UPDATES

വിപണി/സാമ്പത്തികം

വില കുറഞ്ഞ വീട്ടുഫര്‍ണിച്ചറുകളുടെ ഈ കച്ചവടക്കാരന്‍ ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ എട്ടാമനായിരുന്നു

പഴയ വോള്‍വോ കാര്‍ ഓടിച്ചു. വില കുറഞ്ഞ ഭക്ഷണം കഴിച്ചു. സാധനങ്ങള്‍ വിലപേശി വാങ്ങി. വീട് ലളിതമായിരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു; ഇകിയ എന്ന ആഗോള വ്യാപാരസാമ്രാജ്യം കെട്ടിപ്പൊക്കിയ ഇങ്ക്വാര്‍ കമ്പ്രാദിന്റെ കഥ

                       

തന്റെ ഫാസിസ്റ്റ് ഭൂതകാലം മറച്ചുവെച്ചുകൊണ്ട് ലളിതമായ രൂപഘടനയുള്ള, വില കുറഞ്ഞ വീട്ടുഫര്‍ണിച്ചറുകള്‍ വില്‍ക്കുന്ന ഇകിയ എന്ന ആഗോള വ്യാപാരസാമ്രാജ്യം കെട്ടിപ്പോക്കിയ ഇങ്ക്വാര്‍ കമ്പ്രാദ് സ്വീഡനിലെ സ്മലാണ്ടിലുള്ള തന്റെ വീട്ടില്‍, ഈ ശനിയാഴ്ച്ച അന്തരിച്ചു. 91 വയസായിരുന്നു.

തടാകങ്ങള്‍ കുത്തും പുള്ളിയുമിട്ട തെക്കന്‍ സ്വീഡനിലെ സ്മലാണ്ട് പ്രവിശ്യയിലെ ഒരു കൃഷിക്കളത്തിലാണ് അയാള്‍ വളര്‍ന്നത്. പശുക്കളെ കറന്നിരുന്ന ആ പഠന വൈകല്യമുള്ള കുട്ടിക്ക് വിദ്യാലയത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ദരിദ്രരായിരുന്നു അവന്റെ കുടുംബം. തീപ്പെട്ടിയും പെന്‍സിലും വിറ്റാണ് അവന്‍ പണം കണ്ടെത്തിയത്. 17-ആം വയസില്‍ തന്റെ പേരിന്റെ അക്ഷരങ്ങളും കൃഷിക്കാലത്തിന്റെയും ഗ്രാമത്തിന്റെയും പേരിലെ ആദ്യാക്ഷരങ്ങളും ചേര്‍ത്ത് -Elmtaryd, Agunnaryd- അയാള്‍ തപാല്‍ വഴി വീട്ടുസാമാനങ്ങള്‍ വില്‍ക്കുന്ന ഒരു കച്ചവടം തുടങ്ങി.

അടുത്ത ഏഴു പതിറ്റാണ്ടിനുള്ളില്‍ കമ്പ്രാദ് വീട്ടുസാമാനങ്ങളുടെ ചെറുകിട വ്യാപാരത്തില്‍ ഇകിയയെ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമാക്കി മാറ്റി- യൂറോപ്പ്, വടക്കേ അമേരിക്കാ, കരീബിയ, ഏഷ്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 29 രാജ്യങ്ങളില്‍ 350-ലേറെ കടകള്‍, 38.3 ബില്ല്യണ്‍ യൂറോ വിറ്റുവരവ്, 930 ദശലക്ഷത്തിലേറെ സന്ദര്‍ശകര്‍, 32 ഭാഷകളിലായുള്ള വില്‍പ്പന പുസ്തകത്തിന് 210 ദശലക്ഷത്തിലേറെ ആവശ്യക്കാര്‍.

അതയാളെ സങ്കല്‍പ്പിക്കിനാവുന്നതിനുമപ്പുറം ധനികനാക്കി. ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ 58.7 ബില്ല്യണ്‍ ഡോളറുമായി ലോകത്തെ എട്ടാമത്തെ സമ്പന്നന്നായിരുന്നു അയാള്‍. പക്ഷേ ആ വിജയക്കുതിപ്പില്‍ അയാള്‍ മദ്യാസക്തനായി, ഫാഷിസത്തിന്റെ ആരാധകനായി, തന്റെ ജീവനക്കാരെ നയിക്കാന്‍ സ്വയം മാതൃകയാകാന്‍ സന്യാസജീവിതതുല്യമായ പിശുക്കോടെ ജീവിച്ചുകാണിച്ചു.

ജീവിതം മുഴുവന്‍ അയാള്‍ ചെലവുചുരുക്കലും സൂക്ഷ്മതയും പ്രകടിപ്പിച്ചു, അതാണ് ഇകിയയുടെ വിജയമെന്നും പറഞ്ഞു. സ്വീഡനിലെ ഉയര്‍ന്ന നികുതി ഒഴിവാക്കാന്‍ സ്വിറ്റ്സര്‍ലണ്ടിലാണ് അയാള്‍ താമസിച്ചത്. ഒരു പഴയ വോള്‍വോ കാര്‍ ഓടിച്ചു. വില കുറഞ്ഞ ഭക്ഷണം കഴിച്ചു. സാധനങ്ങള്‍ വിലപേശി വാങ്ങി. വീട് ലളിതമായിരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. തനിക്ക് സ്വന്തമായല്ല സമ്പാദ്യമെന്നും അതൊരു ധര്‍മ്മ സ്ഥാപനമാണ് നടത്തുന്നതെന്നുമുള്ള രീതിയിലായിരുന്നു അത്.

എന്നാല്‍ ഇതൊന്നും പൂര്‍ണമായും ശരിയല്ല എന്ന് പിന്നീട് കണ്ടു. ജെനീവ തടാക കരയിലുള്ള ഒരു മാളികയായിരുന്നു അയാളുടെ വീട്. സ്വീഡനില്‍ തോട്ടവും പ്രോവന്‍സില്‍ മുന്തിരിത്തോട്ടവും ഉണ്ടായിരുന്നു. വോള്‍വോയ്ക്കൊപ്പം ഒരു പോര്‍ഷോയും ഓടിച്ചിരുന്നു. അയാളുടെ ചെലവ് കുറച്ചുള്ള യാത്രകളും ഹോട്ടലുകളും ഭക്ഷണവുമെല്ലാം ജോലിക്കാര്‍ പിന്തുടരാന്‍ വേണ്ടിയായിരുന്നു. ഇകിയായിലെ ജോലി ഒരു ആജീവനാന്ത പ്രതിബദ്ധതയായി കരുതാന്‍.

ഇകിയ നെതര്‍ലാണ്ട്സിലെ ഒരു ധര്‍മ്മ സ്ഥാപനം വഴിയാണ് നടത്തിയത്. സങ്കീര്‍ണമായ തരത്തില്‍ നിരവധി ചെറുകമ്പനികള്‍ വഴി കമ്പ്രാദ് കുടുംബം അത് നിയന്ത്രിച്ചു. ഒരു തരത്തിലും അതിന്റെ നിയന്ത്രണം കൈവിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിച്ചു. നികുതി ഇളവ് താവളങ്ങളും കമ്പ്രാദിന്റെ മരണശേഷവും കമ്പനി പൊളിയാതിരിക്കാന്‍ പറ്റിയ ഒരു ഘടനയും അതിനുണ്ട്.

തന്റെ തൊഴിലാളികളെ നിയന്ത്രിക്കാനും അയാള്‍ ശ്രമിച്ചു. 1976-ല്‍ ഒരു പ്രകടനപത്രിക എഴുതി, “ഒരു വീട്ടുസാമാന കച്ചവടക്കാരന്റെ സുവിശേഷം” (The Testament of a Furniture Dealer). ലാളിത്യം ഒരു ഗുണവും പാഴാക്കുന്നത് ഒരു പാപവുമായി കാണുന്ന തരത്തില്‍ ബൈബിള്‍ കല്പനകള്‍ പോലെ. ജീവനക്കാര്‍ ഇകിയ മൂല്യങ്ങള്‍ ഉല്‍ക്കൊള്ളണമായിരുന്നു- വിനയം, മര്യാദ, ഇകിയയുടെ ഉത്പന്നങ്ങളെക്കുറിച്ച് മാത്രമല്ല അതിന്റെ കോര്‍പ്പറേറ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ചുമുള്ള അറിവ്-തൊഴിലെടുക്കാനും ജീവിക്കാനും.

സകലതും അറിയാനുള്ള ഒരു കൌതുകം കമ്പ്രാദ് നിലനിര്‍ത്തി. പക്ഷേ ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയാത്ത ഒരാളെപ്പോലെ. കണ്ണടവെച്ച കഷണ്ടിക്കാരന്‍, നരയും കൂര്‍ത്ത താടിയും. അയാളുടെ നീല ഡെനിം ഷര്‍ട്ടും കാക്കി പാന്റും ഒരു തോട്ടക്കാരന്‍റേതുപോലെ തോന്നിച്ചു. പക്ഷേ ആ കറുത്ത കണ്ണുകളിലും അടച്ചുവെച്ച ചൂണ്ടുകളിലും കര്‍ക്കശമായ വ്യക്തിത്വമുണ്ടായിരുന്നു.

ഏതാണ്ട് ഏകാന്തമായ ജീവിതം നയിച്ചപ്പോഴും ലോകത്തിലെ ഇകിയ കടകളിലേക്ക് അയാള്‍ യാത്ര ചെയ്തു. പലപ്പോഴും അജ്ഞാതനായി, ഒരു ഉപഭോക്താവിനെപ്പോലെ ജീവനക്കാരോടു കാര്യങ്ങള്‍ ചോദിച്ചു, ഉപഭോക്താക്കളോട് ഒരു ജീവനക്കാരനെപ്പോലെയും. ഇകിയ ബോര്‍ഡ് യോഗങ്ങളിലും ചിലപ്പോള്‍ സര്‍വകലാശാലകളിലും അയാള്‍ സംസാരിച്ചു. അപൂര്‍വമായേ അഭിമുഖങ്ങള്‍ നല്‍കിയുള്ളൂ. എന്നാല്‍ തന്റെ മദ്യാസക്തി മറച്ചുവെച്ചൊന്നുമില്ല, വര്‍ഷത്തില്‍ മൂന്നു തവണ നിര്‍ത്തിയാണ് നിയന്ത്രിക്കുന്നതെന്നും പറഞ്ഞു.

ഇകിയയുടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കും പൊതുജനത്തിനും അയാളുടെ ജീവിതത്തെയും ഇകിയയുടെ വിജയത്തെയും കുറിച്ചു ബെര്‍ടില്‍ ടോര്‍കൂളും ചേര്‍ന്ന് അയാളെഴുതിയ “Leading by Design: The Ikea Story” (1999) എന്ന പുസ്തകത്തിനപ്പുറം അധികമൊന്നും അറിയില്ല. അതിലെ ആശയങ്ങള്‍ പതിറ്റാണ്ടുകളോളം കമ്പ്രാദിന്റെയും കമ്പനിയുടെയും കഥകളില്‍ ആവര്‍ത്തിക്കപ്പെട്ടു.

ചെലവുചുരുക്കിയാണ് ഇകിയ വിജയം നേടിയതെന്ന് അയാള്‍ പറഞ്ഞു. നഗരങ്ങള്‍ക്ക് പുറത്തു കടകള്‍ പണിതു. വിലകുറച്ചു അസംസ്കൃത വസ്തുക്കള്‍ വാങ്ങി. ഉപഭോക്താക്കള്‍ക്ക് സമ്മര്‍ദമില്ലാതെ സാധനങ്ങള്‍ വാങ്ങാന്‍ വില്‍പ്പന ജോലിക്കാരെ കുറച്ചു. മരസാമാനങ്ങളുടെ പുറത്തേക്ക് കാണാത്ത ഭാഗത്ത് മിനുക്കുപണികള്‍ നടത്തിയില്ല. മരസാമാനങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി കൂട്ടാവുന്ന തരത്തില്‍ പെട്ടിയിലാക്കി നല്കി.

1994-ല്‍ ഈയിടെ മരിച്ച സ്വീഡിഷ് ഫാഷിസ്റ്റ് പെര്‍ എങ്ഗ്ടാലിന്റെ ശേഖരത്തില്‍ കമ്പ്രദിന്റെ പേരുണ്ടെന്ന് സ്റ്റോക്ഹോം ദിനപ്പത്രം Expressen കണ്ടെത്തി. 1942-ല്‍ എങ്ഗ്ദാലിന്റെ കൂടെച്ചേര്‍ന്ന കമ്പ്രദ് യോഗങ്ങളില്‍ പങ്കെടുക്കുകയും ആളുകളെ ചേര്‍ക്കുകയും പണം കണ്ടെത്തുകയും ചെയ്തു. 1945-ല്‍ യുദ്ധം അവസാനിച്ചിട്ടും അയാള്‍ നേതാവിനൊപ്പം നിന്നു. 1950-ല്‍ എങ്ഗ്ദാലിന് അയച്ച ഒരു കത്തില്‍ തന്റെ പങ്കാളിത്തത്തെക്കുറിച്ച് കമ്പ്രാദ് അഭിമാനം കൊള്ളുന്നുണ്ട്.

വളരെ വിനയത്തോടെയാണ് അയാള്‍ ഈ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചത്. തന്റെ ഫാഷിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തന്റെ ജീവിതത്തിലെ താന്‍ അത്യധികം ഖേദിക്കുന്ന ചില ഭാഗങ്ങളായിരുന്നു എന്നും തന്റെ ജീവിതത്തിലെ ഏറ്റവും മോശം അബദ്ധമായിരുന്നു എന്നും ജീവനക്കാര്‍ക്കയച്ച ഒരു കത്തില്‍ അയാള്‍ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് Sudetenland വിട്ടോടിയ തന്റെ അമ്മൂമ്മ തന്നെ സ്വാധീനിച്ചെന്നും ഒരു കമ്മ്യൂണിസ്റ്റ് രഹിത സോഷ്യലിസ്റ്റ് യൂറോപ്പ് എന്ന എങ്ഗ്ദാലിന്റെ കാഴ്ച്ചപ്പാട് തന്നെ ആകര്‍ഷിച്ചെന്നും അയാള്‍ പറഞ്ഞു.

സ്വീഡന്‍കാര്‍ക്ക് ഈ വെളിപ്പെടുത്തലുകള്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ അസ്വസ്ഥമായ ഓര്‍മ്മകളെ വീണ്ടും ഉയര്‍ത്തി. ഔദ്യോഗികമായി സ്വീഡന്‍ നിഷ്പക്ഷമായിരുന്നെങ്കിലും ജര്‍മ്മന്‍ പട അധിനിവേശ നോര്‍വെയില്‍ നിന്നും അതുവഴിയാണ് യാത്ര ചെയ്തത്. നിരവധി സ്വീഡന്‍കാര്‍ നാസി അനുഭാവികളായിരുന്നു. വെളിപ്പെടുത്തലുകള്‍ വന്നതോടെ ഇകിയയെ ബഹിഷ്ക്കരിക്കാന്‍ ജൂത സംഘടനകള്‍ ആഹ്വാനം ചെയ്തു. പക്ഷേ ഒരു ചെറിയ കാലത്തേക്ക് ഇത് കച്ചവടത്തെ ബാധിച്ചുള്ളൂ, കമ്പ്രാദ് ചെലവുകുറയ്ക്കലിന്റെ തത്വങ്ങളിലേക്ക് തിരിച്ചുവന്നു.

“ശരിയാണ്, ഞാന്‍ ഒരു പിശുക്കനായാണ് അറിയപ്പെടുന്നത്, ഈ കടകള്‍ എന്നെപ്പോലുള്ളവര്‍ക്കാണ്,” 1997-ല്‍ അയാള്‍ ന്യൂ യോര്‍ക് ടൈംസിനോട് പറഞ്ഞു. “ഞാന്‍ വിമാനങ്ങളില്‍ ഒന്നാം ക്ലാസില്‍ യാത്ര ചെയ്യാറില്ല, കടകളിലെ എക്സിക്യൂട്ടീവുകളും അങ്ങനെ ചെയ്യാറില്ല.”

1926 മാര്‍ച്ച് 30-നാന് ഇങ്ക്വാര്‍ ഫ്യൂഫ്യോദോര്‍ കമ്പ്രാദ് സ്വീഡനിലെ Pjatteryd ല്‍ ജനിച്ചത്. പ്രാദേശിക വിദ്യാലയങ്ങളില്‍ പഠിച്ചു ഗോട്ബോര്‍ഗില്‍ വാണിജ്യം പഠിച്ചു. 1943-ല്‍ ഇകിയ സ്ഥാപിച്ചു.

1950-ല്‍ കേഴ്സ്റ്റിന്‍ വാദ്ലിംങ്ങിനെ വിവാഹം കഴിച്ചു. അതില്‍ ഒരു മകളുണ്ട്, അന്നിക. 1960-ല്‍ ആ ബന്ധം പിരിഞ്ഞു. 1963-ല്‍ മാര്‍ഗരേത സെണെറ്റിനെ വിവാഹം കഴിച്ചു. അതില്‍ മൂന്നു ആണ്മക്കള്‍, പീറ്റര്‍, ജോനാസ്, മത്യാസ്. രണ്ടാം ഭാര്യ 2011-ല്‍ മരിച്ചു.

1953-ലാണ് അയാള്‍ ആംഹുല്‍ട്ടില്‍ ഒരു കട തുറക്കുന്നത്. 1960-കളില്‍ ഇകിയ സ്റ്റോക്ഹോമിലും സീഡനില്‍ മറ്റുള്ളിടങ്ങളിലും ഡെന്‍മാര്‍ക്കിലും നോര്‍വെയിലും തുറന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ പരിഭ്രാന്തരായ എതിരാളികള്‍ ഇകിയയ്ക്കു അസംസ്കൃത വസ്തുക്കള്‍ നല്‍കുന്നവരെ ബഹിഷ്ക്കരിച്ചു. എന്നാലത് അവര്‍ക്ക് വീണ്ടും തിരിച്ചടിയായി. കമ്പ്രാദ് പോളണ്ടില്‍ നിന്നും അതിലും കുറഞ്ഞ വിലയ്ക്ക് നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങി.

1970-കളില്‍ ഇകിയ സ്വിറ്റ്സര്‍ലണ്ടിലും കാനഡയിലും തുറന്നു. 1985-ല്‍ ഫിലാഡെല്‍ഫിയക്കടുത്ത് യു എസിലെ ആദ്യ ഇകിയ കട തുറന്നു. 1990-കളില്‍ കിഴക്കന്‍ യൂറോപ്പില്‍ പ്രചാരത്തിലായി. 2000 ആയപ്പോള്‍ റഷ്യയിലും ചൈനയിലും വ്യാപാരം തുടങ്ങി. മിക്ക കടകളും കമ്പനിയുടെ സ്വന്തമാണ്. 10% വില്‍പ്പനാധികാരം നല്‍കിയതാണ്. 2013-ല്‍ ഇകിയയുടെ ബോര്‍ഡില്‍ നിന്നും അയാള്‍ ഒഴിഞ്ഞു. ഇളയ മകന്‍ മത്യാസിനെ അദ്ധ്യക്ഷനാക്കി. മറ്റ് രണ്ടു മക്കള്‍ക്കും നിര്‍ണായക സ്ഥാനങ്ങള്‍ നല്കി. 1986-ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും നിര്‍ണായക തീരുമാനങ്ങള്‍ അയാള്‍ത്തന്നെയാണ് എടുത്തിരുന്നത്.

“ഭൂരിപക്ഷം ജനങ്ങളേയും സേവിക്കുക എന്നാണ് എന്റെ ജോലിയായി ഞാന്‍ കാണുന്നത്,” ഫോബ്സിനോട് 2000-ത്തില്‍ അയാള്‍ പറഞ്ഞു. “എങ്ങനെയാണ് അവര്‍ക്ക് വേണ്ടത് എന്താണെന്ന് നിങ്ങള്‍ അറിയുക, എങ്ങനെയാണ് അവരെ മികച്ച രീതിയില്‍ സേവിക്കുക എന്നതാണു ചോദ്യം. സാധാരണ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുക എന്നതാണു എന്റെ ഉത്തരം, കാരണം എന്റെ ഹൃദയത്തില്‍ ഞാന്‍ അവരിലൊരാളാണ്.”

(ന്യൂയോര്‍ക്ക് ടൈംസില്‍ റോബര്‍ട് ഡി. മക്ഫദെന്‍ജാന്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

Share on

മറ്റുവാര്‍ത്തകള്‍