തീവ്രവലതുപക്ഷക്കാരായ രണ്ട് ഇസ്രയേലി മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അഞ്ച് രാജ്യങ്ങള്‍. ഇസ്രയേല്‍ സുരക്ഷ വകുപ്പ് മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് എന്നിവര്‍ക്കെതിരേ യുകെ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ അധിനിവേശം സ്ഥാപിക്കുന്നതിന്റെ ഭാഗമായി, പലസ്തീനികള്‍ക്കെതിരായ അതിക്രമത്തിന് പ്രേരണ നല്‍കുന്ന വിധം മനുഷ്യത്വരഹിതമായ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ബെന്‍-ഗ്വിറും സമോട്രിച്ചും. ഇതേ കാരണത്താല്‍ തന്നെയാണ് രണ്ടുപേര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതും.
എന്നാല്‍, ഇറ്റാമര്‍ ബെന്‍-ഗ്വിറിനും ബെസലേല്‍ സ്‌മോട്രിച്ചിനും എതിരെ രാജ്യങ്ങള്‍ രംഗത്തു വന്നിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ തിരിച്ചടിയായിരിക്കുന്നത് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനാണ്. ഈ രണ്ടു മന്ത്രിമാരും മന്ത്രിസഭയില്‍ ഉണ്ടാകേണ്ടത് നെതന്യാഹുവിന്റെ രാഷ്ട്രീയ നിലനില്‍പ്പിന്റെ ആവശ്യമാണ്. കാരണം, സഖ്യകക്ഷി സര്‍ക്കാരാണ് നെതന്യാഹു നയിക്കുന്നത്. സഖ്യ സര്‍ക്കാര്‍ നിലനിര്‍ത്തുന്നതിന് രണ്ട് മന്ത്രിമാരുടെയും പിന്തുണ ആവശ്യമാണ്.
2022ലാണ് നെതന്യാഹു സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ വലതുപക്ഷ ഭരണകൂടമാണിത്. 120 സീറ്റുകളുള്ള കെനെസെറ്റില്‍(ഇസ്രയേല്‍ പാര്‍ലമെന്റ്) ബെസേല്‍ സ്‌മോട്രിച്ചിന്റെ റിലീജിയസ് സയണിസ്റ്റ് പാര്‍ട്ടിക്ക് 14 സീറ്റുകളും, ഇറ്റാമര്‍ ബെന്‍-ഗ്വിറിന്റെ ജൂവിഷ് പവര്‍ പാര്‍ട്ടിക്ക് ആറ് സീറ്റുകളുമാണുള്ളത്. 67 സീറ്റുകളുമായാണ് നെതന്യാഹു സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്നത്. ഇതില്‍ 20 സീറ്റുകളുടെ ബലമേ സ്‌മോട്രിച്ചിനും ബെന്‍-ഗ്വിറിനും അവകാശപ്പെടാനുള്ളൂവെങ്കിലും, അവര്‍ ആവര്‍ത്തിച്ചു ഉയര്‍ത്തുന്ന ഭീഷണി തങ്ങള്‍ പുറത്തായാല്‍ സര്‍ക്കാര്‍ വീഴുമെന്നാണ്.
ഇപ്പോള്‍ തന്നെ നിറയെ വെല്ലുവിളികള്‍ നെതന്യാഹു നേരിടുന്നുണ്ട്. അഴിമതിക്കേസില്‍ അയാള്‍ വിചാരണ നേരിടുന്നുണ്ട്. 2023 ഒക്ടോബര്‍ 7-ലെ ആക്രമണങ്ങളെക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ഈ ആവശ്യത്തെ പ്രധാനമന്ത്രി അവഗണിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ആവശ്യവും രാജ്യത്തുണ്ടെങ്കിലും, നെതന്യാഹു ഒഴിഞ്ഞു മാറുകയാണ്. തനിക്കുള്ള ജനസമ്മതിയില്‍ അയാള്‍ക്ക് തന്നെ സംശയമുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കൊപ്പമാണ് സ്‌മോട്രിച്ച്, ബെന്‍-ഗ്വിര്‍ എന്നീ തീവ്രവലതുപക്ഷ നേതാക്കളെ സംരക്ഷിക്കേണ്ടി വരുന്നതും. അവര്‍ രണ്ടുപേരുമാകട്ടെ, പലസ്തീനികളോട് യാതൊരു ദയയും കാണിക്കാത്ത തരത്തില്‍ മനുഷ്യത്വവിരുദ്ധ കൊണ്ടു നടക്കുന്നവരും.
1980ല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ ജനിച്ച ഒരു മെസയാനിക് ജൂത (മിശിഹൈക ജൂതന്‍) കുടിയേറ്റക്കാരനാണ് സ്‌മോട്രിച്ച്. അധിനിവേശ വെസ്റ്റ് ബാങ്കിലെ താമസക്കാരനാണ് ഇന്നയാള്‍. ഇസ്രയേലികള്‍ ഗാസയുടെ അവകാശികളാകണമെന്നാണ് അയാളുടെ ആവശ്യം. ബൈബിള്‍ ഇസ്രയേലിന്റെ ഭൂമിയായി പറയുന്നിടത്തെല്ലാം അധികാരം സ്ഥാപിക്കാന്‍ ദൈവഹിതമായ അവകാശം ജൂതന്മാര്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു കടുത്ത മതയാഥാസ്ഥികനാണയാള്‍. ഭൂമിയില്‍ ജൂത നിയന്ത്രണം വ്യാപിപ്പിക്കുകയാണ് അയാള്‍ ജീവിത-രാഷ്ട്രീയ ലക്ഷ്യമായി കൊണ്ടു നടക്കുന്നത്.
ഗാസയില്‍ നിന്നും ഇസ്രയേല്‍ സേന പിന്‍വാങ്ങുന്നത് അംഗീകരിക്കാന്‍ കഴിയാത്തയാളാണ് സ്‌മോട്രിച്ച്. ഗാസയില്‍ നിന്നും സൈന്യം പിന്‍വാങ്ങുന്നത് തടയാന്‍ അയാള്‍ സ്വന്തം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ 2005 ല്‍ സ്‌മോട്രിച്ചിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അയാള്‍ വൈകാതെ കുറ്റവിമുക്തമായി. പുറത്തു വന്ന സ്‌മോട്രിച്ച് കൂടുതല്‍ സ്വാധീനമുള്ളവനായി. ഇസ്രയേല്‍ നിയന്ത്രിത ഭൂമി വിട്ടുകൊടുക്കാതിരിക്കാന്‍ വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ ഒരുക്കി. ഇതിന്റെ ഭാഗമായി ഒരു വലതുപക്ഷ എന്‍ജിഒ സ്ഥാപിച്ചു. 2015 ല്‍ അയാള്‍ ഇസ്രയേല്‍ പാര്‍ലമെന്റില്‍ എത്തി.
ബെസലേല്‍ സ്‌മോട്രിച്ച് ഒരു സ്വയം പ്രഖ്യാപിത ഫാസിസ്റ്റ്-സ്വവര്‍ഗാനുരാഗ വിരോധിയാണ്. മനുഷ്യരെ വേര്‍തിരിച്ച് കാണുന്നതാണ് അയാളുടെ രാഷട്രീയം. ജൂത, അറബ് അമ്മമാര്‍ക്ക് പ്രത്യേകം പ്രസവ വാര്‍ഡുകള്‍ വേണമെന്നതാണ് അയാളുടെ ആവശ്യം. പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ സര്‍ക്കാരിന്റെ പ്രതികാര ആക്രമണങ്ങള്‍ക്കായാണ് അയാള്‍ എപ്പോഴും ആഹ്വാനം ചെയ്യുന്നത്. എല്‍ജിബിടിക്യു സമൂഹത്തോട് അയാള്‍ക്ക് വെറുപ്പാണ്. ഗേ പ്രൈഡിനെതിരെ അയാള്‍ സ്വവര്‍ഗാനുരാഗ വിരുദ്ധ ‘ബീസ്റ്റ് പരേഡ്’ പ്രതിഷേധം സംഘടിപ്പിച്ചുകൊണ്ട് രംഗത്തു വന്നിട്ടുള്ളതാണ്.
കൗമാരകാലത്ത് തന്നെ തീവ്രവാദാശയങ്ങള്‍ കൊണ്ടുനടക്കുന്നയാളാണ് ഇസ്രയേലിന്റെ സുരക്ഷ മന്ത്രി സ്ഥാനത്തിരിക്കുന്ന ഇറ്റാമര്‍ ബെന്‍-ഗ്വിര്‍. ദേശീയ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നതില്‍ നിന്നും ബെന്‍-ഗ്വിറിനെ ഇസ്രയേല്‍ ആഭ്യന്തര സേന വിലക്കിയിട്ടുണ്ട്. 1976ല്‍ ജറുസലേമിന് പുറത്തുള്ള ഒരു ചെറിയ പട്ടണത്തില്‍ ഇറാഖി പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ബെന്‍-ഗ്വിര്‍ ജനിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ഒരു തീവ്ര വലതുപക്ഷക്കാരനായിരുന്നു അയാള്‍. വളരുന്തോറും അയാളിലെ തീവ്രസ്വഭാവക്കാരന്‍ കൂടുതല്‍ അപകടകാരിയായി. ഏതാണ്ട് മുപ്പത് വയസ് പ്രായമെത്തിയ കാലത്ത് അയാള്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. വംശീയതയെ പ്രോത്സാഹിപ്പിച്ചതിനും ഒരു ഭീകരസംഘടനയുമായി ബന്ധം സ്ഥാപിച്ചതിനുമായിരുന്നു അയാള്‍ പിടിക്കപ്പെട്ടത്.
ശിക്ഷിക്കപ്പെട്ടെങ്കിലും ബെന്‍-ഗ്വിറിനെ ഒരു അഭിഭാഷകന്‍ ആകുന്നതിന് അത് തടസമായില്ല. അയാള്‍ തന്റെ നിയമപരിജ്ഞാനം ഉപയോഗപ്പെടുത്തിയതാകട്ടെ, തീവ്രവാദ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട ജൂത ഇസ്രയേലികളെ രക്ഷപ്പെടുത്താനായിരുന്നു.
പലസ്തീനികളോട് അയാള്‍ക്കുള്ള വെറുപ്പിന്റെ സാക്ഷ്യമായിരുന്നു വര്‍ഷങ്ങളോളം ബെന്‍-ഗ്വിറിന്റെ സ്വീകരണമുറി. 1994ല്‍ ഹെബ്രോണ്‍ പള്ളിയില്‍ 29 പലസ്തീനികളെ വെടിവച്ചു കൊന്ന കൂട്ടക്കൊലപാതകി ബറൂഹ് ഗോള്‍ഡ്സ്റ്റീന്റെ ചിത്രം കൊണ്ട് തന്റെ സ്വീകരണമുറി വര്‍ഷങ്ങളോളം അയാള്‍ അലങ്കരിച്ചിരുന്നു. ബറൂഹിനെ പോലെ, ബെന്‍-ഗ്വിറും മിയര്‍ കെഹന്‍-ന്റെ ആരാധകനായിരുന്നു. പലസ്തീനികളെ വംശീയ ഉന്മൂലം ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്ന ജൂത-അമേരിക്കന്‍ റബ്ബിയായിരുന്നു മിയര്‍ കെഹന്‍.
തന്റെ തീവ്രനിലപാടുകള്‍ കൊണ്ട് ഇസ്രയേല്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്നും അകലെയായിരുന്നു അയാളെങ്കിലും, ഇന്നയാള്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിലെ സുരക്ഷകാര്യ മന്ത്രിയാണ്. അതിലെ കൗതുകം എന്താണെന്നോ, ഒരിക്കല്‍ അയാളെ അറസ്റ്റ് ചെയ്ത പൊലീസും, അയാളെ അടച്ച ജയിലുകളും ഇന്ന് അയാളാണ് നിയന്ത്രിക്കുന്നത്. Who are Bezalel Smotrich and Itamar Ben-Gvir; Two Israel ministers
Content Summary; Who are Bezalel Smotrich and Itamar Ben-Gvir; Two Israel ministers
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.