പരാജയമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കര്‍ശനമായ ചില തീരുമാനങ്ങള്‍ ടീമിന്റെ കാര്യത്തില്‍ എടുത്തത്. പ്രകടനത്തിനനുസരിച്ച് മാത്രം ഇനി മുതള്‍ ശമ്പളം എന്നത് അതിലൊന്നായിരുന്നു. അതിലും പ്രധാനമായിരുന്നു, വിദേശ പര്യടനങ്ങള്‍, ഫാമിലി ടൂര്‍ ആക്കുന്ന താരങ്ങള്‍ക്ക് മുന്നില്‍ റെഡ് ലൈറ്റ് തെളിച്ചത്. വിദേശ പര്യടനങ്ങളോ ടൂര്‍ണമെന്റുകളോ 45 ദിവസത്തോളം നീണ്ടു നില്‍ക്കുന്നതാണെങ്കില്‍ ഇനി മുതല്‍ 14 ദിവസം മാത്രമേ കുടുംബത്തെ കൂടെ നിര്‍ത്താന്‍ പറ്റു. ഹ്രസ്വകാല പര്യടനങ്ങളിലാണെങ്കില്‍ ഏഴ് ദിവസവും.
ഭാര്യ, മക്കള്‍ ഉള്‍പ്പെടെ കുടുംബത്തെ കൂടെ കൊണ്ടു പോകുന്നതിന് കര്‍ശന നിയന്ത്രണമാണ് ബോര്‍ഡ് ഏര്‍പ്പെടുത്തിയത്. നാണം കെട്ട പരാജയം ഏറ്റുവാങ്ങി പരമ്പര അടിയറവച്ച ഓസീസ് ടൂറിലും പ്രധാന താരങ്ങളൊക്കെയും തങ്ങളുടെ ഫാമിലിയെയും കൂട്ടിയിരുന്നു. കളിക്കളത്തില്‍ പരാജയപ്പെട്ട താരങ്ങളും, കുടുംബത്തോടൊപ്പം അവരുടെ ‘ ആഘോഷ’ത്തിന് കുറവൊന്നും വരുത്തിയിരുന്നില്ല. ഇതോടെയാണ്, കളിക്കാന്‍ പോയാല്‍ കളിച്ചാല്‍ മതിയെന്ന് ബോര്‍ഡ് തീരുമാനിച്ചത്.
ഇപ്പോള്‍ ദൈനിക് ജാഗരണ്‍ പുറത്തു വിട്ടൊരു വാര്‍ത്തയില്‍, ഓസീസ് പര്യടനത്തില്‍ ചില ഇന്ത്യന്‍ താരങ്ങള്‍ എങ്ങനെയൊക്കെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടമുണ്ടാക്കിയതെന്ന് പറയുന്നുണ്ട്. അനുവദനീയമായ ലഗേജുകളുടെ ഇരട്ടിയാണ് ചില താരങ്ങളുടെ കൈവശമുണ്ടായിരുന്നത്. അതും സ്വന്തം സാധനങ്ങളല്ല, കുടുംബാംഗങ്ങളുടെ ബാഗുകള്‍ കൂടിയാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചെലവില്‍ കൊണ്ടു പോയതും കൊണ്ടുവന്നതും. ഇതോടെ ബിസിസിഐ ഒരു വ്യവസ്ഥ കൂടി കളിക്കാരുടെ മുന്നില്‍ വച്ചിരിക്കുകയാണ്. ഇനി മുതല്‍ അനുവദനീയമായ ലേഗജുകളുടെ ഭാരം 150 കിലോയില്‍ കൂടരുത്. അതായത്, അത്രയും ഭാരത്തിന്റെ ചെലവേ ബോര്‍ഡ് വഹിക്കു, അതില്‍ കൂടുതലുണ്ടെങ്കില്‍ സ്വന്തം കൈയില്‍ നിന്നും എടുക്കണം.
ചില താരങ്ങള്‍ ബോര്‍ഡ് നല്‍കുന്ന സേവനങ്ങള്‍ ദുര്യുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പര്യടനത്തിന്റെ ഭാഗമായിരുന്ന ഒരു താരത്തിന്റെതായി ഉണ്ടായിരുന്നത് 27 ബാഗുകളായിരുന്നു. ഇതിന്റെ ചെലവ് മുഴുവന്‍ വഹിച്ചത് ബിസിസിഐയായിരുന്നു. ഇത്രയും ബാഗുകള്‍ ആ താരത്തിന്റെതായിരുന്നില്ല, കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളുടെയും കൂടാതെ പേഴ്‌സണല്‍ സ്റ്റാഫുകളുടെയും കൂടിയായിരുന്നു. 250 കിലോഭാരമുള്ള ലഗേജുകളായിരുന്നു പേര് പുറത്തു വിട്ടിട്ടില്ലാത്ത താരത്തിന്റെതായി ഉണ്ടായിരുന്നത്. ഇതിന്റെയെല്ലാം ചെലവ് തലയിലായത് ക്രിക്കറ്റ് ബോര്‍ഡിന്റെയും. ഈ ലഗേജുകളില്‍ 17 ബാറ്റുകള്‍ ഉണ്ടായിരുന്നു. ഇതു കൂടാതെ, കുടുംബാംഗങ്ങളുടെയും സ്റ്റാഫിന്റെയും സാധനങ്ങളും. ബിസിസിഐയുടെ നിയമപ്രകാരം കളിക്കാരുടെയും കുടുംബാംഗങ്ങളുടെയും സ്റ്റാഫുകളുടെയും ലഗേജുകള്‍ വെവ്വേറേ കൊണ്ടു പോകണം. എന്നാല്‍ എല്ലാം തന്റെ ലഗേജുകളുടെ ഭാഗമാക്കിയാണ് താരം ബിസിസിഐയെ ചെലവേല്‍പ്പിച്ചത്. ഓസീസ് പര്യടനത്തില്‍ മുഴുവന്‍ സമയവും ഈ താരത്തിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിനൊപ്പം തന്നെയുണ്ടായിരുന്നു.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മുഴുവന്‍, നാട്ടില്‍ നിന്ന് വിദേശത്തേക്കും, ഓസ്‌ട്രേലിയയിലെ ഓരോ നഗരങ്ങളിലേക്കും, തിരികെ നാട്ടിലേക്കുമുള്ള എല്ലാ യാത്രകളിലും കളിക്കാരുടെ കുടുംബാംഗങ്ങളുടെയും സ്റ്റാഫുകളുടെയും ലാഗേജ് ചെലുകള്‍ മൊത്തം വഹിച്ചത് ബിസിസിഐ ആയിരുന്നു. ഈ ഇനത്തില്‍ മാത്രം ബോര്‍ഡിന് എത്ര രൂപ ചെലവായെന്ന് കൃത്യമായി പുറത്തു വിട്ടിട്ടില്ലെങ്കിലും ലക്ഷങ്ങള്‍ ചെലവായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരു താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായ സമീപനം ടീമിലെ മറ്റ് അംഗങ്ങളും പിന്തുടരാന്‍ സാധ്യത മുന്നില്‍ കണ്ടാണ് ബോര്‍ഡ് ഇക്കാര്യത്തില്‍ കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവന്നത്. BCCI pay for 250 kg luggage for one Indian Cricket player on Australian Tour
Content Summary; BCCI pay for 250 kg luggage for one Indian Cricket player on Australian Tour