കേരളത്തിലെ പ്രമാദമായ കേസുകളില്‍ ഒന്നാണ് ബിന്ദു പത്മനാഭന്‍ തിരോധനം. 2017 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കൊലപാതക കേസായി മാറി. ബിന്ദു തിരോധാനത്തില്‍ മുഖ്യമായും സംശയിക്കപ്പെട്ട സിഎം സെബാസ്റ്റ്യന്‍ തന്നെയാണ് കൊലപാതക കുറ്റം സമ്മതിച്ചിരിക്കുന്നത്. (ഒന്നര ലക്ഷത്തിനായി ഒരു അരുംകൊല!, ബിന്ദുവിനെ ചാരമാക്കിയ ‘അമ്മാവന്‍’) ഏകദേശം 19 വര്‍ഷം മുമ്പ് ബിന്ദു കൊല്ലപ്പെട്ടിരുന്നു. ഇക്കാലമത്രയും സെബാസ്റ്റ്യന്‍ മൂടിവച്ചിരുന്ന സത്യം പുറത്തു വരുമ്പോള്‍, ഇതിനു പിന്നില്‍ നടന്നിരുന്ന പല കാര്യങ്ങളും ഒരു ക്രൈം ത്രില്ലര്‍ സിനിമയെ ഓര്‍മിപ്പിക്കുന്നതാണ്. പൊലീസ് റിപ്പോര്‍ട്ടുകളെയും നേരിട്ട് സംസാരിച്ചവര്‍ നല്‍കിയ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഈ പരമ്പരയില്‍ ആ കാര്യങ്ങളാണ് പറയുന്നത്. മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം; ഒരു ലൈസന്‍സും ഒരു മുക്ത്യാറും; ക്രിമനല്‍ ബുദ്ധിയിലെഴുതിയ തിരക്കഥ. ആധാരമെഴുത്ത് ഓഫിസിലെ ഗൂഢാലോചനയും സബ് രജിസ്ട്രാര്‍ ഓഫിസിലെ ആള്‍മാറാട്ടവും. ജയയെ ബിന്ദു പത്മനാഭനാക്കിയ ‘അമ്മാവന്‍’; ആ കുടിലതയുടെ പിന്നിലെ കഥ, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ മുന്നറിയിപ്പ്; ബിന്ദുവിനെ തേടി പ്രവീണ്‍ ഇറങ്ങുന്നു
പത്മനാഭ പിള്ളയുടെ മരണശേഷം, വീടും സ്ഥലവും വില്‍ക്കാന്‍ ബിന്ദു തീരുമാനിക്കുകയും, അതിനായി ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ അന്വേഷിക്കുന്നതറിഞ്ഞാണ് ബിന്ദുവുമായി ബന്ധപ്പെടുന്നതെന്നായിരുന്നു സെബാസ്റ്റ്യന്‍ പ്രവീണിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പത്മനാഭ പിള്ള മരിക്കുന്നതിനും മുമ്പ് തന്നെ സെബാസ്റ്റ്യന്‍ പത്മ നിവാസില്‍ വരാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞ് പ്രവീണ്‍ മനസിലാക്കി. ഒരിക്കല്‍ പിള്ളയെയും കൂട്ടി സെബാസ്റ്റ്യന്‍ ഓട്ടോയില്‍ പോകുന്നത് ഒരു ബന്ധു കണ്ടിരുന്നു.
വില്‍പത്രത്തില്‍ ചതിയോ?
വസ്തു കച്ചവടം നടത്താന്‍ മാത്രമല്ല, സെബാസ്റ്റ്യന്‍ പത്മ നിവാസിലേക്ക് കയറി വന്നതിന് പല കാരണങ്ങളും ഉണ്ടെന്ന് പ്രവീണിന് മനസിലായി. രണ്ട് വില്‍പത്രങ്ങള്‍ ഉണ്ടായതിന് പിന്നിലും ചതി നടന്നിട്ടുണ്ടെന്ന് അയാള്‍ കരുതി. ആദ്യ വില്‍പ്പത്രത്തില്‍ സാക്ഷിയായി ഒപ്പിട്ട മത്തായി ദേവസ്യ, രണ്ടാമത്തെ വില്‍പത്രത്തില്‍ എങ്ങനെ ഒഴിവാക്കപ്പെട്ടു എന്നത് ശക്തമായൊരു സംശയമായിരുന്നു. രണ്ടാമത്തെ വില്‍പത്രം തയ്യാറാക്കിയത് ചേര്‍ത്തലയിലെ രാധാകൃഷ്ണന്‍ എന്ന ആധാരം എഴുത്തുകാരനായിരുന്നു. ഇയാളുമായി സെബാസ്റ്റ്യന്‍ ഗൂഢാലോചന നടത്തിയാകണം ബിന്ദുവിന്റെ പേരിലേക്കെഴുതി മാറ്റിയ സ്വത്തുക്കള്‍ വിറ്റതെന്ന് പ്രവീണ്‍ കണക്കുകൂട്ടി. അങ്ങനെയെങ്കില്‍ ബിന്ദുവിനെ കാണാനില്ലാത്തതില്‍ ഭയപ്പെടേണ്ട കാരണങ്ങളുണ്ടെന്ന് സഹോദരന് തോന്നി. ബിന്ദു ലഹരിക്ക് അടിമയായിരുന്നുവെന്നതും, അവള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരന്ന കഥകള്‍ക്ക് പിന്നിലും സെബാസ്റ്റ്യന്‍ ആണെന്ന് പ്രവീണ്‍ വിശ്വസിച്ചു.
സെപ്തംബര്‍ 25 ന് ബിന്ദു വീട്ടില്‍ വരാമെന്നു അറിയിച്ചിട്ടുണ്ടെന്നും അപ്പോള്‍ വിളിക്കാമെന്നുമായിരുന്നു സെബാസ്റ്റിയന്‍ പ്രവീണിനെ വിശ്വസിപ്പിച്ചിരുന്നത്. പക്ഷേ പിന്നീടൊരിക്കലും സെബാസ്റ്റ്യന്റെ വിളി പ്രവീണിനെ തേടി വന്നില്ല.
നിയമത്തിന്റെ വഴിയിലേക്ക് പ്രവീണ്‍
ബിന്ദുവിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സെബാസ്റ്റിയന്‍ അറിഞ്ഞുകൊണ്ടായിരിക്കുമെന്ന ഉറപ്പില്‍ പ്രവീണ്‍ 2017 സെപ്തംബറില്‍ ചീഫ് സെക്രട്ടറിക്ക് പരാതി അയച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടണക്കാട് പൊലീസ് 2017 ഡിസംബറില്‍ പ്രവീണിനെ സ്റ്റേഷനിലേക്ക വിളിപ്പിക്കുകയും മൊഴിയെടുത്ത ശേഷം 1400/17 Us 57 of K P Act പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ബിന്ദുവിന്റെ കാണാനില്ലെന്ന പരാതിയുടെ ആദ്യ അന്വേഷണ ചുമതല കുത്തിയതോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ആയിരുന്നു. അദ്ദേഹത്തിന്റെ അന്വേഷണത്തില്‍, പ്രവീണിനുണ്ടായിരുന്ന സംശയങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്താനായി.
ആള്‍മാറാട്ടം തെളിയുന്നു
പാലാരിവട്ടത്തെ സ്ഥലം വില്‍പ്പനയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. പവര്‍ ഓഫ് അറ്റോര്‍ണി ബിന്ദുവിന്റെ ബന്ധുക്കളെ കാണിച്ചു. അതില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോ ബിന്ദുവിന്റെതല്ലെന്ന് അവര്‍ക്ക് മനസിലായി. ആള്‍മാറാട്ടം നടന്നിരിക്കുന്നു. കുറുപ്പന്‍കുളങ്ങരക്കാരി ജയ ആണ് ബിന്ദുവായത്. സെബാസ്റ്റിയനെ സംശയിക്കാന്‍ വ്യക്തമായ കാരണം പൊലീസിന് കിട്ടി.
പാളിപ്പോയ എസ്എസ്എല്‍സി തന്ത്രം
പിന്നെ അന്വേഷണം എസ്എസ്എല്‍സി ബുക്കിനെക്കുറിച്ചായിരുന്നു. കണ്ടമംഗലം സ്‌കൂളില്‍ നിന്നും 1987 ല്‍ നല്‍കിയെന്ന് പറയുന്ന എസ്എസ്എല്‍സി ബുക്ക് വ്യാജമായിരുന്നു. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ കടക്കരപ്പള്ളി സ്‌കൂളില്‍ പഠിച്ച ബിന്ദു, പിന്നീട് പത്താം ക്ലാസ് വരെ പഠിച്ചത് കണ്ടമംഗലം സ്‌കൂളില്‍ ആയിരുന്നില്ല, ചേര്‍ത്തല സെന്റ്.മേരീസ് സ്‌കൂളിലായിരുന്നു.
വേറെയുമുണ്ടായിരുന്നു ശക്തമായൊരു തെളിവ്. ബിന്ദുവിന് എസ്എസ്എല്‍സി ബുക്ക് ഉണ്ടാക്കുന്നതിനായി ഉപയോഗിച്ച കണ്ടമംഗലം സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ദാമോദരന്‍ മാഷിന്റെ ഒപ്പ് സെബാസ്റ്റിയന് വിനയായി.
ഒപ്പില്‍ കുടങ്ങി
ബിന്ദു 1984 മുതല്‍ 1987 വരെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ കണ്ടമംഗലം സ്‌കൂളില്‍ പഠിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളില്‍ ഹെഡ് മാസ്റ്ററുടെ ഒപ്പ് പതിഞ്ഞിരുന്നു. അക്കാലത്ത് ഹെഡ് മാസ്റ്റര്‍ ദാമോദരന്‍ മാഷായിരുന്നു. എന്നാല്‍, അതേ സ്‌കൂളില്‍ നിന്നും 1980 ല്‍ പത്താം ക്ലാസ് പാസായ, ദാമോദരന്‍ മാഷിന്റെ മൂന്നാമത്തെ മകള്‍ക്ക് ഉറപ്പായിരുന്നു; ആ ഒപ്പ് അച്ഛന്റെതല്ല.
ദാമോദരന്‍ മാഷിന്റെ ഒപ്പില്‍, പേരിന്റെ ആദ്യാക്ഷരമായ D യും നടുവിലുള്ള dh ഉം ചേരുന്ന ഭാഗം ഒരു പ്രത്യേക രീതിയിലായിരുന്നു. അതിന് തെളിവായി മകള്‍ അച്ഛന്‍ ഒപ്പിട്ട അവരുടെ എസ്എസ്എല്‍സി ബുക്ക് കാണിച്ചു. സെബാസ്റ്റ്യന്‍ ബിന്ദുവിനായി ഉണ്ടാക്കിയ എസ്എസ്എല്‍സി ബുക്കിലെ ഒപ്പ് അതായിരുന്നില്ല.
അതേസമയം, അന്വേഷണ സംഘത്തിന് ചേര്‍ത്തല സെന്റ്. മേരീസ് സ്‌കൂളില്‍ നിന്നും 1985-86 കാലയളവില്‍ ബിന്ദു എസ്എസ്എല്‍സി പാസായതിന്റെ രേഖകള്‍ കണ്ടെത്താനുമായി.
സെന്റ് മേരീസില്‍ പഠിച്ച ബിന്ദുവിന് കണ്ടമംഗലം സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി ബുക്ക്! സെബാസ്റ്റ്യന്റെ പാളിപ്പോയ തന്ത്രം.
എന്നാല്‍ ഈ കേസില്‍ നിര്‍ണായകമാകുമായിരുന്ന വ്യാജ എസ്എസ്എല്‍സി ബുക്കിന്റെ ഒറിജനല്‍ കോപ്പി പൊലീസിന് കിട്ടിയില്ല. ജയ താമസിച്ചിരുന്ന വാടക വീട്ടില്‍ വച്ച് സെബാസ്റ്റ്യന്‍ തന്നെ അത് കത്തിച്ചു കളഞ്ഞെന്നാണ് ജയയുടെ മൊഴി. പകര്‍പ്പുകള്‍ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.
എസ്എസ്എല്‍സി ബുക്ക് തന്ത്രം പൊളിഞ്ഞതിനു പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സിന്റെ പിന്നിലെ തട്ടിപ്പും പൊളിഞ്ഞു. അതോടെ സെബാസ്റ്റ്യനെ അന്വേഷിച്ച് പൊലീസ് ഇറങ്ങി.
അക്കാര്യങ്ങള്‍ അടുത്ത ഭാഗത്തില്‍
Content Summary; Bindu Padmanabhan case: Sebastian created a fake SSLC book to sell Bindu Padmanabhan’s property. Azhimukham investigation-Part-5