June 03, 2026 |
Share on

പി രാംകുമാറിന്റെ ‘ന്യൂസ് റൂമിലെ ഏകാകികള്‍’ പ്രകാശനം ചെയ്തു

ഇന്ത്യയുടെ മാധ്യമചരിത്രത്തെയും ആ ചരിത്രം രൂപപ്പെടുത്തിയ അതികായരെയും ഓര്‍ത്തെടുക്കുന്നു

ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ പ്രകാശഗോപുരങ്ങളായ ചില ഐതിഹാസിക മനുഷ്യരുടെ ജീവിതവും നിലപാടുകളും മാധ്യമ ലോകത്ത് അവര്‍ നല്‍കിയ അമൂല്യ സംഭാവനകളും രേഖപ്പെടുത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി രാംകുമാര്‍ രചിച്ച ‘ന്യൂസ് റൂമിലെ ഏകാകികള്‍’ പ്രകാശനം ചെയ്തു. കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മുന്‍ എംപി സുരേഷ് കുറുപ്പ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. പോള്‍ മണലിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. മലയാള മനോരമ അസി.എഡിറ്റര്‍ എസ്. ഹരികൃഷ്ണന്‍, അഴിമുഖം എഡിറ്റര്‍ ശ്രീജിത്ത് ദിവാകരന്‍, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. രാംകുമാര്‍ എഴുതിയ ലേഖനങ്ങളുടെ ഈ സമാഹാരം ഇന്ത്യയുടെ മാധ്യമചരിത്രത്തെയും ആ ചരിത്രം രൂപപ്പെടുത്തിയ അതികായരെയും ഓര്‍ത്തെടുക്കുന്നു. ഒരേ സമയം ചരിത്രവും വര്‍ത്തമാനകാലത്തെ മാധ്യമപ്രവര്‍ത്തര്‍ക്ക് മുന്നില്‍ തെളിയുന്ന ദിശാസൂചകവുമാണ് ഈ ഓര്‍മ്മകള്‍.

ദേശീയ പത്രപ്രവര്‍ത്തനരംഗത്തെ പ്രധാനികളായിരുന്ന കേണല്‍ ഉണ്ണി നായര്‍, എസ്.മുള്‍ഗോങ്കര്‍, വിനോദ് മേത്ത. ടി.എസ്. സത്യന്‍. ഹോമായി വ്യാരവാല തുടങ്ങിയവരെ രാംകുമാര്‍ വായനക്കാര്‍ക്ക് ഈ പുസ്തകത്തിലൂടെ അടുത്ത് പരിചയപ്പെടുത്തുന്നുണ്ട്. ഇതാദ്യമായാണ് മലയാളത്തില്‍ ഈ പ്രമുഖരെ കുറിച്ച് വിശദമായി ലേഖനരൂപത്തില്‍ വരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഇല്ലസ്ട്രേറ്റഡ് വീക്കിലി; ഇന്ത്യന്‍ പത്രരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രസിദ്ധീകരണങ്ങളുടെ ചരിത്രപരമായ പ്രാധാന്യം രേഖപ്പെടുത്തുന്ന ഇതിലെ ലേഖനങ്ങളും ഈ പ്രതപവര്‍ത്തക പ്രതിഭകളുടെ ജീവിതവുമായി ചേര്‍ന്നുപോയ മാധ്യമങ്ങള്‍ എന്ന നിലയില്‍ വായിക്കപ്പെടേണ്ടതാണ്.

അന്യം നിന്നു കൊണ്ടിരിക്കുന്ന ധാര്‍മിക പത്രപ്രവര്‍ത്തനത്തിന്റെ മാതൃകയായ പത്രപവര്‍ത്തകരുടെ ഈ വാഗ്മയചിത്രങ്ങള്‍ പത്രപ്രവര്‍ത്തനരംഗത്തുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വെളിച്ചം പകരാന്‍ ഈ പുസ്തകം സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് ന്യൂസ്‌റൂമിലെ ഏകാകികളെ അഴിമുഖം വായനക്കാര്‍ക്കായി അവതരിപ്പിക്കുന്നത്.

തൃശൂര്‍ സ്വദേശിയായ രാംകുമാര്‍ കേരളകൗമുദിയിലാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 1994 മുതല്‍ കോട്ടയത്ത് മലയാള മനോരമയില്‍ ജോലി ചെയ്തു വരുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ അവിസ്മരണീയനായ എടത്തട്ട നാരായണന്റെ ജീവചരിത്രമായ ‘എടത്തട്ട നാരായണന്‍ പത്രപ്രവര്‍ത്തനവും കാലവും’ ആണ് ആദ്യ പുസ്തകം. 2022 ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലും, ആനുകാലികങ്ങളിലും എഴുതാറുണ്ട്.

അഴിമുഖം ബുക്സ് പുറത്തിറക്കുന്ന ഏഴാമത്തെ പുസ്തകമാണ് ‘ ന്യൂസ് റൂമിലെ ഏകാകികള്‍’. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ‘ കഴുകന്മാരുടെ വിരുന്ന്, നിശബ്ദ അട്ടിമറികള്‍, മുതിര്‍ന്ന മാധ്യമപ്രര്‍ത്തകന്‍ ജോര്‍ജ് കള്ളിവയല്‍ രചിച്ച മണിപ്പൂര്‍ എഫ് ഐ ആര്‍, വി.ആര്‍ അജിത്കുമാര്‍ രചിച്ച അംബേദ്കറും ഇന്ത്യ വിഭജനവും, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്റെ തൃക്കാക്കര സ്‌കെച്ചസ്, കെ വി മോഹന്‍ കുമാര്‍ എഴുതിയ അഴല്‍മൂടിയ കന്യാവനങ്ങള്‍ എന്നിവയാണ് അഴിമുഖം മുന്‍പ് പ്രസിദ്ധീകരിച്ച ബുക്കുകള്‍. Azhimukham Books releases P Ramkumar’s book, ‘Newsroomile Ekakikal’

Content Summary: Azhimukham Books releases P Ramkumar’s book, ‘News roomile Ekakikal’

Leave a Reply

Your email address will not be published. Required fields are marked *

×