February 14, 2025 |
Share on

നന്നായി കളിച്ചില്ലെങ്കില്‍ ശമ്പളം കുറയ്ക്കും

കോര്‍പ്പറേറ്റ് ശൈലിയിലേക്ക് മറാന്‍ ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ശമ്പള പരിഷ്‌കരണം വരുന്നു. വ്യത്യസ്ത ശമ്പള സ്‌കെയില്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം നിശ്ചയിക്കു. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലെ തോല്‍വി അവലോകനം ചെയ്ത യോഗത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു കളിക്കാര്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം നിശ്ചയിക്കുകയെന്നത് എന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച്ച നടന്ന യോഗത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

ശമ്പളത്തിന്റെ കാര്യത്തില്‍ പുനര്‍വിചാരത്തിന് ബോര്‍ഡ് ഒരുങ്ങുന്നതിന് പിന്നിലെ മുഖ്യകാരണം, കളിക്കാര്‍ക്ക് ഉത്തരവാദിത്തബോധം ഉണ്ടാക്കുകയെന്നതാണെന്നും എക്‌സ്പ്രസ് പറയുന്നു. കളിക്കളത്തില്‍ എങ്ങനെ ജോലി ചെയ്യുന്നു, അതിനടിസ്ഥാനത്തില്‍ കൂലി കുറയാം, കൂടാം; ഇക്കാര്യം കളിക്കാരുടെ മനസില്‍ ഉണ്ടാകണം എന്നാണ് ബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നത്.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും അവരുടെ ജീവനക്കാരെ വിലയിരുത്താറുണ്ട്. പെര്‍ഫോമന്‍സ് അടിസ്ഥാനത്തിലാണ് പിന്നീടുള്ള ജോലിയും കൂലിയുമൊക്കെ നിശ്ചയിക്കപ്പെടുന്നത്. ഇതേ സംവിധാനം ഇന്ത്യന്‍ ക്രിക്കറ്റിലും കൊണ്ടു വരാനാണ് നോക്കുന്നത്.

rohit sharma-virat kohli
ഒരു കളിക്കാരനെ വിലയിരുത്തുമ്പോള്‍, അവന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തില്‍ എത്തുന്നില്ലെങ്കില്‍, ശമ്പളത്തില്‍ അതിന്റെ കുറവ് പ്രകടമാകും. കളിക്കാരെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും അവരുടെ പ്രകടനം പ്രതീക്ഷകള്‍ക്ക് അനുസൃതമല്ലെങ്കില്‍, വേരിയബിള്‍ പേ-കട്ട്(പ്രകടനത്തിന് അനുസരിച്ച് ശമ്പളത്തില്‍ വ്യത്യാസം വരുത്തുക) നേരിടേണ്ടിവരുമെന്നും യോഗത്തില്‍ നിര്‍ദ്ദേശം ഉണ്ടായെന്നാണ് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ഇന്ത്യന്‍ എക്‌സ്പ്രസ്സിന് വിവരം കിട്ടിയത്.

കഴിഞ്ഞ വര്‍ഷം ബിസിസിഐ ടെസ്റ്റ് താരങ്ങള്‍ക്ക് ഇന്‍സെന്റീവ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അതനുസരിച്ച്, 2022-23 മുതല്‍ ഒരു സീസണില്‍ 50 ശതമാനത്തിലധികം ടെസ്റ്റുകളില്‍ പ്ലെയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ച ഒരു താരത്തിന് ഒരു മത്സരത്തില്‍ 30 ലക്ഷം രൂപ ഇന്‍സെന്റീവ് ആയി ലഭിക്കും. ഒരു സീസണില്‍ 75 ശതമാനത്തിലധികം മത്സരങ്ങളില്‍ അവസാന 11 ല്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ ഇന്‍സെന്റീവ് 45 ലക്ഷമാകും.

ട്വന്റി-20യും ഐപിഎല്ലും കൂടതല്‍ പ്രാധാന്യം നേടിയൊരു കാലത്ത് ലോംഗ് ഫോര്‍മാറ്റിലേക്ക് താരങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ടായിരുന്നു. അതിന്റെ ഭാഗമായി അവര്‍ റെഡ് ബോള്‍ മത്സരങ്ങളുടെ പ്രമോഷനു വേണ്ടി 40 കോടിയുടെ ഫണ്ട് വിലയിരുത്തിയിരുന്നു. ഈ തുകയാണ് ടെസ്റ്റിലെ ഇന്‍സെന്റീവായി വിതരണം ചെയ്തത്.

BCCI
ശനിയാഴ്ച്ചത്തെ യോഗത്തില്‍ ഉയര്‍ന്ന മറ്റൊരു പ്രധാന വിമര്‍ശനം, ചില കളിക്കാര്‍ക്ക് ടെസ്റ്റ് കളിക്കുന്നതില്‍ വലിയ താത്പര്യം ഇല്ലെന്നാണ്. അവര്‍ വൈറ്റ് ബോളില്‍(ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍) കാണിക്കുന്നയത്ര താത്പര്യം ടെസ്റ്റില്‍ കാണിക്കുന്നില്ല. ബോര്‍ഡ് ഇക്കാര്യത്തില്‍ ഗൗരവത്തോടെ ഇടപെടണം. അടുത്ത തലമുറ താരങ്ങള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് താതപര്യം കൂട്ടണം, ഇന്ത്യന്‍ ടെസ്റ്റ് ക്യാപ് അണിയുകയെന്നത് അഭിമാന നേട്ടമായി അവര്‍ക്ക് തോന്നണം എന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

സമീപകാലത്തെ ഇന്ത്യന്‍ ടെസ്റ്റ ്ടീമിന്റെ അവസ്ഥ പരിതാപകരമാണ്. സ്വന്തം മണ്ണില്‍ വച്ച് ന്യൂസിലാന്‍ഡിനോട് മൂന്നു മത്സര ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി നേരിടേണ്ടി വന്നു. 18 പരമ്പര വിജയങ്ങളുടെ അവസാനമായിരുന്നു ആ തോല്‍വി. അതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയില്‍ പോയി 1-3 ന് പരമ്പര അടിയറ വച്ചത്. പത്തു വര്‍ഷത്തിന് ശേഷം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയയ്ക്ക് തിരിച്ചെടുക്കാന്‍ മാത്രമല്ല, അവരെ ലോക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് എത്തിക്കാനും തോല്‍വിയിലൂടെ ഇന്ത്യന്‍ ടീമിന് സാധിച്ചു. ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ പരാജയമായിരുന്നു ഓസ്‌ട്രേലിയയില്‍ കണ്ടത്. പല തലകളും ഉരുളാനിരിക്കെയാണ്, ഇപ്പോള്‍ ശമ്പളത്തിലും പുതിയ പരിഷ്‌കാരം കൊണ്ടുവരാന്‍ ബോര്‍ഡ് ആലോചിക്കുന്നത്.  BCCI planning performance based variable pay for Indian test cricket players

Content Summary; BCCI planning performance based variable pay for Indian test cricket players

×