ശിഷ്യന്റെ ഗുരുദക്ഷിണയോ, തലതൊട്ടപ്പനോടുള്ള പ്രായശ്ചിത്തമോ?

എല്‍ കെ അദ്വാനിയുടെ ശിഷ്യന്‍ എന്നതു തന്നെയായിരുന്നു നരേന്ദ്ര മോദിയുടെ ഐഡന്റിറ്റിയും ഭാഗ്യവും

ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റില്‍ നിന്ന് യു.പി.എസ്.സി ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നിലൂടെയുള്ള ഷാജഹാന്‍ റോഡിലുള്ള താജ്മാന്‍സിംഗ് ഹോട്ടലിനു മുന്നില്‍ നിന്നും അടുത്ത റൗണ്ട് എബൗട്ട് എടുത്തു പ്രഥ്വിരാജ് റോഡില്‍ കയറി കുറച്ചുകൂടി മുന്നോട്ടു പോയാലാണ് 30-ാം നമ്പര്‍ വീടിനു മുന്നിലെത്തുക. ആ വീട്ടില്‍ താമസിക്കുന്ന മനുഷ്യനാണ് ഇന്ത്യയെ ഇന്ന് കാണുന്ന ‘ഇന്ത്യ’യാക്കാന്‍ വഴിവെട്ടിയത്. അയാള്‍ കണ്ട ‘സ്വപ്‌നങ്ങളും’, അതിനുവേണ്ടിയെടുത്ത ‘പണി’യുമാണ് ഇന്ന് അധികാരത്തിലിരിക്കുന്നവര്‍ക്ക് സഹായമായത്. പക്ഷേ, കഴിഞ്ഞൊരു പതിറ്റാണ്ടായി ആളും ആരവങ്ങളുമില്ലാത്ത ഈ വീട്ടില്‍ അയാള്‍ ഏകാകിയായി ജീവിക്കുകയാണ്. നിരാശനായ ആ വൃദ്ധന്റെ പേര് ലാല്‍ കൃഷ്ണ അദ്വാനി.

പ്രധാനമന്ത്രിയാവുക എന്ന സ്വപ്നം തകര്‍ന്നതു മാത്രമല്ല, ബി.ജെ.പിയിലെ ആരുമല്ലാതായതും അദ്ദേഹത്തെ തളര്‍ത്തി. ഒരുകാലത്ത് അദ്വാനിയുടെ വലംകൈയായിരുന്നയാള്‍ ഇന്നാ പാര്‍ട്ടിയുടെ എല്ലാമെല്ലാമായിട്ടു പോലും. എല്‍ കെ അദ്വാനിയുടെ ശിഷ്യന്‍ എന്നതു തന്നെയായിരുന്നു നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ ഐഡന്റിറ്റിയും ഭാഗ്യവും.

അദ്വാനിയില്ലായിരുന്നുവെങ്കില്‍ 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുന്ന രീതിയിലേക്ക് ബി.ജെ.പി വളരുമായിരുന്നില്ല. 1990 സെപ്റ്റംബര്‍ 25-ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ അയോധ്യയിലേക്ക് അദ്വാനി നടത്തിയ രഥയാത്രയുടെ പ്രധാന സംഘാടകന്‍ മോദിയായിരുന്നു. 1947-ലെ വിഭജത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സാമുദായിക ചേരിതിരിവിനു തന്നെ കാരണമായ ഒന്നായിരുന്നു ആ യാത്ര. രഥചക്രങ്ങള്‍ വിവിധ നഗരങ്ങളിലുടെ ഉരുണ്ടപ്പോഴൊക്കെ വര്‍ഗീയതയും ചേരിതിരിവും ഇന്ത്യയുടെ ഹൃദയത്തില്‍ തറച്ചുകയറി. ഈ വിഭജന യാത്ര വിജയകരമാക്കാന്‍ അന്ന് അദ്വാനിക്കു പിന്നില്‍ അടിയുറച്ചു നിന്നയാളാണ് മോദി.

അതിനൊടുവില്‍ 1992 ഡിസംബര്‍ ആറിന് അക്രമാസക്തരായ കര്‍സേവകര്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ സൈന്യാധിപനായിരുന്ന മിര്‍ ബാഖി പണികഴിപ്പിച്ച ബാബറി മസ്ജിദ് തകര്‍ത്തു. സാമുദായിക ലഹളയില്‍ ആയിരക്കണക്കിന് പേര്‍ ഇതിനകം രാജ്യത്ത് കൊല്ലപ്പെട്ടു. രഥയാത്രയുടെയും അതിനു പിന്നാലെയുണ്ടായ ബാബറി പള്ളി തകര്‍ക്കലിന്റേയുമൊക്കെ ഗുണഭോക്താക്കളെന്ന നിലയിലാണ് ബി.ജെ.പി ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി മാറിയത്. ചെയ്തു.

താന്‍ തുടങ്ങിവച്ച രഥയാത്രയ്ക്കും അതിന്റെ രാഷ്ട്രീയത്തിനും അദ്വാനി മുമ്പോട്ടുവച്ച ന്യായീകരണം ഇതായിരുന്നു. ”മെക്കയില്‍ മുസ്ലിങ്ങള്‍ക്കും വത്തിക്കാനില്‍ ക്രിസ്ത്യാനികള്‍ക്കും അവരുടേതായ മതത്തിന്റെ അന്തരീക്ഷം ഉണ്ടാകാമെങ്കില്‍ അയോധ്യയില്‍ ഒരു ഹിന്ദു അന്തരീക്ഷം ഉണ്ടാകുന്നതില്‍ എന്താണ് തെറ്റ്” എന്നായിരുന്നു അദ്വാനി ചോദിച്ചത്.

അദ്വാനി തുടങ്ങിവച്ച ആ വിഭജന രാഷ്ട്രീയത്തിന്റെ കൊയ്ത്ത് നടത്തിയത് ബി.ജെ.പിയും മറ്റൊരാള്‍ മോദിയായിരുന്നു. 2001 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ മോദിയുടെ രാഷ്ട്രീയ മോഹങ്ങള്‍ പൂവണിഞ്ഞുതുടങ്ങി. അതിനു പിന്നാലെ ഏതാനും മാസങ്ങളുടെ സമയത്തിനുള്ളില്‍ തന്നെ സംസ്ഥാനത്ത് കലാപങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് 2002-ല്‍ നടന്ന കൂട്ടക്കൊലയെന്ന് പലരും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. മോദി ഉപയോഗിച്ച ”ആക്ഷന്‍-റിയാക്ഷന്‍” പ്രതികരണങ്ങളും മറ്റുമാണ് അതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നതും.

അദ്വാനി തുടങ്ങിവച്ച വിഭജന രാഷ്ട്രീയത്തെ കുറക്കൂടി ഫലപ്രദമായി നടപ്പാക്കുകയായിരുന്നു മോദി. വര്‍ഗീയ രാഷ്ട്രീയം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് അറിയാമെന്നതുകൊണ്ടു തന്നെ അദ്വാനി തുടര്‍ന്നും മോദിയെ സംരക്ഷിച്ചിരുന്നു. മോദിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്പേയിയും മറ്റുള്ളവരും ആവശ്യപ്പെട്ടെങ്കിലും മോദിയെ സംരക്ഷിച്ചത് അദ്വാനിയായിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ മോദി തന്റെ തലതൊട്ടപ്പനെ മറികടക്കുകയും വര്‍ഗീയ രാഷ്ട്രീയത്തിന്റെ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. 2002-ലേത് പോലെ വന്‍തോതിലുള്ള അക്രമങ്ങള്‍ ഇന്നു നടക്കുന്നില്ലെങ്കിലും രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിതിരിവ് വളരെ രൂക്ഷമാണ്. അതായത്, മുമ്പത്തേക്കാള്‍ ഭംഗിയായി ഇപ്പോഴാ വര്‍ഗീയ രാഷ്ട്രീയം നടന്നു പോകുന്നുണ്ട്. താന്‍ ഊട്ടിവളര്‍ത്തിയ വര്‍ഗീയ രാഷ്ട്രീയം അതിലും രൂക്ഷമായ രീതിയില്‍ നടപ്പാക്കുന്ന ചിലര്‍ വരുമ്പോള്‍ തന്റെ സ്ഥാനം നഷ്ടപ്പെട്ടതു സ്വാഭാവികമാണെന്ന് വീടിന്റെ ഏകാന്തതയില്‍ ബാക്കിയുള്ള കാലം കഴിച്ചുകൂട്ടുന്നതിനിടയില്‍ അദ്ദേഹം സ്വയം സമാധാനിച്ചിരിക്കാം, എന്നാല്‍, അയോധ്യയിലേക്കുപോലും ക്ഷണിക്കപ്പെടാത്തവിധം താന്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുമെന്ന് കരുതിയിരുന്നിരിക്കില്ല.

ശിഷ്യന്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ‘ബഹുമതി’ പ്രായശ്ചിത്തമാണോ, അതോ ഗുരുദക്ഷിണയാണോ എന്നതില്‍ ആ 96 കാരന് സംശയമുണ്ടായിരിക്കാം, എന്നാല്‍ ശിഷ്യന്റെ ലക്ഷ്യം വ്യക്തമാണ്; ഭാരതരത്‌നകൊണ്ടും രാഷ്ട്രീയം ലാഭമുണ്ടാകും!

This post was last modified on February 3, 2024 6:20 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment