സ്കൂളിന് മുകളിൽ വ്യോമസേനവിമാനം തകർന്ന് വീണു; ധാക്കയിൽ 19 പേർ കൊല്ലപ്പെട്ടു

തകർന്നുവീണത് ചൈനീസ് നിർമിത എഫ്-7 ബിജിഐ വിമാനം

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തലസ്ഥാനമായ ധാക്കയിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ തകർന്നുവീണു. അപകടത്തിൽ 19 പേർ മരിച്ചതായാണ് ഫയർ സർവീസസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ധാക്കയുടെ വടക്കൻ മേഖലയായ ഉത്തരയിലുള്ള മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളജ് കാമ്പസിലാണ് വിമാനം തകർന്നുവീണത്. കോളജ് കന്റീനിന്റെ പുറത്തേക്കാണ് വിമാനം വീണതെന്നാണ് റിപ്പോർട്ട്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.06നായിരുന്നു സംഭവമെന്ന് ബംഗ്ലദേശ് സൈന്യം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. അപകടം നടക്കുമ്പോൾ സ്കൂളിൽ വിദ്യാർഥികളുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടത് വ്യോമസേനയുടെ എഫ്7 ബിജിഐ എന്ന വിമാനമാണെന്ന് ബംഗ്ലാദേശ് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസ് ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. അപകടസ്ഥലത്തുനിന്നും തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടു.

ജമുന ടിവി റിപ്പോർട്ട് ചെയ്തതനുസരിച്ച്, വിദ്യാർത്ഥികൾ ഉൾപ്പെടെ കുറഞ്ഞത് 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗവും പൊള്ളലേറ്റ വിദ്യാർത്ഥികളാണെന്നും, കുറഞ്ഞത് 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബംഗാളി പത്രം ‘പ്രോതോം അലോ’ റിപ്പോർട്ട് ചെയ്തു.

ഏകദേശം 2,000 വിദ്യാർത്ഥികളുള്ള മൈൽസ്റ്റോൺ സ്കൂളിൽ എലിമെന്ററി ക്ലാസുകൾ മുതൽ പ്ലസ് ടു വരെയുള്ള പഠനം നടക്കുന്നതായി വിദ്യാർത്ഥിനി റഫീഖ താഹ അസോസിയേറ്റഡ് പ്രസ്സിനോട് പ്രതികരിച്ചു. അപകടസമയത്ത് റഫീഖ വീട്ടിലായിരുന്നു.

സൈന്യത്തിന്റെ അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തകരും ഉടൻതന്നെ സംഭവസ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനും തീ അണയ്ക്കാനും വേഗത്തിൽ നടപടികൾ സ്വീകരിച്ചു. സൈനികരും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമായിരുന്നു. സൈക്കിൾ റിക്ഷകളും ലഭ്യമായ മറ്റ് വാഹനങ്ങളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം, ധാക്കയിൽ തകർന്നുവീണ ചൈനീസ് നിർമിത എഫ്-7 ബിജിഐ (F-7 BGI) വിമാനത്തിന്റെ അപകടകാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഈ വിമാനം സാധാരണയായി ബംഗ്ലാദേശ് വ്യോമസേന പരിശീലന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്.

content summary: Bangladesh Air Force training jet crashes into school in Dhaka

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment