ചിത്രകലാധ്യാപകനും ശില്‍പിയുമായ ആര്‍ കെ പൊറ്റശ്ശേരി അന്തരിച്ചു. തിരുവനന്തപുരം ആര്‍ സി സിയില്‍ കഴിയവെ നിരവധി ചിത്രങ്ങള്‍ വരച്ച് പൊറ്റശ്ശേരി മാധ്യമ ശ്രദ്ധ നേടിയിരുന്നു. പൊറ്റശ്ശേരിയെ കുറിച്ച് അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
മുക്കം ഇന്ന് മലയാളികള്‍ക്ക് ഒരു അന്യദേശമല്ല. എസ് കെ പൊറ്റെക്കാടിന്‍റെ ‘നാടന്‍പ്രേമം’ എന്ന നോവലിലൂടെയാണ് മുന്‍പ് ഈ ദേശം ആസ്വാദകരുടെ ഹൃദയം കീഴടക്കിയത് എങ്കില്‍ ഇപ്പോള്‍ ‘എന്നു സ്വന്തം മൊയ്തീന്‍’ എന്ന സിനിമയിലൂടെ സ്വന്തം ഗ്രാമം പോലെ പരിചിതമായിരിക്കുന്നു മലയാളികള്‍ക്ക് ഈ ഗ്രാമം. നാടന്‍ പ്രേമത്തേയും മൊയ്തീനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണി മുക്കത്തുണ്ട്. ആര്‍ കെ പൊറ്റശ്ശേരി എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ മാഷ്.
തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സ തേടിയെത്തി അവിടെ നിന്നും ചിത്രം വരച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രകലാധ്യാപകനെ കുറിച്ചുള്ള പത്രവാര്‍ത്തയാണ് പൊറ്റശ്ശേരി മാഷിലേക്ക് എന്നെ എത്തിച്ചത്.
കുമാരപുരത്തെ ശിക്ഷക് സദനില്‍ ഇരുന്നൂറ്റി ഏഴാം നമ്പര്‍ മുറിയില്‍ ചെന്നു പൊറ്റശ്ശേരി മാഷെ കണ്ടപ്പോള്‍ മാഷ് ഇങ്ങനെ പറഞ്ഞു. ‘ഞാന്‍ ഒരിയ്ക്കലും കിടക്കാന്‍ ആഗ്രഹിക്കുന്നില്ല. വര്‍ക്ക് ചെയ്തുകൊണ്ടേ ഇരിക്കുക. അതിന്‍റെ മൂല്യം ജനങ്ങള്‍ അനുഭവിക്കട്ടെ’.
നമ്മുടെ പ്രവര്‍ത്തി കൊണ്ട് മറ്റുള്ളവര്‍ക്ക് സന്തോഷം പകരാന്‍ കഴിയുമെങ്കില്‍ അതാണ് ഏറ്റവും വലിയ നന്മ എന്നു വിശ്വസിക്കുന്ന മാഷ് ചികിത്സയ്ക്കിടയിലും ചിത്രങ്ങള്‍ വരച്ചു കൊണ്ടേയിരിക്കുന്നു. മരുന്നുകളും ചായങ്ങളും പൂര്‍ത്തിയാക്കിയ ചിത്രങ്ങളും വരക്കാനിരിക്കുന്ന ക്യാന്‍വാസുകളും ഒക്കെയായി മാഷുടെ മുറി ഒരു കൊളാഷ് പോലെ തോന്നിച്ചു.
അതേ മുക്കത്തുകാരനായ ഈ സാധാരണക്കാരന് ജീവിതം തന്നെയാണ് കല. ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ പിടിച്ച് നില്ക്കാന്‍ അദ്ദേഹത്തിന് തുണയാകുന്നതും ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും ലോകമാണ്. ഒരു ചിത്രകലാ അധ്യാപകനായിരുക്കുമ്പോള്‍ തന്നെ മണ്ണിലും കല്ലിലും മരത്തിലും ഗ്രാനൈറ്റിലുമൊക്കെ വ്യത്യസ്ഥമായ നിരവധി ശില്‍പങ്ങള്‍ നെയ്ത് ഒരു ശില്പി എന്ന രീതിയില്‍ മറ്റാരും നടക്കാത്ത വേറിട്ടവഴിയിലൂടെ സഞ്ചരിച്ച ഒരാളുകൂടിയാണ് ആര്‍ കെ പൊറ്റശ്ശേരി. 2010 ത്തില്‍ ദേശീയ അധ്യാപക അവാര്‍ഡും 2006 ല്‍ ടെറക്കോട്ടാ ശില്‍പത്തിനുള്ള ലളിതകലാ അക്കാദമി അവാര്‍ഡും കിട്ടിയിട്ടുണ്ട് മുക്കംകാരുടെ പ്രിയങ്കരനായ പൊറ്റശ്ശേരി മാഷ്ക്ക്.
കഴിഞ്ഞ ദിവസമാണ് മാഷ് വരക്കാനുള്ള പുതിയ കുറേ ക്യാന്‍വാസുകള്‍ വാങ്ങിയത്. എനിക്കു കാഷ് ചിലവാകുന്നതിലുപരി എന്‍റെ പ്രവര്‍ത്തികൊണ്ട് മറ്റുള്ളവര്‍ക്ക് സന്തോഷം നല്കാന്‍ കഴിഞ്ഞാല്‍ ചിലവാകുന്നതിന്‍റെ ഇരട്ടി മൂല്യം തിരിച്ചു കിട്ടും എന്നാണ് മാഷ് അതിനെ കുറിച്ച് പറയുന്നത്. ചിലരൊക്കെ പറയുമ്പോലെ ആ പൈസക്ക് പാലുവാങ്ങി കുടിക്കാനൊന്നും മാഷ് തയ്യാറല്ല.
‘ചികിത്സക്കിടയിലും ഞാന്‍ വരക്കുന്നത്, വരക്കുക എന്നത് എന്‍റെ പണിയായതുകൊണ്ടാണ്. മറ്റുള്ളവരെ സാന്ത്വനപ്പെത്തുക എന്നുള്ള ലക്ഷ്യത്തോടെയാണ് അത് ചെയ്യുന്നത്. അവര്‍ക്ക് മാനസികമായ ധൈര്യം കൊടുക്കുക. രോഗത്തെ കുറിച്ച് മാത്രം ചിന്തിക്കാതെ മാറി ചിന്തിക്കാന്‍ അവസരം കൊടുക്കുക. അയ്യോ പാവം എന്നു പറയുന്ന സഹതാപമല്ല രോഗികള്‍ക്ക് വേണ്ടത്. നിങ്ങള്‍ രോഗിയല്ല എന്ന ബോധ്യം നിങ്ങളിലൂടെ തന്നെ പുറത്തേക്ക് കൊണ്ടുവരിക. അങ്ങനെ ഒരു ലക്ഷ്യമാണ് എനിക്കുള്ളത്.’
2011 ല്‍ ആര്‍ സി സിയില്‍ ആദ്യമായി ചികിത്സക്ക് വന്നപ്പോള്‍ മാഷ് ഒരു ചിത്ര പ്രദര്‍ശനം നടത്തിയിരുന്നു. അവിടെ ചികിത്സക്ക് വന്നവര്‍ക്കും അവിടത്തെ സ്റ്റാഫിനുമൊക്കെ അതൊരു പുതിയ അനുഭവമായിരുന്നു. മരുന്നുകളുടെയും റേഡിയേഷന്റെയും കീമോയുടെയും ലോകത്ത് നിറങ്ങള്‍ കൊണ്ടുവന്ന സാന്ത്വനം വളരെ വലുതായിരുന്നു. അതെ ദിവസം യാദൃശ്ചികമായി അവിടെ എത്തിയ മന്ത്രി മുനീറാണ് അന്ന് ചിത്ര പ്രദര്‍ശനം ഉത്ഘാടനം ചെയ്തത്. അന്നത്തെ ചിത്രപ്രദര്‍ശനത്തെ കുറിച്ച് മാഷ് തന്നെ പറയുന്നു. ‘ആര്‍ സി സി യിലെ ചിത്ര പ്രദര്‍ശനം വളരെ നന്നായിരുന്നു. അത് ഞാന്‍ വിചാരിച്ചതിലേറെ വിജയിച്ചു. നമ്മളൊരു നല്ലകാര്യം ചെയ്യുമ്പോള്‍ പലതും വന്നു പെടും. അതിന് ദൈവ വിധി എന്നൊന്നും ഞാന്‍ പറയില്ല. എന്തായാലും നിമിത്തങ്ങള്‍ അങ്ങനെ നമ്മളെ സഹായിക്കും. അത് ഓരോരുത്തരുടെ വിശ്വാസം പോലെ എടുത്താല്‍ മതി. അങ്ങനെ ഒരു ഉത്ഘാടനമൊന്നും നേരത്തെ തീരുമാനിച്ചിരുന്നില്ല. മന്ത്രി മുനീര്‍ അവിടെ എത്തിപ്പെടുകയായിരുന്നു.’
ചിത്രകലാ അധ്യാപകര്‍ക്കും ചിത്ര കലാപഠനത്തിനും ഏറെ ഒന്നും പ്രാധാന്യം ലഭിച്ചിട്ടില്ലാത്ത കാലഘട്ടത്തിലാണ് മാഷ് ചിത്രകലാ അധ്യാപകനാവുന്നത്. 35 വര്‍ഷം ജെ ഡി ടി ഇസ്‌ലാം ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്നു.
‘ചിത്രകലാ അധ്യാപകനാവണം എന്നു ഞാന്‍ മനസ്സില്‍ പോലും വിചാരിച്ചതല്ല. സത്യം പറഞ്ഞാല്‍ ജീവിക്കാന്‍ വേണ്ടി മാത്രമാണു ഞാന്‍ ചിത്രകലാ അധ്യാപകനായത്. ശമ്പളം കിട്ടും പൈസ കിട്ടിയാല്‍ ജീവിക്കാലോ. ആ ഒരൊറ്റ ഇതിലാണ് അധ്യാപകനായത്. എനിക്ക് കുട്ടിക്കാലത്ത് ശില്‍പത്തിലൊന്നും വലിയ താത്പര്യം ഉണ്ടായിരുന്നില്ല. ചിത്രകലയിലോ ശില്‍പത്തിലോ അങ്ങനെ എടുത്തു പറയാവുന്ന ഒരു പാരമ്പര്യവും ഇല്ലായിരുന്നു. എന്‍റെ കുട്ടിക്കാലത്തൊന്നും ഇതിനൊന്നും വല്യ പ്രസക്തിയില്ല. ഈ ന്യൂ ജനറേഷന്‍ കാലത്താണ് എന്‍റെ മക്കള്‍ ഡ്രോയിംഗ് പഠിക്കണം സംഗീതം പഠിക്കണം എന്നൊക്കെയുള്ള ചിന്ത രക്ഷിതാക്കള്‍ക്ക് വരുന്നത്. കുട്ടിക്കാലത്തൊന്നും എനിക്കു വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഒരു പ്രോത്സാഹനവും ഇല്ലായിരുന്നു. പിന്നെ എന്‍റെ ഒരു മോഹം കൊണ്ട് ഞാന്‍ ഈ വഴിക്കു തിരിഞ്ഞു. അതും എന്‍റെ അച്ഛനും അമ്മയ്ക്കുമൊന്നും അത്ര തൃപ്തിയില്ല. കാരണം ഇത് ജീവിക്കാനുള്ള മാര്‍ഗ്ഗമായി വരുമോ എന്നൊന്നും അറിയില്ലല്ലോ. സത്യം പറഞ്ഞാല്‍ എന്‍റെ വല്യച്ഛനാണ് എനിക്കു പ്രചോദനം ആയത് എന്നു പറയാം. എന്‍റെ വല്യച്ഛന്‍ ഒരു നാടന്‍ കലാകാരന്നായിരുന്നു. നാടന്‍ കലയ്ക്ക് വേണ്ടിയുള്ള ആഭരണങ്ങള്‍ പണിയുക, കിരീടങ്ങളുണ്ടാക്കുക ഇതൊക്കെയായിരുന്നു മുത്തശ്ശന്‍ ചെയ്തിരുന്നത്. മരങ്ങള്‍കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. തെയ്യത്തിന്‍റെ കിരീടം ഒക്കെ കണ്ടിട്ടില്ലേ. ആ സമയത്ത് ഞാനും കൂടെ സഹായിക്കുമായിരുന്നു. പക്ഷേ അതുകൊണ്ട് ഞാനൊരു ചിത്രകാരനാകും എന്നൊന്നും ഞാന്‍ വിചാരിച്ചിട്ടില്ല. അതെന്‍റെ വീട്ടില്‍ നടക്കുന്ന ഒരു പ്രക്രിയ അതിനെ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യുന്നു എന്നേയുള്ളൂ. എനിക്കു നാടന്‍ കലകള്‍ ഭയങ്കര ഇഷ്ടവും ആണ്. എന്‍റെ ഏത് വര്‍ക്കിലും ഒരു ഫോക് ലോര്‍ ടച്ച് ഉണ്ടാവും. ഒന്നുകില്‍ അതിന്‍റെ കളര്‍ കോമ്പിനേഷനില്‍ എങ്കിലും ഫോക്ലോര്‍ ടച്ച് വരും. സൃഷ്ടി, സ്ഥിതി, സംഹാരം സൂചിപ്പിക്കുന്ന. ചുവപ്പ്, കറുപ്പ്, വെള്ള അതിന്‍റെ ഒരു സ്വാധീനം പലപ്പോഴും എന്‍റെ വര്‍ക്കില്‍ കാണാം. അച്ഛന്റെ അച്ഛന്‍ ഇതിന്‍റെ ആളായത് കൊണ്ടാവും കലയുടെ ഒരു താളബോധം എന്‍റെ മനസ്സില്‍ വന്നത്. അതെന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് എന്‍റെ വഴി ഇതായി.’
ചിത്രകലാ അധ്യാപകര്‍ക്ക് വല്യ പരിഗണയൊന്നും സ്കൂളുകളില്‍ ഇല്ലാത്ത, പലപ്പോഴും കണക്കെഴുത്തിലും മറ്റും പ്രധാനാധ്യാപകനെ സഹായിക്കേണ്ടവര്‍ മാത്രമായി ചിത്രകലാ അധ്യാപകര്‍ മാറുന്ന ഒരു കാലത്ത് കേരളത്തിലെ ആദ്യത്തെ ആര്‍ട്ട് ഗ്യാലറിയുള്ള സ്കൂളാക്കി ജെ ഡി ടി ഇസ്‌ലാം ഹൈസ്കൂള്‍ മാറുന്നത് പൊറ്റശ്ശേരി മാഷുടെ നിരന്തര പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ്.
‘എന്തായാലും ഞാന്‍ ക്ളാസില്‍ പോകും. ഞാന്‍ ക്ളാസില്‍ വെറുതെ ഇരിക്കില്ല. കുട്ടികളെ കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കും. അവരെ ഞാന്‍ വെറുതെ ഇരുത്തില്ല. അതുകൊണ്ട് കുട്ടികള്‍ക്ക് എന്നെ വല്യ ഇഷ്ടമായിരുന്നു. ചിലപ്പോ വയലിലൊക്കെ പോയിട്ടു മണ്ണ് കൊണ്ടുവന്നു അത് കുട്ടികള്‍ക്ക് കൊടുക്കും. എന്നിട്ട് എന്തെങ്കിലും ചെയ്യിക്കും. കുട്ടികള്‍ അതുകൊണ്ട് എന്തെങ്കിലുമൊക്കെ ഉണ്ടാക്കും. പിന്നെ എല്ലാ കുട്ടികള്‍ക്കും ഇത് താത്പര്യം ഉണ്ടാവില്ല. എന്നാലും ഉണ്ടാക്കുന്നത് കാണാന്‍ എല്ലാ കുട്ടികള്‍ക്കും താത്പര്യം ഉണ്ടാവും. ചെറിയ കുട്ടികള്‍ക്ക് അങ്ങനെ ഒരിതുണ്ട്. ഇതൊന്നും ആ കാലഘട്ടത്തിലെ വിദ്യാഭ്യാസ രംഗത്തെ ഒരു പ്രധാന വിഷയം ഒന്നും അല്ലല്ലോ. ഇപ്പോഴാണല്ലോ അതിനു മാര്‍ക്കൊക്കെ വന്നത്.’
നമ്മള് പറഞ്ഞു കൊടുക്കുക അവര് കേള്‍ക്കുക എന്ന രീതിയില്‍ പഠിപ്പിക്കുന്നതിനോട് മാഷ് യോജിക്കുന്നില്ല. കുട്ടികളില്‍ നിന്നു സ്വയം ഉണ്ടായിട്ടു പഠിക്കുന്ന രീതിയാണ് മാഷിന്‍റെ ലക്ഷ്യം.
കുട്ടികള്‍ക്ക് ചിത്രങ്ങളിലൂടെ അക്ഷരം പഠിക്കാനുള്ള ഒരു പുസ്തകം ‘അക്ഷര ചിത്രങ്ങള്‍’ എന്ന പേരില്‍ പൊറ്റശ്ശേരി മാഷ് തയ്യാറാക്കിയിട്ടുണ്ട്. ഇത്തരമൊരു പുസ്തകം സംസ്ഥാനത്ത് തന്നെ ആദ്യത്തേതാണ്.
‘വരക്കാന്‍ പഠിക്കലും അതോടൊപ്പം അക്ഷരം പഠിക്കലും ഒരേസമയം നടക്കും. ഒരു അക്ഷരം എഴുതി അതൊരു ചിത്രത്തിലേക്ക് എത്തിക്കുക എന്ന രീതിയാണ്. ഒരു ചിത്രം നമ്മള്‍ ഉണ്ടാക്കുമ്പോ ഒരുപാട് സമയം എടുക്കും. കുട്ടികളോട് ഞാന്‍ ചെയ്യുന്നത് പോലെ ചെയ്യാനല്ല ഞാന്‍ പറയുന്നതു. ഞാന്‍ ചിത്രം ഉണ്ടാക്കിയത് പോലെ നിങ്ങള്‍ ആലോചിച്ചു ഒരു ചിത്രം ഉണ്ടാക്കണം എന്നാണ്. അവര്‍ക്കത് വല്യ ആവേശമായിരിക്കും. അവരത് ആലോചിക്കും. അപ്പോ ബുദ്ധിപരമായിട്ടു അവര് വളരും. അവര്‍ ചിന്തിക്കും. കുട്ടികളിലെ ചിന്താശീലം വളര്‍ത്തിയെടുക്കാന്‍ അത് ഉപകരിക്കും. ഈ രംഗത്ത് ഗവേഷണ പരമായ പ്രവര്‍ത്തനങ്ങളുമായിട്ടാണ് ഞാന്‍ മുന്നോട്ട് പോകുന്നത്.’
കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്നതിനോട് പൊറ്റശ്ശേരി മാഷ് യോജിക്കുന്നില്ല. ആര്‍ക്കും ആരെയും നിര്‍ബ്ബന്ധിച്ചു ഒന്നുമാക്കാന്‍ കഴിയില്ല ഓരോരുത്തരും അവരുടെ വഴികളിലേക്ക് എത്തിപ്പെടലാണ് എന്നാണ് മാഷിന്‍റെ വിശ്വാസം.
‘അതൊക്കെ സ്വയം ഉണ്ടായി വരേണ്ടതാണ്. രക്ഷിതാക്കളുടെ അറിവില്ലായ്മയും പൊങ്ങച്ചവുമാണ് കുട്ടികളെ ചിത്രരചന പഠിപ്പിക്കാന്‍ വിടുന്നതിന് പിന്നില്‍. എന്‍റെ സ്കൂളില്‍ ഞാന്‍ കുട്ടികളെ പഠിപ്പിക്കാറില്ല. എന്‍റെ കാലത്തൊക്കെയുള്ള ഡ്രോയിംഗ് മാഷൊക്കെ എന്താ ചെയ്യുക എന്നുവെച്ചാല്‍ പുസ്തകത്തില്‍ വരച്ചു കൊടുക്കും. കുട്ടികള് വരച്ചതാന്നുള്ള പേരും ഉണ്ടാവും. ഞാനൊക്കെ പഠിക്കുമ്പോ അങ്ങനെയാ. പുസ്തകത്തില്‍ മാഷ് വരക്കും നമ്മള് വരക്കാറൊന്നും ഇല്ല. ഞാന്‍ കുട്ടികളോട് കഥ പറയും എന്നിട്ട് ആ കഥയിലുള്ള ഒരു ചിത്രം വരക്കാന്‍ പറയും. അന്നേരം ഓരോ കുട്ടിയും അവരുടേതായ രീതിയില്‍ വരക്കും. കുറച്ചു കല്ല് പെറുക്കി മേശപ്പുറത്ത് വെച്ചാല്‍ ഓരോരുത്തര്‍ക്കും ഓരോ രീതിയുണ്ടാവും. അത് മോഡലിംഗ് അല്ല. അതില്‍ നിന്നു കിട്ടുന്ന ഒരു അടയാളപ്പെടുത്തല്‍ ഉണ്ട്. കുട്ടികള്‍ക്ക് ദിശ മനസ്സിലാക്കാന്‍. കുട്ടികള്‍ സാധനത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നുള്ളതാണ്. ഒരു ചെറിയ വസ്തു വലുതാക്കി വരക്കുക. അപ്പോ അതിന്‍റെ രൂപം തന്നെ കലാപരമായി മാറും. കുട്ടികളെ വരച്ചു പഠിപ്പിച്ചാല്‍ അവര്‍ നമ്മളെക്കാള്‍ മോശമായി വരക്കും. ചിത്രകല എന്നുപറഞ്ഞാല്‍ നമ്മള് ചെയ്യുന്നത് മറ്റുള്ളവരെ പഠിപ്പിക്കലല്ല. ഉള്ളില്‍ കല ഉണ്ടെങ്കിലല്ലെ പുറത്തേക്ക് വരുള്ളു. അങ്ങനെ ഉള്ളവരെ നമ്മളൊന്നു തടവിക്കൊടുത്താല്‍ മതി. ‘തുഴഞ്ഞ് പോകുന്നവന് ഒരുന്ത്’ എന്നു പറയില്ലെ അതുപോലെ. എന്നെ ആരും പഠിപ്പിച്ചതല്ല. ഞാന്‍ സ്വയം പഠിച്ചതാണ് ചിത്രരചനയിലും ശില്പകലയിലും ഒന്നും എനിക്കു ഗുരുക്കന്‍മാരില്ല. ഇതൊക്കെ ഞാന്‍ സ്വയം ഉണ്ടാക്കിയെടുത്തതാണ്. ഗ്രാനൈറ്റിലുള്ള വര്‍ക്കൊക്കെ ഞാന്‍ സ്വയം കണ്ടെത്തിയതാണ്. എങ്ങനെയോ അവിടെ എത്തിപ്പെട്ടതാണ്. ജീവിതത്തില്‍ അങ്ങനെ അങ്ങ് എത്തിപ്പെടലാണ് ഓരോരുത്തരുടെയും വഴികളിലേക്ക്. ശാസ്ത്രജ്ഞനാവുന്നത് ആരും പഠിപ്പിച്ചിട്ടല്ല. വേറൊരാള് വിചാരിച്ചാല്‍ ഒരാളെ ശാസ്ത്രജ്ഞനാക്കാന്‍ പറ്റില്ല. അതൊക്കെ സ്വന്തമായി ഉണ്ടാവലാണ്. ഒരാള്‍ക്ക് മറ്റൊരാളെ സഹായിക്കാം. അവരുടെ ക്രിയേഷന്‍ ഉണര്‍ത്തിക്കൊടുക്കാം. എന്നാലെ നല്ല കലകള്‍ ഉണ്ടാവൂ. ഒരു സിനിമ എടുക്കുന്ന ഡയറക്ടര്‍ അതിന്റെ ടെക്നോളജി അറിഞ്ഞാല്‍ മതി. ബാക്കി അയാളുടെ മനസ്സില്‍ നിന്നാണ് വരേണ്ടത്. അപ്പോഴാണ് നല്ല സിനിമ ഉണ്ടാവുന്നത്. ക്യാന്‍വാസില്‍ വളരെ കുറച്ചേ ഞാന്‍ വരക്കാറുള്ളൂ. ശില്പങ്ങള്‍ ഗ്രാനൈറ്റ്, കല്ല്, മരം ടെറാക്കോട്ട ഇതിലൊക്കെ എങ്ങനെ പുതുമ കണ്ടെത്താം എന്നാണ് ഞാന്‍ നോക്കുന്നത്. ഗ്രാനൈറ്റ് മഴയതും വെയിലത്തും എവിടേയും വെക്കാലോ. മുഹമ്മദ് അബ്ദുറഹിമാന്‍റെ ഗ്രാനൈറ്റ് ശില്പം 1999 ലാണ് ചെയ്തത്. ഇതുവരെ ഒന്നും പറ്റിയിട്ടില്ല.’
ഗ്രാനൈറ്റ് ഒരു മാധ്യമാക്കി നിരവധി ഛായാചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് ആര്‍ കെ പൊറ്റശ്ശേരി. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ഗാന്ധിജി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, ഇ എം എസ്, എസ് കെ പൊറ്റെക്കാട്, ഇന്ദിരാഗാന്ധി, കെ കരുണാകരന്‍, വൈക്കം മുഹമ്മദ് ബഷീര്‍, എം ടി വാസുദേവന്‍ നായര്‍ തുടങ്ങി നിരവധി പേരുടെ ഛായാചിത്രങ്ങള്‍ അദ്ദേഹം ഗ്രാനൈറ്റില്‍ തീര്‍ത്തിട്ടുണ്ട്. മാത്രമല്ല ഗള്‍ഫ് നാടുകളിലെ ഇരുപതോളം ഭരണാധികാരികളുടെ ഛായാചിത്രങ്ങളും ഗ്രാനൈറ്റില്‍ കൊത്തി നല്‍കിയിട്ടുമുണ്ട്. അദ്ദേഹത്തെ കുറിച്ച് ഗള്‍ഫ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ട മലയാളികള്‍ വഴിയാണ് അറബികള്‍ക്ക് വേണ്ടി ഛായാചിത്രം ചെയ്യാന്‍ അവസരം ഉണ്ടായത്. പൗരാണിക കാലത്തെ ശില്പികള്‍ ഗുഹാശിലകളിലും മറ്റും ആവിഷ്‌കരിച്ച മട്ടിലുള്ള കലാവിഷ്‌കാരങ്ങളും തിറയാട്ടത്തിന്‍റെ ഭാവപ്പകര്‍ച്ചകളും ഗുളികനും കുട്ടിച്ചാത്തനും മലദൈവങ്ങളും കേരളത്തിന്‍റെ ജനകീയ കലാരൂപമായ ഒപ്പനയും തനത് കാര്‍ഷിക പാരമ്പര്യവുമൊക്കെ ഗ്രാനൈറ്റില്‍ പുനരാവിഷ്ക്കരിച്ചിട്ടുണ്ട് ആര്‍ കെ പൊറ്റശ്ശേരി.
‘ഗ്രാനൈറ്റില്‍ ഏതാനും വര്‍ഷങ്ങളായി നടത്തിയ നിരന്തരപരീക്ഷണത്തിലൂടെയാണ് ഈ കലാവിഷ്‌കാരത്തിലേക്കെത്തിയത്. പോളിഷ് ചെയ്ത ഗ്രാനൈറ്റ് കൊത്തുമ്പോള്‍ ആഭാഗം വെള്ളയായി വരുന്നത് ഉപയോഗപ്പെടുത്തി കറുപ്പിലും വെളുപ്പിലും തെളിയുന്ന ചില ഛായാചിത്രങ്ങളാണ് ആദ്യം തയ്യാറാക്കിയത്’ അദ്ദേഹം പറഞ്ഞു.
മണാശ്ശേരി അമ്പലത്തിലേക്ക് വേണ്ടി പൊറ്റശ്ശേരി ചെയ്ത ഗരുഡ ശില്പത്തിന് ആറര ടണ്‍ ഭാരം ഉണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഗരുഡ ശില്‍പമാണത്. ഒരാള്‍ക്ക് അകത്തുകൂടെ നടക്കാന്‍ പറ്റുന്ന തുരങ്കമുള്ള ശംഖിന്‍റെ ശില്പവും മണാശ്ശേരി അമ്പലത്തില്‍ ചെയ്തിട്ടുണ്ട്.
‘നാടന്‍ പ്രേമ’ മെന്ന തന്‍റെ ആദ്യ നോവലിലൂടെ മുക്കത്തിന്‍റെ നാമം ലോകത്തെ അറിയിച്ച എസ് കെ പൊറ്റെക്കാടിന്‍റെ ഛായാചിത്രവും മത സൌഹാര്‍ദ്ദ സന്ദേശം മുന്നോട്ട് വെക്കുന്ന സ്നേഹ ശില്പവും സ്വന്തം നാടായ മുക്കത്ത് സ്ഥാപിച്ചിട്ടുണ്ട്.
ചെയ്യുന്ന ഓരോ വര്‍ക്കും ഓരോ ഗവേഷണമാണെന്നാണ് പൊറ്റശ്ശേരി മാഷ് പറയുന്നത്. മാഷ് ഗ്രാനൈറ്റില്‍ ഛായാചിത്രങ്ങള്‍ ചെയ്തു തുടങ്ങിയ സമയത്ത് അത് മറ്റാര്‍ക്കും അറിയില്ലായിരുന്നു. പിന്നീട് മാഷ് കോഴിക്കോട് എക്സിബിഷന്‍ നടത്തിയപ്പോള്‍ തിരുവനന്തപുരത്തു നിന്നും ഏറണാകുളത്ത് നിന്നുമൊക്കെ കാണാന്‍ വന്ന ആളുകള്‍ പിന്നീട് അത്തരം വര്‍ക്കുകള്‍ പഠിച്ച് അത് ഉപജീവന മാര്‍ഗ്ഗമാക്കിയതായി വിളിച്ച് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. ‘എന്‍റെ ജീവിതം തന്നെ ഗവേഷണ പരമായിട്ടാണ് ഞാന്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ക്രിയേഷന്‍ ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്യാന്‍ തോന്നുന്നത്. അല്ലാതെ ഒരു പണി പഠിച്ചിട്ടു അത് വിറ്റു പൈസയാക്കലല്ല. ഞാന്‍ ആളെ പറ്റിച്ചിട്ടു വര്‍ക്ക് ചെയ്യില്ല. ഇഷ്ടമില്ലാത്ത വര്‍ക്ക് എത്ര കാശ് നഷ്ടം വന്നാലും ഞാന്‍ ഒഴിവാക്കും. സത്യം പറഞ്ഞാല്‍ ഇങ്ങനെയൊക്കെ ജീവിച്ചിട്ടെ കാര്യം ഉള്ളൂ.’
‘അവാര്‍ഡുകളൊന്നും തൊഴില് നിര്‍ത്താന്‍ വേണ്ടി തരുന്നതല്ല. ഓരോ അംഗീകാരങ്ങളും പുതിയതിലേക്ക് നയിക്കാനുള്ള ശക്തിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.’ കിട്ടിയ അവാര്‍ഡുകളെയും അംഗീകാരങ്ങളെയും കുറിച്ച് ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞതിങ്ങനെയാണ്.
‘ചിത്രകലയിലെ പുതുമയുള്ള സങ്കേതം എന്ന നിലയില്‍ പൊറ്റശ്ശേരിയുടെ ഗ്രാനൈറ്റ് ശില്പങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഒരു ശില്‍പിയുടെ വൈദഗ്ദ്യവും ക്ഷമയും ആവശ്യപ്പെടുന്ന ഈ ചിത്രങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു.’ പൊറ്റശ്ശേരി ഗ്രാനൈറ്റില്‍ തീര്‍ത്ത സ്വന്തം ഛായാചിത്രം സ്വീകരിച്ചുകൊണ്ട് എം ടി വാസുദേവന്‍ നായര്‍ പൊറ്റശ്ശേരിയുടെ ശില്പങ്ങളെ കുറിച്ചു പറഞ്ഞതാണിത്. ഇത് ജീവിതത്തിലെ വലിയ നേട്ടമായി പൊറ്റശ്ശേരി കാണുന്നു.
‘ഇപ്പോള്‍ ഞാന്‍ ഇഷ്ടിക കൊണ്ട് പുതിയൊരു വര്‍ക്ക് കൊണ്ടുവരാന്‍ തുടങ്ങിയിട്ടുണ്ട്. ഇഷ്ടിക പടവ് തന്നെ എങ്ങിനെ ശില്‍പ്പമാക്കി മാറ്റിയെടുക്കാം എന്നാണ് ഞാന്‍ നോക്കിയത്. എന്‍റെ ഒരു ക്രിയേഷനാണ്. സാധാരണ നമ്മള്‍ ഇഷ്ടിക മുറിച്ചാണ് എടുക്കുന്നത്. അപ്പോ ഒരുപാട് നഷ്ടം വരും. നഷ്ടം വരാതെ എങ്ങനെ ചെയ്യാം എന്നു പരീക്ഷിച്ചു ഞാന്‍ വിജയിച്ചതാണ്. കോഴിക്കോട് ഒരു വീടിന്‍റെ ചുറ്റുമതില്‍ ഞാന്‍ അങ്ങനെ ചെയ്തതാണ്. നമ്മള്‍ ഭാവന ചെയ്യുന്ന ഒരു സാധനം ഇഷ്ടികകൊണ്ട് പടവ് ചെയ്യുന്ന സമയത്ത് തന്നെ ഉണ്ടാക്കി എടുക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. കാണുന്ന ഇമേജിന്‍റെ അടിയില്‍ കഷ്ണം വെക്കുമ്പോള്‍ തന്നെ അതില്‍ നമ്മള്‍ ചെയ്യണം. അല്ലാതെ നമ്മള്‍ മോളിലെത്തിയിട്ടു അടിയില്‍ എന്തെങ്കിലും ചെയ്യാം എന്നു വിചാരിച്ചിട്ടു കാര്യം ഇല്ല. ഇമേജാണ് നമ്മുടെ മനസ്സ് നിയന്ത്രിക്കുന്നത്. ആ ഇമേജാണ് നമ്മളെ പടവ് ചെയ്യിക്കുന്നത്. കോമ്പൌണ്ട് വാളുകള്‍ നമ്മള്‍ ലക്ഷങ്ങള്‍ മുടക്കി കെട്ടിയുണ്ടാക്കുന്നു. എന്തെങ്കിലും കാര്യം ഉണ്ടോ. നിങ്ങളുടെയൊക്കെ വീടിന് ഇപ്പോ കോമ്പൌണ്ട് വാള്‍ ഉണ്ടാകും. സംരക്ഷണത്തിന്‍റെ പേരിലാണല്ലോ നമ്മള്‍ ഈ വലിയ കന്‍മതില്‍ കെട്ടി ഉണ്ടാക്കുന്നത്. ഒന്നരയടി രണ്ടരയടി കനത്തില്‍ വെറുതെ ഒരു കല്ലിങ്ങനെ വെക്കുന്നതിന് പകരം അതൊരു സന്ദേശ വാഹകനായിട്ടു കൊടുക്കാന്‍ പറ്റുമെങ്കില്‍ ഇന്ന് കേരളത്തില്‍ എത്ര കന്‍മതിലുകള്‍ ഭംഗിയാക്കാം. കേരളത്തില്‍ മാത്രമല്ല. ഇന്ത്യയില്‍ തന്നെ എത്ര കന്‍മതില്‍ ഉണ്ട്. വലിയ ഒരു ക്യാന്‍വാസാണത്. നിങ്ങളുടെ വീട്ടില്‍ ഒരു ചിത്രം വെച്ചാല്‍ അത് നിങ്ങള്‍ക്ക് മാത്രമേ കാണാന്‍ പറ്റൂ. മറിച്ചു കോമ്പൌണ്ട് വാളില്‍ ഒരു ചിത്രമോ ശില്‍പമോ വെച്ചാല്‍ അത് എത്രയോ ആള്‍ക്കാര്‍ക്ക് കാണാന്‍ പറ്റും. അതിന്‍റെ ഭംഗിയും നഷ്ടപ്പെടില്ല. എന്നും ആ പുതുമ ഉണ്ടാവും. തിരുവനന്തപുരത്തൊക്കെ ഇപ്പോ നഗരത്തിലെ ചുമരുകളില്‍ ചിത്രം വരക്കുന്നുണ്ട്. വളരെ നല്ല കാര്യമാണത്.’
ഫോട്ടോഗ്രാഫിയിലും ഡയറക്ഷനിലും ഒക്കെ താത്പര്യമുള്ള മാഷ് കലാ സംവിധായകനായി സിനിമയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ ടി അബുവിന്‍റെ ‘അത്തം ചിത്തിര ചോതി’ എന്ന സിനിമയില്‍ തുടങ്ങി മിക്കവാറും എല്ലാ സിനിമയിലും കലാ സംവിധാനത്തില്‍ പൊറ്റശ്ശേരി മാഷ് സഹകരിച്ചിട്ടുണ്ട്. ധ്വനി എന്ന സിനിമയിലാണ് അവസാന വര്‍ക്ക് ചെയ്തത്. സര്‍ക്കാര്‍ സര്‍വീസില്‍ ഇരുന്നുകൊണ്ട് പേര് വെച്ചുള്ള വര്‍ക്കുകളൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും കലാ സംവിധാനത്തെക്കാള്‍ സിനിമ സംവിധാനത്തിലാണ് താത്പര്യം എന്നും മാഷ് പറഞ്ഞു. ‘കഥ പറയുന്ന മുക്കം’ എന്ന പരമ്പരയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട് മാഷ് കൂടാതെ പാലിയേറ്റിവിന് വേണ്ടിയിട്ടു ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒരു നിശ്ശബ്ദ സിനിമ ഒരുക്കാനുള്ള ആലോചനയും ഉണ്ട്.
കാഞ്ചനമാലക്ക് കൊടുക്കാന്‍ വേണ്ടി വി പി മൊയ്തീന്‍റെ ഒരു ഛായാ ചിത്രം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്ന് മാഷ് പറഞ്ഞപ്പോള്‍ കാഞ്ചനമാലയെയും മൊയ്തീനെയും കുറിച്ച് ചോദിച്ചു. അപ്പോള്‍ മാഷ് വാചാലനായി. ‘കാഞ്ചനയും ഞാനും നല്ല ബന്ധമാണ്. മൊയ്തീനും കാഞ്ചനയുമൊക്കെ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്.’ പിന്നെ മാഷ് അടുത്തകാലത്ത് പുറത്തിറങ്ങിയ എന്നു സ്വന്തം മൊയിദീന്‍ എന്ന സിനിമയെ കുറിച്ചും പറഞ്ഞു.
‘ആ സിനിമ കണ്ടിട്ടു ഇതായിരുന്നു മൊയ്തീന്‍ എന്നാരും വിചാരിക്കരുത്. അത് തെറ്റാണ്. അതൊന്നുമല്ലായിരുന്നു മൊയ്തീന്‍. മൊയ്തീനെ സിനിമക്കുവേണ്ടി ഇവരങ്ങനെ ആക്കിയെടുത്തതാണ്. ഞാന്‍ കുറ്റം പറയുകയല്ല. മാര്‍ക്കറ്റ് ചെയ്യാന്‍ വേണ്ടിയിട്ടു അയാളുടെ വ്യക്തിത്വത്തെ വിറ്റു കാശാക്കി. ഒരു കോമാളിയായിട്ടാണ് മൊയ്തീനെ കാണിച്ചത്. ഞാന്‍ ആ സിനിമയെ കുറിച്ചും മുക്കത്തെ യഥാര്‍ത്ഥ മൊയ്തീന്‍ ആരാണെന്നും കലാദര്‍പ്പണം എന്ന മാസികയില്‍എഴുതിയിട്ടുണ്ട്. അതിന്‍റെ ഒരു കോപ്പി സംവിധായകന്‍ വിമലിനും അയച്ചുകൊടുത്തിരുന്നു. മൊയിദീന്‍ ഒരു ഭ്രാന്തനെയും ഭ്രാന്തിയെയും സംരക്ഷിച്ചിരുന്നു. അത് സിനിമയില്‍ ഇല്ല. അതിനെ കുറിച്ച് ഒരു ഷോട്ട് സിനിമയില്‍ കാണിച്ചിരുന്നെങ്കില്‍ അത് മാത്രം മതി എന്താണ് മൊയ്തീന്‍ എന്നു ലോകത്തിന് മനസ്സിലാക്കാന്‍. രാഷ്ട്രീയം കൊടുകുത്തി വാണ കാലത്ത് അതും മൂല്യവത്തായ രാഷ്ട്രീയം ഉള്ള കാലത്ത് മാക്സിസ്റ്റ് പാര്‍ട്ടിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും സ്വതന്ത്രനായി മത്സരിച്ചു തോല്‍പ്പിച്ച ആളാണ് മൊയ്തീന്‍. ഡോക്യുമെന്ററി നന്നായി ചെയ്തിരുന്നു. അവിടെ വന്നു താമസിച്ചു പഠിച്ചിട്ടാണ് ഇങ്ങനെ ഒരു സിനിമ ചെയ്തത് എന്നുള്ളതാണ്. മൊയ്തീനെ കുറിച്ച് മനസ്സിലാകാഞ്ഞിട്ടൊന്നും അല്ല. കാഞ്ചന കാത്തു സൂക്ഷിച്ചിരിക്കുന്നത് മൊയ്തീന്‍റെ വ്യക്തിത്വത്തെയാണ്. അതാണ് സിനിമ തകര്‍ത്തുകളയുന്നത്. കാഞ്ചന ജീവിച്ചിരിക്കുന്നു എന്നുള്ളത് കൊണ്ടു മാത്രമാണു ആ സിനിമ വിജയിച്ചത്. കാശുണ്ടാക്കി, അതിനപ്പുറം ഒന്നും ഇല്ല. ആര്‍ കെ നിങ്ങള്‍ എഴുതിയതാണ് ശരി എന്നു കാഞ്ചന എന്നോടു പറഞ്ഞിട്ടുണ്ട്.’
ഇന്നത്തെ കാലത്ത് പലര്‍ക്കും കല ബിസിനസാണെന്നും മാര്‍ക്കറ്റിംഗ് മുന്നില്‍ കണ്ടിട്ടാണ് പലരും വര്‍ക്ക് തുടങ്ങുന്നതെന്നുമാണ് പൊറ്റശ്ശേരിയുടെ അഭിപ്രായം. കോപ്പിയടിക്കുന്നതിനൊന്നും ഒരു മടിയും ഇല്ലാത്തവരുടെ ലോകമാണ് ഇന്നത്തേതെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്കു സൈറ്റ് ഒന്നും ഇല്ല. കച്ചവട മനസ്ഥിതിയുള്ളവര്‍ക്കെ ഇത് പറ്റുള്ളൂ. ഗള്‍ഫില്‍ എന്‍റെ ചിത്രം എത്തിയത് പത്രവാര്‍ത്ത വായിച്ചറിഞ്ഞിട്ടാണ് അല്ലാതെ സൈറ്റ് നോക്കിയിട്ടൊന്നുമല്ല. നെറ്റില്‍ നിന്നെടുത്തിട്ടു ക്യാന്‍വാസിലേക്ക് പ്രിന്‍റ് ചെയ്തു ചെറിയ ചില മാറ്റങ്ങള്‍ വരുത്തി മ്യൂറല്‍ പൈന്‍റിംഗ് ചെയ്യുന്നവരൊക്കെയുണ്ട്. ഇത് ശരിക്കും കലയെ വ്യഭിചരിക്കലാണ്. ഏതോ മഹാന്മാര്‍ ചെയ്ത വര്‍ക്ക് പ്രിന്‍റെടുത്തിട്ടു ചെയ്യുകയാണ് അവര്‍. അത് ശരിക്ക് പാടുണ്ടോ. ഇത് ബിസിനസ് ആണ് ഇതില്‍ എന്തു മൂല്യമാണുള്ളത്.’ പൊറ്റശ്ശേരി ചോദിക്കുന്നു.
നമസ്കാരപ്പള്ളിയുടെയും എരമംഗലം മഹാവിഷ്ണു ക്ഷേത്രത്തിന്‍റെയും പേര് ഒന്നിച്ചു വരുന്ന രീതിയില്‍ ഒരു ബോര്‍ഡ് മാഷ് പൊറ്റശ്ശേരിയില്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞു. ‘ഞാന്‍ തികഞ്ഞ മതേതര വാദിയാണ്. എനിക്കു അതേ അറിയുള്ളൂ. അതാണ് നാട്ടില്‍ വെച്ച ബോര്‍ഡു കൊണ്ടും മുക്കത്തെ ഈ സ്നേഹ ശില്പം കൊണ്ടും ഉദ്ദേശിക്കുന്നത്. വല്യ വിദ്യാഭ്യാസം ഒന്നുമില്ലാത്ത സാധാരണക്കാരാണ് മുക്കത്തെ ജനങ്ങള്‍. കുറെ ആള്‍ക്കാര് ശരിയാന്നു പറയുമ്പോള്‍ ചിലര്‍ അങ്ങനെ അല്ലെന്ന് പറയും. പിന്നെ എന്‍റെ നാടെനിക്ക് സര്‍വ്വ സമ്മതന്‍ എന്ന അംഗീകാരം തന്നിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ചെയ്യുമ്പോള്‍ ഒരിയ്ക്കലും പാളിപ്പോവില്ല എന്നവര്‍ക്കറിയാം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയായാലും, കോണ്‍ഗ്രസ് ആയാലും, മുസ്ലിം ലീഗ് ആയാലും മതമുള്ളവനായാലും മതമില്ലാത്തവനായാലും അങ്ങനെ ഒരുപാട് ആളുകള്‍ ഉള്ള നാടാണത്. ആ നാട്ടില്‍ നമ്മള് ഇങ്ങനെയൊക്കെ ചെയ്യുന്നത് നാടിന് വേണ്ടിയിട്ടാണ്. എന്‍റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം എന്താന്നുവെച്ചാല്‍ വീട്ടിനോട് ചേര്‍ന്ന് ഒരു ഗ്യാലറി ഉണ്ടാക്കണം എന്നാണ്. എനിക്കു വേണ്ടിയല്ല. എന്‍റെ വര്‍ക്കുകളൊക്കെ വരും തലമുറകള്‍ക്ക് കാണിച്ചു കൊടുക്കാന്‍. തലമുറകള്‍ക്കുവേണ്ടി അങ്ങനെ എന്തെങ്കിലും ഒന്നു ബാക്കിവെച്ചിട്ടു പോണം.’
നിങ്ങള്‍ സിനിമ എടുത്താലും പത്രത്തില്‍ എഴുതിയാലും എന്തു ചെയ്താലും നീതിപൂര്‍വ്വം ആയിരിക്കണം. എന്നാണ് പൊറ്റശ്ശേരി മാഷുടെ അഭിപ്രായം. ‘ആരും ആരെയും അനുകരിക്കരുത്. നിങ്ങള്‍ നിങ്ങളാവുക. ഞാന്‍ എന്‍റെ കുട്ടികളോട് പറയുന്നതുംഅതാണ്. എനിക്കു അസുഖം വന്നപ്പോ ഒരുപാട് പേര്‍ എന്നെ വിളിക്കുന്നുണ്ട്. എന്നില്‍ നിന്നു എന്തൊക്കെയോ ആഗ്രഹിക്കുന്നുണ്ട് സമൂഹം. ഞാന്‍ ജീവിതം കൊണ്ട് പഠിച്ച ഏറ്റവും വലിയ പാഠം തിരുത്താന്‍ പഠിക്കുക എന്നുള്ളതാണ്.’ മാഷ് പറഞ്ഞു നിര്‍ത്തുന്നു.
(2013 നവംബര്‍ 13നു പ്രസിദ്ധീകരിച്ചത്)