Continue reading “‘കലൈ വാണി’; ആ പേരിനെ അന്വര്‍ത്ഥമാക്കിയ വാണിയമ്മ”

" /> Continue reading “‘കലൈ വാണി’; ആ പേരിനെ അന്വര്‍ത്ഥമാക്കിയ വാണിയമ്മ”

">

UPDATES

കല

‘കലൈ വാണി’; ആ പേരിനെ അന്വര്‍ത്ഥമാക്കിയ വാണിയമ്മ

                       

തികഞ്ഞ സംഗീതപ്രേമിയായ ഒരു പിതാവ് തന്റെ പെണ്‍മക്കളില്‍ അഞ്ചാമത്തെയാള്‍ക്ക് ഇട്ട പേര് കലൈവാണി എന്നായിരുന്നു. മലയാളികള്‍ പ്രിയത്തോടെ വാണിയമ്മ എന്നു വിളിച്ച വാണി ജയറാമിന്റെ യഥാര്‍ത്ഥ പേരായിരുന്നു കലൈവാണി. ജാനകി, സുശീല, മാധുരി എന്നിവര്‍ നിറഞ്ഞൊഴുകിയിരുന്ന മലയാള സിനിമ ഗാനലോകത്തേക്ക് ഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണാട്ടിക് സംഗീതത്തിലും ഒരുപോലെ അവഗാഹം നേടിയിരുന്ന തമിഴ്‌നാട്ടുകാരി വാണി വേറിട്ട സ്വരശൈലിയുമായി മറ്റൊരു പ്രവാഹമാവുകയായിരുന്നു.

സംഗീതം കുട്ടിക്കാലം മുതല്‍ വാണിയിലുണ്ടായിരുന്നു. വെല്ലൂരില്‍ നിന്നും ചെന്നൈയിലേക്ക് ദുരൈസ്വാമി എന്ന പിതാവ് താമസം മാറ്റുന്നത് തന്നെ മകള്‍ വാണിയുടെ സംഗീത പഠനത്തിനു വേണ്ടിയായിരുന്നു. ടി ആര്‍ ബാലസുബ്രഹ്‌മണ്യം, ആര്‍ എസ് മണി എന്നിവരുടെ ശിക്ഷണത്തില്‍ കര്‍ണാട സംഗീതം അഭ്യസിച്ച വാണിക്ക് എട്ടാം വയസില്‍ ചെന്നൈ ആള്‍ ഇന്ത്യ റേഡിയോയില്‍ പാടാന്‍ അവസരം കിട്ടിയിരുന്നു. പത്താം വയസില്‍ മൂന്നു മണിക്കൂര്‍ നീണ്ട കച്ചേരി കൂടി അവതരിപ്പിച്ചതും ആ പെണ്‍കുട്ടിയുടെ സംഗീത ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു.

കലൈവാണി വാണി ജയറാം ആയി മാറുന്നതും അവരുടെ സംഗീത ജീവിതത്തെ മറ്റൊരു വഴിയിലേക്ക് ഒഴുകാന്‍ സഹായിച്ചിരുന്നു. ഒരു സംഗീത പരിപാടിയ്ക്കിടയില്‍ പരിചയപ്പെട്ട ചെന്നൈ സ്വദേശി ജയറാം വാണിയെ സ്വജീവിതത്തിലേക്ക് ക്ഷണിച്ചതോടെയാണ് കലൈവാണി വാണി ജയറാം ആകുന്നത്. വാണിയെപോലെ സംഗീതത്തെ സ്‌നേഹിച്ചിരുന്ന ഒരാളായിരുന്നു ഭര്‍ത്താവും. നല്ലൊരു സിത്താര്‍ വാദകനും കൂടിയായിരുന്നു ജയറാം. വിവാഹശേഷം ഇരുവരും ബോംബെയിലേക്ക് തമാസം മാറ്റി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയായിരുന്ന വാണി ജയറാം ഒരു ബാങ്കില്‍ ജോലിക്കു കയറുകയും ചെയ്തു. എന്നാല്‍ ഭാര്യയുടെ കഴിവുകളെക്കുറിച്ച് ഏറ്റവും നന്നായി അറിയാമായിരുന്ന ജയറാം വാണിയെ ഉസ്താദ് അബ്ദുള്‍ റഹ്‌മാന്‍ ഖാന്റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീത പഠിക്കാന്‍ ചേര്‍ത്തു. ഭര്‍ത്താവിന്റെ പൂര്‍ണപിന്തുണ കിട്ടിയതോടെയ സംഗീതമാണ് തന്റെ ലോകമെന്ന് തിരിച്ചറിഞ്ഞ് ബാങ്ക് ഉദ്യോഗം വാണി രാജിവച്ചു. അധികം വൈകാതെ തന്നെ മുംബൈയില്‍ പലയിടങ്ങളിലും വാണി ഹിന്ദുസ്ഥാനി സംഗീത കച്ചേരികള്‍ നടത്തി. ആ പേര് ആസ്വാദര്‍ക്കിടയില്‍ പരിചിതമായി. അങ്ങനെയൊരിക്കല്‍ വാണിയുടെ ശബ്ദം പ്രസിദ്ധ സംഗീത സംവിധായകന്‍ വസന്ത് ദേശായിയെയും കീഴ്‌പ്പെടുത്തി. വസന്ത് ദേശായിയാണ് മാറാത്ത നാടക വേദികളില്‍ വാണി ജയറാമിന്റെ സംഗീതം പരിചതമാകാന്‍ നിമിത്തമായത്. വസന്ത് ദേശായി തന്നെയായിരുന്നു സിനിമ ലോകത്തേക്കും വാണി ജയറാമിനെ കൊണ്ടു പോകുന്നത്. ഋഷികേശ് മുഖര്‍ജിയെന്ന പ്രശസ്ത സംവിധായകന്‍ ഗുഡി എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ വസന്ത് ദേശായിക്കായിരുന്നു ഗാനങ്ങളൊരുക്കാന്‍ ചുമതല നല്‍കിയത്. മുഖര്‍ജിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു. സിനിമയിലെ എല്ലാ പാട്ടുകളും ഒരു ഗായിക തന്നെ പാടണമെന്ന്. ആ ആഗ്രഹം സന്തോഷത്തോടെ അംഗീകരിച്ച വസന്ത് ദേശായിയുടെ മനസില്‍ ഒരേയൊരു ഗായികയുടെ ശബ്ദമേ കടന്നു വന്നിരുന്നുള്ളൂ; അത് വാണി ജയറാമായിരുന്നു. കുട്ടിക്കാലം തൊട്ട് മനസില്‍ കൊണ്ടു നടന്നിരുന്ന, ഒരു ചലച്ചിത്ര ഗായികയാകണമെന്ന തമിഴ്ന്നാട്ടുകാരി വാണിയുടെ ആഗ്രഹം 1971 ല്‍ ഗുഡി എന്ന ഹിന്ദി ചിത്രത്തിലൂടെ സഫലമായി. ഗുഡിയില്‍ മൂന്നു പാട്ടുകളുണ്ടായിരുന്നു. ബോലെ രെ പപ്പി ഹര, ഹം കൊ മന്‍ കി ശക്തി ദേന, ഹരി ബിന്‍ കൈസേ ജിയൂന്‍ എന്നീ മൂന്നു ഗാനങ്ങളും വാണി ജയറാം തന്നെ പാടി. ഇതില്‍ ബോലെ രെ പപ്പി ഹര വാണി ജയറാമിന് അംഗീകരങ്ങളും പ്രശസ്തിയും ഒരുപോലെ നേടിക്കൊടുത്തു. തുടക്കം മികച്ചതാക്കിയ വാണി ജയറാമിന് അവസരങ്ങള്‍ തുടര്‍ന്നും വന്നു. അതും ഏറ്റവും മികച്ച സംഗീത സംവിധായകര്‍ക്കൊപ്പം. നൗഷാദ്, മദന്‍ മോഹന്‍, ആര്‍ ഡി ബര്‍മന്‍, ഒ പി നയ്യാര്‍, കല്യാണ്‍ജി-ആനന്ദ് ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്നി മഹാന്മാരെല്ലാം വാണിയെക്കൊണ്ട് പാടിച്ചു.

സിനിമയില്‍ പാടണമെന്നത് കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹമായിരുന്നുവെങ്കില്‍ അതൊരിക്കലും ഹിന്ദി സിനിമകളിലായിരിക്കുമെന്ന് വാണി കരുതിയതെയില്ലായിരുന്നു.പക്ഷേ, കാലം ആ ഗായികയുടെ തുടക്കം അങ്ങനെയായിരുന്നു തീരുമാനിച്ചു വച്ചിരുന്നത്. ഹിന്ദിയില്‍ പേരെടുത്ത് ഏതാണ്ട് മൂന്നു വര്‍ഷത്തിനുശേഷമാണ് വാണി തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്തേക്ക് വരുന്നത്. മലയാള സിനിമയില്‍ അക്കാലത്ത് ജാനകിയെയും മാധുരിയെയും സുശീലയെയും പോലുള്ള മറുനാടന്‍ ഗായികമാര്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ആ കൂട്ടത്തിലേക്ക് വാണി ജയറാം വരുമ്പോള്‍ അവരെത്രത്തോളം സ്വീകരിക്കപ്പെടുമെന്നൊരു സംശയം ഉണ്ടായിരുന്നു. സ്വപ്‌നം എന്ന ചിത്രത്തില്‍ സാക്ഷാല്‍ സലില്‍ ചൗധരി സംഗീതം പകര്‍ന്ന, ഒ എന്‍ വിയുടെ വരികളായ ‘ സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി’ എന്ന ഗാനം മാധുരിയുടെ ശബ്ദത്തെ അടയാളപ്പെടുത്തുന്നതായിരുന്നുവെങ്കിലും തുടര്‍ന്ന് അവസരങ്ങള്‍ കിട്ടാന്‍ ആ പാട്ട് അവരെ അത്രയൊന്നും സഹായിച്ചില്ല. മലയാളത്തില്‍ പാടിയതിനും ശേഷമായിരുന്നു മാതൃഭാഷയായ തമിഴില്‍ പാടന്‍ വാണി ജയറാമിന് അവസരം വന്നതെന്നും കൂട്ടത്തില്‍ പറയേണ്ടതാണ്. നിര്‍ഭാഗ്യമെന്തെന്നാല്‍ ആ പാട്ട് ഉണ്ടായിരുന്ന പടം റിലീസ് ചെയ്തില്ല. എന്നാല്‍ സ്വന്തം മണ്ണ് മാധുരിയെ കൈയൊഴിഞ്ഞില്ല. 1973 ല്‍ ശങ്കര്‍ ഗണേഷിന്റെ സംഗീതത്തില്‍ വീട്ടുക്ക് വന്ത മരുമകള്‍ എന്ന ചിത്രത്തില്‍ ടി എം സൗന്ദര്‍രാജനൊപ്പം പാടിയ ഊര്‍ ഇടം എന്നിടം എന്ന പാട്ട് സൂപ്പര്‍ഹിറ്റായി. തുടര്‍ന്ന് നിരവധി ഹിറ്റു പാട്ടുകള്‍ ആ ശബ്ദത്തിലൂടെ പിറവിയെടുത്തു. ഏഴ് സ്വരങ്കള്‍ക്കുള്‍ എത്തനൈ പാടല്‍ എന്ന പാട്ടിലൂടെ വാണി ജയറാം മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

ഗായികയെന്ന എന്ന നിലയില്‍ പേരും അംഗീകാരവും നേടിയെ ശേഷമാണ് മലയാളത്തിലേക്ക് വീണ്ടും വാണി ജയറാം വരുന്നത്. അക്കാലത്തെ പ്രശസ്തരായ ചില സംഗീത സംവിധായകര്‍ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെങ്കിലും എം കെ അര്‍ജ്ജുനന്‍ എന്ന സംഗീത സംവിധായകന്‍ ആ ശബ്ദത്തെ ഭംഗിയായി ഉപയോഗിച്ചു. വാണി ജയറാം ഏറ്റവും കൂടുതല്‍ പാടിയിരിക്കുന്നതും അര്‍ജ്ജുനന്‍ മാഷിനു വേണ്ടിയായിരുന്നു. ആദ്യകാലത്തൊക്കെ മാറ്റി നിര്‍ത്തിയെങ്കിലും പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക പ്രശസ്ത സംഗീത സംവിധായകരും വാണിയമ്മയുടെ ശബ്ദം ഉപയോഗിക്കുകയും അതിലൂടെ പ്രശസ്തമായ ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ദേവരാജന്‍ മാഷ്, എം എസ് ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, ആര്‍ കെ ശേഖര്‍, എം എസ് വിശ്വനാഥന്‍, എ ടി ഉമ്മര്‍, കെ ജെ ജോയി, ശ്യാം, ജോണ്‍സണ്‍, ജെറി അമല്‍ദേവ് എന്നിവരുടെയെല്ലാം ഗാനങ്ങള്‍ വാണി ജയറാം പാടിയിട്ടുണ്ട്.

വാല്‍ക്കണ്ണെഴുതിയ വനപുഷ്പം ചൂടി, മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു, നാടന്‍ പാട്ടിലെ മൈന, പദ്മതീര്‍ത്ഥക്കരയില്‍, രതിസുഖസാരേ, സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ, മനസിന്‍ മടിയിലെ, തുടങ്ങിയ എത്രയോ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍. 453 സിനിമകളിലായി 624 മലയാള ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. പുതുതലമുറയ്ക്കു വാണി ജയറാമിനെ പെട്ടെന്ന് തിരിച്ചറിയണമെങ്കില്‍ നിവിന്‍ പോളി നായകനായ 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളിലെ ഓലഞ്ഞാലി കുരുവി എന്ന പാട്ടും, പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്നീ പാട്ടുകളും കേട്ടാല്‍ മതിയാകും.2019 ല്‍ മാധവീയം എന്ന സിനിമയ്ക്കു വേണ്ടിയാണ് വാണി ജയറാം അവസാനമായി മലയാളത്തില്‍ പാടുന്നത്.

മലയാളിക്ക് എന്നപോലെ ഓരോ ഭാഷയിലെ ചലച്ചിത്ര സംഗീത പ്രേമിക്കും വാണി ജയറാം അവരുടെ പ്രിയപ്പെട്ട ഗായിക തന്നെയായിരുന്നു. ശങ്കരാഭരണം എന്ന ക്ലാസിക്ക് സിനിമയിലെ പാട്ടുകള്‍ മാത്രം മതി വാണി ജയറാം എന്ന ഗായികയുടെ മഹത്വത്തെ അടയാളപ്പെടുത്താന്‍. ബ്രോച്ചേവരേവരുര അടക്കം അഞ്ചു പാട്ടുകളാണ് ശങ്കരാഭരണത്തില്‍ വാണി ജയറാം പാടിയിട്ടുള്ളത്. വിവധി ഇന്ത്യന്‍ ഭാഷകളിലായി ഏകദേശം എണ്ണായിരം പാട്ടുകളാണ് വാണി ജയറാം പാടിയിരിക്കുന്നത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണ അവരെ തേടിയെത്തി. അതിലെ പ്രത്യേകത എന്തെന്നാല്‍ മൂന്നു ഭാഷകളിലായി പാടിയ പാട്ടുകള്‍ക്കാണ് ദേശീയ പുരസ്‌കാരങ്ങള്‍ കിട്ടിയതെന്നതാണ്. തമിഴില്‍ അപൂര്‍വരാഗങ്ങള്‍, തെലുഗില്‍ ശങ്കരാഭരണം, കന്നഡയില്‍ സ്വാതി കിരണം എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ക്കാണ് വാണി ജയറാം ദേശീയ പുരസ്‌കാരങ്ങള്‍ നേടിയത്. മികച്ച ഗായികയ്ക്കുള്ള ഗുജറാത്ത്, ഒഡീഷ സര്‍ക്കാരുകളുടെ സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കും വാണി ജയറാം അര്‍ഹയായി. ഏറ്റവുമൊടുവിലായി ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ആ മഹാ ഗായികയെ പത്മഭൂഷണ്‍ ബഹുമതി നല്‍കിയും ആദരിച്ചിരുന്നു. അവസാനകാലം വരെയും സംഗീതത്തിന്റെ ലോകത്ത് തന്നെയായിരുന്നു മലയാളിയുടെ പ്രിയപ്പെട്ട വാണിയമ്മ ജീവിച്ചിരുന്നത്. അത്രമേല്‍ സംഗീതത്തില്‍ അര്‍പ്പിച്ചു ജീവിച്ചിരുന്ന ആ ഗായിക ഈ ലോകത്ത് നിന്നും മടങ്ങിയാലും ആ ശബ്ദം ഒരിക്കലും മരിക്കുന്നില്ല.

Share on

മറ്റുവാര്‍ത്തകള്‍