June 15, 2026 |
Share on

ബിഹാറില്‍ എന്‍ഡിഎ തന്നെ; ബിജെപിയെ ഞെട്ടിച്ച് നിതീഷിന്റെ അപ്രതീക്ഷിത മുന്നേറ്റം

നിലംതൊടാതെ കോണ്‍ഗ്രസ്‌

കേവല ഭൂരിപക്ഷം കടന്ന് ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം തുടരുന്നു. നിലവില്‍ ബിജെപിയും ജെഡിയും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇക്കുറിയും ഭരണത്തുടര്‍ച്ച തന്നെയാണ് ഉണ്ടാകുക.

കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും പ്രകടനം മഹാസഖ്യത്തിന് വലിയ തിരിച്ചടിയായി മാറി. വോട്ട് ചോരി പോലുള്ള രാഷ്ട്രീയായുധങ്ങള്‍ ഉയര്‍ന്നുവന്നിട്ടും കോണ്‍ഗ്രസിന് ബിഹാറില്‍ നിലംതൊടാനായില്ല.

കഴിഞ്ഞ 20 വര്‍ഷക്കാലം അധികാരത്തിലിരുന്നതിന്റെ ഭരണവിരുദ്ധ വികാരത്തെ നേരിടുന്ന അതിശയിപ്പിക്കുന്ന തിരിച്ചുവരവാണ് നിതീഷ് കുമാറിന്റെ ജെഡിയു വിന്റെ മുന്നേറ്റം. 2020 ലെ ആകെ സീറ്റുകളേക്കാള്‍ ഏകദേശം 30 സീറ്റുകള്‍ കൂടി അധികം നേടാന്‍ നിതീഷിന് കഴിഞ്ഞിട്ടുണ്ട്.

പ്രതീക്ഷകളെ മറികടന്നുള്ള പോരാട്ടം മുറുകുമ്പോള്‍ എന്‍ഡിഎയും മഹാസഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലിനപ്പുറം ബിജെപിയും, ജെഡിയുവും തമ്മില്‍ ‘വലിയേട്ടന്‍’ സ്ഥാനം ആര്‍ക്കെന്നുള്ള മത്സരവും കൂടുതല്‍ നടക്കുന്നത്. ഇത്തവണ തുല്യമായി സീറ്റുകള്‍ പങ്കിടാന്‍ ബിജെപി സമ്മതിച്ചെങ്കിലും, നിതീഷ് കുമാറിന്റെ ഒപ്പത്തിനൊപ്പമുള്ള തേരോട്ടം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ് എന്നുവേണം കരുതാന്‍.

2020 ലെ തിരഞ്ഞെടുപ്പില്‍ ജെഡിയു 115 സീറ്റുകളിലും ബിജെപി 110 സീറ്റുകളിലുമായിരുന്നു മത്സരിച്ചത്. 2015 ല്‍ 71 സീറ്റുണ്ടായിരുന്ന ജെഡിയുവിന് 2021 ല്‍ 43 സീറ്റുകളിലേക്ക് കൂപ്പുകുത്തേണ്ടി വന്നു. അതേസമയം, ബിജെപി 74 സീറ്റുകള്‍ നേടി.

ഈ തിരഞ്ഞെടുപ്പ് ബിഹാറിന് ഒരു യുഗാന്ത്യം കുറിക്കുമെന്നാണ് വിലയിരുത്തല്‍. കാരണം 19 വര്‍ഷത്തിലേറെയായി മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് കുമാറിന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു. ഇത്തവണ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍, അത് അദ്ദേഹത്തിന്റെ പത്താമത്തെ റെക്കോര്‍ഡ് ഭരണകാലമായിരിക്കും.

ജാതി സമവാക്യങ്ങളും, വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ നിതീഷിനുള്ള മാറ്റമില്ലാത്ത സ്വാധീനവുമാണ് ജെഡിയുവിന് അനുകൂലമായത് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

Content Summary: Bihar Election: NDA itself this time too

Leave a Reply

Your email address will not be published. Required fields are marked *

×