June 26, 2026 |
Avatar
അമർനാഥ്‌
Share on

രാമനഗറിലെ ചംബല്‍ താഴ് വരയില്‍ നിന്ന് ഇതിഹാസമായി മാറിയ ഷോലെ, വയസ് – 50

പേരിലെ അര്‍ത്ഥം പോലെ തന്നെ തീനാളമായി ‘ഷോലെ’

പേരിന്റെ അര്‍ത്ഥം പോലെ തന്നെയാണ് ഷോലെ – ഇന്ത്യന്‍ സിനിമയില്‍ മങ്ങാതെ തീനാളമായി ഇപ്പോഴും കത്തി ജ്വലിക്കുകയാണ് ഷോലെയെന്ന ഇന്ത്യയിലെ ആദ്യത്തെ 70 എം.എം. ചിത്രം. ഇന്ത്യന്‍ ചലചിത്രത്തിലെ ആദ്യത്തെ ബ്രഹ്‌മാണ്ഡ ചിത്രമായ ‘ഷോലെ’ പുറത്ത് വന്നിട്ട് ഇന്ന് 50 വര്‍ഷം തികയുകയാണ്.

‘ഷോലെ’ ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വചിച്ചു -താരങ്ങളെ സൂപ്പര്‍ താരങ്ങളാക്കി, വില്ലന് നായകനേക്കാള്‍ പ്രാധാന്യം നല്‍കി. തിരക്കഥാ രചയിതാക്കളെ സിനിമയുടെ മുഖ്യധാരയിലെത്തിച്ചു. സെന്‍സര്‍ഷിപ്പിനെയും, സിനിമാ വ്യവസായ നിരൂപകരെയും മറികടന്ന് കാലാതീതമായ അനശ്വരമായ ഒരു മാസ്റ്റര്‍പീസായി മാറി.

There has never been a more defining film on the Indian screen
Indian film history can be divided into Sholay BC and Sholay AD.

Shekhar Kapur, Director

Gabbar Singh's performance

‘കിദ് നേ ആദ്മി ? ‘രംഗത്തിൽ ഗബ്ബർ സിംഗിൻ്റെ പ്രകടനം

ചില സിനിമകള്‍ ഒരിക്കലും പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തവിധം പൂര്‍ണതയോടെ നിര്‍മ്മിക്കപ്പെടുമെന്ന് പറയപ്പെടാറുണ്ട്.”ഷോലെ” എന്ന ചലച്ചിത്രം 50 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ഒരു കള്‍ട്ട് ക്ലാസിക് ആയി തുടരുന്നതും അതുകൊണ്ട് തന്നെ. അരനൂറ്റാണ്ട് മുന്‍പ്, 1975 ഓഗസ്റ്റ് 15 ന് ബിഗ് ബഡ്ജറ്റ് ചിത്രമായ ഷോലെ പുറത്തിറങ്ങിയപ്പോള്‍ സിനിമ ആദ്യ ആഴ്ചയില്‍ തന്നെ പരാജയമാകുമെന്ന് ബോംബയിലെ സിനിമാരംഗത്തെ പ്രമുഖ ചലചിത്രവിദഗ്ദ്ധര്‍ പ്രവചിച്ചു.

എന്നാല്‍ ബോളിവുഡ് ചലച്ചിത്രവിദഗ്ദ്ധരുടെ പ്രവചനത്തെ വെല്ലുവിളിച്ചുകൊണ്ട് ഷോലെയുടെ തിരക്കഥാ രചയിതാക്കളായ സലിം-ജാവേദുമാര്‍,(സലീം ഖാനും ജാവേദ് അക്തറും) തങ്ങളുടെ കയ്യില്‍ നിന്ന് തന്നെ പണം മുടക്കി. പടത്തിന്റെ റിലീസിംഗ് നടന്ന് ഒരാഴ്ച കഴിഞ്ഞ് ഓഗസ്റ്റ് 23 ലെ പത്രങ്ങളിലും എല്ലാ പ്രധാന ചലച്ചിത്ര മാസികകളിലും ഒരു പരസ്യം നല്‍കി, ‘ ഇത് സലിം ജാവേദുമാരുടെ പ്രവചനമാണ്, ഞങ്ങളുടെ എല്ലാം തികഞ്ഞ സ്വപ്നം., ഷോലെ ഒരു കോടി കളക്ഷന്‍ നേടും! സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കാം ഒരുപക്ഷെ ഇതുപോലൊരു പരസ്യം, അവസാനത്തേതുമായിരുന്നിരിക്കാം. പേരിലെ അര്‍ത്ഥം പോലെ തന്നെ തീനാളമായി ‘ഷോലെ’ പിന്നീട് തീഷ്ണമായി ജ്വലിക്കാന്‍ തുടങ്ങുകയായിരുന്നു.

ആദ്യത്തെ അലസമായ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം പ്രേക്ഷകര്‍ ചിത്രം കാണാന്‍ തിയേറ്ററുകളില്‍ കൂട്ടത്തോടെ എത്തി. പിന്നീടുള്ളത് ചരിത്രമാണ്. പ്രശംസകള്‍ കൊണ്ട് മൂടപ്പെട്ട ഷൊലെ ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടി. ബോക്സ് ഓഫീസില്‍ 30 കോടി രൂപയിലധികം കളക്ഷന്‍ നേടി. ഇന്നത്തെ പണപ്പെരുപ്പം കണക്കിലെടുത്താല്‍ 3,000 കോടി രൂപയിലധികം
വരും. ഇത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറി. മറ്റേതൊരു ചിത്രത്തേക്കാളും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ട ചിത്രം, ഏറ്റവും കൂടുതല്‍ സുവര്‍ണ്ണ ജൂബിലികള്‍ നേടിയ ചിത്രം. 30 വര്‍ഷം മുന്‍പ്, ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കെ’ എന്ന ചിത്രം 2014ല്‍ ആയിരം ആഴ്ചകള്‍ ഓടി പ്രദര്‍ശന റെക്കോഡ് സ്ഥാപിക്കും മുമ്പ്, ഏറ്റവും കൂടുതല്‍ കാലം ഓടിയ ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡ് ഷോലെ സ്വന്തമാക്കി. സഞ്ജീവ് കുമാര്‍, ധര്‍മ്മേന്ദ്ര, അമിതാഭ് ബച്ചന്‍, ഹേമ മാലിനി, ജയഭാദുരി, അന്ന് അത്ര പ്രശസ്തനല്ലാത്ത അംജദ് ഖാന്‍ എന്നിവര്‍ വേഷമിട്ട ഈ ആക്ഷന്‍ ഡ്രാമ ചിത്രം അക്കാലത്തെ ഇന്ത്യയിലെ ഏറ്റവും വലുതും ചെലവേറിയതുമായ ചിത്രമായി വിശേഷിപ്പിക്കപ്പെട്ടു.

1947ല്‍ വിഭജനകാലത്ത് കറാച്ചിയില്‍ നിന്ന് ബോംബെയിലേക്ക് കുടിയേറി പാര്‍ത്ത കുടുംബമായിരുന്നു ഗോപാലദാസ് പരമാനന്ദ സിപ്പിയെന്ന ജി.പി. സിപ്പിയുടേത്. ബോബെയില്‍ ഒരു റസ്റ്റോറന്റ് തുടങ്ങിയാണ് സിപ്പി തന്റെ ഭാഗ്യ പരീക്ഷണമാരംഭിച്ചത്. സഹകരണ സംഘം രൂപീകരിച്ച് പിന്നിട് ഫളാറ്റുകള്‍ പണിത് കൊടുക്കുന്ന തൊഴിലില്‍ അഭിവൃദ്ധി നേടി. അക്കാലത്ത് ഒരു വീട് നിര്‍മ്മിച്ചതിലൂടെ നടി നര്‍ഗീസ് ദത്തുമായി പരിചയപ്പെട്ടു. അന്നേ വലിയ സ്വപ്നങ്ങള്‍ കാണുന്ന ബിസിനസുകാരനായിരുന്നു ജി.പി. സിപ്പി. സ്വാഭാവികമായും ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു.ബോളിവുഡില്‍ ഭാഗ്യ പരീക്ഷത്തിനിറങ്ങിയ സിപ്പി 1965 ല്‍ ‘മെരെ സനം’, ‘ജോഹര്‍ മെഹമ്മുദ് ഇന്‍ ഗോവ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളോടെ ഒന്നാം നിര നിര്‍മ്മാതാവായി.

മകന്‍ രമേഷ് സിപ്പി പ്രശസ്തമായ ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ഡിഗ്രിയെടുത്തെങ്കിലും മനസ് മുഴുവന്‍ പിതാവിന്റെ സിനിമയും ബോംബയിലെ ചലച്ചിത്ര സ്റ്റുഡിയോകളുമായിരുന്നു. ഒരു നാള്‍ അയാള്‍ ബോംബയില്‍ തിരിച്ചെത്തി. ബോംബെ യൂണിവേഴ്സ്റ്റിയില്‍ സൈക്കോളജി ഡിഗ്രിക്ക് ചേര്‍ന്നു.

Sholay advertisement

സലിം ഖാനും ജാവേദ് അക്തറും നൽകിയ ഷോലെ പരസ്യം. 1975 August 23

കോളേജിലേക്കാള്‍ കൂടുതല്‍ പോയത് പിതാവിന്റെ സിനിമകളുടെ ജോലി നടക്കുന്ന കര്‍ദാര്‍ സ്റ്റുഡിയോയിലേക്കായിരുന്നു എന്ന് മാത്രം. ജി.പി. സിപ്പിയുടെ രണ്ട് സിനിമകളുടെ നിര്‍മ്മാണ – സംവിധാന ജോലികളില്‍ അയാള്‍ പങ്കാളിയായി. അതോടെ പഠനം ഉപേക്ഷിച്ച് താറാവ് കുളത്തിലേക്ക് എന്നതുപോലെ ബോളിവുഡിലെ സിനിമാ ലോകത്തിലേക്കിറങ്ങി. ഏഴ് സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ശേഷം 26കാരനായ രമേഷ് സിപ്പി തന്റെ ആദ്യ പടം ‘Andaaz’ സംവിധാനം ചെയ്തു. ഗുല്‍സാര്‍ എഴുതിയ പടത്തിലെ നായിക ഹിന്ദി സിനിമയിലെ ‘ഡ്രീം ഗേള്‍’ ഹേമമാലിനിയായിരുന്നു. ഈ പടത്തിന്റെ സംഭാഷണം എഴുതിയ രണ്ട് ചെറുപ്പക്കാരുമായി അയാള്‍ അന്ന് പരിചയപ്പെടുകയും അവരുമായി സൗഹാര്‍ദത്തിലാവുകയും ചെയ്തു. സലിം ഖാനും ജാവേദ് അക്തറുമായിരുന്നു അവര്‍.

1974 ല്‍ Majboor എന്നൊരു ചിത്രത്തിന്റെ ആശയവുമായി രമേഷ് സിപ്പി സലിം – ജാവേദ് ചര്‍ച്ച നടത്തിയെങ്കിലും പ്രതിഫലക്കാര്യത്തില്‍ യോജിക്കാത്തതിനാല്‍ അത് നടന്നില്ല. രമേഷ് സിപ്പി പിതാവിനോട് പറഞ്ഞു ‘മജ്ബൂര്‍ ഒരു നല്ല തിരക്കഥ തന്നെ പക്ഷേ, വളരെ കേമം എന്ന് പറയാനാവില്ല. അതുകേട്ട ജി.പി. സിപ്പി മകനോട് പറഞ്ഞു ‘എനിക്കൊരു വലിയ ചിത്രം എടുക്കണം’ ഒരു കഥ കണ്ടുപിടിക്കൂ’.

1973 മാര്‍ച്ചില്‍ ബോംബെയിലെ സിപ്പി നിര്‍മ്മാണക്കമ്പനിയുടെ എഴുത്തു മുറിയില്‍ സലിം – ജാവേദുമാര്‍ കഥയ്ക്കായ് തലപുകച്ചു. സംവിധായകന്‍ രമേഷ് സിപ്പിയും എഴുത്തുകാരും ഒരു പ്രശ്‌നം നേരിട്ടത് അടിയന്തരാവസ്ഥയിലെ സെന്‍സര്‍ഷിപ്പാണ്. സിനിമയില്‍ ഇടപെടല്‍ കര്‍ക്കശമാകും. ഒരു ബിഗ് ബജറ്റ് ചിത്രത്തിന് പ്രതിബന്ധം സൃഷ്ടിച്ചാല്‍ എല്ലാം തകരും. അതിനാല്‍ ആദ്യം തീരുമാനിച്ച പട്ടാളക്കഥ ഉപേക്ഷിച്ചു. പകരം പോലീസ് കഥ തിരഞ്ഞെടുത്തു. ആശയങ്ങളൊന്നും വരാതെ ദിവസങ്ങള്‍ കടന്നുപോയി. ഒടുവില്‍ 60 കളില്‍ ഹോളിവുഡിനെ കിടിലം കൊള്ളിച്ച സെര്‍ജി ലിയോണിന്റെ വെസ്റ്റേണ്‍ കൗബോയ് ചിത്രങ്ങളിലേക്ക് അവരുടെ ശ്രദ്ധതിരിഞ്ഞു. Magnificent Seven, The Buth Candy And Sundance Kid തുടങ്ങിയ വെസ്റ്റേണ്‍ സിനിമകള്‍ അവരെ സ്വാധീനിച്ചിരുന്നു. ഒരു മെഗാ ആക്ഷന്‍ സാഹസിക ചിത്രം, തികച്ചും ഒരു ഇന്ത്യന്‍ വെസ്റ്റേണ്‍ ചിത്രം. അതായിരുന്നു അവരുടെ മനസില്‍.

പിതാവ് ഇന്‍ഡോറില്‍ DIG യായിരുന്നപ്പോള്‍ കേട്ട ഒരു സംഭവം തന്നോട് ഒരിക്കല്‍ പറഞ്ഞത് സലിം ഖാന് ഓര്‍മ്മ വന്നു. 50 കളില്‍ ഗ്വാളിയോറില്‍ ഭീകരത വിതച്ചിരുന്ന അപകടകാരിയായ ഒരു ചംബല്‍ കൊള്ളക്കാരനായ ഗബ്ബര്‍ സിംഗ് ഗുജ്ജാറിന്റെ കഥ. പോലീസുകാരെ തട്ടിക്കൊണ്ടുപോയി അവരുടെ മൂക്കും ചെവിയും മുറിച്ച് വിടുന്ന ഒരു ഭീകര കൊള്ളക്കാരനായിരുന്നു അയാള്‍. അതൊരു നല്ല പ്രമേയമായി അവര്‍ക്ക് തോന്നി. അത്തരമൊരു ചംബല്‍ കൊള്ളക്കാരന്റെയും സംഘത്തിന്റെയും ഭീഷണിയുള്ള ഒരു ഗ്രാമത്തില്‍ നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പ്രതൃക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു കഥ അങ്ങനെ രൂപപ്പെട്ടു. ഷോലെയുടെ അണിയറക്കഥകളും സിനിമയോളം തന്നെ ഹിറ്റായിരുന്നു. പടത്തിലെ നാടകീയത സിനിമയ്ക്ക് കഥാപാത്രങ്ങളെ രൂപപ്പെടുത്തലിലും ഉണ്ടായി.

ചിത്രത്തിന്റെ തിരക്കഥ വായിച്ച് കേട്ടപ്പോള്‍, ചിത്രം ഠാക്കൂറിന്റെ പ്രതികാരത്തെക്കുറിച്ചാണെന്നും തന്റെ കഥാപാത്രമായ വീരുവും സുഹൃത്തായ അമിതാ ബച്ചന്‍ അഭിനയിക്കുന്ന ജയ് യും സിനിമയില്‍ ഠാക്കൂറിന് വേണ്ടി പ്രതികാരം ചെയ്യാനെത്തുന്ന വാടക ഗുണ്ടകള്‍ മാത്രമാണെന്നും ധര്‍മ്മേന്ദ്ര മനസ്സിലാക്കി. ഠാക്കൂറിന്റെ വേഷം താന്‍ ചെയ്യാമെന്ന് ധര്‍മ്മേന്ദ്ര രമേഷ് സിപ്പിയോട് പറഞ്ഞു. ഏത് വേഷം ആര് ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്ന രമേഷ് സിപ്പി ഒരു പ്രതിസന്ധി ഒഴിവാക്കാനായി പറഞ്ഞു. ഠാക്കൂര്‍ ആയി അഭിനയിക്കുന്നത് സഞ്ജീവ് കുമാറാണ് അതിനാല്‍ ഹേമ മാലിനി അഭിനയിക്കുന്ന ബസന്തി ഉള്‍പ്പെടുന്ന എല്ലാ പ്രണയ രംഗങ്ങളും വീരുവായ ധര്‍മേന്ദ്രയ്ക്ക് അഭിനയിക്കാം. ഹേമമാലിനിയുമായി ഇതിനകം പ്രണയം ആരംഭിച്ചിരുന്ന ധര്‍മ്മേന്ദ്ര അതോടെ സന്തുഷ്ടനായി. മറിച്ച് ബസന്തിയുടെ കാമുകനായ വീരുവിന്റെ വേഷം സഞ്ജീവ് കുമാര്‍ അഭിനയിച്ചാല്‍ കാര്യങ്ങള്‍ വെറെ വഴിക്കാകും. (സഞ്ജീവ് കുമാര്‍ ഹേമമാലിനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു). പിന്നീട് സിനിമക്ക് പുറത്തുവന്ന ശേഷം ധര്‍മ്മേന്ദ്ര നടി ഹേമമാലിനിയെ വിവാഹം ചെയ്തു.

ഗബ്ബര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രശസ്തനായ ഡാനി ഡെന്‍സോങ്പയെ നിശ്ചയിച്ചെങ്കിലും സഞ്ജീവ് കുമാറിനും ധര്‍മേന്ദ്രക്കും ഗബ്ബാറിനെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, രമേഷ് സിപ്പി വരച്ച വരയിലൂടെ കാര്യങ്ങള്‍ മുന്നോട്ട് പോയി. സിപ്പിയുടെ സിനിമാ വിതരണക്കാര്‍ വീരുവിന്റെ ഉറ്റ സുഹൃത്ത് ജയ് ആയി അഭിനയിക്കാന്‍ അന്നത്തെ സ്റ്റൈല്‍ലിഷ് താരമായ ശത്രുഘ്‌നന്‍ സിന്‍ഹയെ രമേഷ് സിപ്പിയോട് നിര്‍ദേശിച്ചു.
പക്ഷേ, സലിം – ജാവേദിന്റെ ആഗ്രഹം അമിതാഭ് ബച്ചന്‍ ആ വേഷം ചെയ്യണമെന്നായിരുന്നു. പക്ഷേ, പ്രതികൂലമല്ലാത്ത ചിലത് അമിതാബിന് തടസ്സമായി എത്തി. ഓള്‍ ഇന്ത്യ റേഡിയോ ഒരിക്കല്‍ നിരാകരിച്ച ശബ്ദമാണ് അമിതാഭിന്റെത്, ആയിടെ അഭിനയിച്ച സിനിമകളെല്ലാം തുടര്‍ച്ചയായി പരാജയമടഞ്ഞിരുന്നു. ഒരു ചിത്രത്തില്‍ നിന്ന് അമിതാഭിനെ മാറ്റി ആ വേഷം മറ്റൊരു നടന് നല്‍കുക പോലും ഉണ്ടായി. പക്ഷേ, സലിം – ജാവേദുമാര്‍ ഉറച്ച വിശ്വാസത്തിലായിരുന്നു . ‘ അസാധാരണ കഴിവുള്ള നടനായയാള്‍’ പ്രത്യേകിച്ചും തങ്ങള്‍ എഴുതിയ പ്രകാശ് മെഹറ സംവിധാനം ചെയ്ത Zanjeer (1973) ലെ അമിതാബിന്റെ പ്രകടനത്തില്‍ നല്ല മതിപ്പ് തോന്നിയ സലിം – ജാവേദുമാര്‍ പുതിയ ചിത്രത്തിലെ റോള്‍ നല്‍കാന്‍ രമേഷ് സിപ്പിയെ പ്രേരിപ്പിച്ചു.

അമിതാബ് തനിക്ക് വേണ്ടി രമേഷ് സിപ്പിയോട് ഒരു വാക്ക് പറയാന്‍ ധര്‍മ്മേന്ദ്രയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അവസാനം രമേഷ് സിപ്പി തീരുമാനിച്ചു – ജയ് അമിതാഭ് ബച്ചന്‍ തന്നെ. തന്റെ സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ മൂന്ന് പേരായാല്‍ പരസ്പരമുള്ള ഈഗോ പ്രശ്‌നങ്ങള്‍ ചിത്രീകരണ സമയത്ത് വരാനുള്ള സാധ്യത രമേഷ് സിപ്പി മുന്നില്‍ കണ്ടു എന്ന കാരണം കൂടി ഇതിനു പിന്നിലുണ്ടായിരുന്നു.

പ്രധാന കഥാപാത്രമായ ഠാക്കൂര്‍ ബല്‍ ദേവ് സിങ്ങായി ആദ്യം നടന്‍ പ്രാണിനെ ആലോചിച്ചെങ്കിലും, പിന്നീട് സഞ്ജീവ് കുമാറിനെ തീരുമാനിക്കുകയായിരുന്നു. (ഠാക്കൂര്‍ ആയി ആദ്യം ദിലീപ് കുമാറിനെ സമീപിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞ് മാറിയെന്നും പിന്നീട് അദ്ദേഹം അതില്‍ ഖേദിച്ചുവെന്നും ഒരു കഥ കൂടി പ്രചരിച്ചിരുന്നു) സഞ്ജീവ് കുമാറിന്റെ അഭിനയശേഷി ഇതിനകം Khilona, Koshish, Parichay തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ അംഗീകരിച്ചിരുന്നു. IPTA ( Indian People’s Theatre Asosciation) യുടെ നാടകങ്ങളില്‍ അഭിനയിച്ച അനുഭവ സമ്പത്തുമായാണ് സഞ്ജീവ് കുമാര്‍ സിനിമയില്‍ എത്തിയത്. ഹേമ മാലിനിയെ കൂടാതെ ജയഭാദുരിയായിരുന്നു രണ്ടാമത്തെ നായിക. അമിതാബ് ബച്ചനുമായുള്ള പ്രേമവിവാഹത്തിന് ശേഷവും അഭിനയം തുടര്‍ന്ന അവര്‍ ഷോലെയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ഗര്‍ഭിണിയായിരുന്നു.

ഗബ്ബര്‍ സിംഗ് എന്ന വില്ലനെ രൂപപ്പെടുത്തിയത് ഇംഗ്ലീഷ് കൗബോയ് ചിത്രങ്ങളുടെത് പോലെ – പ്രവചനാതീതമായ, പരിചിതമായ സംസാര ശൈലിയുള്ള എന്നാല്‍ അസാധാരണ സ്വഭാവക്കാരന്‍ – മെക്‌സിക്കോവിനും ഉത്തര്‍ പ്രദേശിനും ഇടയിലെവിടെയോ ഉള്ളവന്‍ എന്നാണ് ജാവേദ് തന്റെ വില്ലനെ വിശേഷിപ്പിച്ചത്. ഒരു സാഡിസ്റ്റിന്റേത് പോലെ വാക്കുകള്‍ ഉപയോഗിക്കുന്ന അയാളുടെ സിനിമാ ഡയലോഗുകള്‍ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ പിന്നീട് നിരന്തരം ഉരുവിടുമെന്ന് ആ കഥാപാത്രത്തെ സൃഷ്ടിച്ച സലിം ജാവേദുമാര്‍ പോലും അപ്പോള്‍ വിചാരിച്ചില്ല.

ജയ്, വീരുമാരുടെ ജയില്‍ രംഗങ്ങളില്‍ ജയിലറായി തകര്‍ത്തഭിനയിച്ച നടന്‍ അസ്രാണിയുടെ ഭാവങ്ങള്‍ ‘ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍’ റിലെ ചാര്‍ലി ചാപ്ലിന്‍ അഭിനയിച്ച ഹിറ്റ്‌ലറെ അനുസ്മരിപ്പിക്കണമെന്ന ജാവേദിന്റെ നിര്‍ദേശമായിരുന്നു ആ കഥാപാത്രം. പകുതി ഹാസ്യവും കഥയ്ക്ക് അനുയോജ്യമായ ആ കഥാപാത്രവും ഷോലെയില്‍ വിജയകരമായി. FTII (Film and Television Institute of India) യില്‍ അഭിനയം പഠിക്കുന്ന സമയത്ത് ക്ലാസുകളില്‍ ഹിറ്റ്‌ലറുടെ പ്രസംഗങ്ങളെ കുറിച്ച് ഒരു അദ്ധ്യാപകന്‍ വിവരിച്ചത് ഓര്‍ത്ത നടന്‍ അസ്രാണി ആ ഹിറ്റ്‌ലേറിയന്‍ ഭാവം ശരിക്കും ഉള്‍ക്കൊണ്ട് അഭിനയിച്ചു. ഹോളിവുഡ് ചിത്രമായ The Great Race ലെ ജാക്ക് ലെമോണ്‍ന്റെ ഡയലോഗ് ‘Ha ,Ha’ ഇടയ്ക്കിടെ അലറിക്കൊണ്ട് ജയിലറായി അഭിനയിച്ച അസ്രാണി ആ വേഷം അവിസ്മരണീയമാക്കി.

ഗബ്ബര്‍ സിംഗ് എന്ന വില്ലന്റെ വേഷമിടാനെത്തിയ സിക്കിംകാരനായ പ്രതിനായക നടന്‍ ഡാനി ഡെന്‍സോങ്പ അവസാന നിമിഷം രാമേഷ് സിപ്പിയെ പ്രതിസന്ധിയിലാക്കി. ഫ്രാന്‍സിസ് കപ്പോളയുടെ പ്രശസ്തമായ ‘ഗോഡ് ഫാദര്‍’, ‘ധര്‍മ്മാത്മ’ എന്ന പേരില്‍ ഫിറോസ് ഖാന്‍ സംവിധാനം ചെയ്യുന്ന സിനിമ അഫ്ഗാനിസ്ഥാനില്‍ ചിത്രീകരിക്കുന്നത് അനിശ്ചിതമായി നീണ്ടുപോയി. ഒക്ടോബറില്‍ രണ്ട് ചിത്രങ്ങളും ചിത്രീകരണമാരംഭിച്ചു. കരാര്‍ ചെയ്യപ്പെട്ട ഡാനിക്ക് രണ്ട് സിനിമയിലും അഭിനയിക്കാന്‍ പറ്റാത്ത വിധം കാള്‍ ഷീറ്റ് തീയതികള്‍ കൂട്ടിമുട്ടി. എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കി തടസ്സങ്ങള്‍ മാറ്റി ചിത്രീകരണം ആരംഭിക്കാന്‍ തയ്യാറെടുത്ത ഫിറോസ് ഖാന്‍ ഡാനിയുടെ ഡേറ്റുകള്‍ മാറ്റാന്‍ വിസമ്മതിച്ചു. മൂന്ന് നടന്മാര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കാനുള്ള കാള്‍ ഷീറ്റ് തന്നതിനാല്‍ രമേഷ് സിപ്പിയുടെ ഷോലെയുടെ ചിത്രീകരണവും മാറ്റി വെയ്ക്കാന്‍ അസാധ്യമായിരുന്നു. ഷോലെയാണ് മികച്ച ചിത്രമാകാന്‍ പോകുന്നതെന്ന് മനസിലായിട്ടും ഫിറോസ് ഖാന് കൊടുത്ത വാക്ക് പാലിക്കാന്‍ ഷോലെയിലെ വില്ലന്‍ വേഷം ഉപേക്ഷിച്ച് ഡാനി ഡെന്‍സോങ്പ അഫ്ഗാനിസ്ഥാനിലേക്ക് പോയി. ഷൊലെ എന്ന ചിത്രത്തിന്റെ ചരിത്രത്തെ തന്നെ വഴിമാറ്റിയ സംഭവമായി പിന്നീടത്. കോടികള്‍ മുടക്കുള്ള ചിത്രീകരണം ആരംഭിക്കാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ പ്രധാന കഥാപാത്രമായ വില്ലന്‍ നടന്‍ നഷ്ടപ്പെട്ട് രമേഷ് സിപ്പി പ്രതിസന്ധിയിലായി.

The set of Sholay in Ramanagara

രാമനഗറിലെ ഷോലെ യുടെ സെറ്റ്

ഗബ്ബര്‍ സിംഗ് എന്ന വില്ലന്‍ ഷോലെയിലെ ഏറ്റവും പ്രധാന കഥാപാത്രവും മികച്ച കഥാപാത്രവുമാണ്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സിനിമ തന്നെ പാളിപ്പോകും. അന്നത്തെ വില്ലന്‍ നടന്മാരായ രഞ്ജിത്ത്, പ്രേം ചോപ്ര, പ്രേം നാഥ് എന്നിവരൊക്കെ രമേഷ് – സലിം – ജാവേദ് ചര്‍ച്ചകളില്‍ കടന്നുവന്നെങ്കിലും ഈ വേഷത്തിന് അവര്‍ പോരായിരുന്നു.

ഒടുവില്‍ ജാവേദിന് ഒരാളെ ഓര്‍മ്മ വന്നു. ഡല്‍ഹിയില്‍ യൂത്ത് ഫെസ്റ്റുവലില്‍ അവതരിപ്പിച്ച ഒരു നാടകത്തില്‍ പട്ടാള ഉദ്യോഗസ്ഥനായി അഭിനയിച്ച ഒരു യുവാവ്. തന്റെ സഹോദരിയോടൊപ്പം ബോബെയില്‍ അയാള്‍ ഒരു നാടകത്തില്‍ അഭിനയിച്ചത് ജാവേദ് കണ്ടിട്ടുണ്ട്. ബോളിവുഡില്‍, സിനിമയില്‍ ഒരു നടനാകാന്‍ ശ്രമിച്ച് പരാജയപ്പെട്ട ജയന്ത് എന്നൊരാളുടെ മകനാണ് അയാള്‍. ജയന്തിനെ സലിം ഖാന് അറിയാം. അംജദ് ഖാന്‍ എന്നായിരുന്നു ആ യുവാവിന്റെ പേര്.

ബാന്ദ്രയിലെ വീട്ടിലെത്തി യുവാവായ നടന്‍ അംജത്തിനോട് കാര്യം പറഞ്ഞശേഷം സലിം പറഞ്ഞു. ‘ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പൊന്നും നല്‍കുന്നില്ല പക്ഷേ, ഇതൊരു വലിയ സിനിമയിലെ വലിയ വേഷമാണ്. ഞാന്‍ നിങ്ങളെ സംവിധായകന്റെ അടുത്ത് കൊണ്ടുപോകാം, പിന്നെയെല്ലാം നിങ്ങളുടെ കഴിവും ഭാഗ്യവും പോലെയിരിക്കും’

ആദ്യ നോട്ടത്തില്‍ തന്നെ രമേഷിനും സലിം- ജാവേദിനും ഇയാള്‍ക്ക് തങ്ങളുടെ വില്ലന്‍ ഗബ്ബറാകാന്‍ പറ്റുമെന്ന് വിശ്വാസം ജനിച്ചു. അയാളോട് താടി വളര്‍ത്താനും ഒരു ആഴ്ച കഴിഞ്ഞ് സ്‌കിന്‍ ടെസ്റ്റിന് വരാനും ആവശ്യപ്പെട്ടു. അടുത്ത ദിവസം ഷോലെയില്‍ ഠാക്കൂര്‍ ബല്‍ദേവിന്റെ പരിചാരകനായ രാം ലാല്‍ ആയി വേഷമിടുന്ന മുതിര്‍ന്ന നടനായ സത്യന്‍ കാപ്പു, രമേഷ് സിപ്പിയുടെ ഓഫിസില്‍ വന്നു. തിയേറ്റര്‍ നടനായ കാപ്പു വര്‍ഷങ്ങളായി ഇംപ്റ്റ യുമായി സഹകരിക്കുന്ന മുതിര്‍ന്ന നടനായിരുന്നു. സലിം ഖാന്‍ അദ്ദേഹത്തിനോട് ചോദിച്ചു. ‘കാപ്പു സാഹബ്, ഈ അംജദ് താങ്കളേക്കാള്‍ മികച്ച നടനാണോ?
അദ്ദേഹം പറഞ്ഞു. ‘തീര്‍ച്ചയായും അതേ, അയാള്‍ ചെറുപ്പമാണ്, അയാളുടെ ആശയങ്ങള്‍ പുതുമയുള്ളതും.
ഒരാഴ്ചകഴിഞ്ഞ് അജദ് ഖാന്‍ വളര്‍ന്ന താടിയും പല്ലുകള്‍ കറുപ്പിച്ചും പരുക്കന്‍ രൂപവുമായി വന്ന് സ്‌ക്രീന്‍ ടെസ്റ്റിന് തയ്യാറായി. അഭിനയവും ഡയലോഗും തികച്ചും യോജിക്കുന്നതായി. അതോടെ രമേഷ് സിപ്പിയും – സലിം ജാവേദും തൃപ്തരായി തങ്ങളുടെ ഗബ്ബര്‍ സിംഗ് എന്ന കൊള്ളത്തലവന്‍ വില്ലന്‍ ഇയാള്‍ തന്നെ.

അങ്ങനെ വെള്ളിത്തിരയില്‍, രാംനഗര്‍ ഗ്രാമത്തേയും ലക്ഷക്കണക്കിന് പ്രേക്ഷകരേയും തന്റെ പരുക്കന്‍ വേഷത്തിലൂടേയും തകര്‍പ്പന്‍ ഡയലോഗിലൂടെയും കൊണ്ടു വിറപ്പിച്ച ഗബ്ബര്‍സിങ്ങ് എന്ന ക്രൂരനായ കൊള്ളത്തലവന്‍ ജനിച്ചു.

സലിം – ജാവേദ് മനസ്സറിഞ്ഞ് അറിഞ്ഞെഴുതിയ ഓരോ ഡയലോഗും മികച്ചതായിരുന്നു. വര്‍ഷങ്ങള്‍ 50 പിന്നിട്ടിട്ടും പ്രേക്ഷക മനസില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന ഓരോ കഥാപാത്രങ്ങളും തികഞ്ഞ വ്യക്തിത്വം പുലര്‍ത്തിയെന്ന മികവ് ഷോലെക്ക് മാത്രം അവകാശപ്പെട്ടതാണ്.

ഉയരത്തില്‍ പാറക്കെട്ടില്‍ തോക്കേന്തിയിരിക്കുന്ന തന്റെ സംഘാംഗമായ സാംബയെന്ന കൊള്ളക്കാരനോട് ഗബര്‍ വിളിച്ച് ചോദിക്കുന്നു.

Gabbar Singh - Veeru

ഗബർ സിംഗ് – വീരു

‘Arre O Samba, kitna inam rakhe hain sarkar hum par? ( Sambha, what’s the reward the government ‘s fixed my head?).
‘ Poore pachaas hazar’. ( A full fifty thousand.) ‘
‘Suna? Poore pachaas hazaar. ( Hear that? A full fifty thousand). ഒരേ ഒരു രംഗത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന സാംബ – ഷോലെയില്‍ നടന്‍ മക്‌മോഹന്‍ പ്രതൃക്ഷപ്പെട്ടുന്ന രംഗമാണിത്. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈയൊരു മിന്നി മറയുന്ന രംഗത്തിലൂടെയും ആ ഒറ്റ ഡയലോഗിലൂടേയും നടന്‍ പ്രശസ്തനായി. വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കിലെ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു ഇമ്രിഗേഷന്‍ ഓഫീസര്‍’ പാറപ്പുറത്ത് തോക്കുമായി ഇരിക്കുന്ന ഷോലെയിലെ ‘സാംബ’ യെ തിരിച്ചറിഞ്ഞ അത്ഭുതത്തോടെ മക്‌മോഹനെ കണ്ട് സന്തോഷത്തോടെ കൈ വീശി.
വിഖ്യാത ചലചിത്രം ‘ The Gone With the Wind ല്‍ ക്ലര്‍ക്ക് ഗേളിന്റെ പ്രശസ്തമായ Frankly, my dear, I don’t give a damn’ എന്ന ഡയലോഗ് അല്ലെങ്കില്‍ ‘ Casablanca ‘ സിനിമയിലെ ഹംഫ്രി
ബോള്‍ഗാഡിന്റെ ഡയലോഗ് ‘ Play it, Again Sam.’ പോലെയോ പ്രശസ്തമായി ‘Poore pachaas hazar’ പോലുള്ള ഷോലെയിലെ നിരവധി ഡയലോഗുകള്‍.
ഒരു പക്ഷേ ഒരൊറ്റ ഡയലോഗിലൂടെ മാത്രം പ്രശസ്തനായ ലോക സിനിമയിലെ തന്നെ നടനായിരിക്കും മക്‌മോഹന്‍.

നടി ജയഭാദുരിയുടെ പിതാവായ പത്രപ്രവര്‍ത്തകന്‍ തരുണ്‍ കുമാര്‍ ഭാദുരി എഴുതിയ യഥാര്‍ത്ഥ ചംബല്‍ കൊള്ളക്കാരുടെ ജീവിതം രേഖപ്പെടുത്തിയ പ്രശ്‌സ്ത കൃതി ‘അഭിശപ്ത ചംബല്‍’ അംജദ് ഖാന്‍ വായിച്ചു. യഥാര്‍ത്ഥ ഗബ്ബറിന്റെ ജീവിതം അതിലുണ്ടായിരുന്നു. തന്റെ കുട്ടിക്കാലത്ത് സ്ഥിരമായി കേള്‍ക്കാറുള്ള ഒരു അലക്കുകാരന്‍ തന്റെ ഭാര്യയെ വിളിക്കുന്നത് അംജത്ത് ഖാന് ഓര്‍മ്മ വന്നു. ‘Arre o Sannti’ എന്നായിരുന്നു അത്. അങ്ങനെ പിന്നീട് ഷോലെയുടെ പ്രധാനപ്പെട്ട ഒരു രംഗത്തില്‍ ഗബ്ബര്‍ പഴയ ഡയലോഗ് മാറ്റത്തോടെ പറഞ്ഞു,
‘Arre O Sammbha’.
ഗബ്ബറിന്റെ വേഷം തന്റെ സിനിമാ ജീവിതം മാറ്റി മറിക്കാന്‍ പോകുന്നതെന്ന് മനസിലാക്കിയ അംജത്ത് ഖാന്‍ തന്റെ കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു. ഡയലോഗുകളെല്ലാം മനഃപാഠമാക്കി.

വെസ്റ്റേണ്‍ ചിത്രങ്ങളുടെ സ്വാധീനം സലിം ജാവേദുമാരുടെ തിരക്കഥയില്‍ എപ്പോഴും കടന്നുവരുന്നുണ്ടെങ്കിലും അവ പലതും വെറും അനുകരണങ്ങളായില്ല. അവ പലപ്പോഴും ഒറിജിനലിനെ കടത്തിവെട്ടി. വീരുവും ജയും ശരി തീരുമാനിക്കാന്‍ നാണയം എറിഞ്ഞ് തീരുമാനിക്കുന്ന രംഗങ്ങള്‍ The Garden of Evil (1954) എന്ന കൗബോയ് ചിത്രത്തിലെ നടന്‍ ഗാരി കൂപ്പറിന്റെ നാണയമെറിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.
പക്ഷേ, ആ രംഗങ്ങള്‍ ഷോലെയില്‍ അതിമനോഹരമായി തന്നെ രമേഷ് സിപ്പി ഒരുക്കി.
പരമ്പരാഗത ഉത്തരേന്ത്യന്‍ ലൊക്കേഷന്‍ ഒഴിവാക്കണമെന്ന് ആദ്യമേ തീരുമാനിച്ച സിപ്പിമാര്‍ ആ ചുമതല ബോളിവുഡിലെ ഏറ്റവും വൃത്യസ്തനായ ആര്‍ട്ട് ഡയറക്ടര്‍ രാം യാദേക്കറിനെ ഏല്‍പ്പിച്ചു. വിദേശ സിനിമകളില്‍ പലതിലും ജോലി ചെയ്ത അനുഭവ സമ്പത്തുള്ള യാദേക്കര്‍ തെക്കോട്ട് കാറില്‍ സഞ്ചരിച്ചു മാംഗ്ലൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങള്‍ കടന്ന് അവസാനം കൊച്ചിയില്‍ വരെ എത്തി. ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് താന്‍ കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രവര്‍ത്തിച്ച ‘മായ’ എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മിച്ചു. അത് ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടെത്തിയ പോലെ. രാം യാദേക്കര്‍ രമേഷ് സിപ്പിയുടെ എക്കാലത്തെയും ബിഗ് ബഡ്ജറ്റ് ചിത്രമായ ഷോലെയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍ കണ്ടെത്തി. ‘രാമനഗരം’ കൂറ്റന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ വരണ്ട ഭൂമിയായ ഇവിടേക്ക് എത്താന്‍ ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ കാര്‍ യാത്ര മതി. ഇവിടെയാണ് ‘രാമദേവരബെട്ട’ എന്നറിയപ്പെടുന്ന ഭാഗത്ത് സെറ്റായി പടുത്തിയര്‍ത്തിയ, ഗബ്ബര്‍ സിംഗ് വിറപ്പിച്ച ‘രാം ഗഡ്’ എന്ന സാങ്കല്‍പ്പിക ഗ്രാമം. രാംഗഡ് അയാളുടെ ഉച്ചത്തിലുള്ള സാഡിസ്റ്റ് ഡയലോഗുകള്‍ കൂറ്റന്‍ പാറക്കെട്ടുകളില്‍ പ്രതിധ്വനിച്ച് ഗ്രാമവാസികളേയും പ്രേക്ഷകരെയും ഒരേ പോലെ ഭയത്തിന്റെ മുള്‍മുനയില്‍ നിറുത്തി.

Amitabh Bachchan, Dharmendra, Sanjeev Kumar, and Amjad Khan

ഇതിഹാസമായ ഷോലെയിലെ പ്രധാന താരങ്ങൾ അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, സഞ്ജീവ്കുമാർ, അംജദ് ഖാൻ പടത്തിൻ്റെ സെറ്റിൽ

ഷോലെയിലെ ഏഴ് ഗാനങ്ങള്‍ ഉള്‍പ്പെടെ സംഗീതവും, മറ്റ് ജോലികളും ബോബെയിലെ രാജ്കമല്‍ സ്റ്റുഡിയോയിലായിരുന്നു റെക്കോഡ് ചെയ്തത് ആര്‍.ഡി. ബര്‍മ്മനും ഗാനരചയിതാവ് ആനന്ദ് ബക്ഷിയും തങ്ങളുടെ കരിയറിന്റെ ഏറ്റവും ഉന്നതിയിലായിരുന്നു. ‘കിഷോര്‍ കുമാറും മന്നാഡേയും പാടിയ’ യേ ദോസ്തീ, ഹം നഹീ ഛോ ഡേംഗേ’ മുതല്‍ ഇന്നും സംഗീത സംവിധായകര്‍ റീമിക്‌സില്‍ പുതുമ നേടുന്ന ആര്‍.ഡി. ബര്‍മന്‍ പാടിയ സൂപ്പര്‍ ഹിറ്റ് ഗാനം ‘മെഹബൂബാ, മെഹബൂബാ’ യടക്കം എല്ലാ ഗാനങ്ങളും ഹിറ്റായി.

ആര്‍.ഡി. ബര്‍മ്മന്റെ പരീക്ഷണ സംഗീതത്തിന്റെ വിജയമുദ്രയാണ് ബിയര്‍ കുപ്പികളില്‍ ഊതി വരുത്തിയ ശബ്ദം മെഹബൂബാ ഗാനത്തിന്റെ തുടക്കത്തില്‍ കേള്‍ക്കുന്നത്. ‘അഞ്ച് മ്യൂസിക്ക് അസിസ്റ്റന്റുമാര്‍ കൂടിയിരുന്ന് ബിയര്‍ കുപ്പികളില്‍ ഊതുന്നു’ നടന്‍ രണ്‍ധീര്‍ കപൂര്‍ ആര്‍.ഡി. ബര്‍മ്മന്റെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ചയാണത്. ആ ബിയര്‍ ബോട്ടിലില്‍ നിന്ന് കേട്ട ശബ്ദം ആര്‍.ഡി. ബര്‍മ്മന്‍ ആ ഗാനത്തില്‍ മനോഹരമായി കൂട്ടിച്ചേര്‍ത്തു.
അഞ്ച് ദിവസം കൊണ്ടാണ് ചെമ്പൂരിലെ RK സ്റ്റുഡിയോവില്‍ സെറ്റിട്ട് ‘മഹബൂബ മെഹബൂബാ’ ഗാനം ഷൂട്ട് ചെയ്തത് ജിപ്‌സി ഗാനത്തിന്റെ പ്രതീതിയില്‍ ഈ ഗാനരംഗത്തില്‍ മാത്രം സിനിമയില്‍ പ്രതൃക്ഷപ്പെടുന്ന ഗായകനായി ജലാല്‍ ആഗയും ജിപ്‌സി ഡാന്‍സറായ ഹെലനും.’

‘മെഹബൂബ മെഹബൂബ എന്നത് നൃത്തച്ചുവടുകളുടെ ഒരു നൃത്തസംവിധാനം മാത്രമല്ല, സംഗീതത്തിന്റെയും ശബ്ദ രൂപകല്‍പ്പനയുടെയും, ക്യാമറാ വര്‍ക്കിന്റെയും, പ്രകടനങ്ങളുടെയും ഒരു നൃത്തസംവിധാനമാണ്. നൃത്തസംവിധായകനെ നൃത്തസംവിധായകന്‍ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇതു പോലുള്ള ഒരു ഗാനം വിശദീകരിക്കുന്നു’ ഒരു സിനിമാ നിരൂപകന്‍ എഴുതി.

Amjad Khan during the shooting

സംവിധായകൻ രമേഷ് സിപ്പി ഷൂട്ടിംഗിൽ അംജദ് ഖാന് നിർദേശം നൽകുന്നു. കൂടെ സഞ്ജീവ്കുമാർ

ഗബ്ബര്‍ പ്രതൃക്ഷപ്പെടുമ്പോള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുണര്‍ത്തുന്ന സിഗ്‌നേച്ചര്‍ ട്യൂണ്‍, ചിത്രത്തിന്റെ വിജയത്തില്‍ നല്ല പങ്കു വഹിച്ചു. ഭീതിയുണര്‍ത്തുന്ന ചില ഈണങ്ങള്‍ ഷോലെയുടെ പ്രത്യേകതയായി.

ആറ് ട്രാക്കുകളിലായി മൂന്ന് മാഗ്‌നറ്റിക് ടേപ്പ് റെക്കോര്‍ഡറുകള്‍ ബന്ധിപ്പിച്ചാണ് ചിത്രത്തിലെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. ആറ് ട്രാക്കുകളിലും എല്ലാം റെക്കോര്‍ഡ് ചെയ്ത ഒരു പൂര്‍ണ്ണ ഓര്‍ക്കസ്ട്ര ഒറ്റയടിക്ക് ഒറ വായിച്ചതാണിതെന്ന് ആര്‍ഡിയുടെ റെക്കോര്‍ഡിംഗ് അസിസ്റ്റന്റ് ദീപന്‍ ചാറ്റര്‍ജി പിന്നീട് വിശദീകരിച്ചു.
ഓരോ ശബ്ദവും ബോംബെയില്‍ വെവ്വേറെ റെക്കോര്‍ഡുചെയ്തു. ലണ്ടനിലെ ട്വിക്കന്‍ഹാം സ്റ്റുഡിയോകള്‍ തുടക്കത്തില്‍ ബോംബെയിലേക്ക് അവരുടെ സൗണ്ട് എഞ്ചിനീയറെ അയച്ചിരുന്നു, അദ്ദേഹം ബര്‍മന്‍ ടീമിന് ശബ്ദം ടേപ്പ് ചെയ്യുന്നതിനുള്ള റെക്കോര്‍ഡിംഗ് നിര്‍ദേശങ്ങള്‍ നല്‍കി., മൂന്ന് മാസത്തേക്ക് രമേഷ് സിപ്പി ലണ്ടനും ബോംബെയ്ക്കും ഇടയില്‍ ലണ്ടനിലേക്ക് റെക്കോഡ് ചെയ്ത ശബ്ദങ്ങളുമായി സഞ്ചരിച്ചു.

1970 കളുടെ മധ്യത്തിലും LP റെക്കോഡുകളുടെ ആധിപത്യമായിരുന്നു. 50 രൂപ വിലയുള്ള റെക്കോഡുകള്‍. HMV മ്യൂസിക്ക് കമ്പനിയായിരുന്നു ഈ രംഗത്തെ കുത്തകയും അവസാന വാക്കും. എന്നാല്‍ ഷോലെയുടെ ഗാനങ്ങളുടെ അവകാശം താരതമ്യേന നവാഗതരായ പോളിഡോര്‍ കരസ്ഥമാക്കി. ചരിത്രത്തിലാദ്യമായി ഒരു മ്യൂസിക്ക് കമ്പനി മുന്‍കൂര്‍ പ്രതിഫലം അഞ്ച് ലക്ഷം രൂപ നല്‍കി. ഈ മുന്‍കൂര്‍ വ്യവസ്ഥ ആദ്യമായി ഇന്ത്യന്‍ സിനിമാ രംഗത്ത് അവതരിപ്പിച്ചത് ഷോലെയും പോളിഡോറുമാണ്. ഒരു ലക്ഷം റെക്കോഡുകള്‍ വിറ്റാലാണ് പോളി ഡോറിന് ഈ തുക കിട്ടുക. എന്നാല്‍ അതിന്റെ മൂന്നിരട്ടി വിറ്റുപോയി.

1973 October 3 ന് ‘രമേഷ് സിപ്പിയുടെ ഒരു കോടിയുടെ ബ്രഹ്‌മാണ്ഡ പടം ഷോലെ രാമനഗറിലെ കെട്ടിപ്പൊക്കിയ രാംഗഡ് സാങ്കല്‍പ്പിക ഗ്രാമത്തില്‍ ചിത്രീകരണം ആരംഭിച്ചു. ജെയ് (അമിതാഭ്) ഠാക്കുറിന്റെ സേഫിന്റെ താക്കോല്‍ വിധവയായ രാധയ്ക്ക് (ജയാഭാദുരി) തിരികെ കൊടുക്കുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്.

ഗബ്ബര്‍ സിങ്ങിന്റെ സംഘം, ജയ്, വീരുവുമായി ഏറ്റുമുട്ടുന്ന രംഗങ്ങള്‍ മികച്ചതാക്കി അപകടകരമായ മരപ്പാലത്തില്‍ നടക്കുന്ന ഷോലെയുടെ ക്ലൈമാക്‌സ്, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രതീകാത്മകവും വൈകാരികവുമായ രംഗങ്ങളില്‍ ഒന്നാണ്. ഒരു ഇടുങ്ങിയ പാലത്തിന്റെ ഉയരത്തില്‍ നിന്ന് പകര്‍ത്തിയ ഈ നിമിഷം, ഛായാഗ്രാഹകന്‍ ദ്വാരക ദിവേച പകര്‍ത്തിയത് ചിത്രത്തിന്റെ ഏറ്റവും മികച്ച രംഗമാണ്.

യേ ദോസ്തീ, ഹം നഹീ ഛോ ഡേംഗേ’ ഗാനം ചിത്രീകരിക്കാന്‍ 21 നാള്‍ വേണ്ടി വന്നു. ഷോലെ സെറ്റുകളിലേക്ക് പ്രവേശിക്കാന്‍ ഒരു റോഡ് ഉണ്ടാക്കേണ്ടിവന്നു. ഷൂട്ടിംഗിന് ശേഷം, ഗ്രാമവാസികള്‍ അത് അതേപടി നിലനിറുത്താന്‍ ആവശ്യപ്പെട്ടതിനാല്‍ സെറ്റുകള്‍ പൊളിച്ചുമാറ്റിയില്ല, പിന്നീട് സിപ്പി നഗര്‍ എന്നറിയപ്പെട്ടു. ഇപ്പോള്‍ ഇത് ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്.

Asrani as a jailer

ജയിലറായി അസ്രാണി

1974 ജനുവരി അവസാനം ഷൂട്ടിംഗ് തീര്‍ന്നു രാമനഗരത്തോട് സംഘം വിട പറഞ്ഞു. രണ്ടര വര്‍ഷത്തെ ഷൂട്ടിംഗ് – മൂന്ന് ലക്ഷം അടി ഫിലിം – എഡിറ്റ് ചെയ്തപ്പോള്‍ 18,000 അടിയായി, മൂന്ന് മണിക്കൂര്‍ 20 മിനിറ്റ് പടം. ചിലവ് 50 കൊല്ലം മുന്‍പത്തെ മൂന്ന് കോടി രൂപ.

രമേഷ് സിപിയുടെ സ്വപ്ന പദ്ധതി പൂര്‍ത്തിയായെങ്കിലും സെന്‍സര്‍ ബോര്‍ഡ് ഗബ്ബര്‍ സിംഗിനെക്കാള്‍ വീര്യമുള്ള ക്രൂരന്മാരായിരുന്നു. ക്ലൈമാക്‌സ് മാറ്റണം. അവര്‍ ശഠിച്ചു. അടിയന്തരാവസ്ഥക്കാലമാണ് No വാണ് താരം. പോലീസ് ഓഫിസര്‍ നിയമ കയ്യിലെടുക്കുന്നത് അവര്‍ അംഗീകരിച്ചില്ല. രമേഷ് സിപ്പി കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അടിയന്തരാവസ്ഥയില്‍ കോടതിക്ക് പ്രസക്തിയില്ല. ഒടുവില്‍ ഠാക്കൂര്‍ ഗബ്ബറിനെ കൊല്ലുന്ന രംഗം ഒഴിവാക്കി. പോലീസിന് കൈമാറുന്ന ക്ലൈമാക്‌സ് ഉള്‍പ്പെടുത്തി.

ഷോലെയുടെ അരനൂറ്റാണ്ടിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്, 2025 ജൂണില്‍ ഇറ്റലിയിലെ ബൊളോണയില്‍ നടന്ന ഇല്‍ സിനിമ റിട്രോവാറ്റോ ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ ഒഴിവാക്കിയ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ഷോലെ പ്രദര്‍ശിപ്പിച്ചു. അതില്‍ നിരവധി ഒഴിവാക്കപ്പെട്ട രംഗങ്ങള്‍ ഉണ്ടായിരുന്നു, അതില്‍ ഗബ്ബര്‍ സിംഗും താക്കൂര്‍ ബല്‍ദേവ് സിംഗും തമ്മിലുള്ള യഥാര്‍ത്ഥ ക്ലൈമാക്‌സ് ഏറ്റുമുട്ടലും ഉള്‍പ്പെടുന്നു, അതില്‍ ഠാക്കൂര്‍ ഗബ്ബറിനെ കൊല്ലുന്നു. രമേഷ് സിപ്പിയുടെ കാത്തിരുന്ന മധുരമായ ഒരു പ്രതികാരമായി അത് എല്ലാവരും ആസ്വദിച്ചു.

ധര്‍മ്മേന്ദ്രയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത്. 1. 5 ലക്ഷം രൂപ. ഷോലെയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച താരം. അമിതാഭ് ബച്ചന്‍ ഐക്കണായി മാറിയിരുന്നില്ല. പ്രതിഫലം ഒരുലക്ഷം രൂപ. ഓടുന്ന ട്രെയിനിനെ ആക്രമിക്കുന്ന കൊള്ളക്കാരുടെ ആദ്യ ആക്ഷന്‍ രംഗത്തില്‍ മൂന്ന് ബ്രിട്ടീഷ് സ്റ്റണ്ട് നടന്മാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഓരോരുത്തര്‍ക്കും 50,000 രൂപ ഫീസും ലൈഫ് ഇന്‍ഷുറന്‍സ് കവറേജും നല്‍കി.

1975 ഓഗസ്റ്റ് 15 ന് പുറത്തിറങ്ങിയപ്പോള്‍, രമേശ് സിപ്പി സംവിധാനം ചെയ്ത ഷോലെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നതായിരുന്നു. എന്നാല്‍ സിനിമാ പ്രസിദ്ധീകരണങ്ങള്‍ ഈ രമേഷ് സിപ്പി ബ്രഹ്‌മാണ്ഡ ചിത്രത്തെ തങ്ങളുടെ വിലയിരുത്തലിലൂടെ ആക്രമിച്ചു. പടം ഫ്‌ലോപ്പ്, തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയുടെ ഷോ കാണാന്‍ അഞ്ചോ ആറോ പേരാണ് തീയറ്ററിലുള്ളത്, പത്രങ്ങളും സിനിമാ പ്രസിദ്ധീകരണങ്ങളും പരാജയകാരണങ്ങള്‍ പറഞ്ഞ് സപ്ലിമെന്റുകളിറക്കി, ജയ് (അമിതാഭ്) മരിച്ചത് തെറ്റ്, വിധവയുടെ പുനര്‍വിവാഹത്തെപ്പറ്റി പറഞ്ഞത് തെറ്റ്, പൊക്കവും മസിലുമില്ലാത്ത ഒരു അപ്രശ് തന്നെ പ്രധാന വില്ലനാക്കിയത് തെറ്റ്, തെറ്റുകളെണ്ണി പരാജയ കാരണ വിശകലനങ്ങള്‍, പരിഹാസങ്ങള്‍…

ഇന്ത്യാ ടുഡേയില്‍ ചലചിത്ര നിരൂപണം നടത്തിയ കെ.എല്‍. അംലാഡി, ഷോലെ ഒരു ‘ചത്ത കനല്‍’ ആണെന്ന് എഴുതി, ‘വിഷയപരമായി, ഇത് വളരെ പാളിപ്പോയ ഒരു ശ്രമമാണ്’ എന്നും കൂട്ടിച്ചേര്‍ത്തു. സലീമിനും ജാവേദിനും അവരുടെ സിനിമ വിജയിക്കുമെന്ന കാര്യത്തില്‍ ലവലേശം സംശയമില്ലായിരുന്നു. അവരുടെ പരസ്യം വന്ന് രണ്ട് ആഴ്ച കഴിഞ്ഞ് തിയേറ്ററുകള്‍ നിറയാന്‍ തുടങ്ങി. പിന്നീടുള്ള ജൈത്രയാത്രയില്‍ എടുത്ത് പറയാനുള്ളത് ബോംബെയിലെ മിനര്‍വ തിയേറ്ററില്‍ ഷോലൈ അഞ്ച് വര്‍ഷം ഹൗസ് ഫുള്ളായി റഗുലര്‍ ഷോ ഓടി. ഒടുവില്‍ രമേഷ് സിപ്പിക്ക് പണത്തിന് മുട്ടു വരുമ്പോള്‍ ‘ഷോലൈ’ റീ റിലീസ് ചെയ്യും എനൊര് കഥ ബോളിവുഡില്‍ പ്രചരിച്ചു.

Sanjeev Kumar

ഠാക്കൂർ ബൽദേവ് സിംഗായി സഞ്ജീവ്കുമാർ

ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മാറി, ഒരു ദശാബ്ദത്തിലേറെയായി ഈ റെക്കോര്‍ഡ് നിലനിര്‍ത്തി. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതിന്റെ റെക്കോര്‍ഡ് ഇപ്പോഴും ഈ ചിത്രത്തിനുണ്ട്. ഈയിടെ ഷോലെ കാണാന്‍ താന്‍ എടുത്ത 20 രൂപയുടെ ടിക്കറ്റിന്റെ ചിത്രം അമിതാഭ് ബച്ചന്‍ സമൂഹ് മാധ്യമത്തില്‍ കൂടി ആഹ്ലാദത്തോടെ പങ്കു വെച്ചു. ‘

ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും മികച്ച സിനിമ’ എന്ന് അംഗീകരിച്ചിട്ടും , എഡിറ്റിംഗിനുള്ള എം.എസ്. ഷിന്‍ഡെക്കുള്ള ഒരു അവാര്‍ഡ് ഒഴികെ ഷോലെയ്ക്ക് ഫിലിംഫെയര്‍ അവാര്‍ഡ് പോലും അന്ന് ലഭിച്ചില്ല. പിന്നീട് 2005 ല്‍ ഫിലിംഫെയറിന്റെ 50 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഇത് നേടി, ഒരുപക്ഷേ ബോളിവുഡിന്റെ രമേഷ് സിപ്പിയോടുള്ള ഒരു ക്ഷമാപണമായിരിക്കാം ഇത്.

സിനിമയുടെ വിജയത്തിന് വലിയൊരു പങ്കു വഹിച്ചത് അതിന്റെ എഴുത്തുകാരായ സലിം-ജാവേദാണെന്ന് രമേഷ് സിപ്പി പറയുന്നു. ‘ഒരു ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയില്‍ എന്റെ ചലചിത്ര ജീവിതത്തില്‍ സലിം-ജാവേദ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്, അത് ഷോലെയായാലും, സീത ഔര്‍ ഗീതയായാലും, ശക്തിയായാലും. അതുകൊണ്ട്, ഈ എഴുത്തുകാര്‍ എനിക്ക് എപ്പോഴും പ്രിയപ്പെട്ടവരാണ്. ഷോലെ പോലുള്ള കഥകള്‍ക്ക് അവര്‍ ജീവനും ചൈതന്യവും പകരുന്നു,’ അദ്ദേഹം പറഞ്ഞു. ഫിലിം പോസ്റ്ററുകളില്‍ എഴുത്തുകാരന്റെ പേര് പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തുന്ന പ്രവണത അടയാളപ്പെടുത്തിയത് ഷോലെയാണ്. ഒരു മികച്ച സിനിമയുടെ യഥാര്‍ത്ഥ നായകന്മാര്‍ എഴുത്തുകാരാണെന്ന് തെളിയിച്ചതിന് ഇപ്പോഴത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഷോലെ എഴുതിയ സലിം-ജാവേദിനോട് കടപ്പെട്ടിരിക്കുന്നു.

Salim Khan and Javed Akhtar

സലിം ഖാനും ജാവേദ് അക്തറും ഷോലൈ എഴുതുന്ന കാലത്ത്, 1973

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ സോഷ്യല്‍ മീഡിയയിലൂടെ ഷോലെയുടെ പുതിയ പതിപ്പിന്റെ ഒരു പോസ്റ്റര്‍ പങ്കിട്ടുകൊണ്ട് സംഘടന എഴുതി, ‘രമേഷ് സിപ്പി സംവിധാനം ചെയ്ത ഇന്ത്യന്‍ സിനിമാറ്റിക് ഇതിഹാസം ‘ഷോലെ’ (1975), TIFF ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ 50-ാമത് പതിപ്പില്‍ പുതിയ പതിപ്പിന്റെ വടക്കേ അമേരിക്കന്‍ പ്രദര്‍ശനത്തോടെ 50-ാം വര്‍ഷം ആഘോഷിക്കുന്നു! ഈ പ്രത്യേക പ്രദര്‍ശനം 2025 സെപ്റ്റംബര്‍ 6 ന് 1800 പേര്‍ക്ക് ഇരിക്കാവുന്ന റോയ് തോംസണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നടക്കും.’ ഷോലെയുടെ നിര്‍മ്മാതാക്കളായ സിപ്പി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍, ചിത്രം 4k യില്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2002 ലെ എക്കാലത്തെയും മികച്ച 10 ഇന്ത്യന്‍ സിനിമകള്‍ക്കായുള്ള വോട്ടെടുപ്പില്‍ ഷോലെ ഒന്നാം സ്ഥാനത്തെത്തിയെന്ന വിദേശ അംഗീകരവും സിനിമയ്ക്ക് കിട്ടി. ഷോലെ ഒന്നേയുള്ളൂ എന്നാല്‍ ഷോലെയെ കുറിച്ചുള്ള പ്രചാര കഥകള്‍ നിരവധിയാണ്. ഷോലെയുടെ വിജയ കഥ രമേഷ് സിപ്പിയുടേത് മാത്രമല്ല. ഡല്‍ഹിയില്‍ പ്രകാശ് ഭായി എന്നൊരാള്‍ ‘പ്ലാസ സിനിമ’ തിയേറ്ററില്‍ കരിഞ്ചന്തയില്‍ 150 രൂപക്ക് ഷോലെയുടെ സിനിമാ ടിക്കറ്റുകള്‍ വിറ്റ് അഞ്ച് മാസത്തിന് ശേഷം സീലംപൂരില്‍ ഒരു ചെറിയ വീട് വാങ്ങി. സിനിമയോടുള്ള നന്ദി സൂചകമായി അയാള്‍ വീടിനകത്തെ ചുമരുകള്‍ ഷോലെ പോസ്റ്റര്‍ കൊണ്ട് അലങ്കരിച്ചു.

Sholay for 5 consecutive years

5 വർഷം തുടർച്ചയായ് ഷോലെ പ്രദർശിപ്പിച്ച മിനർവ തിയറ്ററിൽ ടിക്കറ്റിനായ് നിൽക്കുന്നവർ

മറ്റൊരു ഷോലെ കഥ ഇതാ: തിയേറ്ററിന് പുറത്ത് ചായ വില്‍ക്കുന്ന ചായ വില്‍പ്പനക്കാരന്‍ ഒരിക്കല്‍ രമേഷ് സിപ്പിയോട് പറഞ്ഞു. ”ഈ പടം സൂപ്പര്‍ ഹിറ്റാകുമെന്ന് എനിക്കുറപ്പായിരുന്നു”
രമേഷ് സിപ്പി അത്ഭുതത്തോടെ ചോദിച്ചു അതെങ്ങനെ ?
‘അത്, സര്‍ ഇന്റര്‍വെല്ലിനെങ്കിലും ഒരു ചായ കുടിക്കാന്‍ ഒരാളെങ്കിലും തിയേറ്ററിന് പുറത്ത് വരേണ്ടേ?
ഷോലെ ഒരു സിനിമയേക്കാള്‍ വലുതായി ഇന്ത്യന്‍ സമൂഹത്തെ സ്വാധീനിച്ചു. അതറിയാന്‍ ഷോലെയില്‍ വീരുവും ജെയ്‌യും ചെയ്യും പോലെ നാണയം മുകളിലേക്ക് എറിഞ്ഞ് നോക്കേണ്ട കാര്യമില്ല. ഇന്ത്യന്‍ സിനിമാ ചരിത്രം പറയുന്നത് അതാണ്. It has been 50 years since the release of the epic film Sholay

Content Summary: It has been 50 years since the release of the epic film Sholay

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×