July 13, 2025 |
Share on

വടുതല മത്തായിയുടെ പ്രേതത്തേക്കാള്‍ ജനങ്ങള്‍ പേടിക്കുന്ന പേരണ്ടൂര്‍ കനാല്‍

കൃത്യമായ ഇടവേളകളിൽ കോർപ്പറേഷൻ മാലിന്യം നീക്കം ചെയ്യുന്നില്ല

പേരണ്ടൂർ കനാൽ, തേവരയും ഇടപ്പള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന എറണാകുളം ന​ഗരത്തിലെ പ്രധാന ജലപാത. തേവര മാർക്കറ്റ് റോഡിലെ പാലത്തിന് മുകളിൽ നിന്ന് നോക്കുമ്പോൾ കനാൽ വളരെ ശാന്തമായി കാണപ്പെടുന്നു. എന്നാൽ കനാലിന്റെ അരികിലൂടെ മൂക്ക് പൊത്താതെ നടന്ന് പോകാൻ കഴിയില്ല. മാലിന്യങ്ങളുടെ ​ദുർ​ഗന്ധം സഹിക്കാൻ കഴിയുന്നതിലും രൂക്ഷമാണ്. ഇളംപച്ചനിറമുള്ള കനാലിലെ വെള്ളത്തിന്റെ ഇരുവശങ്ങളിലേക്കും നോക്കിയാൽ കാണാം ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യവും. ഒരുകാലത്ത് വടുതല മത്തായി എന്നയാളുടെ പ്രേതകഥകളാണ് പ്രദേശവാസികളെ വേട്ടയാടിക്കൊണ്ടിരുന്നതെങ്കിൽ ഇന്ന് ജനങ്ങളെ ഭീതിപ്പെടുത്തുന്നത് കനാലിലെ മാലിന്യമാണ്.

കനാലിന്റെ അരികിലുള്ള വീടുകളിലൊന്നാണ് ശ്യാമയുടേത്. വർഷങ്ങളായി കനാലിനരിൽ താമസിക്കുന്ന ശ്യാമയ്ക്ക് മാലിന്യം ഒരു സ്ഥിരക്കാഴ്ചയായി മാറിയെന്ന് അവർ അഴിമുഖത്തോട് പറഞ്ഞു. ‘പല ദിവസങ്ങളിലും വാതിൽ തുറക്കുമ്പോൾ ആദ്യം കാണുന്ന കാഴ്ച പലയിടങ്ങളിൽ നിന്ന് ഒഴുകിയെത്തിയ പഴകിയ സാധനങ്ങളാണ്. വേനൽക്കാലത്തും ചെളിനിറഞ്ഞ് നിൽക്കുന്ന സമയത്തും ഒഴുക്ക് കുറവായിരിക്കും. അപ്പോഴത്തെ കാര്യം ഓർക്കാൻ തന്നെ വയ്യ. മാലിന്യം ഇങ്ങനെ കെട്ടിനിൽക്കും. വല്ലാത്തൊരു അവസ്ഥയാണിത്.

ഇപ്പോൾ മഴക്കാലമായതിനാൽ കനാലിൽ നല്ല ഒഴുക്കുണ്ട്. അതുകൊണ്ട് കുറച്ച് മാലിന്യങ്ങൾ അധികം തങ്ങിനിൽക്കാതെ ഒഴുകിപോകും. കനാലിന്റെ ചില ഭാ​ഗങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വേനൽക്കാലത്ത് സ്ഥിതി വളരെ മോശമായിരുന്നു. ദുർ​ഗന്ധം കാരണം പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല. പാലത്തിന് കീഴിലായി വലിയ ചാക്കുകെട്ടുകളിലായാണ് മാലിന്യങ്ങൾ കൊണ്ടുവെച്ചിരിക്കുന്നത്. ഇവയും പതിയെ കനാലിലേക്ക് നീങ്ങി വീഴുകയാണ് ചെയ്യുന്നത്. കോർപ്പറേഷൻ വൃത്തിയാക്കാൻ എത്തിയിരുന്നു. എന്നാൽ ഇവിടെ വീണ്ടും മാലിന്യം അടിഞ്ഞുകൂടുകയാണ്. ഞങ്ങൾ എന്തു ചെയ്യും ഇതിനൊരു കൃത്യമായ പരിഹാരം ആവശ്യമാണ്, തേവര സ്വദേശിയായ ശ്യാമ കനാലിലെ മാലിന്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.

പേരണ്ടൂർ കനാൽ

തേവര, പനമ്പള്ളി ന​ഗർ, കടവന്ത്ര, കലൂർ, ഇടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് കനാലിന്റെ കൈവഴികൾ പ്രധാനമായും കടന്നുപോകുന്നത്. കനാലിന്റെ ഒരു ഭാഗം പേരണ്ടൂർ ക്ഷേത്രത്തിന് സമീപത്തുകൂടി കടന്നുപോകുന്നത് കൊണ്ടാണ് ഇതിന് പേരണ്ടൂർ കനാലെന്ന് പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. കനാൽ കടന്ന് പോകുന്ന വഴിയേ പോയപ്പോൾ കനാലിന് കുറുകെയുള്ള ഒരു ചെറിയ പാലത്തിനടുത്തെത്തി. പാലം കയറുമ്പോൾ തന്നെ കാണുന്നത് ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി കുമിഞ്ഞ് കൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരമാണ്. അതിന് നടുവിൽ കൊച്ചി ന​ഗരസഭയുടെ അറിയിപ്പുള്ള ഒരു ബോർഡുമുണ്ട്. ‘ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന്’ എഴുതിയിരിക്കുന്ന ബോർഡിന് ചുറ്റും മാലിന്യം നിറഞ്ഞുകിടക്കുകയാണ്.

കനാലിലെ മാലിന്യം തങ്ങൾക്ക് ഇപ്പോൾ പുതുമയില്ലാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന് കൊച്ചുകടവന്ത്ര സ്വദേശി പുഷ്കരൻ അഴിമുഖത്തോട് പ്രതികരിച്ചു. ‘ഞാൻ ഓട്ടോറിക്ഷാ ഓടിച്ച് ജീവിക്കുന്നൊരാളാണ്. ഈ ചെറിയ പാലത്തിലൂടെ പലപ്പോഴും എനിക്ക് മൂക്കുപൊത്തിയല്ലാതെ വണ്ടിയോടിക്കാൻ കഴിയില്ല. എതിരെ നിന്നും മറ്റൊരു വണ്ടി വന്നാൽ പ്രശ്നമാകും. അത് പാലത്തിലൂടെ രണ്ട് വണ്ടികൾക്ക് പോകാൻ ഇടമില്ലാത്തത് കൊണ്ടല്ല. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള മാലിന്യം ഉരുണ്ട് റോഡിലേക്ക് വീഴുന്നത് കൊണ്ടാണ്. ഇവിടെ താമസിക്കുന്നവർ ഒരിക്കലും കനാലിലേക്ക് മാലിന്യം വലിച്ചെറിയില്ല. ഒരുകാലത്ത് തുണി അലക്കാനും മറ്റുമായി ഉപയോ​ഗിച്ചിരുന്ന വെള്ളം ഇപ്പോൾ തൊടാൻ പോലും കൊള്ളില്ല. ഈ പ്രദേശത്തിന് പുറത്ത് ഫ്ലാറ്റുകളിൽ താമസിക്കുന്നവരാണ് ഇവിടെ കൊണ്ടുവന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. അതിരാവിലെ കാറുകളിലെത്തി കവറുകളിൽ മാലിന്യം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ചിലർ പാലത്തിനരികെ ഇടുന്നു, മറ്റുചിലർ നേരെ കനാലിലേക്ക് വലിച്ചെറിയുന്നു. അത് മാത്രമാണ് വ്യത്യാസം. ഒരുപാട് തവണ കൗൺസിലറോട് ഞങ്ങൾ പരാതിപ്പെട്ടിരുന്നു. പരിഹാരം കാണാമെന്ന് ഉറപ്പ് പറയുകയും ചെയ്തതാണ്. കുറച്ച് ഭാ​ഗങ്ങളിലെ മാലിന്യം കൊച്ചി കോർപ്പറേഷനിലെ ജീവനക്കാർ വന്ന് വൃത്തിയാക്കിയിരുന്നു. ബാക്കിയുള്ളവ അങ്ങനെ തന്നെ തുടരുന്നു. ജനങ്ങൾക്ക് മാലിന്യം വലിച്ചെറിയേണ്ടി വരുന്നത് എന്തുകൊണ്ടെന്ന കാര്യം ഓർത്താൽ അവരുടെ ഭാ​ഗത്തും കുറച്ച് ന്യായമുള്ളതായി തോന്നും. ഹരിത കർമ്മ സേന വീടുകളിലെ മാലിന്യം ശേഖരിക്കാൻ വരുന്നുണ്ട്. എന്നാൽ അവർ തരംതിരിച്ചാണ് മാലിന്യം ശേഖരിക്കുന്നത്. കുഞ്ഞ് കുട്ടികളുള്ള വീട്ടിലെ പ്രധാന മാലിന്യം അവരുടെ ഡയപ്പറാണ്. ഹരിത കർമ്മ സേന ഇത്തരത്തിലുള്ള വേസ്റ്റ് ശേഖരിക്കാറില്ല. സ്വാഭാവികമായും അത് കുന്നുകൂടുന്നു. പിന്നെയുള്ള മാർ​ഗം ഇങ്ങനെ ഉപയോ​ഗശൂന്യമായ പറമ്പുകളിലേക്ക് വലിച്ചെറിയലാണല്ലോ?, കൊച്ചുകടവന്ത്ര സ്വദേശി പുഷ്കരൻ അഴിമുഖത്തോട് പറഞ്ഞു.

കൊച്ചുകടവന്ത്ര പാലത്തിന് സമീപത്തെ മാലിന്യം

കൊച്ചിയിലെ മാലിന്യപ്രശ്നം ​ഗുരുതരമായ ഒന്നാണെന്നും പേരണ്ടൂർ കനാലിലെ മാലിന്യ നിക്ഷേപം പ്രദേശവാസികൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പനമ്പള്ളി ന​ഗർ സ്വദേശി സുബാഷ് പറയുന്നു. രാവിലെ കനാലിന്റെ സമീപത്ത് കൂടിയാണ് ഞാൻ നടക്കാൻ പോകുന്നത്. ഒഴുകി നടക്കുന്ന മാലിന്യത്തിൽ നിന്ന് വരുന്ന ​ദുർ​ഗന്ധം സഹിക്കാൻ കഴിയില്ല. ചെളി കോരാനായി ഒരു ഹിറ്റാച്ചി കനാലിൽ കൊണ്ടുവന്നിട്ട് ഒരു മാസമായി. മുൻപ് ആ ഹിറ്റാച്ചി ഉപയോ​ഗിച്ച് കോരിയ ചെളിയിലാണ് കുറച്ചധികം മാലിന്യങ്ങൾ ഇവിടെ നിന്നും പോയത്. അല്ലെങ്കിൽ മഴക്കാലമായാൽ ചെളി അടഞ്ഞ് വെള്ളം പൊങ്ങുമായിരുന്നു. വളരെ മോശമായ വെള്ളമാണിത്. കുറച്ച് ദിവസം വെള്ളത്തിൽ കാൽ നനഞ്ഞാൽ മതി നഖത്തിന്റെ നിറമൊക്കെ മാറിത്തുടങ്ങും, സുബാഷ് അഴിമുഖത്തോട് പറഞ്ഞു.

അവിടെയുള്ള പാലത്തിന്റെ അടിഭാ​ഗത്തേക്ക് നോക്കിയാൽ കാണാം എന്ത് മാത്രം മാലിന്യം ഒഴുകി നടക്കുന്നുണ്ടെന്ന്, പേരണ്ടൂർ കനാലിന്റെ കൈവഴിക്ക് കുറുകെയുള്ള പ്രശസ്തമായ മമ്മൂട്ടി പാലം ചൂണ്ടി കാണിച്ച് കൊണ്ട് സുബാഷ് തുടർന്നു. കോർപ്പറേഷൻ ഇവിടെ വൃത്തിയാക്കാൻ എത്തുന്നുണ്ട്. എന്നാൽ കൃത്യമായ ഇടവേളകളിൽ വരുന്നില്ല. അതുകൊണ്ടാണ് മാലിന്യം ഇങ്ങനെ കുമിഞ്ഞ് കൂടുന്നത്. മാലിന്യം നിക്ഷേപിക്കരുതെന്ന് ബോർഡ് വെച്ചിട്ടും കാര്യമില്ല. അതിന് കൃത്യമായ നടപടികൾ കൈകൊള്ളുക തന്നെ വേണം, പനമ്പള്ളി ന​ഗർ സ്വദേശി സുബാഷ് അഴിമുഖത്തോട് പറഞ്ഞു.

പനമ്പള്ളി നഗറിൽ കനാലിലെ ചെളി കോരാൻ എത്തിച്ച ഹിറ്റാച്ചിയുടെ ദൃശ്യം

ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് എന്ത് പരിഹാരമാണ് അധികൃതർ സ്വീകരിക്കുന്നതെന്നറിയാൻ കൊച്ചി മേയർ അനിൽകുമാറിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. മാലിന്യപ്രശ്നം പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൊച്ചി നഗരത്തിൻ്റെ വികസനത്തിൽ ഒരു പ്രധാന പങ്കുവഹിച്ച പേരണ്ടൂർ കനാലിന്റെ അവസ്ഥ ഓരോ ദിവസവും ശോചനീയമായിക്കൊണ്ടിരിക്കുകയാണ്.Concerns rise over waste dumping in Thevara-Perandoor canal

Content Summary: Concerns rise over waste dumping in Thevara-Perandoor canal

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×