ബീഹാറിൽ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുകയാണ്. വ്യാപകമായ വോട്ടർ പട്ടിക ക്രമക്കേട് ചർച്ചയാവുമ്പോൾ, വോട്ട് അധികാർ യാത്രയുമായി രാഹുൽ ഗാന്ധിയും മുന്നിലുണ്ട്. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ കടത്തിവെട്ടാനുള്ള പദ്ധതികളുമായാണ് എൻഡിഎ സഖ്യം രംഗത്തുവന്നിരിക്കുന്നത്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയാണ് എൻഡിഎയുടെ ലക്ഷ്യം. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലും യോഗങ്ങൾ സംഘടിപ്പിക്കാനാണ് എൻഡിഎയുടെ പദ്ധതി. ആദ്യഘട്ടത്തിൽ 84 മണ്ഡലങ്ങളിൽ യോഗങ്ങൾ നടത്തും. ജെഡിയു, ബിജെപി, ലോക് ജനശക്തി പാർട്ടി (റാം വിലാസ്), ഹം (സെക്യുലർ), രാഷ്ട്രീയ ലോക് മഞ്ച് തുടങ്ങിയ സഖ്യകക്ഷികളിൽ നിന്നുള്ള നേതാക്കൾ ഉൾപ്പെട്ട 14 ടീമുകളെ ഇതിനായി രൂപീകരിച്ചു.പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതും പരിഗണനയിലുണ്ട്. ഈ യോഗങ്ങളിലൂടെ പ്രവർത്തകരുടെ അഭിപ്രായങ്ങൾ ശേഖരിക്കാനും തന്ത്രങ്ങൾ മെച്ചപ്പെടുത്താനും സഖ്യം ലക്ഷ്യമിടുന്നത്. സംഘടനാപരമായ ഏകോപനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് എൻഡിഎ വിശ്വസിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനാർത്ഥി നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാണ് നേതൃത്വം നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ 225 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്താനാണ് ഇവരുടെ ശ്രമം. കഴിഞ്ഞ 20 വർഷത്തെ നിതീഷ് സർക്കാരിന്റെ വികസന നേട്ടങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം, വിവിധ ക്ഷേമപദ്ധതികൾ എന്നിവയെല്ലാം പ്രചാരണത്തിൽ പ്രധാന വിഷയങ്ങളാകും. കൂടാതെ, കേന്ദ്ര സർക്കാരിന്റെ പദ്ധതികൾക്ക് ഊന്നൽ നൽകി സ്ത്രീകളെയും യുവാക്കളെയും പാവപ്പെട്ടവരെയും ആകർഷിക്കാനും സഖ്യം ലക്ഷ്യമിടുന്നു. ഓഗസ്റ്റ് 23 മുതൽ 25 വരെയും ഓഗസ്റ്റ് 28 മുതൽ ഓഗസ്റ്റ് 30 വരെയും ആയിരിക്കും നിയമസഭ മണ്ഡലങ്ങളിൽ യോഗങ്ങൾ നടക്കുക. സീറ്റ് വിഭജനം സംബന്ധിച്ച് നിലവിൽ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും നിലവിൽ പാർട്ടിയ്ക്കകത്ത് തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
പല വിഷയങ്ങളിലുള്ള ക്രമക്കേട് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് കാര്യമായ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. അനൗദ്യോഗികമായാണ് കമ്മീഷൻ ഈ വിഷയങ്ങളിലെല്ലാം മറുപടി നൽകിക്കൊണ്ടിരുന്നത്. തെളിവുകളെല്ലാം കൈയിലുണ്ടെങ്കിൽ എന്തുകൊണ്ട് രാഹുൽഗാന്ധി പ്രതിജ്ഞാ പത്രത്തിൽ ഒപ്പിട്ടു നൽകാത്തത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിരുന്നത്. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന നിലപാടായിരുന്നു പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്.
content summary: NDA to strengthen organizational structure and hold meetings across all 243 constituencies to counter Rahul’s tactics in Bihar