June 26, 2026 |
Avatar
അമർനാഥ്‌
Share on

തറവാടിയായ കാരണവര്‍,അമ്മാവന്‍, സിനിമയിലെ പാര്‍ട്ടി താത്വികാചാര്യന്‍; മലയാളത്തിന്റെ ശങ്കരാടി

‘തന്നെ വിസ്മയിപ്പിച്ച നടന്‍’ എന്ന് എം.ടി. പറഞ്ഞ തോപ്പില്‍ പറമ്പില്‍ ചന്ദ്രശേഖര മേനോന്‍ എന്ന ശങ്കരാടിയുടെ നൂറ്റിയൊന്നാം ജന്മദിനമാണ് ഇന്ന്

ഐക്യകേരളം രൂപം കൊള്ളുന്ന കാലത്ത് കൊച്ചിയിലെ ജനങ്ങളെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുപ്പിച്ചതില്‍ ശങ്കരാടിയും സംഘവും അവതരിപ്പിച്ച നാടകങ്ങള്‍ നിസ്തുല പങ്കു വഹിച്ചിരുന്നു. തന്നെ വിസ്മയിപ്പിച്ച നടന്‍ എന്ന് എം.ടി. പറഞ്ഞ തോപ്പില്‍ പറമ്പില്‍ ചന്ദ്രശേഖര മേനോന്‍ എന്ന ശങ്കരാടിയുടെ നൂറ്റിയൊന്നാം ജന്മദിനമാണ് ഇന്ന്.

‘നായര്‍ മേധാവിത്വത്തിന്റെ പതനം’ എന്ന വിഖ്യാത ഗ്രന്ഥം എഴുതിയ റോബിന്‍ ജെഫ്രി ശങ്കരാടി അഭിനയിച്ച സിനിമകള്‍ കണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായായും ഒന്നാന്തരം തറവാട്ടു കാരണവരായി അഭിനയിച്ച ശങ്കരാടിയെ കുറിച്ച് തന്റെ പുസ്തകത്തില്‍ എഴുതിയേനെ. കേരള സമൂഹത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു തറവാട്ടു കാരണവര്‍, മക്കളെ ശാസിക്കുന്ന, മരുമക്കളെ നിലക്കു നിര്‍ത്തുന്ന ഒരു പ്രമാണിയായ അച്ഛന്‍, അല്ലെങ്കില്‍ വീട്ടുകാരെ ശാസിക്കുന്ന ഒരു അമ്മാവന്‍ ഇവരെയൊക്കെ അറിയാന്‍ ശങ്കരാടിയുടെ എതെങ്കിലും രണ്ട് മലയാള സിനിമ കണ്ടാല്‍ മതി. പുസ്തക രചനയ്ക്കിടയില്‍ റോബിന്‍ ജെഫ്രി നേരിട്ട് കണ്ട ഏത്‌ നായര്‍ കാരണവരെക്കാളും, അര നൂറ്റാണ്ട് മുന്‍പുള്ള കേരളത്തിലെ ഏത് തറവാട്ടുകാരണവരെക്കാളും ഒറിജിനലായിരുന്നു രൂപത്തിലും ഭാവത്തിലും ജീവിതത്തിലും, സിനിമയിലും ചന്ദ്രശേഖരമേനോന്‍ എന്ന ശങ്കരാടി.

നാല് പതിറ്റാണ്ട് മലയാള സിനിമയില്‍ ഇടവേളകളില്ലാതെ തുടര്‍ച്ചയായി ശങ്കരാടി അഭിനയിച്ചു. 700 ഓളം ചിത്രങ്ങള്‍. ഒത്തിരി കഥാപാത്രങ്ങള്‍. ഒരു കാലത്തും ശങ്കരാടി സിനിമയില്‍ വേഷമില്ലാതെ വീട്ടിലിരുന്നില്ല. തന്റെ സമകാലീനരായ അടൂര്‍ ഭാസിയും, ബഹദൂറും പതിയെ, പതിയെ മലയാള സിനിമകളില്‍ നിന്ന് അപ്രത്യക്ഷമായപ്പോഴും ശങ്കരാടി സജീവമായി തന്നെ രംഗത്ത് നിന്നു. പകരം വെയ്ക്കാനില്ലാത്ത ആ നടനെ മലയാള സിനിമക്ക് എന്നും ആവശ്യമായിരുന്നു. സംവിധായകരും പ്രേക്ഷകരും ഒരിക്കലും ശങ്കരാടിയെന്ന നടനെ മറന്നില്ല.

sankaradi-nirmalyam movie

ശങ്കരാടി(നിര്‍മാല്യം സിനിമയില്‍)

60കളിലേയും 70 കളിലേയും വലിയ നിലവാരമൊന്നുമില്ലാത്ത ഭൂരിഭാഗം മലയാള ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകള്‍ പലതും ഇന്ന് ഓര്‍മ്മിക്കപ്പെടുന്നത് അതിലെ അനശ്വരമായ നല്ല ഗാനങ്ങളിലൂടെയും ചില സഹനടന്മാരുടെ വ്യത്യസ്തമായ അഭിനയം കൊണ്ടുമാണ്. ശങ്കരാടിയായിരുന്നു അതിലൊരു നടന്‍മാരിലൊരാള്‍. വിരസങ്ങളായ ആ സിനിമകളില്‍ ഗാനങ്ങളോടൊപ്പം പ്രേക്ഷകരെ ആകര്‍ഷിച്ചത് ശങ്കരാടിയുടെ സാന്നിധ്യവും അദ്ദേഹം അഭിനയിച്ച രംഗങ്ങളുമായിരുന്നു. നാടകത്തില്‍ നിന്ന് സിനിമയിലേക്ക് ചേക്കേറിയ അക്കാലത്തെ മലയാള സിനിമയിലെ പല നടമാരില്‍ നിന്നും നാടകാഭിനയത്തിന്റെ സ്വാധീനം ലവശേമില്ലാതെ തന്നെ. അഭിനയത്തിലും ഡയലോഗിലും ശങ്കരാടി വേറിട്ടു നിന്നു.

കേരളത്തിലെ നാട്ടുമ്പുറത്തെ തറവാടുകളിലെ മാതൃക കാരണവരുടെ രൂപവും ഭാവവുമായിരുന്നു ശങ്കരാടിക്ക് സിനിമയിലും ജീവിതത്തിലും. നമ്മുടെയൊക്കെ വീട്ടിലുണ്ടാകാറുള്ള ഏറ്റവും മൂത്തയാള്‍!

ശകാരിക്കാനും ഉപദേശിക്കാനും, വഴക്ക് തീര്‍ക്കാനും, കലാണം നിശ്ചയിക്കാനും കഴിപ്പിക്കാനും ഒക്കെ തന്റെ മേല്‍നോട്ടത്തില്‍ വേണമെന്ന് നിര്‍ബന്ധമുള്ള ഒരു കുടംബത്തിലെ കാരണവര്‍. അതായിരുന്നു മലയാള സിനിമയില്‍ ശങ്കരാടി. നാട്യങ്ങളില്ലാത്ത നടന്‍.

ചെറായിലെ സഹോദരന്‍ അയ്യപ്പന്റെ ഗൃഹത്തിനടുത്താണ് മേമന കണക്കു വീട്ടില്‍ ചെമ്പകരാമന്‍ പിള്ളയുടെ മകനായ ചന്ദ്രശേഖരമേനോന്‍ ജനിച്ചത്. അമ്മ തോപ്പില്‍ പറമ്പില്‍ ജാനകിയമ്മ. സ്‌കൂള്‍ വിദ്യാഭ്യാസം ചെറായിലും തൃശൂര്‍ കണ്ടശ്ശാം കടവിലുമായിരുന്നു. എറണാകുളം മഹാരാജാസില്‍ നിന്ന് ഇന്റര്‍ മിഡിയേറ്റ് പാസ്സായി നേരെ ബറോഡയില്‍ മറൈന്‍ എഞ്ചിനിയറിംഗിന് ചേര്‍ന്നു. എന്നാല്‍ ചന്ദ്രശേഖര മേനോന്‍ ബറോഡയില്‍ പഠിച്ചത് കടലിനെ കുറിച്ചല്ല. കമ്യൂണിസത്തെപ്പറ്റിയായിരുന്നു. സജീവ പാര്‍ട്ടി പ്രവര്‍ത്തകനായി മാറി. പഠനത്തേക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തനം മുന്നേറി. അവിടെ ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ചന്ദ്രശേഖര മേനോന്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി നാഗ്പ്പൂരെത്തി. അവിടെ നടന്ന ഒരു ബോംബ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ ബോംബേയ്ക്ക് മുങ്ങി. അവിടെ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന മാസിക’ ലിറ്റര്‍ലി റിവ്യൂ’വില്‍ പത്രപ്രവര്‍ത്തകനായി. ഇടതുപക്ഷാഭിമുഖ്യമുള്ള കവിയും നടനുമായ ഹരിന്ദ്രനാഥ് ചടോപാദ്ധ്വായ അവിടെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു. ബോംബെ മലയാളികളെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കലായിരുന്നു ശങ്കരാടിയുടെ ബോംബെയിലെ അക്കാലത്തെ പ്രധാന ജോലി.

1950ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നപ്പോള്‍ കേരളത്തിന് പുറത്തു പോയി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് മടങ്ങിവന്ന് സ്വന്തം നാടുകളില്‍ പ്രവര്‍ത്തിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു. 1952 ലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു അത്.

എറണാകുളത്ത് തിരിച്ചെത്തിയ അദ്ദേഹം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. പാര്‍ട്ടിയുടെ സാംസ്‌കാരിക പരിപാടികളോടായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ആഭിമുഖ്യം. ആ കാലത്ത് കൊച്ചിയിലെ പ്രൊഫഷണല്‍ നാടകപ്രസ്ഥാനം വളരെ സജീവമായിരുന്നു.

sankaradi-sandesham movie

1950 കാലത്ത് സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രചാരണത്തിന് വേണ്ടി തൃപ്പൂണിത്തുറയിലും പരിസര പ്രദേശങ്ങളിലും കലാസമിതികള്‍ രൂപികരിച്ച് അവതരിപ്പിച്ച നാടകങ്ങളില്‍, ശങ്കരാടി സംവിധാനം ചെയ്ത, കമ്യൂണിസ്റ്റ് നേതാവും പിന്നീട് മന്ത്രിയുമായ ടി.കെ. രാമകൃഷ്ണന്‍ രചിച്ച ‘കല്ലിലെ തീപ്പൊരികള്‍’ എന്ന നാടകം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ശങ്കരാടിയെ കൂടാതെ, ഏരൂര്‍ വാസുദേവ്, പത്രപ്രവര്‍ത്തകനായ നെന്‍ മേനി ഗോപാല മേനോന്‍ എന്നിവരാണ് ഇതില്‍ അഭിനയിച്ചത്. പിന്നീട് പ്രസിദ്ധ ജോതിഷ പണ്ഡിതനായ മിത്രന്‍ നമ്പൂതിരിപ്പാടാണ് ഈ നാടകത്തിന് മൃദംഗം വായിച്ചത്. ഈ നാടകം ‘പിന്നീട് ഒരു നോവലായി പ്രസിദ്ധീകരിച്ചു.

അക്കാലത്ത് കൊച്ചിയില്‍ ഇരുമ്പനം കടവില്‍ തോണികള്‍ അടുപ്പിച്ചിട്ട് സ്റ്റേജ് ഉണ്ടാക്കി വരെ ശങ്കരാടി നാടകം അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ ജനങ്ങളെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുപ്പിച്ചതില്‍ ശങ്കരാടിയും സംഘവും അവതരിപ്പിച്ച നാടകങ്ങള്‍ക്ക് നല്ലൊരു പങ്കുണ്ടായിരുന്നു.

എറണാകുളത്ത് പുതിയതായി രൂപീകരിച്ച ‘പ്രതിഭാ തിയേറ്റേഴ്‌സ്’ എന്ന നാടക സമിതിയുടെ സെക്രട്ടറിയായപ്പോള്‍ ചന്ദ്രശേഖരമേനോന്‍ എന്ന പേര് ഉപേക്ഷിച്ച് ശങ്കരാടിയായി. പി. ജെ. ആന്റണിയെന്ന പ്രതിഭയായിരുന്നു സമിതിയുടെ പ്രധാന നടനും സംവിധായകനും. പിന്നീട് അഭിപ്രായ വ്യത്യാസം മൂലം ആന്റണി പ്രതിഭയില്‍ നിന്ന് മാറിനിന്നപ്പോള്‍ തോപ്പില്‍ ഭാസിയെഴുതിയ’ വിശക്കുന്ന കരിങ്കാലി’ എന്ന നാടകത്തില്‍ അഭിനയിച്ചതോടെ ശങ്കരാടിയെന്ന നടന്‍ നാടകരംഗത്ത് അറിയപ്പെടാന്‍ തുടങ്ങി.

‘പ്രതിഭക്ക് വേണ്ടി പുതിയൊരു നാടകം തോപ്പില്‍ ഭാസി എഴുതാന്‍ ആരംഭിച്ചപ്പോള്‍ ശങ്കരാടി തോപ്പിലാശാനെ ഞാറയ്ക്കലില്‍ കൊണ്ടു പോയി സ്വസ്ഥമായി എഴുതാന്‍ ഒരു വീടെടുത്ത് താമസിപ്പിച്ചു. കൊച്ചിക്കായലിനും കടലിനുമിടക്കുള്ള ശാന്തമായ ഒരു സ്ഥലമായിരുന്നു അത്. നല്ല കള്ളും മീനും കിട്ടും. നാടകകൃത്തിന് പ്രചോദനം വേണല്ലോ അതും ശങ്കരാടി ഏര്‍പ്പാടാക്കി. കൂട്ടത്തില്‍ പ്രചോദനം തനിക്കും. വൈകീട്ട് 4 കുപ്പി കള്ള് എത്തും. ഒന്ന് നാടകകൃത്തിന്. ബാക്കി കുപ്പി ശങ്കരാടിക്കുള്ള പ്രചോദനവും.

അവിടെ നല്ല നെയ് മത്തി കിട്ടും ഒരണക്ക് 25 എണ്ണം. ശങ്കരാടി അതെല്ലാം ഒരാളെക്കൊണ്ട് വറുത്തെടുത്ത് ഒരു പാത്രത്തില്‍ തല ഒരു ഭാഗത്തു വാലുമായി വറുത്ത മത്തികള്‍ നിരത്തി വെയ്ക്കും. ഏതെങ്കിലും ഒരു മത്തി തലതിരിഞ്ഞിരുന്നാല്‍ കൊണ്ടു വെച്ച ആളോട് ചൂടാകും. അത്രക്ക് ക്രമം നോക്കുന്ന ആളാണ്. മത്തി ശരിയായി വെച്ചു കഴിഞ്ഞാല്‍ ശങ്കരാടി തന്റെ മത്തി തീറ്റ ആരംഭിക്കും. ‘തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് ഒരു മത്തിയുടെ വാലില്‍ പിടിച്ച് തന്റെ തല വരെ പൊക്കും. മുഖം ഉയര്‍ത്തി ഉണ്ടക്കണ്ണുകള്‍ മിഴിച്ച് മത്തിയെ പരുഷമായൊന്നു നോക്കും.

വാ പൊളിക്കും. മത്തിയുടെ തല വായയിലേക്കിറക്കും. ചവച്ച് ചവച്ച്
മുള്ളുള്‍പ്പടെ വാലടക്കം തിന്നും. അടുത്ത മത്തിയുടെ വാലില്‍ പിടിക്കും.
ഇതെല്ലാം കണ്ട നിന്ന തോപ്പില്‍ ഭാസി എഴുതി. ഒരു സിനിമ രംഗം പോലെ,’ശങ്കരാടി മത്തി തിന്നുന്നത് ഒരു കലയാണ്.’

തോപ്പില്‍ ഭാസി അന്നെഴുതിയ നാടകമാണ് പ്രശസ്തമായ ‘മൂലധനം’ ഇതിലെ ശങ്കരാടി അഭിനയിച്ച മാടറപ്പുകാരന്‍ അസനാര്‍ എന്ന കഥാപാത്രമാണ് നാടക രംഗത്ത് ശങ്കരാടിയെ ഏറെ പ്രശസ്തനാക്കിയത് . അതിലെ മുസ്ലിം കഥാപാത്രമായിയുള്ള ശങ്കരാടിയുടെ വേഷപകര്‍ച്ച നാടകവേദിയിലെ ആ കാലത്തെ ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ നിഷ്പ്രഭമാക്കി. പിന്നീട് മൂലധനം നാടകം പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത ”ചലചിത്രമായപ്പോള്‍ അതേ വേഷം ശങ്കരാടി അവിസ്മരണീയമാക്കി. അതോടെ ശങ്കരാടിയെന്ന നടന്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായി.

1963 ലാണ് ശങ്കരാടി സിനിമാ രംഗത്ത് എത്തുന്നത് ഉദയായുടെ, കുഞ്ചാക്കോ’ സംവിധാനം ചെയ്ത ‘കടലമ്മ’ എന്ന പടത്തിലൂടെയാണ്. വേലുവെന്ന കഥാപാത്രം. പടത്തിലെ ശങ്കരാടിയുടെ ആദ്യ ഡയലോഗ് മോശമല്ലായിരുന്നു. ‘അവനത്രക്കായോ? എന്ന് ക്ഷോഭിച്ചാണ് കടലമ്മയിലെ രംഗത്ത് ആദ്യമായി പ്രതൃക്ഷപ്പെടുന്നത് തന്നെ.

നിര്‍മാല്യത്തില്‍ വെളിച്ചപ്പാടാകാന്‍ ആദ്യം സംവിധായകനായ എംടിയുടെ നോട്ടം ചെന്നെത്തിയത് ശങ്കരാടിയിലായിരുന്നു. ശങ്കരാടി അഭിനയിച്ച നാടകങ്ങളൊന്നും എംടി കണ്ടിട്ടില്ലെങ്കിലും ആ വേഷത്തിന് പാകമായ മറ്റൊരാളില്ലെന്ന് എം.ടിക്ക് തിട്ടമായിരുന്നു.’ പ്രായം കൂടിപ്പോയല്ലോ’ ശങ്കരാടി സ്വതസിദ്ധമായ ദൈന്യതയോടെ പറഞ്ഞു. ഒരു വെളിച്ചപ്പാടിന് വേണ്ട ആകാരം പ്രത്യേകിച്ച്, ഉയരം ഇല്ല. പിന്നീട് ശങ്കരാടിയുടെ തന്നെ നിര്‍ദേശം പ്രകാരമാണ് പി.ജെ. ആന്റണിയെ വെളിച്ചപ്പാടാക്കുന്നത്. പക്ഷേ, നിര്‍മ്മാല്യ ത്തിലെ ഒരു ശ്രദ്ധേയ കഥാപാത്രമായ രാവുണ്ണി നായരായി ശങ്കരാടി മനസില്‍ തട്ടും വിധം അഭിനയിച്ചു.

വലിയ ഒരു ഇല്ലത്തെ ഒരു ആശ്രിതനാണ് രാവുണ്ണി നായര്‍. പഴയ കഥകളി നടന്‍ കൂടിയാണ്. മനയിലെ ഒരു നിസ്സാരനായ പാവം ജോലിക്കാരന്‍. കാലം മാറിയപ്പോള്‍ ഇല്ലത്തെ വലിയ തിരുമേനി പുതിയ രീതികളിലേക്ക് മാറി. റബര്‍ കൃഷി, ബസ് ഇതൊക്കെയാണ് പഥ്യം. കഥകളിയൊന്നും പരിഗണനയില്‍ പോലുമില്ല.

പഴയകാല സ്മരണയുമായി നിരാശയോടെ നെടുവീര്‍പ്പിട്ട് രാവുണി നായര്‍ ദുഃഖത്തോടെ വെളിച്ചപ്പാടിനോട് പറയുന്നുണ്ട്. ‘കളിയൊക്കെ കഴിഞ്ഞു വെളിച്ചപ്പാടേ ഇനി യോഗം മാത്രമേയുളളൂ…’

കല്‍പ്പം സേവിച്ചിരിക്കുന്ന തിരുമേനിയെ കണ്ടില്ലെന്ന് വെളിച്ചപ്പാട് പറയുമ്പോള്‍ അയാള്‍ പഴയ രാവുണ്ണി നായരാകുന്നു കുസൃതിച്ചിരിയോടെ തന്റെ രണ്ട് വിരലുകള്‍ ഇളക്കി പറയുന്നു.

‘ഈ സേവകള് കുറെ ജാസ്തിയാവുന്നവര്‍ക്ക് കൊല്ലത്തില്‍ ഒരു മാസം കല്‍പ്പം’. ദുഃഖത്തില്‍ നിന്ന് ഹാസ്യം പിന്നെ വീണ്ടും ദുഃഖം, സ്വാഭാവികമായ അനുഭവമായിരുന്നു അത്.

ആ സീനിലെ അഭിനയം. നിര്‍മാല്യത്തിലെ ഒന്നോ രണ്ടോ രംഗത്തേ ശങ്കരാടി പ്രതൃക്ഷപ്പെടുന്നുള്ളൂ. ദൈവങ്ങള്‍ക്കും ഇപ്പോ പിഴച്ച കാലമാണ്’ എന്ന് വിശ്വസിക്കുന്ന, അസുഖമുള്ള കാലും വലിച്ച് വെച്ച് പതുക്കെ ഇല്ലം വിട്ട് പോകുന്ന ശങ്കരാടിയുടെ രാവുണ്ണി നായര്‍ വെളിപ്പാടിനേപ്പോലെ തന്നെ നിര്‍മ്മാല്യത്തിലെ അവിസ്മരണീയമായ ഒരു കഥാപാത്രമാണ്.

എംടിയുടെ ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധന്റെ നോട്ടക്കാരന്‍ അച്യുതന്‍ നായര്‍ ശങ്കരാടിയുടെ മറ്റൊരു കരുത്തുറ്റ കഥാപാത്രമാണ്. ‘അടിയിലും മേലെ ഒരു ഒടിയില്ല’ എന്ന് വിശ്വസിക്കുന്ന ഭ്രാന്തന്‍ വേലായുധനെ അടിച്ച് ചികിത്സിക്കുന്ന അച്യുതന്‍ നായരായി’ ശങ്കരാടി അഭിനയിക്കുന്നത് കണ്ടപ്പോള്‍ എം.ടിക്ക് അത്ഭുതം തോന്നി. ശങ്കരാടി അഭിനയിച്ച നാടകങ്ങളൊന്നും കാണാന്‍ പറ്റിയില്ലല്ലോ എന്ന ദുഃഖവും. ശങ്കരാടിയുടെ ഒരു പരുക്കന്‍ കഥാപാത്രമായിരുന്നു എം.ടി.യെപ്പോലും വിസ്മയിപ്പിച്ച അച്യുതന്‍ നായര്‍.

sankaradi

70 കളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ അത് വരെയുള്ള നര്‍മ്മ സങ്കല്‍പ്പങ്ങളെ തന്റെ സിനിമയിലൂടെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു ഡോക്ടര്‍ ബാലകൃഷ്ണന്‍. മുഖം കൊണ്ടുള്ള ഗോഷ്ടികളും ശരീരചേഷ്ടകളും ഹ്യാസ്യമാക്കിയിരുന്ന നിലവാരമില്ലാത്ത അക്കാലത്തെ തമാശരംഗങ്ങളെ നിരാകരിച്ച് സംഭാഷണങ്ങളിലും കഥാസന്ദര്‍ഭങ്ങളിലും നര്‍മ്മം കൊണ്ടുവന്ന വ്യത്യസ്തമായ രീതി ആദ്യം അവതരിപ്പിച്ചത് 1973ല്‍ ‘ലേഡീസ് ഹോസ്റ്റല്‍ എന്ന ചിത്രം സംവിധാനം ചെയ്ത ‘ഡോ. ബാലകൃഷ്ണനായിരുന്നു.

നര്‍മ്മ രംഗങ്ങള്‍ക്ക് മലയാള സിനിമയില്‍ പ്രാധാന്യം കൊടുക്കുക മാത്രമല്ല, അവ കഥയിലെ പ്രധാന ഘടകമാക്കി മുന്നോട്ടു കൊണ്ടു പോകാവുന്ന ശൈലിക്ക് ഡോക്ടര്‍ ബാലകൃഷ്ണന്‍ തുടക്കമിട്ടു.

80 കളുടെ അവസാനത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യനായ സത്യന്‍ അന്തിക്കാട് ഇതേ ശൈലിയില്‍ ഏറ്റവും മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

90 കളില്‍ വന്ന ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോഴും മലയാള സിനിമയെ ചില പ്രവണതകളെ മാറ്റി മറിച്ച പടങ്ങള്‍. ഈ ചിത്രങ്ങളുടെ പ്രത്യേകതകള്‍ അതിലെ അഭിനേതാക്കളെല്ലാം ഈ സിനിമകളില്‍ തുല്യ പ്രാധാന്യമുള്ള താരങ്ങളാകുന്നു എന്നതാണ്. ഉദാഹരണത്തിന് ‘പൊന്‍മുട്ടയിടുന്ന താറാവ്’ എന്ന ചിത്രത്തില്‍ എല്ലാ കഥാപാത്രങ്ങളും സൂപ്പര്‍ താരങ്ങളാണ്. ആരെയാണ് അതിലൊഴിവാക്കാനാവുക? എല്ലാവരും അതിലെ പ്രധാന താരങ്ങളാണ്.

സത്യന്‍ അന്തിക്കാടിന്റെ ‘സസ്‌നേഹം’ എന്ന ചിത്രത്തില്‍ നടി ഫിലോമിന ആദ്യമായി പ്രതൃക്ഷപ്പെടുന്ന രംഗം വന്നപ്പോള്‍ തിയേറ്ററില്‍ വലിയൊരു ആര്‍പ്പു വിളിയും കൈയ്യടിയുമായിയാണ് ഫിലോമിനിയെ പ്രേക്ഷകര്‍ എതിരേറ്റതെന്ന് അതേ തിയേറ്ററില്‍ ഇരുന്ന്, അത് കണ്ട സത്യന്‍ അന്തിക്കാട് എഴുതിയിട്ടുണ്ട്. ആ കാലത്തെ സിനിമകളില്‍ നായകനെക്കാള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടത് അതിലഭിനയിച്ച മറ്റു നടമാരെയാണ്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മമ്മുക്കോയ, ഇന്നസെന്റ് തുടങ്ങിയവരെ. അവര്‍ക്കൊപ്പം ഏറ്റവും അധികം പ്രേക്ഷകരുടെ സ്വീകാര്യത നേടിയ നടനായിരുന്നു ശങ്കരാടി.

സത്യന്‍ അന്തിക്കാടിന്റെ ആ കാലത്തെ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ശങ്കരാടി. ‘ചുക്കില്ലാത്ത കഷായമില്ല എന്ന് പറഞ്ഞ പോലെ ശങ്കരാടിയില്ലാത്ത പടം ഞാന്‍ സംവിധാനം ചെയ്തതില്‍ കുറവ്’ സത്യന്‍ അന്തിക്കാട് ഒരിക്കല്‍ പറയുക പോലും ചെയ്തു.

ബ്ലാക്ക് ആന്റ് വൈറ്റ് കാലത്ത് നിന്ന് കളര്‍ചിത്രങ്ങളിലേക്ക് തന്റെ ശൈലി പകര്‍ന്ന ശങ്കരാടി തന്റെ സ്വാഭാവിക അഭിനയം ഏറ്റവും നന്നായി അവതരിപ്പിച്ചത് സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ ഒരുപാട് പേരുടെ ഛായയുണ്ട്

സത്യന്‍ അന്തിക്കാട് എഴുതി; ‘ശങ്കരാടി പകര്‍ന്ന വേഷങ്ങള്‍ക്ക്. എന്റെ അമ്മാവന്റെ പല സ്വഭാവവിശേഷങ്ങളും ഞാന്‍ ശങ്കരാടിയിലേക്കു പകര്‍ന്നിട്ടുണ്ട്. എന്റെ അമ്മാവന്‍ ഒരു മാഷായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അധ്യാപകസംഘടനയുടെയൊക്കെ തലപ്പത്തിരുന്നിട്ടുണ്ട്. മദിരാശിയില്‍ സിനിമ പഠിക്കാന്‍പോയ കാലത്ത് നാട്ടിലേക്കു തിരിച്ചുവന്നാല്‍ അമ്മാവന്‍ ചോദിക്കും:

‘നിനക്കെന്താ അവിടെ ജോലി?’

‘അസിസ്റ്റന്റ് ഡയറക്ടറാണ്.’

‘അതു മനസ്സിലായി. നിനക്കെന്താ അവിടെ ജോലി?’

‘സംവിധാന സഹായിയാണ്.’

‘അതു മനസ്സിലായി. പക്ഷേ, നിനക്കെന്താ അവിടെ ജോലി?’

ഇങ്ങനെ ചോദിച്ച് ഉത്തരം മുട്ടിക്കുന്ന ഒരമ്മാവന്‍. ‘നീ സംവിധായകനെ സഹായിക്കുന്നു എന്നു പറയുന്നു. എങ്ങനെ സഹായിക്കുന്നു? സംവിധായകന്റെ പെട്ടി ചുമന്നുനടക്കുകയാണോ? സംവിധായകന് ചോറുണ്ടാക്കിക്കൊടുക്കുകയാണോ?’ ശുദ്ധഗതിക്കാരനായ എന്റെ ഈ അമ്മാവനില്‍ ശങ്കരാടിയുടെ അംശമുണ്ട്. അതുപോലെ എന്റെ ഗ്രാമത്തിലെ പഴയ പല കാരണവന്മാരിലും ഒരു ശങ്കരാടിയെ കാണാം.

സന്ദേശം(1991)

പാര്‍ട്ടി താത്വികാചാര്യന്‍ കുമാരപിള്ള സാര്‍’ സംസാരിക്കുകയാണ്:

”താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടനാ വാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ടിയാല്‍ അകല്‍ച്ചയിലായിരുന്നെങ്കിലും. അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍’ ബൂര്‍ഷാസ്വികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു.’

‘ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട് ശരിയാണ്. നമ്മളെല്ലാരും ഒരുമിച്ചിരുന്നു ദിനേശ് ബീഡി വലിക്കുന്നതും അത് കൊണ്ടാണ്. എന്ന് വെച്ച് പാര്‍ട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത്.’

‘അച്ചടക്കമില്ലാതെ പെരുമാറിയാല്‍ അറിയാലോ, ഞങ്ങളതു പഠിപ്പിക്കും.’ കുമാര പിള്ള സാര്‍ പാര്‍ട്ടിയംഗങ്ങളോട് പാര്‍ട്ടി ഓഫീസില്‍ യോഗത്തില്‍ സംസാരിക്കുകയാണ്.

വളരെയേറെ ശ്രദ്ധിക്കപ്പെട്ട, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രംഗങ്ങളിലൊന്നാണ് ശങ്കരാടി അഭിനയിച്ച, സന്ദേശത്തിലെ മാനങ്കരയിലെ പാര്‍ട്ടി താത്വികാചാര്യന്‍ കുമാരപിള്ള സാര്‍. ചായയും ബീഡിയും പരിപ്പുവടയുമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന ആഹാരം എന്ന് പറയുന്ന പാര്‍ട്ടി നേതാവ്. രാഷ്ട്രീയക്കാരുടെയും പാര്‍ട്ടികളുടെയും അപചയം വിഷയമാക്കിയ, കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമയായ ശ്രീനിവാസന്‍ എഴുതിയ സന്ദേശത്തിലെ പല ഡയലോഗുകളും രംഗങ്ങളും പ്രേക്ഷകര്‍ എറ്റു വാങ്ങിയെന്ന് മാത്രമല്ല. ട്രോളന്മാരുടെ എന്നും പ്രിയപ്പെട്ട സിനിമയാണ് .

വളരെ സ്വാഭാവികമായി ശങ്കരാടി മനോഹരമായി അഭിനയിച്ച ഈ പാര്‍ട്ടി ഓഫിസിലെ രംഗം ഒരിക്കല്‍ ശങ്കരാടിയുടെ യഥാര്‍ത്ഥ ജീവിതത്തിലൂടെ കടന്നു പോയതാണെന്ന വസ്തുത ആധികമാര്‍ക്കും അറിയാത്ത ഒന്നായിരുന്നു. ആ രംഗം കണ്ട പ്രേക്ഷകരില്‍ ഭൂരിഭാഗത്തിനും ഇപ്പോഴും അജ്ഞാതമായിരിക്കും.

1950 കളില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എറണാകുളത്തെ ഓഫിസ് സെക്രട്ടറിയായിരുന്നു ചന്ദ്രശേഖരമേനോന്‍ എന്ന ശങ്കരാടി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഒരു കെട്ടിടത്തിലായിരുന്ന പാര്‍ട്ടി ഓഫീസില്‍ അക്കാലത്ത് ടി വി തോമസ്, പി.ടി. പുന്നൂസ്, കെ.സി. ജോര്‍ജ്, ജോര്‍ജ് ചടയംമുറി, തുടങ്ങിയ പല പ്രമുഖ നേതാക്കളും വന്ന് പോയിരുന്നു. പി. ഗംഗാധരനായിരുന്നു അന്ന് ജില്ലാ സെക്രട്ടറി. അവിടെ നടക്കുന്ന ചര്‍ച്ചകളും വാദപ്രതിവാദങ്ങളും പ്രതികരണങ്ങളും സഖാക്കളുടെ വിലയിരുത്തലുകളും ഓഫിസ് സെക്രട്ടറിയായ ശങ്കരാടിക്ക് സുപരിചിതമായിരുന്നു. ആ അനുഭവങ്ങള്‍ ഈ രംഗം അതി മനോഹരമായി സാക്ഷാല്‍ക്കരിക്കാന്‍ ഒരു മുന്‍ പാര്‍ട്ടിക്കാരന്‍ കൂടിയായ ശങ്കരാടിയെ സഹായിച്ചു. ഈ രംഗം സത്യന്‍ അന്തിക്കാട് ചിത്രീകരിക്കുമ്പോള്‍ തന്റെ ഓഫീസ് സെക്രട്ടറിക്കാലത്തെ ഓര്‍മ്മകള്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് റീലായി പഴയ സഖാവ് ചന്ദ്രശേഖരമേനോന്‍, ശങ്കരാടിയുടെ മനസില്‍ ഇരമ്പി വന്നിരിക്കണം.

sankaradi-sandesham movie
1964 ല്‍ പാര്‍ട്ടി പിളര്‍ന്നതോടെയാണ് ശങ്കരാടി രാഷ്ട്രീയം വിട്ട് പൂര്‍ണ്ണമായും അഭിനേതാവായി മാറിയത്. മധു സംവിധാനം ചെയ്ത കെ. പി.എ.സിയുടെ ‘നീലക്കണ്ണുകള്‍’ എന്ന ചിത്രത്തില്‍ പല്‍പ്പൊടി വില്‍പ്പനക്കാരന്റെ വേഷത്തില്‍ തേയില തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാന്‍ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകനായി ശങ്കരാടി അഭിനയിച്ചു. പണ്ട് ബറോഡയിലും ബോംബെയിലും നടത്തിയ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആവര്‍ത്തനം, കേരളത്തില്‍ സ്‌ക്രീനിലാണെന്ന് മാത്രം.

ഒരു നീണ്ട കഥ നീണ്ട നീണ്ട കഥയെന്ന് പറഞ്ഞ് എഡിറ്ററെ കാണാന്‍ വരുന്ന ഒ.പി. ളശ. തിരിച്ചിട്ടാലും മറിച്ചിട്ടാലും ഒരേ പേരുകാരന്‍ ഒ.പി.ഒളശയെന്ന സാഹിത്യകാരന്‍. പ്രിയദര്‍ശന്റെ ബോയിംഗ് ബോയിംഗില്‍ ജഗതി അഭിനയിച്ച, പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ആ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന എഡിറ്ററാണ് ശങ്കരാടി അഭിനയിച്ച എം.ടി. ദാമോദരന്‍ – മഹാനായ ടൈം എഡിറ്റര്‍ ദാമോദരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കഥാപാത്രം. മഹത്തായ സാഹിത്യ സൃഷ്ടികള്‍ മാത്രം പ്രസിദ്ധികരിക്കുന്ന മഹാനായ ടൈം എഡിറ്റര്‍ ദാമോദരന്‍, ഏറു പടക്കവുമായി വന്ന ഒളശയെ വിരട്ടുന്നുണ്ട് ‘നിന്റെ ചുളുവിരട്ടു പണികളൊന്നും എന്റെടുത്തെടുക്കേണ്ട !’

ഒരു കാലത്ത് യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് പോലെ ഒത്തിരി ഒ.പി. ഒളശമാരെ ശങ്കരാടി പത്രമാഫീസില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ബോംബെയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ശങ്കരാടി തിരികെ കേരളത്തിലെത്തിയ ശേഷം മൂന്ന് വര്‍ഷത്തോളം മലയാളത്തിലെ ആദ്യത്തെ സിനിമാ പ്രസിദ്ധീകരണങ്ങളൊന്നായ ‘ഫിലിം സ്റ്റാര്‍’ ന്റെ എഡിറ്ററായിരുന്നു(എഡിറ്റര്‍- ചന്ദ്രശേഖരമേനോന്‍ ) പേര് എങ്ങനെയെങ്കിലും അച്ചടിച്ച് കാണമെന്നാഗ്രഹവുമായി പത്രമോഫിസില്‍ കേറിയിറങ്ങുന്ന അനേകം ഒളശമാരെ വാക്ചാതുര്യം കൊണ്ട് നേരിടുന്ന സിനിമയിലെ പോലെ മഹാനല്ലാത്ത എഡിറ്ററായിരുന്നു ശങ്കരാടി. വലിയ പ്രചാരമൊന്നുമൊന്നും നേടാതെ ആ മാസിക മൂന്ന് വര്‍ഷത്തിന് ശേഷം പൂട്ടി.

മദ്രാസില്‍ മദ്യനിരോധനക്കാലം. ശങ്കരാടി താമസിക്കുന്ന ഹോട്ടലില്‍ കള്ളക്കടത്തുകാരുണ്ടെന്ന് വിവരം കിട്ടി പൊലീസ് എത്തി. ‘ശങ്കരാടിയുടെ മുറിയില്‍ മദ്യപാന സദസ് നടക്കുകയായിരുന്നു. കൂടെ നടന്‍ മധുവുമുണ്ട്. പൊലീസ് കേസെടുത്തു അവരെ സ്റ്റേഷനില്‍ കൊണ്ട് പോയി. പിന്നിട് ചെമ്മീനിലഭിനയിച്ച വലിയ നടനാണ് മധു എന്ന് മനസിലായപ്പോള്‍ പൊലീസുകാര്‍ക്ക് എങ്ങനെയെങ്കിലും ഇവരെ ഒഴിവാക്കിയാല്‍ മതി എന്നായി.

ശങ്കരാടി നല്ല മൂഡിലാണ്. പാട്ടൊക്കെ പാടി പോലീസുകാരുമായി സംഭാഷണത്തിലാണ്. പണ്ട് അറസ്റ്റിലായതും ജയില്‍ കിടന്നതൊക്കെ പോലീസുകാരോട് വിശദീകരിക്കുകയാണ്. ഒടുവില്‍ പോകാമെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞപ്പോള്‍ ശങ്കരാടിക്ക് പോലീസ് വണ്ടിയില്‍ പോകണം. വഴിയില്‍ ഏതെങ്കിലും ഹോട്ടലില്‍ നിന്ന് നല്ല ഭക്ഷവും മദ്യവും പൊലീസ് വാങ്ങിത്തരണം കാശൊക്കെ ഞങ്ങള്‍ കൊടുത്തോളാം നിങ്ങളുടെ മേല്‍നോട്ടം വേണം എന്ന് മാത്രം’ പൊലീസുകാര്‍ പുലിവാല് പിടിച്ചു. ശങ്കരാടിക്കുണ്ടോ പോലീസ് പട്ടാളവും ഒടുവില്‍ കൂടെയുള്ളവര്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഗോളാന്തര വാര്‍ത്ത എന്ന ചിത്രത്തില്‍ ശങ്കരാടി പഞ്ചായത്ത് പ്രസിഡന്റ് ആണ്. നാട്ടുകാരുടെ പ്രിയപ്പെട്ടവനായ മുരിങ്ങച്ചോട്ടില്‍ രമേശന്‍ നായര്‍ സ്ഥലത്തെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന പൊതുകാര്യ പ്രസക്തനാണ്. ആ നാട്ടില്‍ പൊലീസിന് ജോലിയില്ല. രാമേശന്‍ നായരെ പൊക്കാന്‍ കലിപൂണ്ടെത്തിയ എസ്.ഐ ഇരുമ്പന്‍ ജോര്‍ജ് ചോദിക്കുന്നു;

”അപ്പോള്‍ പിന്നെ ഞങ്ങള്‍ക്കെന്താ ജോലി?

പഞ്ചായത്ത് പ്രസിഡന്റ് ശങ്കരാടി പറയുന്നു;

‘കുറ്റവാളികളെ പിടിച്ചാല്‍ പോലീസിലേല്‍പ്പിക്കും. അവരെ കോടതിയിലാക്കും. കോടതി അവരെ ശിക്ഷിക്കും. കോടതി ശിക്ഷിക്കുന്നവരെ കൊണ്ടു പോയി ജയിലിലാക്കാം. അതാവശ്യം പോസ്റ്റ് മോര്‍ട്ടത്തിന് കാവല് നില്‍ക്കാം. ഇത്രയൊക്കെ നിങ്ങള്‍ക്കും ചെയ്യാം”

പോലീസിനോടാണ് ഇത് പറയുന്നത്. ഇരുമ്പന്‍ ജോര്‍ജെന്ന എസ്.ഐ ക്ക് എന്താണ് പോലീസ് ജോലി എന്ന് പറഞ്ഞ് കൊടുത്ത് ചുരുട്ടിക്കെട്ടുകയാണ് ശങ്കരാടിയുടെ നാട്ടിന്‍പുറത്തെ പഞ്ചായത്ത് പ്രസിഡന്റ്.

സന്ദേശം സിനിമ. താത്വികാചാര്യന്‍ കുമാരപിള്ള സാര്‍, സഖാവ് പ്രഭാകരന്‍ കോട്ടപ്പള്ളിയോട് പറയുന്നു.

”ലൗകികമായ തൃഷ്ണകളെ നമ്മള്‍ അതിജീവിക്കണം. എല്ലാ എസ്റ്റാബ്ലിഷ്‌മെന്റ് കള്‍ക്കെതിരെയാണ് നമ്മുടെ യുദ്ധം. തുറന്ന് പറയാം അടിസ്ഥാനപരമായി നമ്മുടെ പാര്‍ട്ടിക്ക് കല്യാണം ഇഷ്ടമല്ല.”

ശങ്കരാടി കല്യാണം കഴിക്കാന്‍ തിരുമാനിച്ചു. മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലര്‍ ക്ലബിലെ അംഗം ശങ്കരാടി, കുമാര പിള്ള സാര്‍ പറഞ്ഞ എസ്റ്റാബ്ലിഷ്‌മെന്റിനെതിരെയുള്ള യുദ്ധം അവസാനിച്ച് വിവാഹിതനാകാന്‍ തീരുമാനിച്ചത് അന്ന് സിനിമാ രംഗത്ത് ഒരു കൗതുക വാര്‍ത്തയായിരുന്നു.

ഗുരുവായൂര്‍ വെച്ചായിരുന്നു അമ്പതു വയസ് കഴിഞ്ഞ ശങ്കരാടിയുടെ വിവാഹം. കടവന്ത്ര, ചെറുപറമ്പത്തെ നാല്‍പ്പതുകാരി ശാരദയായിരുന്നു വധു. രണ്ടു പേരും കണ്ടാല്‍ Made for each other

സിനിമയില്‍ പെണ്ണുകാണല്‍ ശങ്കരാടി നിരവധി തവണ നടത്തിയിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഒറ്റത്തവണ മാത്രമേ പെണ്ണു കണ്ടുള്ളൂ. അത് ശാരദയായിരുന്നു. വധു ശാരദയെ മണ്ഡപത്തിലക്ക് ആനയിച്ച് കൊണ്ടു വരുമ്പോള്‍ വിവാഹത്തിന് വന്നിരുന്ന ഇന്ത്യന്‍ എക്‌സ്പ്രസിലെ പത്രപ്രവര്‍ത്തക ലീലാ മേനോന്‍ ചോദിച്ചു.

”നെര്‍വ്വസാണോ? ടെന്‍ഷനുണ്ടോ?’

‘ഹെയ്, ഈ സീന്‍ ഞാന്‍ സിനിമയില്‍ നൂറ് പ്രാവശ്യമെങ്കിലും അഭിനയിച്ചിട്ടില്ലെ? ശങ്കരാടി പറഞ്ഞു.

പേരു കേട്ട പിശുക്കന്നായിരുന്നു ശങ്കരാടി ആദ്യമായി കാശ് ചിലവാക്കുന്നത് കല്യാണ വസ്ത്രം വാങ്ങാനാണെന്ന് കഥ അപ്പോഴേക്കും പ്രചരിച്ചിരുന്നു. സദ്യ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ സിനിമാ നടന്മാരൊന്നും വിവാഹത്തിന് വന്നില്ല എന്നൊരു കഥയും പ്രചരിച്ചു.

എന്താണ് വൈകിയ വേളയില്‍ ഈ മനം മാറ്റത്തിന് കാരണം? ലീലാ മേനോന്റെ ചോദ്യത്തിന് ശങ്കരാടി പറഞ്ഞു; ”വയസു കാലത്ത് ഒരു കൂട്ട് വേണമെന്ന് തോന്നി. പഴയ സുഹൃത്തും സഖാവുമായ തോപ്പില്‍ ഭാസി രോഗം വന്ന് കാല് മുറിച്ചു. ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ ഭാസി പറഞ്ഞു.” താന്‍ കല്യാണം കഴിക്കണം, പ്രായമാകുമ്പോള്‍, സുഖമില്ലാതാകുമ്പോള്‍ ശുശ്രൂഷക്ക് ഒരു ഭാര്യയാണ് ഏറ്റവും ആവശ്യം.”

മാലയിട്ട് മൂന്നു തവണ വലം വെച്ച് ശാരദയുടെ കൈ പിടിച്ച് മണ്ഡപത്തില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ സ്വതസിദ്ധമായ തന്റെ ചിരിയോടെ ലീലാ മേനോനോട് പറഞ്ഞു. ”ഞാന്‍ അടൂര്‍ ഭാസിക്ക് ഒരു കത്തെഴുതിയിട്ടുണ്ട്. കാല് മാറിയതില്‍ ക്ഷമിക്കണം എന്നപേക്ഷിച്ച്’.

ബാച്ചിലര്‍ ക്ലബിലെ മറ്റൊരു അംഗമായിരുന്നു അടൂര്‍ ഭാസി. ശങ്കരാടിയുടെ സമകാലീനന്‍. രണ്ടു പേരും മുന്‍ പത്രപ്രവര്‍ത്തകരും, പേരുകേട്ട പിശുക്കന്‍മാരും പ്രശസ്ത അവിവിവാഹിതരുമായിരുന്നു.

ഖദര്‍ മുണ്ടിന്റെ തുമ്പ് ഒരു ക്ഷത്തില്‍ വെച്ച് ഖദര്‍ ഷര്‍ട്ടും ധരിച്ച് ചുണ്ടില്‍ ഒരു ബീഡിയുമായി മലയാള സിനിമയിലെ കാര്‍ണവരായി ലോക്കേഷനില്‍ വരുന്ന ശങ്കരാടിക്ക് ആ സ്വാതന്ത്ര്യവും സീനിയോറിറ്റിയും എല്ലാവരും അംഗീകരിച്ചു കൊടുത്തിരുന്നു.

സത്യന്‍- നസീര്‍- മധു, സോമന്‍ സുകുമാരന്‍- മമ്മുട്ടി- മോഹന്‍ലാല്‍ താരാധിപത്യത്തിലും അത് തുടര്‍ന്നു.

കാരവന്‍ സംസ്‌ക്കാരം സിനിമാ ലോക്കേഷനുകളില്‍ എത്താത്ത ആ കാലത്ത് എല്ലാ നടന്‍മാരും സെറ്റിന്‍ പരസ്പരം ഇടപഴുകി തങ്ങളുടെ അനുഭവങ്ങള്‍ കൈമാറുമായിരുന്നു. സൗഹാര്‍ദപരമായ അന്തരീക്ഷമുള്ള ആ കാലത്ത് തന്റെ സാന്നിധ്യം കൊണ്ട് തന്നെ സദസിനെ കീഴടക്കുന്ന ഒരേ ഒരാളും ശങ്കരാടിയായിരുന്നു.

30 വര്‍ഷം മുന്‍പ് ശങ്കരാടി അഭിനയിച്ച ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ കുഞ്ചാക്കോവിന്റെ കൊച്ചു മകന്‍ കുഞ്ചാക്കോ ബോബന്റെ ഒപ്പം വരെ- ശങ്കരാടി അഭിനയിച്ചു. എല്ലാ തലമുറക്കാരോടും സൗഹാര്‍ദം സ്ഥാപിച്ചു.

നോട്ടത്തിലും ഭാവത്തിലും ശുദ്ധമലയാളിത്വം അതായിരുന്ന ശങ്കരാടിയുടെ വ്യക്തിത്വം.
സംവിധായകന്‍ ഭരതന്‍ ഒരിക്കല്‍ പറഞ്ഞു, ‘കോണകമുടുത്ത നായരെന്ന്’ വിളിക്കാന്‍ നമ്മുടെ സിനിമയില്‍ ഒരാളുണ്ടെങ്കില്‍ അതയാളാണ്’ പിന്നീട് ഈ ഭരതവാക്യം ശങ്കരാടിയുടെ വിശേഷണമായി സിനിമാ രംഗത്ത് പിന്നീട് പ്രചരിച്ചു.

നിര്‍മ്മാല്യത്തിന്റെ 25ാം വര്‍ഷം തിരുവനന്തപുരത്ത് ആഘോഷിച്ചപ്പോള്‍ ശങ്കരാടി പ്രസംഗിച്ചു;

‘എംടിയുടെ നിരവധി കഥാപാത്രങ്ങള്‍ ഞാനവതരിപ്പിച്ചു. അദ്ദേഹത്തിന്റെ അച്ഛന്റെ സാമ്യമുള്ള കഥാപാത്രങ്ങള്‍ വരെ. അതിലെനിക്ക് അഭിമാനമുണ്ട്. അഭിനയം ഒരു തൊഴിലായി തുടരാവുന്ന പ്രായം കഴിഞ്ഞു. ഇനി ഒരാഗ്രഹമെ ബാക്കിയുള്ളൂ എ.ടി യുടെ തിരക്കഥയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അവസാനിപ്പിക്കണം. ഒരു ഗോള്‍ഡന്‍ ഷേക്കാന്‍ഡ് പോലെ”.

സദസ്സ് ആദരവോടെ, ആ മഹാനടന്റെ വാക്കുകള്‍ കയ്യടിച്ച് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ശങ്കരാടിക്ക് അതിന് ഭാഗ്യം ഉണ്ടായില്ല.

സ്വതേ പിശുക്കന്‍ എന്ന ഖ്യാതി തനിക്കുണ്ടെന്ന കുപ്രസിദ്ധി അദ്ദേഹം കണക്കാക്കിയില്ല. മറ്റുള്ളവരെ സഹായിക്കുന്നത് ആരോടും പറയാനും മുതിര്‍ന്നില്ല. ഒരിക്കല്‍ തിരക്കഥാകൃത്തായ സി.വി. ബാലകൃഷ്ണനുമായി ലൊക്കേഷനില്‍ സംസാരിച്ചിരിക്കെ ശങ്കരാടിയെ കാണാന്‍ ഒരാള്‍ വന്നു.’ പഴയ കാലത്ത് ചെറു വേഷം ചെയ്ത ഒരു നടനാണ് അയാളെ കണ്ട പാടെ ശങ്കരാടി ചോദിച്ചു.” നീയിനിയും ഓപ്പറേഷന്‍ ചെയ്തില്ലേ?

‘കാശ് തികഞ്ഞില്ല’, ദൈന്യതയോടെ അയാള്‍ പറഞ്ഞു.

”ഇതും കൊണ്ട് നീ ഇങ്ങനെ നടക്കാന്‍ തുടങ്ങിയിട്ട് കാലം എത്രയായി.’ പേഴ്‌സ് തുറന്ന് പണം കൊടുത്തു കൊണ്ട് ശങ്കരാടി പറഞ്ഞു. കാശ് വാങ്ങി അയാള്‍ നടക്കുമ്പോള്‍ ശങ്കരാടി പറഞ്ഞു

‘ മനുഷ്യരുടെ ഓരോ വിധി’.

പഴയ പാര്‍ട്ടി പ്രവര്‍ത്തന അച്ചടക്കത്തിന്റെ ഭാഗമായുള്ള മിതവ്യയം ആകാം ഈ പിശുക്കിന് കാരണം. ഒരു ചായ കുടിക്കണമെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കേണ്ട കാലത്ത് ജീവിച്ച രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ആളാണ് ശങ്കരാടി. കൃഷിമാത്രം വരുമാനമുള്ള പഴയ തവവാട്ടുകാരണവരുടെ സൂക്ഷിച്ചുള്ള ചിലവിടലും ആ സ്വഭാവത്തില്‍ കൂടി ചേര്‍ന്നു.

‘1970 ലും 71 ലും മികച്ച സഹനടനുള്ള സംസ്ഥാന ചലചിത്ര പുസ്‌ക്കാരം. 90 കളിലെ മികച്ച വേഷങ്ങളുണ്ടായിട്ടും അംഗീകാരങ്ങള്‍ ഒഴിഞ്ഞ് പോയി. പി. ജെ. ആന്റണിയുടെ അഭിനയ സ്‌കൂളില്‍ നിന്നാണ് ഞാന്‍ ബിരുദമെടുത്തത് എന്ന ഊറ്റമായിരുന്നു ശങ്കരാടി എന്ന നടന്റെ ഏറ്റവും വലിയ ആത്മവിശ്വാസം.

എല്ലാ തരം കഥാപാത്രങ്ങളും ശങ്കരാടി അഭിനയിച്ചു. ‘സകലകലാ വല്ലഭന്‍, വകതിരിവ് വട്ടപ്പൂജ്യം’ അടുതോമയെ കുറിച്ച് പറയുന്ന സ്ഫടികത്തിലെ ജഡ്ജി. ‘ഈ ഭൂതത്തെ ഇപ്പോള്‍ പേടിച്ചാല്‍ ഈ ജന്മം തനിക്കവരെ ഇറക്കി വിടാന്‍ കഴിയില്ല. എന്ന് ഗോപാലകൃഷ്ണ പണിക്കരെ വിരട്ടുന്ന, സന്‍മനസ്സു ഈ വര്‍ക്ക് സമാധാനത്തിലെ വക്കീല്‍, നാടോടിക്കാറ്റിലെ ‘ ഇത്തിരി തേങ്ങാപ്പിണ്ണാക്ക് ഇത്തിര പരുത്തിക്കുരു, ഇത്തിരി തവിട് പാല് ശറ പറാ യെന്ന് പറഞ്ഞു കൊതിപ്പിക്കുന്ന പണിക്കര്‍. എത്രയോ മറക്കാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍’.

അവസാന കാലത്ത് എറണാകുളം ഫൈന്‍ ആര്‍ട്ട്‌സ് ഹാളില്‍ നാട്ടുകാരും എറണാകുളത്തുകാരും നല്‍കിയ വന്‍സ്വീകരണത്തില്‍ ശങ്കരാടിയെന്ന നടന് അവാര്‍ഡുകളോ അംഗീകാരങ്ങളോ ലഭിക്കാത്തതിനെ കുറിച്ച് എടുത്തു പറഞ്ഞു.

ശങ്കരാടി ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞു.’ ഔദ്യോഗികമായ അംഗീകാരത്തേക്കാളൊക്കെ വിലപിടിച്ചത് കലാ ജീവിതം കൊണ്ട് എനിക്കു കിട്ടിയ അളവറ്റ സൗഹൃദവും സ്‌നേഹവുമാണ്. നന്ദി’ എന്ന് പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ ആ കണ്ണുകള്‍ നനഞ്ഞത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ അദ്ദേഹം മുഖം തിരിക്കുകയായിരുന്നു.

രോഗം വന്നതോടെ, ഡയലോഗുകള്‍ തെറ്റുന്നു. ഓര്‍മ്മ മറയുന്നു എന്ന ഘട്ടത്തില്‍ പതുക്കെ പതുക്കെ ശങ്കരാടി രംഗത്ത് നിന്ന് പിന്‍വാങ്ങി.

ചെറായിലെ വീട്ടില്‍ തിരിച്ചെത്തിയ ശങ്കരാടി 2001 ഒക്ടോബര്‍ 9 ന് വിടവാങ്ങി. Malayalam actor Sankaradi’ s 101th birthday

Content Summary; Malayalam actor Sankaradi’ s 101th birthday

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×