തര്‍ കുമാറാണ് ആരോപണവിധേനായ മറ്റൊരു ജഡ്ജി. അദ്ദേഹമാകട്ടെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അദ്ധ്യക്ഷനാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിധി പുറപ്പെടുവിക്കേണ്ടത് ഇവിടെനിന്നാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി നാളിതുവരെയായി സ്വതന്തര്‍ കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയിട്ടില്ല. സ്വതന്തര്‍ കുമാറിനെതിരെ ആരോപണമുയര്‍ന്നയുടന്‍ ഒരാള്‍ പ്രസ്താവനയുമായി രംഗത്തുവന്നു. അത് മറ്റാരുമായിരുന്നില്ല, വനം പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയായിരുന്നു. നിയമ മന്ത്രിയുള്‍പ്പെടെയുള്ളവരുടെ മൗനത്തിനിടെ മൊയ്‌ലിയുടെ പ്രസ്താവന ഈ ആരോപണങ്ങള്‍ക്കിടയിലും സംശയങ്ങള്‍ക്കിടവയ്ക്കുന്നുണ്ട്.
ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, നാണംകെടുന്നതും തലതാഴ്‌ത്തേണ്ടിവരുന്നതും നീതിവ്യവസ്ഥയാണ്. അപ്പോള്‍, ഇനി ഇത്തരം കാര്യങ്ങള്‍ ഉണ്ടാതിരിക്കാനും ഉണ്ടായാല്‍ നേരിടാനും ചില കാര്യങ്ങള്‍ നടപ്പാക്കിയേ മതിയാകു.
ചീഫ് ജസ്റ്റിസ് പി. സദാശിവം
ഇനി എന്ത്?
സുപ്രിം കോടതിക്കകത്ത് നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമണങ്ങള്‍ തടയാനാവശ്യമായ സംവിധാനങ്ങള്‍ ആ കോടതി തന്നെ ഒരു നിര്‍ണായക വിധിയിലൂടെ പ്രസ്താവിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി 1997-ലാണ് ആ വിധി പ്രസ്താവിച്ചത്. വിശാഖ മാര്‍ഗനിര്‌ദേശങ്ങള്‍ എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.
എല്ലാ സ്വകാര്യ, പൊതുസ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പരിഹരിക്കാന്‍ പരാതി പരിഹാര സംവിധാനങ്ങളും പ്രത്യേക സമിതികളും ഏര്‌പ്പെടുത്തണമെന്നായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്. സ്ഥാപനങ്ങളുടെ അച്ചടക്ക നിയമങ്ങളില്‍ മാര്‍ഗരേഖഖ ഉള്‍ക്കൊള്ളിക്കണം, പരാതികള്‍ ബോധിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് അവസരമൊരുക്കണം, ആരോഗ്യകരമായ തൊഴില്‍, വിശ്രമ, ശുചിത്വ സംവിധാനങ്ങള്‍ ഏര്‌പ്പെടുത്തണം, ലിംഗ വിവേചനമില്ലെന്ന് ഉറപ്പു വരുത്തണം, അതിക്രമങ്ങള്‌ക്കെതിരെ തൊഴിലുടമ നിയമപരമായ നടപടികള്‍ തുടങ്ങണം, കുറ്റവാളിയെ ശിക്ഷിക്കണം, ഇരകളും സാക്ഷികളും വിവേചനം അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇരകള്ക്ക് കുറ്റവാളിയുടെ സ്ഥലംമാറ്റമോ സ്വന്തം സ്ഥലം മാറ്റമോ ആവശ്യപ്പെടാം തുടങ്ങി നിരവധി കാര്യങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അക്രമി പുറത്തു നിന്നുള്ളയാളാണെങ്കിലും സ്ഥാപനം ഇരയെ സഹായിക്കണമെന്നും വ്യവസ്ഥയുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് ജഡ്ജിമാരുമായി നിരവധി തവണ വനിതാ അഭിഭാഷകര്‍ ചര്‍ച്ച നടത്തിയിരുന്നു. അടുത്തിടെ നടന്ന സംഭവങ്ങള്‍ക്ക് ശേഷം ആ ആവശ്യം വീണ്ടും ഉയര്‍ന്നുവന്നിരുന്നു. ചിലര്‍ അത് ചീഫ് ജസ്റ്റിസിനോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും നടപ്പാക്കുന്നത് മാത്രം പാതിവഴിയിലാണ്.

എം. വീരപ്പ മൊയ്ലി
എല്ലാ ജഡ്ജിമാര്‍ക്കും വിശാഖ മാര്‍ഗനിര്‌ദേശങ്ങള്‍ നടപ്പാക്കണമെന്ന നിലപാടാണുള്ളത്. കോടതിയിലെ ചില മുതിര്‍ന്ന അഭിഭാഷകര്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വനിതാ അപേക്ഷകര്‍ മുന്‍കാലങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇപ്പോഴും അത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. കോടതിയിലെ ചേമ്പറുകളില്‍ പോലും ആക്രമണങ്ങള്‍ നടക്കുന്നതായി പരാതിയുണ്ട്.
അന്നത്തെ സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ബാര്‍ അസോസിയേഷനില്‍ സമിതികള്‍ രൂപീകരിച്ചിരുന്നു. എന്നാല്‍, ഈ സമിതികള്‍ക്ക് കുറ്റക്കാരെ അസോസിയേഷനില്‍ നിന്ന് പുറത്താക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. പുറത്താക്കുന്നത് ജോലി ചെയ്യുതിന് തടസമാവില്ലെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, മെഡിക്കല്‍ കൗസില്‍ ഓഫ് ഇന്ത്യ തുടങ്ങിയ എല്ലാ നിയന്ത്രണ സംവിധാനങ്ങളും വിശാഖ മാര്ഗാനിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് 2012 ഒക്ടോബര്‍ 19ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ കമ്മിറ്റി നിലവിലുണ്ടെന്ന് പറയുമ്പോഴും സുപ്രീം കോടതിയില്‍ ഇത് എത്രമാത്രം ഫലപ്രദമാണെന്നത് സംശയമുള്ള കാര്യമാണ്.
ഈ സാഹചര്യത്തില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, ശക്തമായ നടപടി സ്വീകരിച്ച് മാതൃക കാട്ടുകയാണ് വേണ്ടത്. കൂടാതെ ജഡ്ജി വിരമിച്ചു, യുവതി പരാതി നല്‍കിയിട്ടില്ല, തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ ഉയര്‍ത്തിക്കാട്ടി പരമോന്നത കോടതി കൈയൊഴിയുമ്പോള്‍ തകര്‍ന്നു വീഴുന്നത് കോടതിയുടെ അന്തസ്സാണ്. നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ജനം രാജാവ് നഗ്‌നനാണ് എന്ന മട്ടില്‍ പ്രതികരിക്കില്ലെങ്കില്‍പോലും ആത്മഗതമായി അമ്മാവന് അടുപ്പിലും തുപ്പാമോയെന്ന് ചോദിച്ചുവെന്ന് വരാം.
(സുപ്രീം കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)