രാഷ്ട്രീയത്തില്‍ ഒരു ബദലിന്റെ സാധ്യതയും അനിവാര്യതയും പ്രകടമാക്കുന്നതാണ് ഡല്‍ഹി തിരഞ്ഞെടുപ്പിലെ ജനവിധി. ജനപക്ഷരാഷ്ട്രീയത്തിനു പകരം വാണിജ്യതാല്‍പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതാണ് സമകാലീന രാഷ്ട്രീയപ്പാര്‍ട്ടികളെന്നുള്ള ആക്ഷേപം ഒരു വാസ്തവമായി നമുക്കു മുന്നില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. കോര്‍പ്പറേറ്റുകളുടെയും സമ്പന്നരുടെയും സംഭാവനയും ആനുകൂല്യങ്ങളും സ്വീകരിക്കുന്നതു മാത്രമല്ല, വാണിജ്യകേന്ദ്രീകൃത രാഷ്ട്രീയപ്രവര്‍ത്തനം. സംഭാവനകള്‍ സ്വീകരിച്ചില്ലെങ്കില്‍ പോലും അവരോടു സ്വീകരിക്കുന്ന സമീപനവും ഒരു പാര്‍ട്ടിയുടെ മുഖമുദ്ര വ്യക്തമാക്കും. ഇടതുപാര്‍ട്ടികളെ ഇതില്‍ നിന്നും വേര്‍തിരിച്ചാല്‍ പോലും ഒരു ഭരണകൂടമെന്ന നിലയ്ക്ക് കോര്‍പ്പറേറ്റുകളുടെ തേരോട്ടത്തിനു കടിഞ്ഞാണിടാന്‍ ശ്രമിച്ച സര്‍ക്കാരെന്ന നിലയ്ക്ക് ആം ആദ്മി പാര്‍ട്ടി മാതൃകയാവുന്നു. വെള്ളം സൗജന്യമാക്കിയതും വൈദ്യുതിനിരക്കു കുറച്ചതൊന്നുമല്ല, വൈദ്യുതി വിതരണ കമ്പനികളെ സി.എ.ജി ഓഡിറ്റു നടത്താനുള്ള കര്‍ക്കശനിലപാടാണ് ആ ഭരണമാതൃക. ആം ആദ്മി പാര്‍ട്ടി പടവെട്ടുന്നത് കേന്ദ്രസര്‍ക്കാരിനെപ്പോലും നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന റിലയന്‍സിനെയും ടാറ്റയെയും കൂടിയാണെന്നോര്‍ക്കുമ്പോള്‍ ഒരു രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഗൗരവം നമുക്കു ബോധ്യമാവും.
റിലയന്‍സിന് 51 ശതമാനം ഓഹരിയുള്ള ബി.എസ്.ഇ.എസ് യമുന, ബി.എസ്.ഇ.എസ് രാജധാനി, ടാറ്റ 51 ശതമാനം ഓഹരി വഹിക്കുന്ന ടാറ്റ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് എന്നിവയാണ് ഡല്‍ഹിയില്‍ വൈദ്യുതിവിതരണം നടത്തുന്ന കമ്പനികള്‍. 20,000 കോടി രൂപയുടെ ചെലവുനഷ്ടം നേരിടുന്നുവെന്നാണ് കമ്പനികളുടെ അവകാശവാദം. ഇതനുസരിച്ചാണ് ഡല്‍ഹി വൈദ്യുതി നിയന്ത്രണ കമ്മിഷന്‍ (ഡി.ഇ.ആര്‍.സി) കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ആറു തവണ വൈദ്യുതി നിരക്കു വര്‍ധിപ്പിച്ചത്. വൈദ്യുതി വാങ്ങാനാണ് 80 ശതമാനം ചെലവും വരുന്നത്. എന്നാല്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷനടക്കം വിവിധ സ്രോതസ്സുകളുമായി കരാറുണ്ടാക്കി, വിതരണകമ്പനികള്‍ വൈദ്യുതി വാങ്ങുന്നതില്‍ ഡല്‍ഹി സര്‍ക്കാരിന് യാതൊരു പങ്കുമില്ല എന്നതാണ് വസ്തുത. കമ്പനികള്‍ തോന്നുന്ന പോലെ കരാറുണ്ടാക്കി എന്നര്‍ഥം. 2003-2013 കാലയളവില്‍ വൈദ്യുതിച്ചെലവ് 300 ശതമാനം കൂടിയത്രേ! 2003ല്‍ യൂണിറ്റിന് 1.42 രൂപയായിരുന്നത് 2013ല്‍ 5.71 രൂപയായി. ഇത് ഡി.ഇ.ആര്‍.സി അംഗീകരിക്കുകയും ചെയ്തു.

വൈദ്യുതിനിരക്ക് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചത് 65 ശതമാനം. യൂണിറ്റിന് 3.06 രൂപയുള്ളത് 2013ല്‍ 6.55 രൂപയായി വര്‍ധിച്ചു. യഥാര്‍ഥത്തില്‍ യൂണിറ്റിന് 7.40 രൂപ വര്‍ധിക്കേണ്ടിയിരുന്നുവെന്നാണ് കമ്പനികളുടെ വാദം. പത്തു വര്‍ഷത്തിനിടയിലെ വൈദ്യുതിച്ചെലവ് 300 ശതമാനമായി വര്‍ധിച്ചെങ്കില്‍ എങ്ങനെയാണ് വിതരണക്കമ്പനികള്‍ക്ക് വൈദ്യുതിനിരക്ക് 65 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനായത്? ഈ ചോദ്യത്തിന് കമ്പനികള്‍ക്ക് ഉത്തരമില്ല. ചോര്‍ച്ചയും മറ്റുമായി 57 ശതമാനം നഷ്ടമുണ്ടായെന്ന് ബി.എസ്.ഇ.എസ് അവകാശപ്പെടുന്നു. 2003 മുതല്‍ 2013 വരെ വിതരണക്കമ്പനികള്‍ക്ക് 37500 കോടി രൂപയുടെ ലാഭമുണ്ടായി. അതായത് വര്‍ഷത്തില്‍ 7500 കോടി രൂപ. തലസ്ഥാന ബജറ്റിന്റെ 25 ശതമാനമാണ് ഈ തുക. 2010-11 വര്‍ഷത്തില്‍ 630 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വിതരണക്കമ്പനികള്‍ വാദിച്ച അതേ വര്‍ഷത്തിലാണ് വൈദ്യുതിനിരക്ക് 23 ശതമാനം കുറയ്ക്കണമെന്ന് ഡി.ഇ.ആര്‍.സി ചെയര്‍മാന്‍ ബ്രിജേന്ദര്‍ സിങ് നിര്‍ദ്ദേശം സമര്‍പ്പിച്ചത്. വിതരണക്കമ്പനികളുടേത് കപടവാദമാണെന്നതിന് ഇനി വേറെ തെളിവൊന്നും വേണ്ട. എന്നാല്‍, ഈ ചെയര്‍മാനെ ഷീല ദീക്ഷിത് സര്‍ക്കാര്‍ മാറ്റി. മാത്രവുമല്ല, 22 ശതമാനം വൈദ്യുതിനിരക്കു കൂട്ടുകയും ചെയ്തു. വൈദ്യുതി കമ്പനികള്‍ വിതരണനഷ്ടം പെരുപ്പിച്ചു കാട്ടി. 21 സര്‍ക്കിളുകളില്‍ പതിനെട്ടിലും ഒരേ കമ്പനിക്കാണ് വിതരണച്ചുമതല. സര്‍ക്കാര്‍ നിയന്ത്രിത സ്രോതസ്സുകളില്‍ നിന്നും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങി സഹോദരസ്ഥാപനത്തിന് കുറഞ്ഞ നിരക്കില്‍ മറിച്ചു വില്‍ക്കുകയാണത്രേ ഒരു പ്രമുഖ കമ്പനി. നഷ്ടം പെരുപ്പിച്ചു കാട്ടി ലാഭമുണ്ടാക്കുകയായിരുന്നു ഈ കമ്പനി.
അധികാരമേറി മൂന്നാം ദിവസം സി.എ.ജിയുമായി ചര്‍ച്ച നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വിതരണക്കമ്പനികളെ ഓഡിറ്റു ചെയ്യാന്‍ ആവശ്യപ്പെട്ടു. ഓഡിറ്റു സംബന്ധിച്ച കേസ് ഹൈക്കോടതിയിലുണ്ടെന്നും അതു തീര്‍പ്പാവാതെ ഓഡിറ്റു നടത്തരുതെന്നും വാദിച്ച് തടസ്സം നില്‍ക്കുകയാണ് വിതരണക്കമ്പനികള്‍. എന്നാല്‍, തീരുമാനവുമായി മുന്നോട്ടു പോവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കെജരിവാള്‍ കാണിച്ചു. 400 യൂണിറ്റു വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അമ്പതു ശതമാനം നിരക്കും കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നഗ്നമായ അഴിമതി ഡല്‍ഹിയിലെ വൈദ്യുതിവിതരണത്തില്‍ നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകളാണ് ടാറ്റയും റിലയന്‍സും നിയന്ത്രിക്കുന്ന വിതരണക്കമ്പനികളുടെ തടസ്സവാദങ്ങള്‍.

കേന്ദ്രസര്‍ക്കാരിന്റെ സിംഹാസനത്തിന്റെ ഇരിപ്പിടവും ഇന്ദ്രപ്രസ്ഥത്തിലാണ്. കേന്ദ്രം റിലയന്‍സിനെ സഹായിച്ചിട്ടുള്ള സന്ദര്‍ഭങ്ങള്‍ രഹസ്യമല്ല. കൃഷ്ണ-ഗോദാവരി വാതകപ്പാടങ്ങളില്‍ സി.എ.ജി ഓഡിറ്റിനു പോലും റിലയന്‍സ് സമ്മതിച്ചിട്ടില്ല. ഒരു ഭരണഘടനാസ്ഥാപനത്തെ ഒരു കോര്‍പ്പറേറ്റ് ഭീമന്‍ പരസ്യമായി ചോദ്യം ചെയ്യുമ്പോഴും കേന്ദ്രസര്‍ക്കാരിനു കുലുക്കമില്ല. ആന്ധ്രയിലെ കൃഷ്ണ-ഗോദാവരി വാതകപ്പാടങ്ങളില്‍ പ്രകൃതിവാതകം ഉല്‍പ്പാദിപ്പിക്കാന്‍ റിലയന്‍സിനാണ് അനുമതി. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന് വില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ട് അധികകാലമായിട്ടില്ല. പ്രകൃതിവാതകവില കൂട്ടുന്നതോടെ പ്രതിവര്‍ഷം 11000 കോടി രൂപയുടെ അധിക സബ്‌സിഡി ബാധ്യതയെന്നാണ് കണക്കുകൂട്ടല്‍. മൊത്തം സബ്‌സിഡിഭാരം അഞ്ചു വര്‍ഷക്കാലയളവില്‍ 2,20,000 കോടി രൂപയാവും. പ്രകൃതിവാതകത്തിന് വില കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായപ്പോള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 81,000 കോടി രൂപയാണ് റിലയന്‍സിനുള്ള ലാഭം. 2016-17 വര്‍ഷത്തോടെ ഉല്‍പ്പാദനം 40 ദശലക്ഷം യൂണിറ്റായി ശേഷി കൂടുമെന്നായിരുന്നു വില കൂട്ടിയതിന് കേന്ദ്രത്തിന്റെ ന്യായീകരണം. കൃഷ്ണ-ഗോദാവരി ബേസിനില്‍ 14 ദശലക്ഷം യൂണിറ്റു മാത്രമേ ഉല്‍പ്പാദിപ്പിച്ചിട്ടുള്ളൂ. കഴിഞ്ഞ മൂന്നു വര്‍ഷമായി വാതകം ഉല്‍പ്പാദിപ്പിക്കാനുള്ള ഒരു വ്യവസ്ഥയും റിലയന്‍സ് പാലിച്ചിട്ടില്ല. ഉല്‍പ്പാദനത്തില്‍ 2011-12 വര്‍ഷത്തില്‍ 28 ദശലക്ഷം യൂണിറ്റും 2012-13 വര്‍ഷത്തില്‍ 55 ദശലക്ഷം യൂണിറ്റും 2013-14 വര്‍ഷത്തില്‍ 66 ദശലക്ഷം യൂണിറ്റും റിലയന്‍സ് കുറവു വരുത്തി. ഇങ്ങനെ, മൊത്തം 1,13,000 കോടി രൂപയാണ് റിലയന്‍സ് വഴി പൊതുഖജനാവിലെ നഷ്ടം. പക്ഷെ, വ്യവസ്ഥകള്‍ ലംഘിച്ച റിലയന്‍സിനെതിരെ ഒരു ചെറുവിരല്‍ പോലും അനങ്ങിയിട്ടില്ല.
ഇങ്ങനെ, റിലയന്‍സടക്കമുള്ള കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ രാഷ്ട്രീയസംവിധാനത്തെയും ഭരണകൂടങ്ങളെയും നിയന്ത്രിക്കുന്ന കാലത്താണ് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ ധീരമായ നടപടി. രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന ലഭിച്ചതില്‍ 87 ശതമാനം തുകയും കോര്‍പ്പറേറ്റുകളില്‍ നിന്നും വന്‍കിടക്കാരില്‍ നിന്നുമാണെന്നും ഇതിനകം വെളിപ്പെടുത്തലുകള്‍ വന്നു കഴിഞ്ഞു. അഞ്ചു ലക്ഷം കോടി രൂപയുടെ നികുതിയിളവാണ് കോര്‍പ്പറേറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാരുകള്‍ വാരിക്കോരി നല്‍കുന്നത്. സാധാരണക്കാര്‍ക്കുള്ള സബ്‌സിഡി വെട്ടിച്ചുരുക്കാന്‍ വെമ്പുന്ന ഭരണാധികാരികള്‍ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് ഇളവു നല്‍കുന്നതില്‍ വൈമനസ്യമില്ല. രാജ്യത്തെ പൊതുമേഖലാബാങ്കുകളില്‍ 2100 കോടി രൂപയാണ് വന്‍കിടകമ്പനികളുടെ വായ്പാകുടിശ്ശിക. ആ ബാധ്യത എഴുതിത്തള്ളാന്‍ കോര്‍പ്പറേറ്റുകള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. മന്‍മോഹന്‍സിങ് കൊണ്ടുവന്ന പരിഷ്‌കാരം ഓരോ വര്‍ഷവും 500 കോടി ഡോളര്‍ വിദേശമൂലധനം ലഭ്യമാക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കി. അടുത്തിടെ ഇത്തരത്തിലുള്ള മൂലധനം 750 കോടി ഡോളറാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. എല്ലാറ്റിനും പുറമെ ചില്ലറവില്‍പ്പന, പ്രതിരോധം, പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് തുടങ്ങിയ മേഖലകളെല്ലാം വിദേശമൂലധനത്തിനു തുറന്നിട്ടു. വിദ്യാഭ്യാസരംഗത്തും വിദേശമൂലധനമൊഴുക്കാന്‍ വാതില്‍ തുറന്നിടുന്നു. ഇങ്ങനെ, നാം പൊതുസ്വത്തെന്നു കരുതിയിരുന്നതെല്ലാം കമ്പോളത്തിനു തുറന്നു കൊടുക്കുന്നു.

ആഗോളവല്‍ക്കരണനയങ്ങള്‍ അനുസരണയോടെ നടപ്പാക്കുന്ന ഭരണകൂടങ്ങളെ അധികാരത്തിലെത്തിക്കാന്‍ കോര്‍പ്പറേറ്റുകള്‍ ആളും അര്‍ഥവും നല്‍കുന്നു. അനുസരണയില്ലാത്ത ഭരണകൂടങ്ങളെ അവ ദുര്‍ബലപ്പെടുത്തും, പിഴുതെറിയും. വേണമെങ്കില്‍ അതിനായി രാജ്യത്തിനകത്തു തന്നെയുള്ള വര്‍ഗ്ഗീയ,വിഘടനശക്തികളെ ഉപയോഗിക്കും. ചിന്താശേഷിയും പ്രതികരണശേഷിയും ചോര്‍ന്ന ജനതയെ സൃഷ്ടിച്ചെടുക്കാനാണ് സാമ്രാജ്യത്വം ശ്രമിക്കുക. ഒറ്റ തിരിഞ്ഞ വ്യക്തികളായി അതു സമൂഹത്തെ കാണുന്നു, കൂട്ടായ്മകളെ ഭയപ്പെടുന്നു. അരാഷ്ട്രീയയുവത്വത്തെയും സമൂഹത്തെയും അതു വാര്‍ത്തെടുക്കും. വാണിജ്യതാല്‍പര്യങ്ങളുടെ വേലിയേറ്റത്തില്‍ രാഷ്ട്രീയം വന്ധീകരിക്കപ്പെടുമ്പോള്‍ രാക്ഷസത്തിരമാലകള്‍ മുറിച്ചു നീന്തി സമൂഹത്തെ ആരു കരയ്ക്കടുപ്പിക്കുമെന്നാണ് ഇന്നിന്റെ ചോദ്യം!