അവർക്ക് വേണ്ടതെല്ലാം സ്വയം സമ്പാദിക്കട്ടെ, മക്കൾക്ക് കൈമാറുക ഒരു ശതമാനം സ്വത്ത് മാത്രമെന്ന് ബിൽ ​ഗേറ്റ്സ്

ബിൽ ​ഗേറ്റ്സിന് മുൻ ഭാര്യ മെലിൻഡയിൽ മൂന്ന് മക്കളാണുള്ളത്

തന്റെ സമ്പത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമായിരിക്കും മക്കൾക്ക് കൈമാറുകയെന്ന് ശതകോടീശ്വരനും മൈക്രോ സോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ​ഗേറ്റ്സ്. പാരമ്പര്യ സ്വത്തിനെ ആശ്രയിക്കാതെ തങ്ങൾക്ക് വേണ്ടതെല്ലാം സ്വയം സമ്പാദിക്കാൻ മക്കളെ പ്രാപ്തരാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അടുത്തിടെ സംപ്രേക്ഷണം ചെയ്ത ഫി​ഗറിം​ഗ് ഔട്ട് വിത്ത് രാജ് ഷമനി എന്ന പോഡ്കാസ്റ്റിൽ ബിൽ ​ഗേറ്റ്സ് വ്യക്തമാക്കി.

പൈതൃക സ്വത്ത് സംബന്ധിച്ച് തീരുമാനമെടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്, തന്റെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ തനിക്ക് സാധിച്ചു അതിനാൽ സ്വത്തിന്റെ ഒരു ശതമാനം മാത്രമായിരിക്കും അവർക്ക് നൽകുകയെന്ന് ബിൽ​ഗേറ്റ്സ് പറഞ്ഞു. ഇതൊരു രാജവംശമല്ല അവരോട് മൈക്രോസോഫ്റ്റിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ ഞാൻ ഒരിക്കലും ആവശ്യപ്പെടില്ല. അവർക്ക് വേണ്ടതെല്ലാം സ്വന്തമായി സമ്പാദിക്കാൻ ഒരു അവസരമുണ്ടാക്കി കൊടുക്കുകയാണ് താനെന്നും ബിൽ​ഗേറ്റ്സ് പറഞ്ഞു. ബിൽ ​ഗേറ്റ്സിന് മുൻ ഭാര്യ മെലിൻഡയിൽ റോറി ​ഗേറ്റ്സ്, ജെന്നിഫർ ​ഗേറ്റ്സ് നാസർ, ഫോബ് ​ഗേറ്റ്സ് എന്നിങ്ങനെ മൂന്ന് മക്കളാണുള്ളത്. പിതാവിന്റെ സമ്പത്തിന്റെ തണലിലാവരുത് മക്കൾ വളരേണ്ടത് പകരം സ്വന്തം നിലയിൽ അവർ എല്ലാത്തിനും പ്രാപ്തരായിരിക്കണമെന്ന് ബിൽ​ഗേറ്റ്സ് പറഞ്ഞു. തന്റെ ഭാ​ഗത്തു നിന്നുള്ള പിന്തുണയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ഒരിക്കലും മക്കൾ ആശയക്കുഴപ്പത്തിലാവരുതെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്ന് ബിൽ​ഗേറ്റ്സ് വ്യക്തമാക്കി.

ബ്ലൂംബെ‍ർ​ഗ് ബില്യണർ പട്ടികയുടെ അടിസ്ഥാനത്തിൽ 155 ബില്യൺ ഡോളറാണ് ബിൽ​ഗേറ്റ്സിന്റെ മുഴുവനായുള്ള ആസ്തി. ഇതിൽ ഒരു ശതമാനമെന്ന് പറയുന്നത് ഏകദേശം 1.55 ബില്യൺ ഡോളർ വരും. ഈ കണക്കുപ്രകാരമാണെങ്കിൽ പിതാവിനോളം സമ്പന്നരല്ലെങ്കിലും ലോക സമ്പന്നരുടെ പട്ടികയിൽ ബിൽ​ഗേറ്റ്സിന്റെ മൂന്നു മക്കളും ഇടം പിടിക്കുമെന്ന് ഉറപ്പാണ്. മക്കൾക്ക് വേണ്ടി പൈതൃക സ്വത്ത് നൽകില്ലെന കരുതുന്ന ആദ്യ ശതകോടീശ്വരനല്ല ബിൽ​ഗേറ്റ്സ്. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും മുൻപ് സമാനമായ തീരുമാനം ലോകവുമായി പങ്കു വച്ചിരുന്നു. നിലവിൽ ശതകോടീശ്വരൻമാരുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ബിൽ​ഗേറ്റ്സ്. ശതകോടീശ്വരൻമാരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്ന് ഈ വർഷമാണ് ബിൽ ​ഗേറ്റ്സ് പുറത്താവുന്നത്. 100 മില്യണോളമാണ് ബിൽ​ഗേറ്റ്സ് ഇതുവരെ ജീവകാരുണ്യ പ്രവ‍ർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുള്ളത്. പട്ടിണിയ്ക്കും രോ​ഗങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ പൊരുതുന്ന ബിൽ ​ഗേറ്റ്സ് മെലിൻഡ ഫൗണ്ടേഷനെന്ന എൻജിഒയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
content summary: Bill Gates announces that his children will inherit “less than 1” percentage of his fortune.

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment