July 15, 2025 |
Share on

147 പേരുടെ വിസ റദ്ദാക്കി, നാടുകടത്തല്‍ ഭീഷണിയും; വിദ്യാര്‍ത്ഥികളെ പേടിക്കുന്ന ട്രംപ് ഭരണകൂടം

സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ പരിശോധിച്ചശേഷം മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്

ഭരണകൂട വിരുദ്ധ വികാരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കെതിരേ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി. യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഏകദേശം 147 വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തുകയാണ് ലക്ഷ്യം. കാമ്പസ് ആക്ടിവിസത്തിലോ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനത്തിലോ ഉള്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടാന്‍ പോകുന്ന ശിക്ഷ അമേരിക്കയില്‍ നിന്നുള്ള പുറത്താക്കല്‍ ആയിരിക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. തടങ്കലിനും നാടുകടത്തലിനും സാധ്യതയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ശ്രമിക്കുന്നവരും ശിക്ഷ നടപടികള്‍ നേരിടേണ്ടി വരും. വിദ്യാഭ്യാസ മേഖലയിലും ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയം വ്യാപിപ്പിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തികള്‍.

ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റി, മിനസോട്ട സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി-മാന്‍കാറ്റോ പോലുള്ള പൊതു സ്ഥാപനങ്ങള്‍ വരെയുള്ള വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നീക്കമെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലകളുടെ കാമ്പസുകളിലും ഇത്തരം ഡസണ്‍ കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ടൈംസ് പറയുന്നത്.

വ്യക്തമായ വിശദീകരണങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ് വിസ റദ്ദാക്കിയിരിക്കുന്നതായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നോ അതാത് സര്‍വകലാശാലകളില്‍ നിന്നോ വിദ്യാര്‍ത്ഥികളെ അറിയിക്കുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ച പരിഭ്രാന്തരായ നിരവധി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഭയവും നിസ്സഹാതയും പറഞ്ഞ് ഇമെയ്ല്‍ വഴിയും ഫോണ്‍ ചെയ്തും ബന്ധപ്പെട്ടിരുന്നുവെന്നാണ് കുടിയേറ്റവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്.

ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതികളാക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കപ്പെടുന്നത് സ്വഭാവികമാണ്. എന്നാല്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചു, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ഒരു വിദേശ വിദ്യാര്‍ത്ഥിയെ നാടുകടത്തുകയെന്നത് അപൂര്‍വമാണെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ചില കേസുകളില്‍, പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തിയെന്ന പേരിലാണ് ഇമിഗ്രേഷന്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് ചില കേസുകളിലാകട്ടെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്യപിച്ചു വാഹനമോടിച്ചു, അമിത വേഗതയില്‍ ഡ്രൈവ് ചെയ്തു തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നു കാണിച്ചാണ് നടപടിയെടുക്കുന്നതെന്നും അഭിഭാഷകര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നു.

എന്തുകൊണ്ടാണ് ഒരു വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കി, അവരെ തടങ്കലില്‍ വയ്ക്കുകയോ നാടുകടത്തുകയോ ചെയ്യുന്നതെന്ന് ട്രംപ് ഭരണകൂടം വിശദീകരിക്കുന്നില്ല. വിദ്യാര്‍ത്ഥികളെ ലക്ഷ്യം വയ്ക്കുന്നതിന്റെ കാരണങ്ങള്‍ ഊഹിച്ചെടുക്കുക മാത്രമേ വഴിയുള്ളൂവെന്നാണ് അഭിഭാഷകര്‍ പരാതിപ്പെടുന്നത്.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വ്യക്തമായ വിശദീകരണമില്ലാതെയാണ് യുഎസ് ഗവണ്‍മെന്റ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസകള്‍ റദ്ദാക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളുടെയും സ്ഥാപനങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ സര്‍ക്കാര്‍ നടപടികള്‍ തിരുത്താന്‍ അപ്പീല്‍ നല്‍കാനുള്ള മാര്‍ഗം പോലും ഇല്ലാതാക്കുന്നുവെന്നാണ്, വിമര്‍ശനം.

അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ വിശദമായി പരിശോധിച്ചശേഷം മാത്രമെ വിസ അനുവദിക്കാവൂ എന്ന് കഴിഞ്ഞമാസം സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, എല്ലാ യു എസ് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് ഗാസയിലെ ക്രൂരതകള്‍ക്കെതിരേ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളും, അതുപോലെ അമേരിക്കന്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളും യു എസില്‍ പ്രധാനമായും നടക്കുന്നത്. ഇത്തരം എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുകയാണ് ട്രംപും സംഘവും ലക്ഷ്യമിടുന്നത്.  Trump administration has revoked visas for 147 international students, threatening deportation

Content Summary; Trump administration has revoked visas for 147 international students, threatening deportation

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×