മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറും റിപ്പോർട്ടർ ടി.വി. മാനേജ്‌മെൻ്റുമായി അരങ്ങേറുന്ന നിയമയുദ്ധമാണ് നിലവിൽ മാധ്യമരംഗത്തെ ‘ഹോട്ട് ന്യൂസ്’. രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി.പി.എൽ. ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി വ്യാജവാർത്തകൾ സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് റിപ്പോർട്ടർ ടി.വി.ക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ഇതിന് മറുപടിയെന്നോണം, റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിൻ തങ്ങളുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ കൂടിയായ രാജീവ് ചന്ദ്രശേഖറിനും ഏഷ്യാനെറ്റ് ന്യൂസിനുമെതിരെ 150 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയുണ്ടായി.
അർജൻ്റീന ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തങ്ങൾക്കെതിരെ വ്യാജവാർത്തകൾ നൽകിയതിനാണ് ഈ നിയമനടപടി. ഈ കോർപ്പറേറ്റ് പോരിനിടയിൽ ഇരുഭാഗത്തുനിന്നും ഉയർന്നിരിക്കുന്ന ഈ ഭീമമായ നഷ്ടപരിഹാര കേസുകളോടെ, മാധ്യമരംഗത്തെ സ്ലാപ്പ് സ്യൂട്ട് (Strategic Lawsuit Against Public Participation) ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
എന്താണ് സ്ലാപ്പ്?
പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ അഭിപ്രായം പറയുന്ന, അല്ലെങ്കിൽ റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും, ഭീമമായ സാമ്പത്തിക ബാധ്യതകളും നിയമനടപടികളും ചുമത്തി നിശ്ശബ്ദരാക്കാനോ ഭീഷണിപ്പെടുത്താനോ വേണ്ടി ഉന്നത വ്യക്തികൾ നിയമത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് സ്ലാപ്പ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
രാഷ്ട്രീയ നേതാക്കളും മാധ്യമസ്ഥാപന ഉടമകളും തമ്മിലുള്ള ഈ കോർപ്പറേറ്റ് പോരാട്ടം ഒരേസമയം വ്യാജവാർത്തകൾക്കെതിരായ പോരാട്ടവും അതോടൊപ്പം, നിയമപരമായ സമ്മർദ്ദത്തിലൂടെ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമവുമാകാം. നിയമപരമായി കേസ് ജയിക്കുക എന്നതിലുപരി, വിമർശനം ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തുക എന്നതാണ് സ്ലാപ്പ്ന്റെ മുഖ്യ ലക്ഷ്യം.
ഭീമമായ നഷ്ടപരിഹാരത്തുകകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപകീർത്തി, ഉപദ്രവം, ഗൂഢാലോചന തുടങ്ങിയ സിവിൽ കേസുകളായിരിക്കും സാധാരണയായി നൽകുക. നിയമനടപടികളുടെ നീണ്ട കാലയളവും, ഭീമമായ ചിലവുകളും കാരണം, സാധാരണക്കാർക്കും മാധ്യമങ്ങൾക്കും സത്യസന്ധമായ റിപ്പോർട്ടിംഗിൽ ഏർപ്പെടാൻ ഭയം തോന്നും. ഇത് വിമർശനങ്ങളെ നിശ്ശബ്ദമാക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. മാധ്യമപ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, ഉപഭോക്തൃ അവകാശ പ്രവർത്തകർ, ബ്ലോഗർമാർ, സാമൂഹിക വിമർശകർ തുടങ്ങി അധികാരമുള്ളവരെ ചോദ്യം ചെയ്യുന്ന ആരെയും ഇതിലൂടെ ലക്ഷ്യമിടാം.
രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടി.വി.ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയതും, അതിനു മറുപടിയായി റിപ്പോർട്ടർ ടി.വി. തിരികെ 150 കോടിയുടെ കേസ് നൽകിയതും സ്ലാപ്പ് സ്വഭാവവുമായി സാമ്യം പുലർത്തുന്നുണ്ട്. കാരണം, കേസ് ജയിച്ചാൽ പോലും ലഭിക്കാൻ സാധ്യതയില്ലാത്ത ഭീമമായ തുകകൾ ആവശ്യപ്പെടുന്നത്, എതിർ കക്ഷിയെ സാമ്പത്തികമായി തകർക്കാനും നിശ്ശബ്ദരാക്കാനുമുള്ള തന്ത്രമായി വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ നേതാക്കളുടെ സാമ്പത്തിക ഇടപാടുകളും മാധ്യമങ്ങൾ തമ്മിലുള്ള തർക്കങ്ങളും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളാണ്.
ആന്റി-സ്ലാപ്പ് നിയമങ്ങൾ?
സ്ലാപ്പ് കേസുകൾ മാധ്യമസ്വാതന്ത്ര്യത്തെയും ജനാധിപത്യപരമായ ചർച്ചകളെയും തടസ്സപ്പെടുത്തുന്നതിനാൽ, യു.എസ്., കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയവ ലോകത്തെ പല രാജ്യങ്ങളിലും, ഇതിനെ പ്രതിരോധിക്കാൻ ആന്റി-സ്ലാപ്പ് നിയമങ്ങൾ നിലവിലുണ്ട്. ഈ നിയമങ്ങൾ പ്രകാരം ഒരു കേസ് സ്ലാപ്പ് ആണെന്ന് തെളിയിക്കപ്പെട്ടാൽ, അത് തുടക്കത്തിൽ തന്നെ തള്ളിക്കളയാൻ കോടതിക്ക് അധികാരമുണ്ട്.
സ്ലാപ്പ് കേസ് നൽകിയയാൾ, കേസ് നേരിട്ടയാൾക്ക് ഉണ്ടായ നിയമപരമായ ചെലവുകൾ തിരികെ നൽകാൻ ബാധ്യസ്ഥനാകും. ഇന്ത്യയിൽ നിലവിൽ പ്രത്യേക ആന്റി-സ്ലാപ്പ് നിയമങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ, ഇത്തരം കേസുകൾ മാധ്യമ സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക, സമയ ബാധ്യതകൾ ഉണ്ടാക്കുന്നു.
അദാനി-ദി വയർ പോരാട്ടം
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സ്ലാപ്പ് സ്വഭാവമുള്ള നിയമയുദ്ധങ്ങളിൽ ഒന്നാണ് അദാനി ഗ്രൂപ്പ് – ദി വയർ കേസ്. ഗൗതം അദാനിയുമായും അദാനിയുടെ കോർപ്പറേറ്റ് സാമ്രാജ്യവുമായും ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളെക്കുറിച്ച് ദി വയർ, അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ റിപ്പോർട്ടുകൾക്കെതിരെ അദാനി ഗ്രൂപ്പ്, 300 കോടി ഉൾപ്പെടെയുള്ള ഭീമമായ തുകകൾ ആവശ്യപ്പെട്ട് നിരവധി മാനനഷ്ട കേസുകൾ ഫയൽ ചെയ്തു.
നിരവധി കേസുകൾ ഒരേ സമയം നേരിടേണ്ടി വന്നത് ദി വയറിൻ്റെ സാമ്പത്തിക അടിത്തറയെ സാരമായി ബാധിക്കുകയും സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും ചെയ്തു. ഇന്ത്യയിൽ, വ്യാജക്കേസുകളുടെയും നിയമപരമായ സമ്മർദ്ദങ്ങളുടെയും മറവിൽ അന്വേഷണാത്മക പത്രപ്രവർത്തനം നേരിടുന്ന കടുത്ത ഭീഷണി ഈ സംഭവത്തിലൂടെ പൊതുസമൂഹത്തിൽ തുറന്നുകാട്ടപ്പെട്ടു.
പരഞ്ജോയ് ഗുഹ താക്കൂർത്ത
മുതിർന്ന മാധ്യമപ്രവർത്തകനും ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി (EPW) യുടെ മുൻ എഡിറ്ററുമായിരുന്ന പരഞ്ജോയ് ഗുഹ താക്കൂർത്ത നേരിട്ട നിയമനടപടികളും സ്ലാപ്പ് സ്വഭാവമുള്ളവയായിരുന്നു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചില നയപരമായ തീരുമാനങ്ങളെ വിമർശിച്ചുകൊണ്ട് ഒരു ലേഖനം അദ്ദേഹം EPW-യിൽ പ്രസിദ്ധീകരിച്ചതായിരുന്നു സംഭവങ്ങളുടെ തുടക്കം. ലേഖനം പുറത്തുവന്നതിന് പിന്നാലെ, അദാനി ഗ്രൂപ്പിൻ്റെ ഭാഗത്തുനിന്ന് താക്കൂർത്തയ്ക്ക് തീവ്രമായ നിയമപരമായ നോട്ടീസുകളുടെ പ്രവാഹമുണ്ടായി.
ഈ നിയമപരമായ ഭീഷണിപ്പെടുത്തലുകൾ EPW മാനേജ്‌മെൻ്റിൻ്റെ മേൽ സമ്മർദ്ദം ചെലുത്തുകയും, അത് ഒടുവിൽ താക്കൂർത്തയെ എഡിറ്റർ സ്ഥാനത്തുനിന്ന് രാജി വെക്കാൻ നിർബന്ധിതനാക്കുകയും ചെയ്തു. പല കേസുകളിലും പണം നഷ്ടപ്പെടാതിരിക്കാൻ കമ്പനികൾ നിയമനടപടികളുമായി മുന്നോട്ട് പോകാതെ, വെറും ഭീഷണി നോട്ടീസുകൾ നൽകി മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നതിൻ്റെ ഉദാഹരണമായി ഇത് കണക്കാക്കപ്പെടുന്നു.
ബ്ലൂംബെർഗ് – സീ ഗ്രൂപ്പ് കേസ്
മാധ്യമസ്വാതന്ത്ര്യത്തിൻ്റെ സംരക്ഷണത്തിൽ ഇന്ത്യൻ സുപ്രീം കോടതി സ്വീകരിച്ച ശ്രദ്ധേയമായ നിലപാടുകളിലൊന്നാണ് ബ്ലൂംബെർഗ് – സീ ഗ്രൂപ്പ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായത്. ബ്ലൂംബെർഗ് ന്യൂസ്, സീ എന്റർടെയ്ൻമെൻ്റുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് നിയമനടപടികൾ ആരംഭിച്ചത്. ഈ റിപ്പോർട്ടുകൾക്കെതിരെ സീ ഗ്രൂപ്പ് കോടതിയെ സമീപിക്കുകയും, ബ്ലൂംബെർഗ് തുടർന്നുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് തടയാനായി ഇടക്കാല വിലക്ക് നേടാൻ ശ്രമിക്കുകയും ചെയ്തു.
ഇടക്കാല വിലക്ക് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുമ്പോൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ബഞ്ച് കേസുകൾ സ്ലാപ്പ് സ്വഭാവമുള്ള കേസുകൾക്കെതിരെ കോടതികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. അമിതമായ സാമ്പത്തിക ശക്തിയുള്ള സ്ഥാപനങ്ങൾ മാധ്യമങ്ങൾക്കെതിരെ സ്ലാപ്പ് ഫയൽ ചെയ്യുന്നത് തടയേണ്ടത് ജുഡീഷ്യറിയുടെ കടമയാണെന്നും കോടതി പറയുകയുണ്ടായി. ഔദ്യോഗിക ആന്റി-സ്ലാപ്പ് നിയമങ്ങൾ ഇല്ലെങ്കിലും, മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും കോർപ്പറേറ്റ് ഭീഷണിയെ പ്രതിരോധിക്കുന്നതിനും കോടതികൾക്ക് സ്വന്തം നിലയിൽ ഇടപെടാൻ കഴിയും എന്ന് ഈ കേസ് തെളിയിച്ചു.
ഗ്രീൻപീസ് കേസ്
സാമൂഹ്യ പങ്കാളിത്തമുള്ള സംഘടനകളും സ്ലാപ്പ് കേസുകളിൽ കുടുങ്ങാറുണ്ട്. പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ്, ടാറ്റാ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില പരിസ്ഥിതി നയങ്ങളെയും പദ്ധതികളെയും പരസ്യമായി വിമർശിച്ചിരുന്നു. ഈ വിമർശനങ്ങൾ ടാറ്റാ ഗ്രൂപ്പിൻ്റെ പ്രതിച്ഛായക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി കമ്പനി കോടതിയെ സമീപിച്ചു. ഈ കേസിൽ ഡൽഹി ഹൈക്കോടതി സ്ലാപ്പ് എന്ന ആശയം ചർച്ച ചെയ്യുകയും, ഇത്തരം കേസുകൾ പൊതു പങ്കാളിത്തത്തെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ളതാണെങ്കിൽ തള്ളിക്കളയേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
content summary: 250 Million SLAPP War Weaponizing Lawsuits to Silence Investigative Journalism
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.