ബിഹാറിലെ ആദ്യ കോൺഗ്രസ് ഇതര, മുഖ്യമന്ത്രിയായിരുന്ന കർപ്പൂരി താക്കൂറിനാണ് ഈ വർഷത്തെ ഭാരതരത്‌ന. ബിഹാറിന്റെയും രാജ്യത്തിന്റെയും രാഷ്ട്രീയത്തിൽ വലിയ കൊടുങ്കറ്റുകൾ സൃഷിട്ടിച്ച കർപ്പൂരി താക്കൂറിനു രാജ്യത്തെ ഏറ്റവും പരമോന്നത ബഹുമതിക്കായി തിരഞ്ഞെടുക്കുന്നത് ബിഹാർ ജനതയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണ്. എന്നാൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത് മുതൽ ഭാരതരത്‌ന ലഭിച്ച ആളുകളെ പരിശോധിക്കുകയാണെങ്കിൽ ഇതിൽ വ്യക്തമായ രാഷ്ട്രീയം ഒളിച്ചു കടത്തുന്നുണ്ടെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അധികാരത്തിലെത്തിയ 10 വർഷത്തിനുള്ളിൽ അഞ്ചോളം ഭാരതരത്‌ന ശുപാർശകളാണ് കേന്ദ്രം മുന്നോട്ടു വച്ചത്. മദൻ മോഹൻ മാളവ്യ, വാജ്‌പേയി, പ്രണബ് മുഖർജി, ഭൂപൻ ഹസാരിക, നാനാജി ദേശ്മുഖ് എന്നിവർക്കാണ് ഇക്കാലയളവിൽ മോദി സർക്കാർ ഭാരതരത്‌ന നൽകിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷനായിരുന്ന മദൻ മോഹൻ മാളവ്യയുടെ ഹിന്ദുത്വ ചായ്വ് കോൺഗ്രസ് നേതൃത്തത്തിനുള്ളിൽ തന്നെ വിമർശന വിധേയമായിരുന്നു. ഈ രാഷ്ട്രീയം ഭാരതരത്‌ന ലഭിച്ച മറ്റു മൂന്നുപേരിലും തെളിഞ്ഞു നിൽക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ ഈ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമാണ് കർപ്പൂരി താക്കൂറിന് ഭാരതരത്‌ന നൽകുന്നതിലും കാണാൻ കഴിയുന്നതെന്ന് വിശകലനമാണ് നടന്നു കൊണ്ടിരിക്കുന്നത്. ബിഹാറിലെ തെരഞ്ഞടുപ്പിൽ ഒരു വിഭാഗം ജനങ്ങളുടെ വികാരത്തെ സ്വാധീനിക്കാൻ ഈ പുരസ്‌കാരത്തിന് കഴിയുമെന്നിരിക്കെ ഭാരതരത്‌ന രാഷ്ട്രീയ വൽക്കരിക്കപ്പെടുകയാണോ ?
ബിജെപിയുടെ രാമക്ഷേത്ര, ഹിന്ദുത്വ കാർഡുകളെ എതിർക്കാനായി പ്രതിപക്ഷം ജാതി സെൻസസ് ഉപയോഗപ്പെടുത്താനിരിക്കെയാണ് പുതിയ രാഷ്ട്രീയ കരുനീക്കം. ജനുവരി 23 നാണ് ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിക്കുന്നത്. ജനനായകൻ അല്ലെങ്കിൽ ജനങ്ങളുടെ നേതാവ് എന്നൊക്കെ അറിയപ്പെടുന്ന താക്കൂറിന്റെ ജന്മശതാബ്ദി വർഷം കൂടിയാണിത്. പിന്നാക്കം വിഭാഗങ്ങളുടെ അവകാശവും, വികസനവും ഉറപ്പാക്കാനുള്ള പോരാട്ടത്തിന് പേരുകേട്ട താക്കൂറിന് ഭാരതരത്‌ന നൽകണമെന്ന് ബിഹാറിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ ആർജെഡിയും ജെഡിയുവും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഒബിസി, ഇബിസി സംവരണത്തിന്റെ തുടക്കക്കാരനായ താക്കൂറിനു ഭാരതരത്‌ന പ്രഖ്യാപിക്കുന്നതിലും സമാനമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് പറയുന്നു.
ആരാണ് കർപ്പൂരി താക്കൂർ
ഠാക്കൂറിന്റെ (ജനുവരി 24, 1924-ഫെബ്രുവരി 17, 1988) രാഷ്ട്രീയ ജീവിതം വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു. ന്യൂനപക്ഷ നായ് (ബാർബർ) ജാതിയിൽ പെട്ടയാളാണെങ്കിലും ബിഹാറിലെ ഏറ്റവും ഉയർന്ന പിന്നാക്ക ജാതി നേതാവായി ഉയർന്നുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ യാദവ സമൂഹത്തിൽ നിന്ന് ലാലു പ്രസാദിനേയും, ദലിത സമൂഹത്തിൽ നിന്ന് രാം വിലാസ് പാസ്വാനും രാഷ്ട്രീയത്തിൽ ശോഭിക്കണ തുടങ്ങിയതോടെ താക്കൂറിന്റെ രാഷ്ട്രീയ പ്രഭാവത്തിൽ ഉലർച്ചയുണ്ടയി.
1967 മാർച്ച് 5 മുതൽ 1968 ജനുവരി 28 വരെ ബീഹാറിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു താക്കൂർ. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുമായി ചേർന്ന് 1970 ഡിസംബറിൽ അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി, എന്നാൽ ആറ് മാസത്തിന് ശേഷം അദ്ദേഹത്തിന്റെ സർക്കാർ വീണു. 1977 ജൂണിൽ അദ്ദേഹം വീണ്ടും ആ സ്ഥാനത്തെത്തി, പക്ഷേ മുഴുവൻ കാലാവധി പൂർത്തിയാക്കാൻ ആ സർക്കാരിന് കഴിഞ്ഞില്ല, ഏകദേശം രണ്ട് വർഷത്തിനുള്ളിൽ അധികാരം നഷ്ടപ്പെട്ടു. ഭരണകാലയളവിലെ താക്കൂറിന്റെ പല നയങ്ങളും സംസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് സൃഷിട്ടിച്ചിരുന്നത്. മെട്രിക്കുലേഷൻ പരീക്ഷകൾക്ക് ഇംഗ്ലീഷ് നിർബന്ധിത വിഷയമായി നീക്കം ചെയ്തതു മുതൽ മദ്യനിരോധനം, സർക്കാർ കരാറുകളിൽ തൊഴിലില്ലാത്ത എഞ്ചിനീയർമാർക്ക് മുൻഗണനാ പരിഗണന, അതിലൂടെ 8,000 പേർക്കാണ് ജോലി ലഭിച്ചത് (തൊഴിൽ രഹിതരായ എഞ്ചിനീയർമാർ ജോലിക്കായി സ്ഥിരമായി പ്രതിഷേധം നടത്തുന്ന സമയമായിരുന്നു ഇത്; അത്തരം ഒരു പ്രതിഷേധക്കാരൻ നിതീഷ് കുമാർ ആയിരുന്നു); ലേയേർഡ് റിസർവേഷൻ സംവിധാനവും. ഈ അവസാന തീരുമാനമാണ് ബിഹാറിനും രാജ്യത്തിനും ഏറ്റവും വലിയ ആഘാതമാണ് സൃഷ്ട്ടിച്ചത്.
1970 ജൂണിൽ ബീഹാർ സർക്കാർ മുൻഗേരി ലാൽ കമ്മീഷൻ രൂപീകരിച്ചു. ഈ കമ്മീഷൻ 1976 ഫെബ്രുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ 128 കമ്മ്യൂണിറ്റികളെ “പിന്നോക്കം” എന്ന് കണ്ടെത്തി, അതിൽ 94 എണ്ണം “ഏറ്റവും പിന്നോക്കം” എന്നും ലേബൽ ചെയ്തു. ജനതാ പാർട്ടിയുടെയും കർപ്പൂരി താക്കൂറിന്റെയും നേതൃത്വത്തിലുള്ള സർക്കാർ പിന്നീട് ഈ കമ്മീഷൻ ശുപാർശകൾ നടപ്പാക്കി. വിവിധ വിഭാഗങ്ങളിൽ 26% സംവരണം ഏർപ്പെടുത്തിയ ‘കർപ്പൂരി താക്കൂർ ഫോർമുല’ ഇതിന്റെ ഭാഗമായിരുന്നു. ഇതിൽ 12% മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസികൾക്കും), 8% സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒബിസികൾക്കും 3% സ്ത്രീകൾക്കും 3% “ഉന്നത ജാതികളിൽ” സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അനുവദിച്ചു നൽകി. കേന്ദ്ര സർക്കാർ EWS ക്വോട്ട കൊണ്ടുവരുന്നതിനും ഏറെക്കാലം മുമ്പായിരുന്നു ഇത്. 1970 അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ സർക്കാർ ആറു മാസത്തിനിപ്പുറം താഴെ വീണതും കർപ്പൂരി താക്കൂർ ഫോർമുല’ മൂലമായിരുന്നു. ഉയർന്ന ജാതി സമൂഹങ്ങളിൽ നിന്നായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ അധിക്ഷേപിക്കപ്പെട്ടത്.
ഈ പത്തു വർഷത്തിനുള്ളിൽ ഭാരതരത്‌ന ലഭിച്ചത് ആർക്കൊക്കെയാണ് ?
എഡ്യൂക്കേഷണലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന മദൻ മോഹൻ മാളവ്യ, മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്‌പേയി, മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി, അസമീസ് ഗായകനും സംഗീതജ്ഞനുമായ ഭൂപൻ ഹസാരിക; ആർഎസ്എസ് നേതാവ് നാനാജി ദേശ്മുഖ് എന്നിവർക്കാണ് ഭാരതരത്‌ന ലഭിച്ചിരിക്കുന്നത്. 2015ൽ മോദി സർക്കാർ രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ മാളവ്യയ്ക്കും വാജ്‌പേയിക്കും ഈ ബഹുമതി ലഭിച്ചു. മാളവ്യ കോൺഗ്രസിന്റെ ഭാഗവും നാല് തവണ അതിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചപ്പോൾ, സംഘപരിവാർ എല്ലായ്പ്പോഴും അതിന്റെ പ്രത്യയശാസ്ത്രത്തോട് കൂടുതൽ അടുത്ത് നിൽക്കുന്ന ആളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ, കോൺഗ്രസിലെ ഗോപാൽ കൃഷ്ണ ഗോഖലെയുടെയും ബാലഗംഗാധര തിലകിന്റെയും അനുയായികളെ യഥാക്രമം പരിഗണിച്ചിരുന്നതിനാൽ, സ്വാതന്ത്ര്യ സമരത്തിൽ, മാളവ്യ ലിബറലുകൾക്കും ദേശീയവാദികൾക്കും, മിതവാദികൾക്കും, ഇടയിലായിരുന്നു.
2019-ൽ മോദി സർക്കാർ കോൺഗ്രസിന്റെ ഏറ്റവും പ്രായം കൂടിയ നേതാവ് പ്രണബ് മുഖർജിയെ ഭാരതരത്‌നയ്ക്ക് തിരഞ്ഞെടുത്തു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വാർഷിക പ്രഭാഷണം നടത്താനുള്ള ക്ഷണം സ്വീകരിച്ച് ഒരു വർഷത്തിന് ശേഷമാണ് മുഖർജിയെ അവാർഡ് ലഭിച്ചത്. മുഖർജിയോടൊപ്പം, മോദി സർക്കാർ 2019-ൽ ഭൂപൻ ഹസാരികയ്ക്ക് ഭാരതരത്‌ന ശുപാർശ ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രമുഖ സാംസ്‌കാരിക ഐക്കണുകളിൽ ഒരാളായ ഹസാരിക ഗായകൻ, ഗാനരചയിതാവ്, സംഗീതജ്ഞൻ, ചലച്ചിത്ര നിർമ്മാതാവ്, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ ആരാധകരിൽ നിന്നും ഉന്നയിച്ചു കേട്ടിരുന്ന സ്ഥിരമായ ആവശ്യം കൂടിയായിരുന്നു ഇത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഹസാരികയുടെ ജന്മനാടായ അസമിലും സ്വാധീനം നേടുന്നത് അക്കാലത്തു ബി.ജെ.പിയുടെ ഏറ്റവും വലിയ അജണ്ടയായിരുന്നു. നാനാജി ദേശ്മുഖ് എന്നറിയപ്പെടുന്ന ചണ്ഡികദാസ് അമൃതറാവു ദേശ്മുഖ് ആയിരുന്നു അടുത്ത വർഷം ഭാരതരത്‌നം ലഭിച്ച മറ്റൊരു വ്യക്തി. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ സ്വയംപര്യാപ്തത എന്നീ മേഖലകളിൽ ദേശ്മുഖ് പ്രവർത്തിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ ജനസംഘത്തെ കെട്ടിപ്പെടുത്തതായിരുന്നു. ദേശ്മുഖിന്റെ പ്രയത്‌നങ്ങൾ ബോംബെ ബിസിനസ് സമൂഹത്തിനിടയിൽ രാഷ്ട്രീയമായും സാമ്പത്തികമായും ജനസംഘത്തെ പിന്തുണയ്‌ക്കാൻ സഹായിച്ചു. ഭാരതീയ ജനസംഘത്തിന്റെ ട്രഷറർ എന്ന നിലയിൽ, ചെറുകിട ഉത്തരേന്ത്യൻ വ്യാപാരികളുടെ പാർട്ടി എന്ന പ്രതിച്ഛായയിൽ നിന്ന് ബോംബെയിലെയും ഗുജറാത്തിലെയും വൻകിട ബിസിനസുകാരുടെ പിന്തുണയുള്ള പാർട്ടിയായി അതിനെ വികസിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ബിജെപിയെ രൂപപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി മോദി ദേശ്മുഖിന്റെ പാത പിന്തുടർന്നുവെന്ന് വാദവും ശക്തമാണ്. ഏറ്റവുമൊടുവിലായി സാമ്പത്തികമായി പിന്നക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പിലാക്കിയ തകക്കൂറിനു ഭാരതരത്‌ന നൽകാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്രം വർഷങ്ങളായി നടപ്പിലാക്കാൻ വിസമ്മതിക്കുന്ന ജാതി സെൻസസ് സ്വന്തമായി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമെന്ന ഖ്യാതിയോടെയാണ് ബീഹാർ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. രാമക്ഷേത്രമുൾപ്പെടെ പല ഹിന്ദുത്വ അജണ്ടകളെയും മറികടക്കാൻ പാകത്തിലുള്ള തുറുപ്പ് ചീട്ടുകൂടിയാണിത്. അത്തരമൊരു സാഹചര്യത്തിൽ ബീഹാർ മുൻ മുഖ്യ മന്ത്രി തകക്കൂറിനു ഭാരതരത്‌ന നൽകാനൊരുങ്ങുന്ന നീക്കത്തിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്.