July 13, 2025 |

ഉള്‍പ്പോരില്‍ നിന്ന് ബി.ജെ.പിയെ സഹായിക്കാന്‍ ആര്‍.എസ്.എസ് രംഗത്ത്; പുതിയ പാര്‍ട്ടി അധ്യക്ഷനെ ഉടനെ തീരുമാനിക്കും

ഭൂപേന്ദ്ര യാദവ് ആണ് പുതിയ അധ്യക്ഷ പദവിക്ക് സാധ്യത കൂടിയ ആള്‍

ഉള്‍പാര്‍ട്ടി പ്രതിസന്ധികളും സംസ്ഥാനങ്ങളിലെ ബലാബലവും നിമിത്തം പുതിയ ദേശീയാധ്യക്ഷനേയും പല സംസ്ഥാന അധ്യക്ഷന്മാരെയും കണ്ടെത്താതെ ബുദ്ധിമുട്ടിയിരുന്ന ബി.ജെ.പിയെ സഹായിക്കാന്‍ ആര്‍.എസ്.എസ് രംഗത്ത്. 2024 ജനുവരി മുതല്‍ ജെ.പി നദ്ദക്ക് പകരം പുതിയ അധ്യക്ഷനെ ബി.ജെ.പി തീരുമാനിക്കുമെന്ന് ശ്രുതികളുണ്ടായിരുന്നു. എന്നാല്‍ ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനമെന്നായിരുന്നു വിശദീകരണം. ഒന്നര വര്‍ഷത്തിന് ശേഷവും പുതിയ അധ്യക്ഷനെ തീരുമാനിക്കാത്തതാണ് ബി.ജെ.പിക്ക് പ്രതിസന്ധിയായത്.

ബി.ജെ.പിയില്‍ നരേന്ദ്രമോഡി-അമിത് ഷാ ദ്വയം പിടിമുറുക്കിയ ശേഷം ആര്‍.എസ്.എസിനുണ്ടായിരുന്ന മേല്‍കൈ ഇല്ലാതായിരുന്നു. എന്നാല്‍ 2024-ലെ തിരഞ്ഞെടുപ്പില്‍ 303-ല്‍ നിന്ന് 240 സീറ്റുകളിലേയ്ക്ക് ബി.ജെ.പി കൂപ്പുകുത്തിയതോടെ ആര്‍.എസ്.എസ് പതുക്കെ നിയന്ത്രണമേറ്റെടുക്കുകയായിരുന്നു. 2014-ല്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോഡി അതിന് ശേഷം ആദ്യമായി ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത് ഈ മാര്‍ച്ച് മാസത്തിലാണ്. അതുകൊണ്ട് തന്നെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലും ആര്‍.എസ്.എസിന് നിര്‍ണായക പങ്കുണ്ടായിരിക്കും.

കേന്ദ്ര പരിസ്ഥിതി മന്ത്രിയും അമിത് ഷായുടെ അടുത്ത സഹായിയുമായ ഭൂപേന്ദ്ര യാദവ് ആണ് പുതിയ അധ്യക്ഷ പദവിക്ക് സാധ്യത കൂടിയ ആള്‍. ഹരിയാന മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര നഗര വികസന മന്ത്രിയുമായ മനോഹര്‍ലാല്‍ ഖട്ടാര്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര കൃഷി മന്ത്രിയുമായ ശിവരാജ്സിങ്ങ് ചൗഹാന്‍ എന്നിവരാണ് സജീവമായി പരിഗണിക്കപ്പെടുന്ന മറ്റ് രണ്ട് പേര്‍. ഇവര്‍ മൂന്ന് പേരും ആര്‍.എസ്.എസില്‍ നിന്ന് പൊതുജീവതം ആരംഭിച്ചവരുമാണ്. ഇന്നും നാളെയും മറ്റന്നാളുമായി (നാലു മുതല്‍ ആറുവരെ) ന്യൂഡല്‍ഹിയില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റേയും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസെബലെയുടെയും നേതൃത്വത്തില്‍ നടക്കുന്ന നേതൃയോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

ബി.ജെ.പി ഭരണഘടന പ്രകാരം ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിശ്ചിത എണ്ണം സംസ്ഥാന അധ്യക്ഷന്മാരെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതിനായുള്ള തിടുക്കപ്പെട്ട ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയായി നടന്നത്. യഥാക്രമം മണ്ഡലം, ബ്ലോക്ക്, ജില്ല, സംസ്ഥാന കമ്മിറ്റികള്‍ക്ക് പുതിയ അധ്യക്ഷന്മാര്‍ വന്നതിന് ശേഷമാണ് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത്. ഇത് പ്രകാരം രാജ്യത്തെ 36 സംസ്ഥാന ഘടകങ്ങളില്‍ പകുതിയിലെങ്കിലും സംഘടന തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കി വേണം ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിലേയ്ക്ക് കടക്കേണ്ടത്.

കഴിഞ്ഞ രണ്ടാഴ്ച മുമ്പ് വരെ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പുതിയ അധ്യക്ഷന്മാരെ കണ്ടെത്തിയത് 12 സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു. ഇതില്‍ മിക്കതും ചെറിയ യൂണിറ്റുകളുമാണ്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാള്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലെ പുതിയ മേധാവികളെ കണ്ടെത്താനാണ് ബി.ജെ.പി ബുദ്ധിമുട്ടുന്നത്. പുതിയ നേതാക്കളെ തിരഞ്ഞെടുക്കുന്നതിലുള്ള കാലതാമസം പാര്‍ട്ടിക്ക് നാണക്കേടാന്‍ തുടങ്ങിയപ്പോഴാണ് ആര്‍.എസ്.എസ് ഇടപെടാന്‍ ആരംഭിച്ചത്. പ്രത്യേകിച്ചും വലിയ സംസ്ഥാനങ്ങളിലെ ഉള്‍പ്പോര് വലിയ തലവേദനയായതിനാല്‍.

ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര കേന്ദ്രമായ ആര്‍.എസ്.എസ് രംഗത്തെത്തിയതോടെ കഴിഞ്ഞ രണ്ടാഴ്ചകളില്‍ മാത്രമായി ഒന്‍പത് പുതിയ സംസ്ഥാന അധ്യക്ഷരെ ബി.ജെ.പി കണ്ടെത്തി. ഇതോടെ ദേശിയ തിരഞ്ഞെടുപ്പിലുള്ള ഇലക്ടറല്‍ കോളേജിനായി വേണ്ട ഉപാധിയും പൂര്‍ത്തിയായി. ഈ പുതിയ സംസ്ഥാന അധ്യക്ഷരില്‍ മിക്കവാറും പേര്‍ സംസ്ഥാന ഘടകങ്ങളിലെ പ്രമുഖരായവര്‍ അല്ല, മറിച്ച് ആര്‍.എസ്.എസുമായി ചേര്‍ന്ന് ദീര്‍ഘകാലം നിശബ്ദരായി പ്രവര്‍ത്തിക്കുന്നവരാണ്. ആര്‍.എസ്.എസ് നിശ്ചയിക്കുന്ന നേതാക്കള്‍ക്കെതിരെ ഉള്‍പ്പോരെടുക്കാന്‍ തത്കാലം ആരും തയ്യാറാകില്ല എന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതുകൊണ്ട് പല ചേരികളേയും ഒറ്റയടിക്ക് നിശബ്ദരാക്കുക എന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്.

ഈ പുതിയ നേതാക്കളില്‍ ഒട്ടുമിക്കവരും എതിരില്ലാതെ തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്രയില്‍ മുന്‍ മന്ത്രി രവീന്ദ്ര ചവാനും ഉത്തരാഖണ്ഡില്‍ രാജ്യസഭാംഗം മഹേന്ദ്രഭട്ടും ഹിമാചല്‍ പ്രദേശില്‍ രാജീവ് ബിന്ദലും അധ്യക്ഷരായി. തെലങ്കാനയില്‍ ജി.കിഷന്‍ റെഡ്ഡിയെ മാറ്റി സി.എന്‍.രാമചന്ദര്‍ റാവു രംഗത്തെത്തിയതും ആന്ധ്രയില്‍ ഡി.പുരന്ദരേശ്വരിക്ക് പകരം പി.വി.എന്‍ മാധവ് വന്നതും അപ്രതീക്ഷിത നീക്കമായിരുന്നു. ആര്‍.എസ്.എസ് നേതാക്കളായ ഇരുവരും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. പക്ഷേ ബ്രാഹ്‌മണനായ രാമചന്ദ്ര റാവുവിനേയും ഒ.ബി.സി വിഭാഗക്കാരനായ മാധവിനേയും കൊണ്ട് വന്നത് ഇരു സംസ്ഥാനത്തേയും ജാതി സമവാക്യങ്ങള്‍ പരിഗണിച്ച് കൂടിയാണ്. മധ്യപ്രദേശിലും വലിയ ശ്രദ്ധയില്‍ ഇല്ലാതിരുന്ന ഹേമന്ത് ഖണ്ഡേവാലിനെ ആര്‍.എസ്.എസിന്റെ സഹായത്തോടെ തിരഞ്ഞെടുത്തു. പുതുച്ചേരിയിലെ വി.പി രാമലിംഗം, മിസോറാമിലെ കെ.ബൈച്ച്വാ, ആന്‍ഡമാന്‍ നിക്കോബാറിലെ അനില്‍ തിവാരി എന്നിവരും ആര്‍.എസ്.എസില്‍ നിന്നുള്ളവരാണ്.

ഇതോടെ തെലങ്കാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഉള്‍പ്പോരുകള്‍ തത്കാലം അവസാനിച്ചതായാണ് ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ തെലങ്കാനയിലെ ടി.രാജാസിങ്ങ് ബി.ജെ.പി വിട്ടത് അവര്‍ക്ക് തലവേദനയാണ്. ഉത്തര്‍പ്രദേശിലെ ജാതി സമവാക്യങ്ങള്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് വിഘാതമായി ഇപ്പോഴും നില്‍പ്പുണ്ട്. ഹരിയാനയിലും പാര്‍ട്ടി ഉള്‍പ്പോര് ശക്തമാണ്. തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്‍ക്കുന്ന ബീഹാറിലെ സ്ഥിതിയും വിഭിന്നമല്ല. RSS steps in to help BJP out of infighting; New party president to be decided soon

Content Summary: RSS steps in to help BJP out of infighting; New party president to be decided soon

Leave a Reply

Your email address will not be published. Required fields are marked *

×