June 26, 2026 |

സകലതും പിഴച്ച് പ്രതിപക്ഷം, ബീഹാറില്‍ പിറക്കുന്നത് പുതുയുഗം

യാദവ വോട്ടുകള്‍ പല വിധമായി ഒഴുകി

തീര്‍ച്ചയായും തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപക്ഷത്തിന് പഴിക്കാം. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യത്തെ പരിഹസിക്കുന്ന നിലപാടുകളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടത്. രാഹുല്‍ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ ഒരു നിര്‍ണായക പ്രശ്നമായിരുന്നു. ജനാധിപത്യം നിലനില്‍ക്കുന്നത് പ്രായപൂര്‍ത്തിയായ സകല പൗരര്‍ക്കും നമ്മുടെ വോട്ടവകാശ പ്രക്രിയയില്‍ സ്വതന്ത്രവും നിര്‍ഭയവുമായി പങ്കെടുക്കാനുള്ള അവസരം സൃഷ്ടിക്കുന്നതിലൂടെയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ സംശയാസ്പദവും ചോദ്യങ്ങള്‍ സൃഷ്ടിക്കുന്നതുമായിരുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് സംശയം സൃഷ്ടിക്കുന്നതായിരുന്നു. തിരഞ്ഞെടുപ്പിന്റെ തൊട്ട് മുന്‍പ് നടത്തിയ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇത് സംബന്ധിച്ച് ‘റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്’ അടക്കം പല പഠനങ്ങളില്‍, വോട്ടര്‍പട്ടികയിലുള്ള വലിയ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൊട്ടിഘോഷിച്ച് നടന്ന എസ്.ഐ.ആര്‍ (സര്‍) പരിഷ്‌കാരങ്ങള്‍ക്കെല്ലാം ശേഷം ആകെ വോട്ടര്‍മാരിര്‍ മൂന്നുലക്ഷത്തോളം പേര്‍ അധികം വോട്ട് ചെയ്തുവെന്നും പരാതി ഉയര്‍ന്നു. ഈ പരാതികള്‍ എല്ലാം ഗൗരവമേറിയതാണ് താനും.

പക്ഷേ ഇത് ചൂണ്ടിക്കാണിച്ച് ഈ തിരഞ്ഞെടുപ്പ് പരാജയത്തിന് ന്യായം പറയാന്‍ മഹാഗഡ്ബന്ധന്‍ എന്ന പ്രതിപക്ഷ സഖ്യത്തിനാകുമോ? ഇല്ല. ഒരിക്കലുമില്ല. ബീഹാറിന്റെ നാളിതുവരെയുള്ള രാഷ്ട്രീയ ചരിത്രം മുഴുവന്‍ തിരുത്തിയെഴുതുന്ന മട്ടിലുള്ള ഒരു തിരഞ്ഞെടുപ്പ് ഫലമാണ് വെള്ളിയാഴ്ച പുറത്ത് വന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നോ ബി.ജെ.പി-ജെ.ഡി.യു സഖ്യം പരാജയപ്പെടുമെന്നോ മിക്കവാറും പേര്‍ കരുതിക്കാണില്ല. പക്ഷേ പ്രതിപക്ഷം ഇത്തരത്തില്‍ തകര്‍ന്നടിയുമെന്ന്, മഹാഗഡ്ബന്ധന്‍ കനത്ത പരാജയത്തിലേയ്ക്ക് നീങ്ങുമെന്ന് ഭരണപക്ഷം പോലും പ്രതീക്ഷിച്ചിരുന്നില്ല.

എന്തെല്ലാമാണ് പ്രതിപക്ഷത്തിന് പിഴച്ചത്? 1. വോട്ട് ചോരി എന്ന ഗൗരവമായ വിഷയം ജനങ്ങളിലേയ്ക്ക് ഗൗരവത്തോടെ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. 2. യുവജന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പ് വിഷയമാക്കുന്നതില്‍ പരാജയപ്പെട്ടു. 3. മുഖ്യമന്ത്രി മഹിള റോസ്ഗാര്‍ യോജന മുതല്‍ സ്ത്രീകളെ മുന്‍നിര്‍ത്തി നടത്തിയ ജനക്ഷേമ പദ്ധതികള്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള സ്വാധീനത്തെ മുന്‍കൂട്ടിക്കാണുന്നതില്‍ പരാജയപ്പെട്ടു. 4. സഖ്യമെന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കുന്നതില്‍ വിജയിച്ചില്ല. 5. സോഷ്യല്‍ എഞ്ചിനീയറിങ്ങില്‍ പൂര്‍ണമായി പരാജയപ്പെട്ടു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകളുണ്ടായിരുന്ന, സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആര്‍.ജെ.ഡിയുടെ തകര്‍ച്ചയായിരുന്നു പ്രതിപക്ഷത്തിന്റെ വീഴ്ചയുടെ കാതല്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുമ്പുള്ള കാലത്ത് സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച് തൊഴിലില്ലായ്മ, വിലക്കയറ്റം, വികസനമില്ലായ്മ, അന്യദേശങ്ങളില്‍ തൊഴില്‍ തേടിപ്പോകേണ്ടി വരുന്ന മനുഷ്യരുടെ പ്രശ്നങ്ങള്‍, അഴിമതി തുടങ്ങിയ കാതലായ പ്രശ്നങ്ങള്‍ സംസാരിച്ചിരുന്ന ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ രാഹുല്‍ഗാന്ധിക്കൊപ്പമുള്ള ആള്‍ എന്നി നിലയില്‍ ചുരുങ്ങിപ്പോയി. ബീഹാറില്‍ നിതീഷ് കുമാറിനേക്കാള്‍ വലിയ നേതാവായിരുന്ന ലാലുപ്രസാദ് യാദവിന്റെ മകന്‍, പിന്‍ഗാമി എന്നതിനപ്പുറം രാഹുല്‍ഗാന്ധി നയിക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൂട്ടാളി എന്ന അവസ്ഥയിലേയ്ക്ക് തേജസ്വി യാദവ് മാറി.

രണ്ട് ഒ.ബി.സി പാര്‍ട്ടികളാണ്, കുറുമി വോട്ട് ബാങ്കുള്ള ജെ.ഡി.യുവും യാദവ വോട്ട് ബാങ്കുള്ള ആര്‍.ജെ.ഡിയും, സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത് എങ്കിലും അതീവ പിന്നാക്ക വിഭാഗങ്ങള്‍ക്ക് യാതൊരു പ്രയോജനം ലഭിക്കുന്നില്ല എന്ന പ്രചരണം ബി.ജെ.പി/ഹിന്ദുത്വ നയിക്കുന്ന മാധ്യമങ്ങളുടെ സഹായത്തോടെ ബി.ജെ.പി സഖ്യം സംസ്ഥാനത്ത് വിപുലമാക്കി. ഈ പ്രചരണം പല പിന്നാക്ക ജാതി വിഭാഗക്കാരും ഏറ്റെടുത്തതോടെ നിഷാദ് സമുദായ നേതാവായ ഡോ.മുകേഷ് സാഹ്നി നയിക്കുന്ന ‘വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി’ (വി.ഐ.പി)-യെ തങ്ങളുടെ മുഖ്യ സഖ്യകക്ഷിയായി തേജസ്വി യാദവ് ചൂണ്ടിക്കാണിച്ചു. ചമ്പാരണ്‍, മൈഥലി മേഖലകളില്‍ സ്വാധീനമുള്ള നിഷാദ് സമൂഹത്തിന്റെ സാന്നിധ്യം സോഷ്യല്‍ എഞ്ചിനീയറിങ്ങിന് സഹായിക്കുമെന്ന് തേജസ്വി ഉറപ്പിച്ചു. പോരാത്തതിന് മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഒരു സീറ്റില്‍ പോലും വി.ഐ.പി വിജയിച്ചിട്ടില്ല. അതുമാത്രമല്ല, ഇ.ബി.സി അഥവാ അതീവ പിന്നാക്ക സമുദായങ്ങള്‍ എന്ന ആഖ്യാനത്തില്‍ വിശ്വസിച്ച തേജസ്വി യാദവ് തന്റെ സ്വന്തം വോട്ട് ബാങ്കായ യാദവര്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മാറ്റിവച്ചു.

അതാകട്ടെ ഏറ്റവും വലിയ തിരിച്ചടിയായി മാറി. യാദവ വോട്ടുകള്‍ പല വിധമായി ഒഴുകി. അല്ലെങ്കില്‍ തന്നെ ലാലുപ്രസാദിന്റെ മൂത്ത മകനും കുടുംബത്തിലെ പ്രശ്നക്കാരനുമായ തേജ് പ്രതാപ് യാദവ് ആര്‍.ജെ.ഡിക്കെതിരെ മറ്റൊരു പാര്‍ട്ടിയുമായി രംഗത്തെത്തിയിരുന്നു. യാദവ വോട്ട് ബാങ്കിന്റെ ഒലിച്ച് പോക്ക് പോലെ തന്നെ പ്രധാനമാണ് മുസ്ലീം പോക്കറ്റുകളില്‍ ആര്‍.ജെ.ഡി സഖ്യത്തേക്കാള്‍ കൂടുതല്‍ അസാദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെയാണ് സീമാഞ്ചല്‍ പ്രദേശത്ത് വോട്ടര്‍മാര്‍ വിശ്വസിച്ചത്. പലയിടത്തും ജെ.ഡി.യുവിനേയും മുസ്ലീം വോട്ടര്‍മാര്‍ പ്രാധാന്യത്തോടെ കണ്ടു. അതോടെ 77 സീറ്റില്‍ നിന്ന് 25 സീറ്റ് എന്ന ദയനീയതയിലേക്ക് ആര്‍.ജെ.ഡി കൂപ്പുകുത്തി.

ആര്‍.ജെ.ഡിയുടെ ഈ തകര്‍ച്ചയില്ലായിരുന്നുവെങ്കില്‍ ബീഹാറിലെ ഏറ്റവും വലിയ വാര്‍ത്ത കോണ്‍ഗ്രസ് ആകുമായിരുന്നു. അറുപത്തി മൂന്ന് സീറ്റില്‍ മത്സരിക്കുകയും സീറ്റ് പോരാ എന്ന നിലയില്‍ സഖ്യത്തില്‍ വലിയ കോലാഹലങ്ങളുണ്ടാക്കുകയും പതിനൊന്ന് സീറ്റുകളില്‍ സ്വന്തം സഖ്യത്തിനെതിരെ ‘സൗഹൃദ മത്സരം’ കാഴചവയ്ക്കകയും ചെയ്ത കോണ്‍ഗ്രസ് സംസ്ഥാനത്ത് നേടിയിരിക്കുന്നത് ആറ് സീറ്റുകളാണ്. സ്വന്തം നിലയില്‍ മത്സരിച്ച എ.ഐ.എം.ഐ.എം അഞ്ചു സീറ്റില്‍ ജയിച്ചിരിക്കുമ്പോഴാണ് ആറു സീറ്റ് എന്ന നിലയിലേയ്ക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തിയത്. രാഹുല്‍ ഗാന്ധി ഇത്രയധികം പ്രചരണം നടത്തിയിട്ടും ആര്‍.ജെ.ഡിക്കൊപ്പം പ്രമുഖമായി നിലകൊണ്ടിട്ടും ഇത്തരത്തില്‍ വലിയ തകര്‍ച്ച നേരിട്ടു എന്നുള്ളതാണ് പ്രധാനം. കഴിഞ്ഞ തവണ പന്ത്രണ്ട് സീറ്റുകള്‍ ലഭിച്ചിരുന്ന സി.പി.ഐ.എം.എല്‍ ഇത്തവണ രണ്ട് സീറ്റുകളില്‍ ഒതുങ്ങി. രണ്ട് സിറ്റിങ് സീറ്റുകളില്‍ ഒന്ന് നിലനിര്‍ത്തിയ സി.പി..ഐ.എമ്മിന് മാത്രമാണ് പ്രതിപക്ഷത്തില്‍ ലേശമെങ്കിലും സമാധാനിക്കാന്‍ വകയുള്ളത്.

സമസ്തമേഖലകളിലും പ്രതിപക്ഷം പിന്നാക്കമടിച്ചു. മുസ്ലീം-പിന്നാക്ക മേഖല എന്ന നിലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ നല്‍കിയിരുന്ന കോശി സീമാഞ്ചലിലും മിഥിലയിലും ചമ്പാരണിലും കോശി ആംഗമേഖലയിലും സെന്‍ട്രല്‍ ബീഹാര്‍ എന്ന ഭോജ്പുരി മഗഥ മേഖലയിലും പല പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പിന് വളരെ മുന്നേ പ്രതിപക്ഷം ഉയര്‍ത്തിക്കാണിച്ചിരുന്നുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടിട്ടില്ല. എസ്.ഐ.ആര്‍ എന്ന വോട്ടര്‍ പട്ടിക പരിഷ്‌കാരം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നാണ് സീമാഞ്ചല്‍ മേഖല. കോശി നദിയിലെ വെള്ളപ്പൊക്കം കാരണം നിരന്തരം കുടിയൊഴിഞ്ഞ് പോകുന്ന മനുഷ്യര്‍ പലരും വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. എന്നാല്‍ ഈ മേഖലയിലെ ശേഷിച്ച വോട്ടര്‍മാര്‍ക്കിടയില്‍ ഈ പ്രശ്‌നം പ്രതിപക്ഷത്തിന് അനുകൂലമായ വോട്ടായി മാറിയില്ല.

ചിരാഗ് പസ്വാനും ജിതിന്‍ റാം മാഞ്ചിയും വിവിധ ദളിത് പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ബി.ജെ.പി സഖ്യത്തിന് വോട്ടുകള്‍ ഉറപ്പാക്കി. സവര്‍ണ വോട്ടുകള്‍ ബി.ജെ.പിയും പിന്നാക്ക വോട്ടുകള്‍ ജെ.ഡി.യുവും ഉറപ്പ് വരുത്തി. ബി.ജെ.പിയുടെ സോഷ്യല്‍ എഞ്ചിനീയറിങ് കൃത്യമായിരുന്നു. നിതീഷ് കുമാര്‍ ഏറ്റവും സുപരിചിതമായ നേതാവായി നിലനിന്നു. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാക്ക് ഉറപ്പാക്കിയ ജനക്ഷേമപദ്ധതികള്‍ കൂടി ചേര്‍ന്നതോടെ ബി.ജെ.പി സഖ്യം ഒരിക്കല്‍ കൂടി ബീഹാര്‍ പിടിക്കുന്നു. ഇത്തവണ പഴയ പോലെയല്ല. ബി.ജെ.പിക്ക് വേണമെങ്കില്‍ ഒറ്റക്ക് ഭരിക്കാം. നിതീഷിന്റെ പോലും സഹായമില്ലാതെ. അത് സോഷ്യലിസ്റ്റ് ചരിത്രമുള്ള ബീഹാറിനെ സംബന്ധിച്ചിടത്തോളം ഗതിമാറ്റമാണ്. ഈ റിസള്‍ട്ട് പഴയ റിസള്‍ട്ടല്ല. ഇത് പുതു ചരിത്രമാണ്.

Content Summary: Bihar election; BJP made new history

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×