‘ന്യൂസ് റൂമിലെ ഏകാകികൾ’ എന്ന പുസ്തകം അപ്രതീക്ഷിതമായാണ് എൻ്റെ കൈയിൽ എത്തിയത്. അഴിമുഖം പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിലൂടെ ഭാരതീയ പത്രപ്രവർത്തന രംഗത്തെ അതികായകരുടെ കഥകളാണ് പി. രാംകുമാർ പങ്കുവെയ്ക്കുന്നത്. ആ ഗണത്തിൽ തന്നെ പെടുത്താവുന്ന കെ. എസ് സച്ചിദാന്ദ മൂർത്തിയാണ് രാംകുമാർ എന്ന പത്രപ്രവർത്തകനെ ഇതുപോലൊരു ലേഖന സമാഹാരം തയ്യാറാക്കുവാൻ പ്രേരിപ്പിച്ചത്.
പോത്തൻ ജോസഫിനെക്കുറിച്ചുള്ള അദ്ധ്യായത്തോട് കൂടിയാണ് പുസ്തകം തുടങ്ങുന്നതെന്നത് ഉചിതം തന്നെ. 1917ൽ ‘ബോംബെ ക്രോണിക്കിളിൽ’ പത്രപ്രവർത്തനം ആരംഭിച്ച പോത്തൻ ജോസഫ് 1972 ൽ നിര്യാതനാകുന്നതുവരെ ഇന്ത്യൻ പത്രപ്രവർത്തക ലോകത്തിൻ്റെ ഒരു നെടുന്തൂൺ ആയിരുന്നുവല്ലോ. ഗാന്ധിയും നെഹ്റുവും ജിന്നയും ഒരുപോലെ ആദരിച്ചിരുന്ന ഒരു വ്യക്തിത്വമാണ് പോത്തൻ ജോസഫ് എന്ന് രാംകുമാർ നമ്മെ ഓർമിപ്പിക്കുന്നു.

കഴിഞ്ഞ തലമുറയിലെ വായനക്കാരുടെ ഓർമ്മകളിൽ ത്രസിച്ചുനിൽക്കുന്ന പലരേയും കുറിച്ചുള്ള അദ്ധ്യായങ്ങൾ ഇതിനു പിന്നാലെ വരുന്നു. ചലപതി റാവു, ഫ്രാങ്ക് റമാറേയ്സ്, നിഖിൽ ചക്രവർത്തി, ഖുഷ്വന്ത് സിംഗ്, എസ്. മൾഗാവോങ്കർ, വിനോദ് മെഹ്ത, കുൽദീപ് നയ്യർ എന്നിവർ ഉൾപ്പെടെ. എന്നാൽ നാം അത്രതന്നെ പേര് കേട്ടിട്ടില്ലാത്ത ചില മലയാളി പത്രപ്രവർത്തകരുടെ കഥകളാണ് എന്നിൽ കൂടുതൽ താൽപര്യം ഉളവാക്കിയത്. കേണൽ ഉണ്ണിനായരുടേയും എം. ശിവരാമിൻ്റേയും സാഹസിക പത്രപ്രവർത്തനം ഐതിഹാസികം തന്നെയായിരുന്നു. ഹാൻസുയിൻ്റെ പ്രശസ്തമായ ദി മൗണ്ടൻ ഈസ് യങ് എന്ന നോവലിലെ ഉണ്ണിമേനോൻ എന്ന കഥാപാത്രം കേണൽ ഉണ്ണി നായരെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ടതായിരുന്നുവല്ലോ.
ഇക്കണോമിക്ക് ആൻ്റ് പൊളിറ്റിക്കൽ വീക്ക്ലി, ഞാൻ എക്കാലവും ആദരിച്ചുപോന്നിരുന്ന ഒരു പ്രസിദ്ധീകരണം ആണ്. എന്നാൽ അതിൻ്റെ പത്രാധിപരായി മുപ്പത്തഞ്ച് വർഷത്തോളം സേവനം അനുഷ്ഠിച്ച കൃഷ്ണരാജിനെക്കുറിച്ച് എനിക്ക് തീരെ അറിവില്ലായിരുന്നു. സച്ചിൻ ചൗധരി, ഡോ. കെ. എൻ രാജിൻ്റെ സഹായത്തോടെ തുടങ്ങിയ ഇ.പി.ഡബ്ല്യൂവിൻ്റെ ചുക്കാൻ പിടിച്ചിരുന്ന ധിഷണാശാലിയായ ഒറ്റപ്പാലം കാരനെക്കുറിച്ച് എനിക്കുണ്ടായിരുന്ന അറിവ് കുറച്ച് നീക്കം ചെയ്തതിന് രാംകുമാറിനോട് കടപ്പാടുണ്ട്.
നൂറുവർഷം പിന്നിട്ട ഹിന്ദുസ്ഥാൻ ടൈംസിനെക്കുറിച്ചുള്ള അദ്ധ്യായം ഏറ്റവും ശ്രദ്ധപിടിച്ചുപറ്റുന്ന ഒന്നാണ്. 1924 ൽ ആയിരുന്നുവല്ലോ മഹാത്മാ ഗാന്ധി ‘ഹിന്ദുസ്ഥാൻ ടൈംസി’ൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. അന്ന് പത്രത്തിൻ്റെ പ്രസാധകനും പത്രാധിപരും മലയാളികൾ ആയിരുന്നു എന്ന വിവരം എന്നിൽ അത്ഭുതം ഉളവാക്കി – (ഇടത്തട്ട പത്മനാഭ മോനോനും സർദാർ കെ. എം പണിക്കരും) ഹിന്ദുസ്ഥാൻ ടൈംസിൽ അതതുകാലത്ത് ജോലി ചെയ്തിരുന്ന മലയാളി പത്രപ്രവർത്തകരുടെ ഒരു നീണ്ട പട്ടിക തന്നെ രാംകുമാർ പങ്കുവെയ്ക്കുന്നു. കെ.എം പണിക്കരെ കൂടാതെ പോത്തൻ ജോസഫ്, ബി.ജി വർഗീസ്, എൻ. സി മേനോൻ എന്നിവരും ഹിന്ദുസ്ഥാൻ ടൈംസിൽ പത്രാധിപരായി സേവനം ചെയ്തു. ബി.ജി വർഗീസിനെക്കുറിച്ച് ഒരു പ്രത്യേക അധ്യായം ഇല്ലായെങ്കിലും സി. പി രാമചന്ദ്രനെക്കുറിച്ചുള്ള അദ്ധ്യായത്തിലെ പ്രധാന കഥ വർഗീസിനെ പത്രാധിപസ്ഥാനത്തു നിന്ന് നീക്കിയ പത്രമുടമ കെ. കെ ബിർളയുടെ നടപടി ചോദ്യംചെയ്തുകൊണ്ട് രാമചന്ദ്രൻ നയിച്ച വിജയകരമായ നിയമയുദ്ധത്തിൻ്റെ വിവരണം ആണ്. ഇതുപോലെ നമുക്കറിയാത്ത പല കഥകളും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസിലൂടെ ഉയർന്നുവന്ന് ‘ലിങ്കി’ൻ്റേയും ‘പേട്രിയറ്റി’ൻ്റേയും സ്ഥാപക എഡിറ്ററായ എടത്തട്ട നാരായണനെക്കുറിച്ച് പ്രത്യേക പരാമർശം ഉണ്ട്. അദ്ദേഹത്തിൻ്റെ ജീവചരിത്രം തന്നെ എഴുതിയ വ്യക്തിയാണ് രാംകുമാർ.
‘ഇല്ലുസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ’യുടെ വളർച്ചയുടേയും തളർച്ചയുടേയും കഥ വായിക്കേണ്ടത് തന്നെയാണ്. നമ്മളിൽ പലർക്കും ചെറുപ്പം മുതൽ പരിചയമുള്ള ഒരു വാരിക ആയിരുന്നുവല്ലോ അത്. ഫാൻ്റം കോമിക് വായിക്കുവാൻ വേണ്ടി ആയിരുന്നുവെങ്കിൽ പോലും ഖുഷ്വന്ത് സിങ്ങിൻ്റെ കാലത്ത് അതിന് അത്ഭുതപൂർവ്വമായ വളർച്ച ഉണ്ടായി. അതിനുശേഷം വളരെ പെട്ടെന്ന് 1993ൽ അപ്രത്യക്ഷമാവുകയും ചെയ്തു. ആ വൃത്താന്തത്തിന്റെ പിന്നാമ്പുറങ്ങൾ രാംകുമാർ വിശദമായി വിവരിക്കുന്നുണ്ട്.
ടി. ജെ. എസ് ജോർജിനെ ഒന്നിൽകൂടുതൽ പ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് കാര്യമായിട്ടൊന്നും കാണാതെ ഇരുന്നത് എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിൻ്റെ പത്രപ്രവർത്തന ജീവിതം കൂടുതലും ഇന്ത്യയ്ക്ക് വെളിയിൽ ആയിരുന്നതിനാൽ ആയിരിക്കാം ഇതുണ്ടായതെന്ന് ഞാൻ കരുതുന്നു. പത്ഭൂഷൺ ജേതാവും ഏഷ്യാവീക്ക് വാരികയുടെ സ്ഥാപക പത്രാധിപനുമായിരുന്ന, ഈയിടെ 97ാം വയസിൽ നിര്യാതനായ ജോർജിന് ഒരു ഇടം ഈ പുസ്തകത്തിൽ കിട്ടാതെ പോകരുതായിരുന്നു. ഇതേ കാരണം കൊണ്ടുതന്നെ ആയിരിക്കാം മെയ്ൻസ്ട്രീം വാരികയിൽ തുടങ്ങി, ഫാർ ഈസ്റ്റേൺ ഇക്കണോമിക്ക് റിവ്യൂ, ബാങ്കോക് പോസ്റ്റ്, എന്നിവയിൽ പ്രവർത്തിച്ചും ഹോങ്ങ് കോങ്ങ് സ്റ്റാൻഡേർഡിൻ്റെ എഡിറ്റർ ഇൻ ചീഫ് ആയിത്തീർന്ന പി. വിശ്വനാഥൻ്റെ ചരിത്രവും ഒരു വാചകത്തിൽ ഒതുങ്ങിപ്പോയത്.
പത്രാധിപർ മാത്രമല്ല ഈ പുസ്തകത്തിൽ ഇടംപിടിച്ചിരിക്കുന്നത്. ശങ്കർ, അബു എബ്രഹാം എന്നിവർ അവരുടെ കാർട്ടൂണുകളിലൂടെയും ടി. എസ് സത്യൻ ഹോമായ് വ്യാരവാല എന്നിവർ അവരുടെ ഫോട്ടോകളിലൂടെയും പത്രലോകത്തിന് നൽകിയ സംഭാവനകളെ രാംകുമാർ സുദീർഘമായി അവലോകനം ചെയ്യുന്നു.
ഈ പുസ്തകത്തിൽ ഉടനീളം ഉയർന്നുനിൽക്കുന്ന ഒരു ചിന്ത പത്രസ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സർക്കാരിൽ നിന്നും പത്രമുടമകളിൽ നിന്നുമുള്ള സമ്മർദ്ദത്തെ അതിജീവിക്കുവാൻ പ്രശസ്തരും കഴിവുറ്റവരുമായ നമ്മുടെ പത്രാധിപന്മാർ എത്ര ബുദ്ധിമുട്ടിയെന്ന് ഓരോ അദ്ധ്യായത്തിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയും. ഭാരതീയ പത്രപ്രവർത്തന ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായമായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ദിനത്തെ അതിൻ്റെ അൻപതാം വാർഷികത്തിൽ ഒരിക്കൽ കൂടി ഓർത്തുകൊണ്ടാണ് രാംകുമാർ തൻ്റെ പുസ്തകം അവസാനിപ്പിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ മാറ്റുരച്ച് നോക്കുന്നത് പത്രപ്രവർത്തനത്തിലൂടെയാണല്ലോ. ജനാധിപത്യത്തിൽ അധിഷ്ഠിതമായ നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുന്നതിൽ പത്രപ്രവർത്തകർക്കുള്ള പങ്ക് വലുതാണ്. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതികരിക്കുവാൻ തൻ്റേടം കാണിച്ച മഹാരഥന്മാരുടെ കഥകൾ പുതിയ തലമുറയ്ക്ക് ഉത്തേജനം നൽകട്ടെ. പ്രഖ്യാപിതമല്ലാത്ത അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കുവാൻ ശ്രമങ്ങൾ ഉണ്ടായാൽ ചെറുത്തുനിർത്തേണ്ടതുണ്ട് എന്ന തിരിച്ചറിവ് പ്രദാനം ചെയ്യുവാൻ ഈ ഉപന്യാസസമാഹാരത്തിൻ്റെ ഉള്ളടക്കം ഉപകരിക്കും.
Content Summary: Hormis Tharakan spoke about the factions in P. Ramkumar’s newsroomile ekakikal