ഇന്ത്യയുമായി വീണ്ടും ക്രിക്കറ്റ് കളിക്കണം; പിണക്കം തീര്‍ക്കാന്‍ ബംഗ്ലാദേശ്

ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ വന്നതോടെയാണ് ഇന്ത്യയോടുള്ള നിലപാടില്‍ മാറ്റങ്ങള്‍ വരുന്നത്

India-Bangladesh Cricket Ties

ബംഗ്ലാദേശില്‍ പുതിയ ഭരണമാറ്റം വന്നതിനു പിന്നാലെ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താന്‍ ആലോചന. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും (ബിസിബി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) തമ്മിലുള്ള പിണക്കം ഒഴിവാക്കാനാണ് വഴിയൊരുങ്ങുന്നത്. അയല്‍രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സഹകരണത്തിന്റെയും ചര്‍ച്ചകളുടെയും പാതയാണ് ലക്ഷ്യമെന്നും അവിടുത്തെ പുതിയ കായിക മന്ത്രി അമിനുല്‍ ഹഖ് വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2026-ലെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കായി ഇന്ത്യയിലേക്ക് വരാന്‍ ബംഗ്ലാദേശ് ടീം വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം സമീപ നാളുകളിലായി വഷളായിരുന്നു. ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനോടുള്ള പ്രതികരണമായിരുന്നു ബംഗ്ലാദേശിന്റെ ഈ നീക്കം. എന്നാല്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അധികാരമേറ്റ പുതിയ സര്‍ക്കാര്‍ ഇന്ത്യയുമായുള്ള ബന്ധം പുനര്‍നിര്‍ണ്ണയിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി താന്‍ കൂടിക്കാഴ്ച നടത്തിയതായി അമിനുല്‍ ഹഖ് വെളിപ്പെടുത്തി. വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നതെന്നും ലോകകപ്പ് വിഷയത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ വേഗത്തില്‍ പരിഹരിക്കാനാണ് ധാക്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് ഉള്‍പ്പെടെ എല്ലാ മേഖലകളിലും അയല്‍രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താനാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നയതന്ത്രതലത്തിലുള്ള സങ്കീര്‍ണ്ണതകള്‍ കാരണമാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും മുന്‍കൂട്ടി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കില്‍ ടീമിന് കളിക്കാമായിരുന്നുവെന്നും മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കൂടിയായ മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, നിലവിലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പിന്റെ സുതാര്യതയെയും അദ്ദേഹം ചോദ്യം ചെയ്തു. ബിസിബി പ്രസിഡന്റ് അമിനുല്‍ ഇസ്ലാമിന്റെ സ്ഥാനത്തെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം, തിരഞ്ഞെടുപ്പ് രീതികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് പറഞ്ഞു. ഐസിസിയുടെ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിക്കൊണ്ട് ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കാര്യങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, ബിസിബി പ്രസിഡന്റ് അമിനുല്‍ ഇസ്ലാം ബുള്‍ബുള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജ്യം വിട്ടതായും ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി ഓസ്ട്രേലിയയിലേക്ക് പോയതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Summary; Bangladesh’s newly formed government wanted to reset cricketing ties with India

This post was last modified on February 18, 2026 12:16 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment