June 26, 2026 |
Avatar
അമർനാഥ്‌
Share on

കരളിലെ മോഹവും കടലിലെ ഓളവും പകര്‍ത്തിയ ചെമ്മീന്‍; മലയാളത്തിന്റെ ക്ലാസിക്ക് ചിത്രം ചെമ്മീന് 60 വയസ്

ചെമ്മീന്‍ പോലെ വിജയം ആവര്‍ത്തിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു

മദ്രാസില്‍ ഒരു ചടങ്ങില്‍ വെച്ച് തകഴി ശിവശങ്കര പിള്ളയോട് ഊര്‍ജസ്വലനായ ആ ചെറുപ്പക്കാരന്‍ പറഞ്ഞു ”ചെമ്മീന്‍ എനിക്ക് ചിത്രമാക്കാന്‍ തരണം. ഞാന്‍ അതുകൊണ്ട് ഒരുപക്ഷേ, വലിയവനാകും ഇല്ലെങ്കില്‍ നശിക്കും” എന്നിട്ടയാള്‍ കൈ രണ്ടും ഇരുവശത്തേക്ക് നീട്ടി എങ്ങനെയാണ് ‘വലിയവനാകുന്നതെന്ന് കാണിച്ചു. പറഞ്ഞതുപോലെ തന്നെ പിന്നീട് വലിയവനായി. തന്റെ ആകാരം പോലെ തന്നെ രാമു കാര്യാട്ട് എന്ന ആ ചെറുപ്പക്കാരന്‍ എല്ലായ്‌പ്പോഴും ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും വലുതായിട്ടായിരുന്നു; വളരെ വലുതായിട്ട്!

മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് രാമു കാര്യാട്ട് ‘ചെമ്മീന്‍’ എന്ന ക്ലാസിക്ക് ചിത്രത്തിലൂടെ 1965-ല്‍ ഇന്ത്യയിലെ മികച്ച ചലച്ചിത്രത്തിനുള്ള പ്രസിഡന്റിന്റെ സുവര്‍ണ കമലം നേടുന്നത്. മലയാളത്തെ ലോക സിനിമയുടെ വേദിയിലെത്തിച്ച ആഗോള പ്രശസ്തമായ ‘ചെമ്മീന്‍’ എന്ന ചിത്രത്തിന്റെ ആരംഭം തൃശൂരിലെ കണ്‍മണി ഫിലിംസില്‍ നിന്നായിരുന്നു. നോവല്‍ മലയാളത്തില്‍ സിനിമയാക്കാനുള്ള അവകാശം അതിന്റെ ഉടമ കണ്‍മണി ഫിലിം കമ്പനി ഉടമ വൈദ്യനാഥ അയ്യര്‍ക്കായിരുന്നു.

sathyan and sheela

ഈ നോവല്‍ ഹിന്ദിയിലെടുക്കാന്‍ നടന്‍ സുനില്‍ ദത്തിന് പ്ലാനുണ്ടായിരുന്നു. അത് തകഴിയുമായി സംസാരിച്ച് ഏതാണ്ട് ഉറപ്പായതുമായിരുന്നു. പക്ഷേ, നിര്‍മാണ ചെലവും വിഷയത്തിന്റെ സങ്കീര്‍ണതയും കാരണം സുനില്‍ ദത്ത് ആ പദ്ധതി ഉപേക്ഷിച്ചു. അങ്ങനെ ചലച്ചിത്ര രംഗത്തെ വെല്ലുവിളിയായി ചെമ്മീന്‍ നില്‍ക്കുമ്പോഴാണ് രാമു കാര്യാട്ട് കളത്തിലിറങ്ങുന്നത്.

സിനിമയുടെ അവകാശമുള്‍പ്പെടെ കണ്‍മണി ഫിലിംസ് വിലയ്ക്ക് വാങ്ങി ചെമ്മീന്‍ സിനിമയുടെ ബാനറാക്കി ഇത്രയും വലിയ ഒരു ചിത്രം നിര്‍മിക്കാന്‍ മലയാള ചലച്ചിത്ര നിര്‍മാതാക്കള്‍ ആരും തയ്യാറായില്ല. ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്റെ ധനസഹായം ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും അത് ആവശ്യമായ മൂലധനത്തിന്റെ കാല്‍ ഭാഗമേ ആകുകയുള്ളൂ. തന്റെ സ്വപ്നവുമായി തേടിയലയുമ്പോഴാണ് കൊച്ചിയിലെ ധനികനായ ഖാന്‍ സാഹിബ് ഇസ്മായേല്‍ ഹാജി ഈസാ സേട്ടിന്റെ മകന്‍ ബാബുവിനെ കാര്യാട്ട് പരിചയപ്പെടുന്നത്. മലയാള സിനിമാരംഗത്ത് അയാള്‍ പിന്നീട് കണ്‍മണി ബാബു എന്നറിയപ്പെട്ടു.

പടമെടുക്കാന്‍ ആവശ്യമായ 10 ലക്ഷം മുടക്കാന്‍ സിനിമയോട് ആഭിമുഖ്യമുള്ള അയാള്‍ തയ്യാറായി. ഗുജറാത്തിലെ കച്ചില്‍ നിന്ന് വന്ന ധനികരായ വ്യാപാരി കുടുംബമായിരുന്നു ബാബുവിന്റെത്. കൊച്ചി രാജാക്കന്മാര്‍ക്ക് പോലും പണം കടം കൊടുക്കാറുള്ള കുടുംബം. സിനിമയുടെ അവകാശമുള്‍പ്പെടെ കണ്‍മണി ഫിലിംസ് വിലയ്ക്ക് വാങ്ങി ചെമ്മീന്‍ സിനിമയുടെ ബാനറാക്കി. ചെമ്മീനിലെ നടന്മാരെ തിരഞ്ഞെടുത്തത് സംവിധായകനോ നിര്‍മാതാവോ കഥാകൃത്തോ ആയിരുന്നില്ല.

producer Babu Seth

ചെമ്മീൻ്റെ നിർമ്മാതാവ് ബാബു സേട്ട്

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ (1957) ആദ്യത്തെ മലയാള നോവലാണ് ചെമ്മീന്‍. ഇതിന്റെ ചലച്ചിത്രാവിഷ്‌ക്കാരത്തില്‍ താന്‍ ഒരു കാര്യത്തിലും ഇടപെടില്ലെന്ന് തകഴി ആദ്യമേ ഉറപ്പിച്ച് പറഞ്ഞതിനാല്‍ അന്നത്തെ വളര്‍ന്നുവരുന്ന മികച്ച നാടകകൃത്തായ എസ് എല്‍ പുരം സദാനന്ദനാണ് നോവലിന്റെ ആത്മാവ് ചോരാതെ തിരക്കഥ രചിച്ചത്. ഇത്രയും വലിയ ചലച്ചിത്രത്തിലെ നടന്മാരെ തിരഞ്ഞെടുത്തത് സംവിധായകനോ നിര്‍മാതാവോ കഥാകൃത്തോ ആയിരുന്നില്ല.

തൃശൂരിലെ കറന്റ് തോമസിന് വേണ്ടി പുസ്തകത്തിന് കവറുകള്‍ വരയ്ക്കാന്‍ വരുന്ന ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി കാര്യാട്ടിന്റെ പദ്ധതിയെ കുറിച്ചറിഞ്ഞപ്പോള്‍ ചെമ്മീനിലെ കഥാപാത്രങ്ങള്‍ക്ക് അന്നത്തെ പ്രശസ്ത സിനിമാ താരങ്ങളുടെ മുഖം മനോഹരമായി വരച്ച് കാര്യാട്ടിനയച്ചു. ചെമ്പന്‍ കുഞ്ഞായി കൊട്ടാരക്കര, പളനിയായി സത്യന്‍, കറുത്തമ്മയായി ഷീല എന്നിങ്ങനെ വേഷവിധാനങ്ങള്‍ സഹിതമാണ് ശങ്കരന്‍ കുട്ടി ഒരുക്കി അയച്ചത്. ചെമ്മീന്റെ ചലച്ചിത്ര സങ്കല്‍പ്പങ്ങള്‍ക്ക് ഇതു കിറുകൃത്യമായി രാമു കാര്യാട്ടിന് തോന്നിയതിനാല്‍ അത് അപ്പടി അംഗീകരിക്കുകയായിരുന്നു. ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി അങ്ങനെ ചെമ്മീന്‍ ചിത്രത്തിന്റെ അനൗദ്യോഗിക കാസ്റ്റ് ഡയറക്ടറായി.

കഥ – തകഴി, ഗാനങ്ങള്‍ വയലാര്‍, സംഗീതം നല്‍കാന്‍ സലില്‍ ചൗധരി, ക്യാമറ ജെമിനി സ്റ്റുഡിയോയിലെ എറ്റവും മികച്ച ഛായാഗ്രാഹകന്‍ ജര്‍മന്‍കാരനായ മാര്‍ക്കസ് ബര്‍ട്ടലി, എഡിറ്റിങ് ഋഷികേശ് മുഖര്‍ജി. പടം കളറിലും സംവിധാനം രാമു കാര്യാട്ടും. ഇത്രയും പ്രതിഭകള്‍ ഒരുമിച്ച ഒരു ചിത്രം തെക്കേ ഇന്ത്യയില്‍ ഒരു ഭാഷയിലും അണിനിരന്നിട്ടില്ല. നോവലില്‍ കഥ നടക്കുന്ന ആലപ്പുഴയിലെ പുറക്കാട്ട് കടപ്പുറത്ത് വിപുലമായ രീതിയില്‍ ഷൂട്ടിങ് ആരംഭിച്ചു. എന്നാല്‍ കടപ്പുറക്കാര്‍ സഹകരിച്ചില്ല. മാത്രമല്ല, ഷൂട്ടിങ്ങിന് വേണ്ട നൂറോളം വള്ളങ്ങള്‍ക്ക് കനത്ത വാടക വേണമെന്ന് വള്ളമുടമകള്‍ ആവശ്യപ്പെട്ടു. അങ്ങനെ ചിത്രീകരണം തടസപ്പെട്ടു.

അതിനിടയ്ക്ക് 1965 ലെ കേരളാ നിയമസഭാ ഇലക്ഷനില്‍ ഇടതുപക്ഷ പിന്തുണയോടെ തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ നിന്ന് ജയിച്ച് കാര്യാട്ട് എം.എല്‍.എ ആയി. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതെ വന്നതിനാല്‍ നിയമസഭ ചേര്‍ന്നില്ല, മന്ത്രിസഭയും ഉണ്ടായില്ല. അതിനാല്‍ കേരള നിയമസഭയ്ക്ക് കാര്യാട്ടിന്റെ വാഗ്‌ദ്ധോരണി കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല. തോപ്പില്‍ ഭാസിക്ക് ശേഷം, രാഷ്ട്രീയരംഗത്ത് എം.എല്‍.എ ആയ സിനിമാക്കാരന്‍ രാമു കാര്യാട്ടാണ്.

തിരഞ്ഞെടുപ്പിന് ശേഷം ചെമ്മീന്റെ ബാക്കി ചിത്രീകരണം പൂര്‍ത്തിയാക്കി. സാങ്കേതിക മികവിന് വേണ്ടി ലണ്ടനിലയച്ചാണ് പടം പ്രൊസസ്സ് ചെയ്തത്. 1965ല്‍ പത്ത് ലക്ഷം രൂപ നിര്‍മാണ ചെലവ് വന്ന ചിത്രത്തിന് ആദ്യ റിലീസിന് 40 ലക്ഷം രൂപ ലാഭം കിട്ടിയെന്നാണ് കണക്ക്. പ്രസിഡന്റിന്റെ സുവര്‍ണ കമലം കിട്ടുമെന്ന് ഉറപ്പിച്ചതിനാല്‍, അവാര്‍ഡ് പ്രഖ്യാപിച്ചതിന് ശേഷമാണ് ബാബു സേട്ട് പടം റിലീസ് ചെയ്തുള്ളൂ. പക്ഷേ, ഇതിനകം വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞിരുന്ന ചെമ്മീനിലെ ഗാനങ്ങള്‍ ഇടയ്ക്കിടെ പുറത്തുവിട്ട് ഒരു പുതിയ ട്രെന്‍ഡും ബാബു സേട്ട് സൃഷ്ടിച്ചു. 1966 ഓഗസ്റ്റ് 16ന് കേരളത്തിലെ 14 കേന്ദ്രങ്ങളില്‍ ‘ചെമ്മീന്‍’ റിലീസായി. എല്ലായിടത്തും നൂറ് ദിവസം ഓടി. തുടക്കത്തിലേ, റെക്കോര്‍ഡ് കളക്ഷന്‍ നേടി. 1965 ല്‍ പത്ത് ലക്ഷം രൂപ നിര്‍മാണ ചെലവ് വന്ന ചിത്രത്തിന് ആദ്യ റിലീസിന് 40 ലക്ഷം രൂപ ലാഭം കിട്ടിയെന്നാണ് കണക്ക്.

Chemmeen movie

നിരൂപകനായ സിനിക്ക് മാതൃഭൂമി ആഴ്ചപതിപ്പില്‍ ചെമ്മീനെ നിരൂപണം ചെയ്തു എഴുതി, ”ഒരു ഉല്‍കൃഷ്ട കലാശില്‍പ്പം വാര്‍ത്തെടുക്കാന്‍ വേണ്ട കരുക്കളത്രയും അത്യന്തം നിഷ്‌ക്കര്‍ഷയോടെ സംഭരിച്ച സംവിധായകന്‍ അവ വഴി പോലെ ഉപയോഗപ്പെടുത്തി മലയാള സിനിമാവേദിക്ക് ഇന്നേവരെ നേടാനൊക്കാത്ത സൗഭാഗ്യം നേടിയെന്നതില്‍ ഇന്നാട്ടിലെ സിനിമാ പ്രേമികളുടെയെല്ലാം അകമഴിഞ്ഞ അനുമോദനമര്‍ഹിക്കുന്നു.”
മോസ്‌കോവിലെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം, 1968ലെ ആഫ്രോ ഏഷ്യന്‍ ചലച്ചിത്ര മേളയിലെ പ്രഥമ ചിത്രം എന്നിങ്ങനെ വിദേശത്ത് അംഗീകാരങ്ങള്‍ ചെമ്മീന്‍ വാരിക്കൂട്ടി

അക്കാലത്തെ കലാസാഹിത്യ രംഗത്തെ അവസാന വാക്കായ കൗമുദി വാരികയില്‍ കെ ബാലകൃഷ്ണന്‍ വാഴ്ത്തിയത് ഇങ്ങനെ, ‘സത്യാ ഷീലേ, ശ്രീധരന്‍ നായരെ ഹോളിവുഡൊക്കെ നിങ്ങളുടെ മുന്നില്‍ തല കുനിക്കും!’
കലാപരമായും സാങ്കേതികമായും എക്കാലത്തേയും മികച്ച ചിത്രമെന്ന് ചെമ്മീന്‍ വാഴ്ത്തപ്പെട്ടു. ‘ചെമ്മീന്‍’ ഉത്തരേന്ത്യന്‍ മേലാളന്മാരുടെ വേലി പൊളിച്ച് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് മുന്നില്‍ പ്രതിഷ്ഠിച്ച മലയാള സിനിമയായിരുന്നു. മാത്രമല്ല. വിശ്വചലച്ചിത്രത്തില്‍ മലയാള സിനിമയ്ക്കും സ്ഥാനമുണ്ടെന്ന് സ്ഥാപിച്ചു.

മോസ്‌കോവിലെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം, 1968ലെ ആഫ്രോ ഏഷ്യന്‍ ചലച്ചിത്ര മേളയിലെ പ്രഥമ ചിത്രം എന്നിങ്ങനെ വിദേശത്ത് അംഗീകാരങ്ങള്‍ വാരിക്കൂട്ടി. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമാട്ടോഗ്രാഫിക്ക് മാര്‍ക്ക് സ്ബര്‍ട്ടിലിക്ക് അവാര്‍ഡ്. ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം തുടങ്ങിയവ നേടി. മികച്ച ചിത്രത്തിനുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വര്‍ണ കമലം ആദ്യമായ് തെക്കെ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ രാമു കാര്യാട്ട് എന്ന സംവിധായകന്‍ ഇന്ത്യന്‍ സിനിമാരംഗത്ത് തന്നെ കള്‍ട് ഫിഗറായി മാറി. Making of the Movie ‘Chemmeen’ എന്നൊരു ചെമ്മീന്‍ സിനിമയുടെ സംഭവബഹുലമായ വസ്തുതകള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകം പുറത്തിറക്കാന്‍ നിര്‍മ്മാതാവ് ബാബു സേട്ടിന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ, അത് നടന്നില്ല.

chemmeen movie

തൃശൂരിലെ ചേറ്റുവായില്‍ ജനിച്ച രാമന്‍കുട്ടിയെന്ന രാമു കാര്യാട്ട് സിനിമാ മോഹങ്ങളുമായി തൃശൂരില്‍ ‘സൗണ്ട്’ എന്നൊരു ചലച്ചിത്ര പ്രസിദ്ധീകരണം നടത്തിയിരുന്നു. അന്നത്തെ തൃശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും സമ്മേളിക്കുന്ന കറന്റ് തോമസിന്റെ ബുക്ക് സ്റ്റാളില്‍ രാമു കാര്യാട്ട് സ്ഥിരാംഗമായിരുന്നു. കാര്യാട്ടിന്റെ സിനിമാ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിച്ച ശോഭന പരമേശ്വരന്‍ നായര്‍, പി ഭാസ്‌കരന്‍ തുടങ്ങിയവരുമായുള്ള സൗഹൃദം ആരംഭിക്കുന്നത് അവിടെ നിന്നാണ്. കാര്യാട്ടിന്റെതു പോലെ, സമാനമായ സാഹിത്യ കലാ സാംസ്‌കാരിക ചിന്തയുള്ളവരായിരുന്നു അവരും.

1953 ല്‍ പിആര്‍എസ് പിള്ള സംവിധാനം ചെയ്ത ‘തിരമാല’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു കാര്യാട്ട്. ഈ ചിത്രം പരാജയപ്പെട്ടെങ്കിലും കാര്യാട്ടിന്റെ ചലച്ചിത്ര മോഹങ്ങള്‍ കൂടുതല്‍ ദൃഢമായി. ചിത്രത്തിലെ കലാകാരന്മാരെല്ലാം മലയാളികളാകണമെന്ന് രാമു കാര്യാട്ടിന് നിര്‍ബന്ധമായിരുന്നു. അങ്ങനെ പടത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച പ്രധാന കലാകാരന്മാരെല്ലാരും മലയാളികളായി.

ടികെ പരീക്കുട്ടിയുടെ ചന്ദ്രതാര എന്ന നിര്‍മാണ കമ്പനി ഒരു പുതിയ പടം എടുക്കാന്‍ രാമു കാര്യാട്ടിനെ ഏല്‍പ്പിച്ചതോടെ മലയാള സിനിമയുടെ സ്വഭാവം തന്നെ മാറ്റിമറിച്ച ഒരു ചലച്ചിത്രം പിറവിയെടുത്തു. പി ഭാസ്‌കരനും കാര്യാട്ടും കൂടിയായിരുന്നു പ്രാരംഭ ചര്‍ച്ചകള്‍. സിനിമയ്ക്കായ് ഉറൂബിന്റെ മൂന്ന് കഥകള്‍ കേട്ട് തിരഞ്ഞെടുത്ത രചനയ്ക്ക് പി ഭാസ്‌കരന്‍ പേരിട്ടു, ‘നീലക്കുയില്‍’. ഭാസ്‌കരന്‍ മാഷുടെ വരികള്‍ക്ക് കോഴിക്കോട് ആകാശവാണിയില്‍ സംഗീത വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെ രാഘവന്‍ ഈണമിട്ടപ്പോള്‍ മനോഹര ഗാനങ്ങളും പിറന്നു.

പിന്നീട് തലമുറകള്‍ ഏറ്റുപാടിയ ഈ ചലച്ചിത്ര ഗാനങ്ങള്‍ എല്ലാം തന്നെ അക്കാലത്തെ ഗാനങ്ങളുടെ ശൈലിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു. പൂര്‍ണമായും മലയാളി ഗാനങ്ങള്‍. ചിത്രത്തിലെ കലാകാരന്മാരെല്ലാം മലയാളികളാകണമെന്ന് രാമു കാര്യാട്ടിന് നിര്‍ബന്ധമായിരുന്നു. അങ്ങനെ പടത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച പ്രധാന കലാകാരന്മാരെല്ലാരും മലയാളികളായി.

thakazhi

തകഴി

മലയാള ചലച്ചിത്ര രംഗത്തെ ആദ്യ ഇരട്ട സംവിധായകരായി രാമു കാര്യാട്ടും പി ഭാസ്‌കരനും ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. പരിപൂര്‍ണ മലയാള ചലച്ചിത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത് നീലക്കുയിലില്‍ (1954) നിന്നാണ്. കഥ, ജീവിതം, കഥാപാത്രങ്ങള്‍, നാടന്‍ വേഷവിധാനം, സംഭാഷണം തുടങ്ങിയ എല്ലാ തുറയിലും റിയലിസ്റ്റിക്കായ ആദ്യ മലയാള ചലച്ചിത്രം. ചലച്ചിത്രം ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്ന ചെറിയ ആശങ്ക കാര്യാട്ടിനും പി ഭാസ്‌കരനും ഉണ്ടായിരുന്നെങ്കിലും, ആദ്യം ഒന്ന് സംശയിച്ചുനിന്ന പ്രേക്ഷകര്‍ പിന്നീട് ആഘോഷത്തോടെ സ്വീകരിച്ചു. നാടന്‍ വേഷം, സാധാരണ കേരളീയ ഛായയിലുള്ള പരുക്കന്‍ മനുഷ്യര്‍, ലളിതമായ സംഭാഷണം, ശുദ്ധമായ മലയാളിത്തം, ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ഇവയൊക്കെ ചേര്‍ന്നപ്പോള്‍ നമ്മുടെ നാട്ടില്‍ നടന്ന സംഭവങ്ങളും ആള്‍ക്കാരുമാണെന്ന വസ്തുത പ്രേക്ഷകര്‍ക്കനുഭവപ്പെട്ടു. അതായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം.

നൂറ് ദിവസവും പടം കാണാന്‍ ഒരു കച്ചവടക്കാരന്‍ എത്തിയിരുന്നു. ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍’ എന്ന പാട്ട് വരുന്ന സമയമാകുമ്പോള്‍ തന്റെ കട പൂട്ടി അയാള്‍ തീയേറ്ററില്‍ ടിക്കറ്റ് വാങ്ങി കേറും. പാട്ട് കഴിയുമ്പോള്‍ പോകും.

സാധാരണക്കാരനെ ഈ ചിത്രം എത്ര മാത്രം സ്വാധീനിച്ചു എന്ന് വെളിപ്പെട്ട ഒരു സംഭവം തൃശൂരില്‍ ഉണ്ടായി. തൃശൂരിലെ ജോസ് തീയേറ്ററില്‍ ഈ പടം 100 ദിവസം ഓടി. ഈ നൂറ് ദിവസവും പടം കാണാന്‍ ഒരു കച്ചവടക്കാരന്‍ എത്തിയിരുന്നു. ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍’ എന്ന പാട്ട് വരുന്ന സമയമാകുമ്പോള്‍ തന്റെ കട പൂട്ടി അയാള്‍ തീയേറ്ററില്‍ ടിക്കറ്റ് വാങ്ങി കേറും. പാട്ട് കഴിയുമ്പോള്‍ പോകും. പിന്നിട് ചിത്രത്തിന്റെ നൂറാം ദിവസം ആഘോഷിച്ചപ്പോള്‍ ഇയാളെ പ്രത്യേകം ക്ഷണിച്ച് വരുത്തി ആദരിക്കുകയുണ്ടായി.

അന്നത്തെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചെയ്ത നീലക്കുയില്‍ അന്‍പത് വര്‍ഷം മുന്‍പത്തെ കേരളീയ ജീവിതത്തിന്റെ ദൃശ്യപരമായ ഡോക്യുമെന്റേഷനാണ്. ഈ ചലച്ചിത്രം മികച്ച സിനിമയ്ക്കുള്ള പ്രസിഡന്റിന്റെ വെള്ളിമെഡല്‍ നേടി. കാര്യാട്ടിന്റെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. പിന്നീട് തോപ്പില്‍ ഭാസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരം ‘മുടിയനായ പുത്രന്‍’ സംവിധാനം ചെയ്തപ്പോഴും മികച്ച രണ്ടാമത്തെ ചിത്രമായി ദേശീയ തലത്തില്‍ തിരഞ്ഞെടുക്കുകയും, രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ നേടുകയും ചെയ്തു. അങ്ങനെ മലയാള സിനിമയുടെ വ്യാകരണം മാറ്റിക്കൊണ്ടായിരുന്നു രാമു കാര്യാട്ടിന്റെ ആദ്യ കാല്‍വെപ്പ്.

സാഹിത്യവും രാഷ്ട്രീയവും കലകളും മനുഷ്യ ജീവിതവും നല്ലതും ചീത്തയും നന്നായി മനസ്സിലാക്കിയ ഒരാളായിരുന്നു കാര്യാട്ട്. തൃശൂരിലെ സാംസ്‌കാരിക സാഹിത്യ വൃത്തങ്ങളില്‍ സജീവമായിരുന്നതിനാല്‍ സാഹിത്യകാരന്മാരും കലാകാരന്മാരുമായി അദ്ദേഹം മികച്ച സുഹൃദ്ബന്ധം നിലനിറുത്തിയിരുന്നു. ഇടതുപക്ഷ അനുഭാവിയായ കാര്യാട്ടിന് രാഷ്ട്രീയ പ്രവര്‍ത്തന അനുഭവങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നു. അന്നത്തെ സംവിധായകരില്‍ നിന്ന് കാര്യാട്ടിനെ വ്യത്യസ്തനാക്കിയതും ഇതൊക്കെ തന്നെ.

Chemmeen novel

ചെമ്മീൻ – നോവൽ

ചെമ്മീന്റെ വിജയത്തിന് ശേഷം അന്നത്തെ മലയാള ചിത്രങ്ങളുടെ ഈറ്റില്ലമായ മദിരാശിയില്‍ സ്വന്തം ഓഫീസും കാറും പരിവാരങ്ങളുമായി രാമു കാര്യാട്ട് ഒരു ഫ്യൂഡല്‍ പ്രഭുവിനെപ്പോലെ വാഴാനാരംഭിച്ചു. ഏത് ആള്‍ക്കൂട്ടത്തിലും തിരിച്ചറിയാവുന്ന ആകാരം. അജാനബാഹുവായ കാര്യാട്ട് ചുരുട്ട് കടിച്ചുപിടിച്ച് കോട്ടും സ്യൂട്ടും ധരിച്ചാല്‍ തനി സായിപ്പ്. ടീ ഷര്‍ട്ടും പാന്റും ധരിച്ചാല്‍ ചെറുപ്പക്കാരന്‍ പയ്യന്‍. നാടന്‍ വേഷമാണെങ്കില്‍ തനി ചേറ്റുവക്കാരന്‍. ഏത് ആള്‍ക്കൂട്ടത്തിലും ശ്രദ്ധ നേടുന്ന കാര്യാട്ട് എവിടെയും നിഷ്പ്രയാസം മേധാവിത്തം നേടുമായിരുന്നു. ചലച്ചിത്ര ലോകം കീഴടക്കി വലിയ സംവിധായകനായപ്പോഴും ചുറ്റുപാടുകളെയോ വന്ന വഴികളെയോ കാര്യാട്ട് എന്ന വ്യക്തി മറന്നില്ല.

ചെമ്മീന് മുന്‍പ്, ആദ്യ കാലത്ത് വറുതിയുടെ നാളുകളില്‍ മദ്രാസില്‍ തന്നെ പലപ്പോഴും സഹായിച്ചിരുന്ന എഴുത്തുകാരനും നാടക നിരൂപകനുമായിരുന്ന കാട്ടുമാടം നാരായണനെ ഒരു സ്വകാര്യ സദസിന് പരിചയപ്പെടുത്തിയത് ഇങ്ങനെ: ”ഇവനെ അറിയാമോ? ഇവനാണ് സോഫോക്ലിസിന്റെ ഉദ്ധാരകന്‍! രാമു കാര്യാട്ട് എന്ന ജഗല്‍ പ്രസിദ്ധ സിനിമാക്കാരനെ സംബന്ധിച്ചിടത്തോളം ഇവനെന്റെ അന്നദാതാവ്. ആറ് മാസം ഈ മനുഷ്യന്‍ എനിക്ക് ഉച്ചയ്ക്ക് വയറുനിറയെ ചോറ് വാങ്ങിത്തന്നു. പുല്ലും വൈക്കോലുമാണെങ്കിലും കിട്ടേണ്ടെ? തരാനൊരാള്‍ വേണ്ടേ? ആ ചോറ് അന്ന് കിട്ടിയില്ലായിരുന്നെങ്കില്‍ രാമു കാര്യാട്ട് എന്ന ജഗല്‍ പ്രസിദ്ധന്‍ ജനിക്കാതെ സ്വര്‍ഗാരോഹണം ചെയ്തിരുന്നേനെ.”

പ്രതിഭകളുടെ നേരെ കണ്ണ് വെയ്ക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും രാമു കാര്യാട്ട് എന്നും ശ്രമിച്ചു. ഛായാഗ്രാഹകനായ ബാലു മഹേന്ദ്രയെ തന്റെ ചിത്രമായ ‘നെല്ലി’ ലൂടെ അവതരിപ്പിച്ചു. സംവിധായകന്‍ കെ ജി ജോര്‍ജ് കാര്യാട്ടിന്റെ കൂടെ നിന്നാണ് സംവിധാന രംഗത്തേക്ക് വന്നത്. മധുവും അടൂര്‍ ഭാസിയും രാമു കാര്യാട്ടിന്റെ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയരാകുന്നത്. നടന്മാരായ രാഘവന്‍ (അഭയം -1970) ജോസ് (ദ്വീപ്- 1977). ഇവരെല്ലാം അറിയപ്പെട്ടത് രാമു കാര്യാട്ട് ചിത്രങ്ങളിലൂടെ തന്നെ.

sl puram sadhanandhan

തിരക്കഥ എഴുതിയ എസ്. എൽ. പുരം സദാനന്ദൻ

ചെമ്മീനില്‍ വയലാറെഴുതിയ ഗാനങ്ങള്‍ സലില്‍ ചൗധരി റെക്കോര്‍ഡ് ചെയ്തത് ബോംബെയില്‍ വെച്ചാണ്. മന്നാഡെ മലയാളത്തില്‍ ആദ്യമായി ആലപിച്ച ‘മാനസ മൈനേ വരൂ’ എന്ന ഗാനം ഇപ്പോഴും ഗാനാസ്വാദകര്‍ ഏറ്റുപാടുന്നു. ലതാ മങ്കേഷ്‌കറെ കൊണ്ട് ഒരു ഗാനം പാടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അത് സാക്ഷാല്‍ക്കരിച്ചത് ‘നെല്ല്'(1974) ലാണ്. മലയാളത്തില്‍ ആദ്യമായി തലത്ത് മുഹമ്മദിനെ പാടിച്ചതും കാര്യാട്ടിന്റെ ‘ദ്വീപ്’ എന്ന ചിത്രത്തിലൂടെയാണ്. ചെമ്മീനിലൂടെയാണ് ട്യൂണിട്ട് പാട്ടെഴുതുക എന്ന രീതി ആദ്യമായി മലയാളത്തില്‍ പ്രചാരത്തില്‍ വരുന്നത്.

കുട്ടികള്‍ക്ക് വേണ്ട ചലച്ചിത്രത്തിന് പൂര്‍ണമായ ധനസഹായം നല്‍കുമെന്ന് 1977ല്‍ പി ആര്‍ ഡി പ്രഖ്യാപിച്ചപ്പോള്‍ തൃശൂരിലുള്ള രൂപവാണി ഫിലിംസിന്റെ ശോഭന പരമേശ്വരന്‍ നായര്‍ കെ എസ് കെ തളിക്കുളത്തിന്റെ കാവ്യമായ ‘അമ്മുവിന്റെ ആട്ടിന്‍കുട്ടി’ സിനിമയാക്കാന്‍ തീരുമാനിച്ചു. ബാലു മഹേന്ദ്രയെ ഏല്‍പ്പിക്കാനായിരുന്നു പ്ലാന്‍. ഇതറിഞ്ഞ കാര്യാട്ട് ചാടി വീണു: ‘കെ എസ് കെ യുടെ കവിത ഞാനല്ലാതെ മറ്റാരെടുക്കാന്‍? എന്റെ ദേശത്തെ കവിയുടെ രചന രാമു കാര്യാട്ടെടുക്കും.’

പടത്തിന്റെ ചിത്രീകരണമാരംഭിച്ചപ്പോള്‍ പി ആര്‍ ഡിയുടെ സഹായമൊന്നും സിനിമയ്ക്ക് ലഭിച്ചില്ല. പടം പൂര്‍ത്തിയാക്കാനാകാതെ കാര്യാട്ടും പരമേശ്വരന്‍ നായരും വിഷമത്തിലായി. അവസാനം തൃശൂരിലെ ധനലക്ഷ്മി ബാങ്കിന്റെ ചെയര്‍മാന്‍ മഹാദേവന്‍ എന്തോ ധാരണയില്‍ കാര്യാട്ടുമായി സംസാരിച്ച് പണം നല്‍കി. കാര്യാട്ടിന്റെ വാചകത്തില്‍ ആകൃഷ്ടനായ അദ്ദേഹം ആവശ്യപ്പെട്ട രൂപ മാത്രമല്ല രണ്ട് ആട്ടിന്‍കുട്ടികളേയും സൗജന്യമായി നല്‍കി. ഒരേ പോലത്തെ രണ്ട് ആട്ടിന്‍കുട്ടികള്‍ വേണമെന്ന് പടം ഷൂട്ട് ചെയ്യുമ്പോള്‍ കാര്യാട്ടിന് നിര്‍ബന്ധമായിരുന്നു. ആടിന് എന്തെങ്കിലും സംഭവിച്ചാല്‍ പടം മുടങ്ങരുതല്ലോ. അങ്ങനെ സിനിമ പൂര്‍ത്തിയാക്കി. പിറ്റേ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി. പ്രശസ്തകഥാകൃത്ത് വിക്ടര്‍ ലീനസ് ഈ ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു.

Chemmeen movie

തനിക്ക് സിനിമയില്‍ ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്ത പിന്‍മുറക്കാരനായ സംവിധായകന്‍ ജി അരവിന്ദനെ കാര്യാട്ട് കാര്യമായി തന്നെ പരിഗണിച്ചിരുന്നു. തനിക്കെടുക്കാന്‍ കഴിയാത്ത ചിത്രമാണ് ”കാഞ്ചനസീത” എന്ന് പരസ്യമായി പ്രഖ്യാപിച്ച ഹൃദയവിശാലത കാര്യാട്ടിനുണ്ടായിരുന്നു. ഇതൊക്കെ ചലച്ചിത്ര ലോകത്ത് അപൂര്‍വമായ സംഭവങ്ങളാണ്.

ഒരിക്കല്‍ ഡല്‍ഹിയില്‍ ഫിലിം ഫെസ്റ്റിവലിന് എത്തിയ കാര്യാട്ട് തന്റെ സിനിമയൊക്കെ മാറ്റി വെച്ച് അരവിന്ദന്റെ ‘കാഞ്ചന സീതയ്ക്ക്’ തീയേറ്റര്‍ ഏര്‍പ്പാടാക്കാന്‍ ഓടി നടന്നു. ‘നമുക്കത് നാലാളുടെ മുന്‍പില്‍ കാണിക്കണം’ കാര്യാട്ടിന്റെ ഭാഷ്യം അതായിരുന്നു. ഡല്‍ഹിയിലെ ഉന്നതതലത്തിലേക്ക് രണ്ടോ, മൂന്നോ ഫോണ്‍ കോള്‍. തീയേറ്റര്‍ റെഡി.

സ്വന്തം പടത്തിനേക്കാള്‍ താത്പര്യം അരവിന്ദന്റെ പടത്തിന് കൊടുക്കുന്നതെന്തിനാണെന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു, ”അരവിന്ദനും രാമു കാര്യാട്ടും കൂടി സിനിമാ രംഗത്ത് മത്സരമില്ല. ആ താടിക്കാരനവസരം കിട്ടിയാല്‍ റോസലിനിയേയും കുറോസവയെയും പോലൊരു ഡയറക്ടറാകുമെന്ന് തോന്നുന്നു. അവന്റെ പടം കാണിക്കാന്‍ അവസരമൊരുക്കല്‍ തന്നെ, മലയാളത്തില്‍ നൂറ് പടമെടുക്കുന്നതിനേക്കാള്‍ വലിയ കാര്യമാണടൊ.”

ചെമ്മീന് ശേഷം കാര്യാട്ടിന്റെ വളര്‍ച്ചയുടെ ഗ്രാഫ് താഴോട്ടാണെന്ന വിമര്‍ശനത്തെ സഹിഷ്ണുതയോടെ ഉള്‍ക്കൊണ്ട സംവിധായകനായിരുന്നു കാര്യാട്ട്. ചെമ്മീന്റെ വിജയം ആവര്‍ത്തിക്കാത്തതെന്ത് എന്ന വിമര്‍ശനത്തോടുള്ള കാര്യാട്ടിന്റെ മറുപടി ഇതായിരുന്നു. ”എവറസ്റ്റില്‍ ഒരു വട്ടം കയറിയാല്‍ പോരെ ? പലവട്ടം വേണോ?”

”വിമര്‍ശനത്തിനു നേരെ വിളറിയിടുകയെന്ന സാമാന്യ നിയമത്തിന് തികച്ചും അന്തസുറ്റ അപവാദമായിരുന്നു രാമു കാര്യാട്ട്,” എന്നാണ് നിരൂപകന്‍ സിനിക്ക് ഒരിക്കല്‍ എഴുതിയത്.

Ramu karyatt

ചെമ്മീൻ്റെ സംവിധായകൻ രാമു കാര്യാട്ട്

രാമു കാര്യാട്ടിന്റെ നാട്ടികയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചെറുതുരുത്തിയില്‍ നടക്കുന്ന ഏതോ മലയാള പടത്തിലെ ഷൂട്ടിങ്ങിന് വന്നിരുന്ന താരങ്ങള്‍ എത്തി. പ്രേംനസീറും അടൂര്‍ ഭാസിയുമുള്ള താരനിര. സിനിമക്കാരെ നേരില്‍ കാണുന്നത് ദൈവം നേരില്‍ പ്രത്യക്ഷപ്പെട്ടപോലെയുള്ള കാലമാണ്. കാര്യാട്ടിന്റെ പ്രചാരണ യോഗത്തിന് താരങ്ങളെ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി. ഇതുകണ്ട് ഹാലിളകിയ എതിര്‍ കക്ഷിക്കാര്‍ കാര്യാട്ടിനെ വ്യക്തിപരമായി ആക്രമിച്ചു. കാര്യാട്ട് മദ്യപാനിയും വ്യഭിചാരക്കാരനുമാണെന്ന് പ്രസംഗിച്ചു. ഒരു പ്രസിദ്ധ നടിയുടെ പേര് ചേര്‍ത്ത് മുദ്രവാക്യം വിളിച്ചു.

രാമു കാര്യാട്ട് അക്ഷോഭ്യനായി പ്രസംഗത്തിലൂടെ മറുപടി പറഞ്ഞു, ”ശരിയാണ് ഞാന്‍ മദ്യപിക്കാറുണ്ട്, വ്യഭിചരിച്ചിട്ടുണ്ട്. പക്ഷേ, പാവപ്പെട്ടവനെ ചൂഷണം ചെയ്‌തോ പൊതുമുതല്‍ അപഹരിച്ചിട്ടോ, ഇതൊന്നും ഇന്നോളം നടത്തിയിട്ടില്ല.” സദസില്‍ നിന്ന് വന്‍ കയ്യടി!
ചെമ്മീന്‍ പോലെ മറ്റൊരു ചിത്രത്തിന്റെ വിജയം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അത് സഫലമാകാതെ മനസിലെ മോഹവും, ആഗ്രഹവും ബാക്കി വെച്ച് 1979 ഫെബ്രുവരി 10ന് രാമു കാര്യാട്ട് അന്തരിച്ചു. Malayalam classic film ‘Chemmeen’ turns 60

Content Summary: Malayalam classic film ‘Chemmeen’ turns 60

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×