ആധാരമെഴുത്ത് ഓഫിസിലെ ഗൂഢാലോചനയും സബ് രജിസ്ട്രാര്‍ ഓഫിസിലെ ആള്‍മാറാട്ടവും

ഒരു നിഗൂഢ വൃദ്ധനും ചാരം മൂടാത്ത രഹസ്യങ്ങളും; പരമ്പര-2

cherthala serial killer Sebastian and bindu padmanabhan murder case

കേരളത്തിലെ പ്രമാദമായ കേസുകളില്‍ ഒന്നാണ് ബിന്ദു പത്മനാഭന്‍ തിരോധനം. 2017 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കൊലപാതക കേസായി മാറി. ബിന്ദു തിരോധാനത്തില്‍ മുഖ്യമായും സംശയിക്കപ്പെട്ട സിഎം സെബാസ്റ്റ്യന്‍ തന്നെയാണ് കൊലപാതക കുറ്റം സമ്മതിച്ചിരിക്കുന്നത്. (ഒന്നര ലക്ഷത്തിനായി ഒരു അരുംകൊല!, ബിന്ദുവിനെ ചാരമാക്കിയ ‘അമ്മാവന്‍’) ഏകദേശം 19 വര്‍ഷം മുമ്പ് ബിന്ദു കൊല്ലപ്പെട്ടിരുന്നു. ഇക്കാലമത്രയും സെബാസ്റ്റ്യന്‍ മൂടിവച്ചിരുന്ന സത്യം പുറത്തു വരുമ്പോള്‍, ഇതിനു പിന്നില്‍ നടന്നിരുന്ന പല കാര്യങ്ങളും ഒരു ക്രൈം ത്രില്ലര്‍ സിനിമയെ ഓര്‍മിപ്പിക്കുന്നതാണ്. പൊലീസ് റിപ്പോര്‍ട്ടുകളെയും നേരിട്ട് സംസാരിച്ചവര്‍ നല്‍കിയ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഈ പരമ്പരയില്‍ ആ കാര്യങ്ങളാണ് പറയുന്നത്. ആദ്യഭാഗം വായിക്കാം; ഒരു ലൈസന്‍സും ഒരു മുക്ത്യാറും; ക്രിമനല്‍ ബുദ്ധിയിലെഴുതിയ തിരക്കഥ

ഇടപ്പള്ളിയിലെ വസ്തു

പള്ളിപ്പുറത്തുള്ള മലബാര്‍ സിമന്റ്‌സ് ഫാക്ടറി വര്‍ക്കറായിരുന്നു ആ നാട്ടുകാരനായ ഷാജി ജോസഫ്. അവിവാഹിതനായ ഷാജി അപ്പനുമൊത്തായിരുന്നു താമസം. 2013 കാലം. ഷാജിയുടെ സഹായം തേടി ഒരു ബന്ധു എത്തി. ഇടപ്പള്ളിയിലുള്ള പതിനൊന്നു സെന്റ് സ്ഥലം പ്രമാണം ചെയ്‌തെടുക്കാന്‍ കുറച്ചു പണം സംഘടിപ്പിച്ചു തരണം, അതായിരുന്നു അയാള്‍ക്കു വേണ്ട സഹായം. അത്രയും പണം കൈയില്‍ ഇല്ലാതിരുന്നതുകൊണ്ട് രണ്ട് സുഹൃത്തക്കളെ ഷാജി ബന്ധുവിന് പരിചയപ്പെടുത്തി കൊടുത്തു. ഷാജിയുടെ പേരിലാണ് വസ്തു പ്രമാണം ചെയ്യുന്നതെന്നായിരുന്നു സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. അത് വിശ്വസിച്ച് സുഹൃത്തുക്കള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വരനാട് ബ്രാഞ്ചിലുള്ള ഷാജിയുടെ അകൗണ്ടിലേക്ക് അഞ്ചര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു.

സ്ഥലം വാങ്ങുന്നു

പണം അകൗണ്ടില്‍ വന്നതിന്റെ പിറ്റേന്ന് അഞ്ചരലക്ഷവും പിന്‍വലിച്ചു ഷാജി ബന്ധുവിന് നല്‍കി. 2013 ഓഗസ്റ്റ് ഒന്നാം തീയതി പട്ടണക്കാട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് ഷാജിയുടെ പേരില്‍ പതിനൊന്ന് സെന്റ് സ്ഥലം 35,6000 രൂപയ്ക്കു പ്രമാണം ചെയ്തു കൊടുത്തു. സ്ഥലമിടപാടുമായി വന്ന ഷാജിയുടെ ബന്ധു, രണ്ട് സ്ത്രീകള്‍, ഷാജിയുടെ ചിറ്റപ്പന്റെ മകന്‍, പിന്നെ ഷാജിക്ക് അറിയാത്ത വേറേയൊരാളും. ഇത്രയും പേര്‍ രജിസ്‌ട്രേഷന്‍ നടക്കുന്ന സമയത്തുണ്ടായിരുന്നു.

മറിച്ചു വില്‍പ്പന

ഓഗസ്റ്റ് ഒന്നിനു ഷാജിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലം 2013 നവംബര്‍ നാലിന് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് ജോജി ചെറിയാന്‍ എന്നൊരാള്‍ക്ക് പ്രമാണം ചെയ്തു കൊടുത്തു. ആ സമയത്തും ഷാജിയുടെ ബന്ധു ഉണ്ടായിരുന്നു. സ്ഥലവിലയായി 3,91,6000 രൂപ ഷാജിയുടെ അകൗണ്ടിലേക്ക് എത്തി. രണ്ടു മൂന്നു ദിവസത്തിനുശേഷം ഇതില്‍ നിന്നും 27,16000 രൂപ ഷാജി എടുത്തി. പണം കടം വാങ്ങിയ രണ്ടു സുഹൃത്തുക്കള്‍ക്കും അഞ്ചര ലക്ഷവും അതിന്റെ പലിശയായി മൂന്നു ലക്ഷവും ചേര്‍ത്ത് എട്ടര ലക്ഷം നല്‍കി. ടാക്‌സ് അടയ്ക്കുന്നതിനായി ടാക്‌സ് കണ്‍സള്‍ട്ടന്റിന് നല്‍കുന്നതിനായി അഞ്ചു ലക്ഷം ബന്ധുവിനെ ഏല്‍പ്പിച്ചു. ബാക്കി പണം ഷാജി ചെലവിനായി എടുത്തു. ടാക്‌സ് കണ്‍സള്‍ട്ടന്റിന് നല്‍കാന്‍ ഏല്‍പ്പിച്ച അഞ്ചു ലക്ഷവുമായി പോയ ബന്ധുവിനെ പിന്നീട് ഒന്നുരണ്ടു വട്ടം കണ്ടെങ്കിലും അയാള്‍ ഷാജിയോട് സംസാരിക്കാന്‍ തയ്യാറായില്ല.

……….

ഒരു എസ്എസ്എല്‍സി ബുക്ക്, അതുവച്ച് ഉണ്ടാക്കിയ ഡ്രൈവിംഗ് ലൈസന്‍സ്, അതിനുശേഷം ഒരു പവര്‍ ഓഫ് അറ്റോര്‍ണി. അത് ഉപയോഗിച്ച് നടന്ന പതിനൊന്ന് സെന്റ് സ്ഥലത്തിന്റെ കച്ചവടം; ഇതെല്ലാം ഒരു മനുഷ്യന്റെ കൃത്യമായ ഗൂഢാലോചനയായിരുന്നു.

……….

ഫ്‌ളാഷ് ബാക്ക്

ഷണ്‍മുഖം തങ്കച്ചന് അയച്ചു കൊടുത്ത ലൈസന്‍സിലെ വിലാസം 735/ 4C, 300/1st Cross, രാജാജി നഗര്‍, ഗൂഗി, സേലം-6 എന്നായിരുന്നു. അത് ഷണ്‍മുഖം എഴുതി ചേര്‍ത്ത വ്യാജ വിലാസം. തങ്കച്ചന്‍ ഷണ്‍മുഖത്തിന് നല്‍കിയിരുന്നത് മറ്റൊരു വിലാസമായിരുന്നു.

അത് ഇങ്ങനെയായിരുന്നു; പത്മാനിവാസ്, കടക്കരപ്പള്ളി, ചേര്‍ത്തല.

വിലാസം രണ്ടായിരുന്നുവെങ്കിലും അതിലെ പേര് ഒന്നു തന്നെയായിരുന്നു; ബിന്ദു പത്മനാഭന്‍.

ഒരു വ്യത്യാസം തങ്കച്ചന്‍ കൈമാറിയ വിലാസത്തില്‍ പത്മനാഭ പിള്ള ബിന്ദുവിന്റെ പിതാവായിരുന്നുവെങ്കില്‍, സേലം ആര്‍ടിഒ ഓഫിസില്‍ തയ്യാറായ ലൈസന്‍സില്‍ പത്മനാഭ പിള്ള ബിന്ദുവിന്റെ ഭര്‍ത്താവ് ആയി!

ഈ ലൈസന്‍സ് ഉണ്ടാക്കാനായി കണ്ണനൊപ്പം തങ്കച്ചനെ കാണാന്‍ എത്തിയത് മറ്റാരുമായിരുന്നില്ല, അത് സെബാസ്റ്റ്യനായിരുന്നു. ചേര്‍ത്തലയിലെ സീരിയല്‍ കില്ലര്‍ എന്ന് കുപ്രസിദ്ധി നേടിയ ‘അമ്മാവന്‍’.

ചേര്‍ത്തല കണ്ടമംഗലം സ്‌കൂളില്‍ നിന്നുള്ള ബിന്ദുവിന്റെ എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി ഉപയോഗിച്ച് സേലം ആര്‍ടിഒയില്‍ നിന്നും നേടിയ ഡ്രൈവിംഗ് ലൈസന്‍സ് വച്ച് സെബാസ്റ്റ്യന്‍ എങ്ങനെയാണ് ബിന്ദു എഴുതി നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കിയത്?

ആധാരമെഴുത്തോഫിസിലെ നടന്ന ഗൂഢാലോചന

ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസിന് സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന ഗോവിന്ദന്‍കുട്ടി മേനോന്റെ ആധാരം എഴുത്ത് ഓഫിസില്‍ വച്ചായിരുന്നു ആ ഉപജാപത്തിന്റെ ബീജം വളര്‍ന്നത്.

സെബാസ്റ്റ്യന് വ്യാജ സ്‌പെഷ്യല്‍ പവര്‍ ഓഫ് അറ്റോര്‍ണി തയ്യാറാക്കി നല്‍കിയത് ഗോവിന്ദന്‍ കുട്ടി മേനോനായിരുന്നു(കേസിലെ മൂന്നാം പ്രതിയായിരുന്ന മേനോന്‍ ഇപ്പോള്‍ ജീവനോടെയില്ല). കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉടമസ്ഥതിയിലുള്ള തന്റെ ഓഫിസ് മുറിയില്‍ വച്ച് 2013 കാലത്ത് Z 853275 എന്ന നമ്പറില്‍ ഒരു വ്യാജ മുക്ത്യാര്‍(പവര്‍ ഓഫ് അറ്റോര്‍ണി) തയ്യാറാക്കി മേനോന്‍ സെബാസ്റ്റ്യന് നല്‍കി. ഈ മുക്ത്യാര്‍ ഉപയോഗിച്ച് സ്ഥലം കച്ചവടം നടത്താന്‍, ഉടമയായ ബിന്ദു പത്മനാഭന്റെ തിരിച്ചറിയല്‍ രേഖ കൂടി വേണമായിരുന്നു.

സെബാസ്റ്റ്യന്റെ ക്രിമിനല്‍ ബുദ്ധി അതിനും പരിഹാരം കണ്ടു.

ഒരു വ്യാജ എസ്എസ്എല്‍സി ബുക്ക്

അവര്‍ ആദ്യം ബിന്ദുവിന് ഒരു എസ്എസ്എല്‍സി ബുക്ക് സംഘടിപ്പിച്ചു. ചേര്‍ത്തല കണ്ടമംഗലം സ്‌കൂളില്‍ നിന്നും 1987-88 കാലയളവില്‍ പത്താം ക്ലാസ് പാസായവരുടെ കൂട്ടത്തിലായിരുന്നു സെബാസ്റ്റ്യനും സംഘവും ബിന്ദുവിനെയും ‘ ജയിപ്പിച്ച്’ എടുത്തത്. ഗോവിന്ദന്‍കുട്ടി മേനോന്‍ തയ്യാറാക്കി കൊടുത്ത ആ എസ്എസ്എല്‍സി ബുക്കിന്റെ മുന്‍ പേജിന്റെ കോപ്പികളാണ് 2,400 രൂപ സഹിതം കണ്ണന്‍ മുഖാന്തരം തങ്കച്ചനെ ഏല്‍പ്പിച്ചതും, തങ്കച്ചന്‍ അവ ഷണ്‍മുഖത്തിന് നല്‍കി ബിന്ദുവിന്റെ പേരില്‍ ഡ്രൈവിംഗ് ലൈസന്‍സ് തയ്യാറാക്കിച്ചെടുത്തതും.

മുക്ത്യാര്‍ തയ്യാര്‍!

ആവശ്യമായ രേഖകള്‍ കിട്ടിയ മേനോന്‍ വ്യാജ മുക്ത്യാര്‍ തയ്യാറാക്കി. ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും സംശയാസ്പദമായ രീതിയില്‍ ആ മുക്ത്യാറിന് വേണ്ട സഹായങ്ങളും ലഭിച്ചു. കാരണം ആ മുക്ത്യാറില്‍ രണ്ടിടത്ത് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസിന്റെയും സബ് രജിസ്ട്രാറുടെയും സീല്‍ ഉണ്ടായിരുന്നു.

കറ കളഞ്ഞ ആ വ്യാജ മുക്ത്യാറും മേട്ടുപാളയത്തുകാരന്‍ ഷണ്‍മുഖം ശരിയാക്കി കൊടുത്ത ഡ്രൈവിംഗ് ലൈസന്‍സുമായാണ് 2013 ഓഗസ്റ്റ് ഏഴാം തീയതി ചേര്‍ത്തല പട്ടണക്കാട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ സെബാസ്റ്റ്യന്‍ എത്തിയത്.

അങ്ങനെ, ഏഴ് പേജുകളുള്ള ആ പവര്‍ ഓഫ് അറ്റോര്‍ണിയില്‍ Name of principal executing the power with addition എന്നതിനു നേരെ ബിന്ദു പത്മനാഭന്‍ എന്നും Name and Attorney with addition എന്നതിനു നേരെയായി സി എം സെബാസ്റ്റ്യന്‍, Name of power എന്നതിനു നേരെ Special Power എന്നും രേഖപ്പെടുത്തി പട്ടണക്കാട് സബ് രജിസ്ട്രാര്‍ ഓഫിസിന്റെയും സബ് രജിസ്ട്രാറുടെയും സീലുകള്‍ വച്ച് സക്ഷ്യപ്പെടുത്തി.

അത് ബിന്ദുവായിരുന്നോ?

പട്ടണക്കാട് സബ് രജിസ്ട്രാറിനു മുന്നില്‍ രേഖകള്‍ മാത്രമല്ല ഹാജരാക്കിയത്, ബിന്ദു പത്മനാഭന്‍ നേരിട്ട് എത്തിയിരുന്നല്ലോ! ബിന്ദുവിന്റെ വിരലടയാളം സബ് രജിസ്ട്രാര്‍ വിരല്‍ പതിപ്പ് പുസ്തകത്തില്‍ പതിപ്പിച്ചിരുന്നു. ബിന്ദുവിന്റെ ഫോട്ടോകളും ഡ്രൈവിംഗ് ലൈസന്‍സും പരിശോധിച്ചു ബോധ്യപ്പെട്ടിരുന്നു. സാക്ഷികളും ബിന്ദുവിനെ തിരിച്ചറിഞ്ഞു.

അവിടെയെന്താണ് സംഭവിച്ചത്? യഥാര്‍ത്ഥത്തില്‍ ബിന്ദു അവിടെ ഉണ്ടായിരുന്നോ?

അതേക്കുറിച്ച് അടുത്ത ഭാഗത്തില്‍ പറയാം…

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

This post was last modified on October 3, 2025 7:10 am

രാകേഷ് സനല്‍: ന്യൂസ് എഡിറ്റര്‍, അഴിമുഖം
Related Post
Leave a Comment