ബിജെപിയില്‍ ഉള്‍പ്പോര് രൂക്ഷം; രാജീവിന്റെ വെട്ടിനിരത്തല്‍ കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ

സുരേന്ദ്രന്‍ വെട്ടിനിരത്തിയയിടത്ത് നിന്നാണ് പുനഃസംഘടന

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച ഭാരവാഹി പട്ടികയില്‍ എതിര്‍പ്പ് രൂക്ഷമാകുന്നു. മുന്‍ ഭാരവാഹികളായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍ ഗ്രൂപ്പിനെ വെട്ടിനിരത്തിയാണ് പുതിയ ഭാരവാഹി പട്ടിക പുറത്തുവന്നത്. കെ സുരേന്ദ്രന്‍ ആറ് വര്‍ഷക്കാലം ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കാലത്തെ ഭാരവാഹി നിര്‍ണയത്തിന് നേര്‍ വിപരീതമായാണ് രാജീവ് ചന്ദ്രശേഖറുടെ പുനഃസംഘടനാ പട്ടിക. സുരേന്ദ്രന്‍ വെട്ടിനിരത്തിയയിടത്ത് നിന്നാണ് ബിജെപിയില്‍ പുനഃസംഘടന നടന്നിരിക്കുന്നത്. ഇതോടെ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ പക്ഷത്ത് മുറുമുറുപ്പ് ശക്തിപ്രാപിച്ചിരിക്കുകയാണ്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ പെട്ടെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പുനഃസംഘടന പട്ടിക തയ്യാറാക്കിയത്. ശോഭാ സുരേന്ദ്രനെയും എംടി രമേശിനെയും വീണ്ടും ജനറല്‍ സെക്രട്ടറിമാരാക്കി. കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്തില്‍ നിന്നും വ്യത്യസ്തമായി ഇവരിനി പ്രാതിനിധ്യമുള്ള നേതാക്കളായി മാറും. ആര്‍എസ്എസിന്റെയും ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയോടെയാണ് ഇരുവരെയും ജനറല്‍ സെക്രട്ടറിമാരായി ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജെപി നദ്ദയുടെയും അമിത് ഷായും മോദിയും അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയില്ലാതെ രാജീവ് ചന്ദ്രശേഖറിന് ഇത്തരമൊരു വെട്ടിനിരത്തല്‍ സാധ്യമല്ലെന്നും ബിജെപി നേതാക്കള്‍ തന്നെ പറയുന്നു.

ഇതിനുകാരണമായി പറയപ്പെടുന്നത്, കെ സുരേന്ദ്രന്‍ പ്രസിഡന്റ് ആയിരുന്ന സമയത്ത് കേന്ദ്ര നേതൃത്വത്തിന് കൊടുത്ത വാഗ്ദാനം തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നായിരുന്നു. അതില്‍ പ്രധാനമായി ഉന്നയിച്ചത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുമെന്നതായിരുന്നു. പാലക്കാടിന് പുറമെ കൂടുതല്‍ നഗരസഭകളില്‍ അധികാരം പിടിക്കുമെന്നും നിയമസഭയില്‍ വലിയതോതില്‍ പ്രാതിനിധ്യം ഉണ്ടാക്കുമെന്നുമായിരുന്നു സുരേന്ദ്രന്റെ വാഗ്ദാനം.

എന്നാല്‍ പറഞ്ഞതൊന്നും നടന്നില്ലെന്ന് മാത്രമല്ല, പാലക്കാടിന് പുറമെ പന്തളത്ത് മാത്രമേ ബിജെപിക്ക് പ്രാതിനിധ്യമുയര്‍ത്താന്‍ കഴിഞ്ഞത്. മറ്റൊരിടത്തും കുതിപ്പുണ്ടാക്കാനും സാധിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ, 2016 ല്‍ പിടിച്ചെടുത്ത നേമം 2021 ല്‍ നഷ്ടമാകുകയും ചെയ്തു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപി വിജയിച്ചപ്പോള്‍, ഔദ്യോഗിക പക്ഷത്ത് നിന്ന് പിന്തുണ ലഭിച്ചില്ലെന്നത് സംബന്ധിച്ച് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. അതിലെ അതൃപ്തി സുരേഷ് ഗോപി പല തവണ സുരേന്ദ്രനോട് പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുവരും പരസ്പരം കണ്ടാല്‍ മിണ്ടാത്ത തരത്തില്‍ വരെ ആയതും പരസ്യമാണ്. അതെല്ലാം നിലവിലെ വെട്ടിനിരത്തലിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിച്ച ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാക്കി എന്നതാണ് പ്രധാന തര്‍ക്കത്തിന്റെ മറ്റൊരു കാരണം. സുരേഷിന് സംഘടനാ ചുമതല കൂടി കൊടുക്കുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അതിനുള്ള യോഗ്യത സുരേഷിന് ഇല്ലെന്നതാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ഭിന്നത രൂക്ഷമായതോടെ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ പുതിയ നേതൃത്വത്തിന് കുതിപ്പ് ഉണ്ടാക്കാന്‍ കഴിയാത്ത തരത്തില്‍ പ്രശ്‌നമുണ്ടാക്കാന്‍ സുരേന്ദ്രന്‍-മുരളീധരന്‍ പക്ഷം ശ്രമിക്കുമെന്നത് വ്യക്തമാണ്. ഇതോടെ കേരളത്തില്‍ ബിജെപിക്ക് അകത്ത് ഗ്രൂപ്പിസം ശക്തമാകും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തോടെയും നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന 2026 ഏപ്രില്‍/ മെയ് മാസങ്ങളില്‍ നടക്കാനിരിക്കെയാണ് ഗ്രൂപ്പ് പോര് രൂക്ഷമാകുന്നത്. പുനഃസംഘടനാ പട്ടിക പുറത്ത് വന്നതിന് പിന്നാലെ തന്നെ രാജീവ് ചന്ദ്രശേഖറിനെതിരെ പരസ്യമായ പടലപ്പിണക്കം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. വി.മുരളീധരന്‍ പക്ഷക്കാരനായ പി.ആര്‍ ശിവശങ്കരന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റടിച്ചാണ് പ്രതിഷേധം അറിയിച്ചത്.

രാജീവ് ചന്ദ്രശേഖര്‍ പ്രസിഡന്റായശേഷമുള്ള ആദ്യ പുനഃസംഘടനയില്‍ പി.കെ. കൃഷ്ണദാസ് പക്ഷത്തിനാണ് മൂന്‍തൂക്കം നല്‍കിയിരിക്കുന്നത്. സുരേന്ദ്രന്‍ പ്രസിഡന്റായിരുന്ന കാലത്ത് കെ സുരേന്ദ്രനും വി മുരളീധരനും പ്രിയപ്പെട്ട ആളുകള്‍ക്കായിരുന്നു അന്ന് പ്രാധാന്യം നല്‍കിയിരുന്നത്. ശോഭാ സുരേന്ദ്രന്‍, എംടി രമേശ്, പികെ കൃഷ്ണദാസ് തുടങ്ങി പ്രധാനപ്പെട്ട നേതാക്കള്‍ അന്ന് തഴയപ്പെടുകയായിരുന്നു. ബിജെപിയുടെ കേരളത്തിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭാ സുരേന്ദ്രനെ വൈസ് പ്രസിഡന്റാക്കി സുരേന്ദ്രന്‍ തരംതാഴ്ത്തി. ഒപ്പം കോര്‍ കമ്മിറ്റിയില്‍ നിന്ന് പോലും ഒഴിവാക്കിയിരുന്നു. ഒപ്പം എംടി രമേശിനെയും ഒതുക്കിയിരുന്നു. പകരം പൊതുജനമധ്യത്തില്‍ യാതൊരു പ്രാധാന്യവും ഇല്ലാത്ത പല നേതാക്കളെയും ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുവരികയും സുരേന്ദ്രന്‍ ചെയ്തിരുന്നു.

എം.ടി. രമേശ് മാത്രമാണ് പുതിയ കമ്മിറ്റിയിലും ജനറല്‍ സെക്രട്ടറിയായി തുടരുന്നത്. കഴിഞ്ഞ ജനറല്‍ സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, പി. സുധീര്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരാക്കി തരം താഴ്ത്തി. എസ്. സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, ഷോണ്‍ ജോര്‍ജ്, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. അബ്ദുള്‍ സലാം, അഡ്വ. ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പടെ പത്ത് വൈസ് പ്രസിഡന്റുമാരാണുള്ളത്. അതേസമയം, വൈസ് പ്രസിഡന്റോ, ജനറല്‍ സെക്രട്ടറിയോ ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരത്ത് നിന്നുള്ള അഡ്വ. വി.വി രാജേഷിനെ സെക്രട്ടറിയാക്കി തഴഞ്ഞു.

കെ സുരേന്ദ്രന്‍ പ്രസിഡന്റായിരുന്ന കാലത്ത് കേരളത്തില്‍ നായര്‍ വോട്ടുകള്‍ക്ക് പുറമെ ഈഴവ വോട്ടുകളും നേടാനായിരുന്നു. എന്നാല്‍ പുനഃസംഘടനയോടെ കഴിഞ്ഞ സുരേന്ദ്രന്റെ കാലത്തിന് മുമ്പ് ഉണ്ടായിരുന്ന നാളുകളിലേത് പോലെ, പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍ നായര്‍ വോട്ടുകളിലേക്ക് മാത്രമായി ബിജെപി താഴുമെന്നാണ് സുരേന്ദ്രന്‍ വിഭാഗത്തിന്റെ വിലയിരുത്തല്‍.

തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ വി മുരളീധരനേയും കെ സുരേന്ദ്രനേയും ക്ഷണിക്കാത്തത് മുതല്‍ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ തലപൊക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍ പക്ഷത്തെ വെട്ടിയൊതുക്കിക്കൊണ്ടുള്ള ഒരു ഭാരവാഹി പട്ടിക പുറത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കേരളത്തില്‍ ബിജെപിക്ക് ഇടയില്‍ ഉയര്‍ന്ന് വരുന്ന ഗ്രൂപ്പ് പോര് വലിയൊരു പൊട്ടിത്തെറിക്ക് തന്നെ കാരണമാകും. BJP infighting intensifies; reorganization with the knowledge of the central leadership

Content Summary: BJP infighting intensifies; reorganization with the knowledge of the central leadership

This post was last modified on July 24, 2025 2:18 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment