June 26, 2026 |
Share on

ഷേഖ് ഹസീനയുടെ കൈമാറ്റം; ”ഇന്ത്യ നയപരമായി കളിക്കണം, പാകിസ്താന് അവസരം കൊടുക്കരുത്‌”

ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്രപരമായ വെല്ലുവിളിയാണിത്

ബംഗ്ലാദേശിൽ ആഭ്യന്തര കലാപത്തെ തുടർന്ന് ഷെയ്ഖ് ഹസീനയുടെ സർക്കാർ നിലംപതിച്ചതിനും അവർക്ക് വധശിക്ഷ വിധിച്ചതിനും പിന്നാലെ, ഈ വിഷയം ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിൽ ഒരു നിർണ്ണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്.

ഹസീനയുടെ ഭരണകാലത്തെ ‘ഷൂട്ട് അറ്റ് സൈറ്റ്’ നിർദ്ദേശവും തുടർന്നുണ്ടായ 1400 പേരുടെ മരണവും ന്യായീകരിക്കാനാവില്ലെന്നും, അതേസമയം വിചാരണയുടെ നിയമപരമായ സാധുത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും വ്യക്തമാക്കുകയാണ് ഇന്ത്യയുടെ മുൻ നയതന്ത്ര വി​ദ​ഗ്ധൻ കെ പി ഫാബിയാൻ. ഷെയ്ഖ് ഹസീനയെ ഇന്ത്യക്ക് കൈമാറാനുള്ള ബംഗ്ലാദേശിന്റെ ആവശ്യം ഇരു രാജ്യങ്ങൾക്കും ഒരുപോലെ നയതന്ത്രപരമായ വെല്ലുവിളിയായി മാറിക്കഴിഞ്ഞു.

ബം​ഗ്ലാ​ദേശിന്റെ സാമൂഹിക അന്തരീക്ഷം തന്നെ മാറ്റിമറിയ്ക്കുകയായിരുന്നു മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന ആഹ്വാനം ചെയ്ത ആഭ്യന്തര കലാപം. ഷേഖ് ഹസീനയുടെ സർക്കാർ നിലംപതിച്ചിട്ടും കലാപം കെട്ടടങ്ങിയിരുന്നില്ല. ഹസീന തിരി കൊളുത്തിയ കലാപം പിന്നീട് നയിച്ചത് അവാമി ലീ​ഗായിരുന്നു.

ബം​ഗ്ലാദേശിലെ സെക്യൂരിറ്റി ഫോഴ്സിനോട് ഷേഖ് ഹസീനയാണ് ഷൂട്ട് ചെയ്യാനായി ആവശ്യപ്പെട്ടത്. ഒരു ആഭ്യന്തര കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ ഷൂട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തര കലാപത്തിൽ 1400 പേർ കൊല്ലപ്പെട്ടെന്നാണ് ബം​ഗ്ലാദേശ് അവകാശപ്പെടുന്നത്. തന്റെ അധികാരം പിടിച്ചു നിർത്താൻ വേണ്ടി സെക്യൂരിറ്റി ഫോഴ്സിനോട് ഒരു ബദ്ധപ്പെട്ട അധികാരി ഇങ്ങനെയൊരു ആവശ്യമുന്നയിച്ചത് തന്നെ തെറ്റാണെന്ന് ഇന്ത്യൻ നയനന്ത്ര വിദ​ഗ്ധൻ കെ. പി ഫാബിയാൻ അഴിമുഖത്തോട് പറഞ്ഞു.

ആളുകളെ കൊന്നൊടുക്കി കൊണ്ട് അധികാരം കൈയാളാനുള്ള ശ്രമം ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. പ്രതിഷേധത്തിലേർപ്പെട്ടിരുന്ന വിദ്യാർത്ഥികളുമായി സന്ധിചർച്ചയ്ക്കുള്ള ഒരു സാധ്യത അവിടെ നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അത്തരത്തിലൊരു ശ്രമം ഷേഖ് ഹസീനയുടെ ഭാ​ഗത്ത് നിന്നുണ്ടായില്ല. അതുകൊണ്ട് തന്നെ ഷേഖ് ഹസീന ചെയ്തത് വളരെ ​ഗുരുതരമായ ഒരു തെറ്റാണെന്ന് ഫാബിയാൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അതേസമയം തന്നെ ഹസീനയ്ക്ക് വധശിക്ഷ വിധിച്ച ആ വിചാരണ ശരിയായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. ഷേഖ് ഹസീനയുടെ ഭാ​ഗത്ത് നിന്ന് ഹാജരായത് ഇടക്കാല സർക്കാർ നിയമിച്ച അഭിഭാഷകനായിരുന്നു, ഷേഖ് ഹസീന നിയമിച്ച അഭിഭാഷകനായിരുന്നില്ല. കോടതിയുടെ അധികാരത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലപാടായിരുന്നു പലപ്പോഴായി ഹസീന സ്വീകരിച്ചിരുന്നത്.

ഷേഖ് ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടു കിട്ടണം എന്നതാണ് ബം​ഗ്ലാദേശ് മുന്നോട്ട് വയ്ക്കുന്ന ആവശ്യം. എന്നാൽ, വധശിക്ഷയ്ക്ക് വിധിച്ച ഈ സാഹചര്യത്തിൽ ഇന്ത്യ അതിന് തയ്യാറാകുമെന്ന് കരുതുന്നില്ല. ഈ വിഷയത്തെ നയതന്ത്രപരമായി തന്നെയാണ് ഇന്ത്യയും ബം​ഗ്ലാദേശും കൈകാര്യം ചെയ്യേണ്ടത്. പരസ്യപ്രസ്താവനകൾ ഒഴിവാക്കുകയാണ് വേണ്ടെതെന്ന് കരുതുന്നു. വിദ​ഗ്ധരായ നയതന്ത്രഞ്ജരെ ഇരു വിഭാ​ഗങ്ങളും നിയമിക്കുകയും ചർച്ച മുന്നോട്ട് കൊണ്ടുപോവുകയുമാണ് വേണ്ടത്. ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വധശിക്ഷാ വിധി വന്നിട്ടും ഷേഖ് ഹസീന ഇന്ത്യയിൽ തുടരുന്നത് ആ ബന്ധത്തിന്റെ ആഴം വർദ്ധിപ്പിച്ചേക്കാം. ഇന്ത്യയ്ക്കും ബം​ഗ്ലാദേശിനും ഇടയിലുള്ള ബന്ധത്തെ എങ്ങനെ ഇത് ബാധിക്കുമെന്നുള്ളത് ഇരുരാജ്യങ്ങളുടെ പെരുമാറ്റവും നിലപാടും അനുസരിച്ചേ പറയാൻ സാധിക്കൂ.

ഇടക്കാല സർക്കാർ പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിൽ, ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകുന്നത് ബംഗ്ലാദേശിലെ പുതിയ ഭരണകൂടത്തെ ഇന്ത്യയിൽ നിന്ന് അകറ്റാൻ കാരണമാകും. പാകിസ്ഥാൻ-ചൈന അച്ചുതണ്ടിലേക്ക് ബംഗ്ലാദേശ് കൂടുതൽ അടുക്കുന്നത്, ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലെ സുരക്ഷാ താൽപ്പര്യങ്ങൾക്കും പ്രാദേശിക സ്വാധീനത്തിനും കനത്ത വെല്ലുവിളിയാകും. വധശിക്ഷാ വിധി വന്നിട്ടും ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നത് ആ ബന്ധത്തിന്റെ ആഴം വർദ്ധിപ്പിച്ചേക്കാം

ജനാധിപത്യമാണ് ബം​ഗ്ലാദേശ് ആവശ്യപ്പെടുന്നതെങ്കിൽ രാജ്യത്ത് അവാമി ലീ​ഗെന്ന പാർട്ടിയെ നിരോധിക്കുന്നത് ശരിയായ നടപടിയാണെന്ന് കരുതുന്നില്ല. ഒരു ജനാധിപത്യ രാജ്യത്ത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. ഇതൊരു രാഷ്ട്രീയ വിഷയമായത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ നിയമപരമായി ഒരു പരിധി വരെ മാത്രമേ നമുക്ക് ചർച്ച ചെയ്യാൻ സാധിക്കൂ. വിധി വന്നതിന് ശേഷം ഷേഖ് ഹസീന ഒരു രാഷ്ട്രീയ നേതാവല്ല. ഒരു കുറ്റവാളിയാണെന്നും ഫാബിയാൻ പറയുന്നു.

ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയെ നിരോധിക്കുന്നത്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഉൾക്കൊള്ളൽ സ്വഭാവവും ഇല്ലാതാക്കും. ഇത് ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരത വർദ്ധിപ്പിക്കാനും ജനാധിപത്യ പ്രക്രിയയെ തന്നെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

content summary: On Sheikh Hasina’s transfer to Bangladesh: India must act strategically and avoid giving Pakistan any leverage

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×