June 04, 2026 |
Avatar
അമർനാഥ്‌
Share on

ഓൺലൈൻ പുസ്തക വിൽപ്പനയുടെ ഇന്ദ്രജാലങ്ങൾ

ഇന്ത്യയിൽ ഏറ്റവും അധികം പുസ്തകങ്ങൾ പുറത്തിറങ്ങുന്ന കേരളത്തിൽ, പുസ്തക വിൽപ്പനയിൽ ഓൺലൈൻ മേധാവിത്വം സ്ഥാപിക്കാനൊരുങ്ങുന്നു

ഓൺലൈൻ വിൽപ്പന പുസ്തക വിപണിയെ കീഴടക്കുന്ന കാലമെത്തി. അവ പുസ്തക ഷോപ്പുകളേക്കാൾ മികച്ച സേവനം നൽകുന്നു. പുസ്തക കടകൾ, പുസ്തക മേളകൾ എന്നിവയുടെ വിൽപ്പനയിലുള്ള സർവ്വാധിപത്യം അവസാനിച്ചു. പുസ്തകങ്ങൾ ആർക്കും എവിടേയും ഏതും ലഭ്യമാവുന്നു. അവ നിങ്ങളുടെ വീട്ടിലെത്തുന്നു. നിങ്ങൾക്ക് പുസ്തകം വാങ്ങാനും വിൽക്കാനും എളുപ്പം. ഇന്ത്യയിൽ ഏറ്റവും അധികം പുസ്തകങ്ങൾ പുറത്തിറങ്ങുന്ന കേരളത്തിൽ, പുസ്തക വിൽപ്പനയിൽ ഓൺലൈൻ മേധാവിത്വം സ്ഥാപിക്കാനൊരുങ്ങുന്നു.

നിങ്ങൾ വായനക്കാരനോ ഒരു പുസ്തകപ്രേമിയോ ആണോ? എങ്കിൽ അറിയുക. നിങ്ങൾ നാളുകളായി തേടി നടന്ന മനശാസ്ത്രജ്ഞൻ മാത്യു വെല്ലൂരിൻ്റെ പ്രശസ്തമായ ‘രതി വിണ്ട വിജ്ഞാനകോശം’ ത്തിൻ്റെ ആദ്യ പതിപ്പ് വേണോ? കിട്ടും. 40 വർഷം മുൻപ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കവറുമായി വന്ന എം.ടി.യുടെ രണ്ടാമൂഴത്തിൻ്റെ ആദ്യ പതിപ്പ് ? മോഹലാലിൻ്റെ വിവാഹ ഫോട്ടോകളുടെ പതിപ്പായ നാന വാരിക? 50 വർഷം മുൻപുള്ള മനോരമ ഇയർ ബുക്ക്? നിങ്ങൾ ആവേശത്തോടെ വായിച്ച, 80 കളിലെ ‘പൂമ്പാറ്റ’ ബാലമാസിക മക്കളെ കാണിച്ച് നൊസ്റ്റാൾജിയ പങ്കു വെയ്ക്കണോ? ഇന്ത്യ ലോകകപ്പ് നേടിയ വാർത്ത അച്ചടിച്ച ദിനപത്രം? ഇതെല്ലാം കിട്ടുന്ന പുതിയ ഒരു വിൽപ്പന ശാല ഇതാ. ഇന്ത്യയിൽ എവിടെയാണെങ്കിലും നിങ്ങൾക്ക് കിട്ടും. ആഗ്രഹിച്ച പ്രസിദ്ധീകരണമോ പുസ്തകമോ നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തും!

പഴയ പുസ്തകങ്ങൾ വാങ്ങാനും വിൽക്കാനും ഗ്രൂപ്പുകൾ

രമണൻ എന്ന സ്വന്തം കാവ്യത്തിൻ്റെ പുസ്തകകെട്ടുമായി വിൽക്കാൻ നേരിട്ടിറങ്ങിയ ചങ്ങമ്പുഴയും തൃശൂർ വടക്കെ ബസ്സ്റ്റാൻഡിൽ സൈക്കിൾ ചക്രം ഘടിപ്പിച്ച വണ്ടിയിൽ പുസ്തകം വിൽക്കുന്ന ചൊവൂക്കാരൻ ജോസ് തൊട്ട്, കോഴിക്കോട് നഗരത്തിൽ സൈക്കിൾ ചവുട്ടി സഞ്ചരിച്ച് പുസ്തകം വിറ്റ എൻ.ഇ. ബാലകൃഷ്ണ മാരാർ വരെയുള്ളവർ പുസ്തക വിൽപ്പനയുടെ ചരിത്രത്തിലുണ്ട്. ട്രെയിനിലും ബസ്സിലും, നടന്നും പുസ്തകം വിൽക്കുന്നവരും അതിലുണ്ട്. എന്നാൽ ഇനി പറയുന്നത് പുസ്തക വിൽപ്പന മേഖലയിലെ തികച്ചും വ്യത്യസ്തമായ നൂതനമായ ഒരു മായാലോകത്തെക്കുറിച്ചാണ്.

50 വർഷം മുൻപ് മലയാളത്തിൽ പുറത്ത് വന്ന ‘റഷ്യൻ നാടോടി കഥകൾ’ ഏറെ നാളായി ഒരു വായനക്കാരനായ പ്രകാശൻ അന്വേഷിക്കുന്നു. കിട്ടിയില്ല. ഒരു ലൈബ്രറിയിലും ഇല്ലാത്ത ഒരു അപൂർവ ഗ്രന്ഥമായി മാറിയിരുന്നു അത്. ഒറ്റ പതിപ്പ് മാത്രം ഇറങ്ങിയ പുസ്തകം. 1990ൽ സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ അപ്രത്യക്ഷമായ റഷ്യൻ പ്രസാധകരായ മോസ്ക്കോവിലെ പ്രോഗ്രസ്സ് പബ്ലിഷേഴ്സ് ഇറക്കിയ മികച്ചതായി അച്ചടിച്ച ഇത്തരത്തിലുള്ള പരശതം റഷ്യൻ പുസ്തകങ്ങൾ വിൽപ്പനാ ലോകത്തു നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായി.

റഷ്യൻ നാടോടി കഥകൾ

മോസ്കോ റേഡിയോയിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണനും ഭാര്യ ഓമന ഗോപാലകൃഷ്ണനുമായിരുന്നു ഇവ ഭൂരിഭാഗവും റഷ്യനിൽ നിന്ന് മൊഴിമാറ്റി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. പ്രഭാത് ബുക്സ് വഴി വിറ്റഴിച്ച ആ പുസ്തകങ്ങൾ അന്നത്തെ സൂപ്പർ പവറായ സോവിയറ്റ് യൂണിയൻ്റെ അഭിമാനവും ഇന്ത്യോ സോവിയറ്റ് ബന്ധത്തിൻ്റെ സാംസ്കാരിക ശിലാഫലകങ്ങളും കൂടിയായിരുന്നു. ടോൾസ്റ്റോയി കഥകൾ, മൂന്നു തടിയന്മാർ, കുട്ടിക്കഥകളും ചിത്രങ്ങളും തുടങ്ങിയ ആ കൂട്ടത്തിലെ വർണ്ണ ചിത്ര പുസ്തകങ്ങൾ ഒന്നു രണ്ടു തലമുറയെ വായനാനുഭവം കൊണ്ട് ആനന്ദിപ്പിച്ചിരുന്നു.

ഇവയ്ക്ക് പകർപ്പവകാശമില്ലാത്തതിനാൽ ചിലതൊക്കെ വീണ്ടും അച്ചടിച്ച് വിപണിയിൽ ഇപ്പോൾ എത്തുന്നുണ്ട്. പണ്ട് അത് വായിച്ച വായനക്കാരുടെ പ്രായം ഇപ്പോൾ 60 കളിലെത്തിയെങ്കിലും ആ നൊസ്റ്റാൾജിയ മൂലം അത് ഇഷ്ടപ്പെടുന്നവർ ഒത്തിരിയുണ്ട്. ഇപ്പോഴും അത് ഇഷ്ടപ്പെടുന്നവരുണ്ട് എന്നതാണ് ഇതിന് കാരണം. പണ്ട് വില കുറവാണ്. മികച്ച അച്ചടിയും കാണാൻ നല്ല ഭംഗിയുള്ള പുസ്തകങ്ങളായിരുന്നു. എങ്കിലും 50 വർഷമായി ഈ റഷ്യൻ നാടോടി കഥകൾ എവിടെയോ മറഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ‘ബുക്ക് സെയിൽ’ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ പുസ്തകം വിൽപ്പനക്കായി പ്രത്യക്ഷപ്പെട്ടു. ‘റഷ്യൻ നാടോടി കഥകൾ – വില ‘:1300 /- പത്ത് മിനിറ്റിനകം ആ പുസ്തകം ആഹ്ലാദത്തോടെ പ്രകാശൻ വാങ്ങി. 40 രൂപ വിലയുള്ള പുസ്തകം വാങ്ങിയത് പത്തിരട്ടി വിലക്ക് !

ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പുസ്തകങ്ങൾ അച്ചടിച്ച് പുറത്ത് വരുന്ന കേരളത്തിൽ വാട്സാപ്പും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഉപയോഗിച്ച് പുസ്തകങ്ങൾ മാർക്കറ്റ് ചെയ്യുന്നതും വിൽക്കുന്നതും മലയാള പുസ്തകവ്യവസായത്തിൽ ഇപ്പോൾ നിശ്ശബ്ദമായി നടന്നുകൊണ്ടിരിക്കുന്ന, പുസ്തക വിൽപ്പനയെന്ന ഒരു വിപ്ലവത്തിൻ്റെ കഥ ഇവിടെ തുടങ്ങുന്നു.

ഒരു പഴയ പുസ്തക ഗ്രൂപ്പ്

ഒരു ചെറിയ പുസ്തക പ്രസാധന സ്ഥാപനത്തിലെ ജോലി വെച്ച് സന്തോഷ് എന്ന യുവാവ് തൻ്റെ ചെറിയ സംരംഭമായി പുസ്തക വിൽപ്പന ആരംഭിച്ചത് യാദൃശ്ചികമായാണ്. ഒരു വായനക്കാരൻ കൂടിയായ സന്തോഷ് തൻ്റെ കയ്യിലുള്ള വായിച്ച് കഴിഞ്ഞ ഒരു നോവലിൻ്റെ കവർ മുഖപുസ്തകത്തിൽ കൊടുത്ത് എഴുതി, ‘പഴയ പുസ്തകം വിൽപ്പനക്ക്.’ ഏതാനും സമയത്തിനകം പുസ്തകം ആവശ്യപ്പെട്ട് വായനക്കാരൻ്റെ സന്ദേശം എത്തി. ആ പുസ്തകം ഉടൻ വിറ്റു. അടുത്ത നിമിഷം ഈ പുസ്തകം ആവശ്യപ്പെട്ട് മറ്റൊരാളുടെ സന്ദേശം വന്നു. സന്തോഷ് എഴുതി sold out. ഉടനെ ആവശ്യക്കാരൻ ചോദിച്ചു നിങ്ങളുടെ കയ്യിൽ ഇനിയും ഇത് പോലത്തെ പുസ്തകം വിൽക്കാനുണ്ടോ? ആ നിമിഷം സമൂഹമാധ്യമങ്ങളിൽ കൂടി പുസ്തകങ്ങൾ വിൽക്കുന്ന ഒരാളായി സന്തോഷ് എന്ന യുവാവ് മാറി.

ഇന്ന് കേരളത്തിൽ നടക്കുന്ന ആയിരക്കണക്കിന്ന് സമൂഹമാധ്യമപുസ്തക വിൽപ്പന ഗ്രൂപ്പിലെ ഒരു പ്രധാന വാട്ട്സാപ്പ് ഗ്രൂപ്പാണ് തിരുവനന്തപുരത്തു കാരൻ സന്തോഷിൻ്റെ ‘ബുക്ക് സെയിൽ’. 40 വർഷം മുൻപ് ഇറങ്ങിയ സുമംഗലയുടെ മലയാള പുനരാഖ്യാനം ‘പഞ്ചതന്ത്രം’, 1985 ൽ ആർട്ടിസ്റ്റ് ശങ്കരൻ കുട്ടി വരച്ച ചിത്രങ്ങളുമായി ഇറങ്ങിയ ഡി.സി ബുക്സിൻ്റെ ‘സുമംഗലയുടെ പഞ്ചതന്ത്രം’ നാലാം പതിപ്പ് കഴിഞ്ഞ ആഴ്ച ഒരു കോപ്പി സന്തോഷ് വിറ്റത് 500 രൂപക്ക്, 12 ഇരട്ടി വിലയ്ക്ക് ! (ആദ്യ വില 40 രൂപ) ഇപ്പോൾ 25ാം പതിപ്പ് ഓടുന്ന ഡി.സി.യുടെ 400 പേജുള്ള, ഇതേ പഞ്ചതന്ത്രം പുതിയ എഡിഷന് വില 202 രൂപയാണ്.

40 വർഷം മുൻപ് പുറത്ത് വന്ന ആർട്ടിസ്റ്റ് ശങ്കരൻകുട്ടി വരച്ച ചിത്രങ്ങളുള്ള
പഞ്ചതന്ത്രം – വ്യാഖ്യാനം സുമംഗല

‘പണ്ട് ജോലി ചെയ്തത് ഒരു പുസ്തകപ്രസാധന സ്ഥാപനത്തിലായതിനാൽ ഈ മേഖലയിൽ ധാരാളം പരിചയക്കാരുള്ളത് ഗുണമായി. ബസ്സിലും ട്രെയിനിലും യാത്ര ചെയ്ത് ആണ് പുസ്തകങ്ങൾ ഞാൻ ശേഖരിക്കുന്നത്. നല്ല അധ്വാനമാണ്, എന്ത് കൊണ്ട് പഴയ പുസ്തകങ്ങൾക്ക് നല്ല വില ഞങ്ങൾ വാങ്ങുന്നു എന്നതിൻ്റെ കാരണം ഇതാണ്’, സന്തോഷ് പറയുന്നു. ‘പേപ്പർ വിലയ്ക്ക് തൂക്കി വാങ്ങുന്ന പുസ്തകങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ കച്ചവടക്കാർ അവയ്ക്ക് വില കൂട്ടി. അതായത് വേസ്റ്റ് പേപ്പർ രീതിയിൽ വാങ്ങിയ ഒരു പുസ്തകം അവരുടെ കയ്യിൽ വില പിടിപ്പുള്ള പുസ്തകം ആയി മാറുന്നു. അതും പഴയ പുസ്തകത്തിൻ്റെ വില കൂടാൻ കാരണമാകുന്നു. ജോലിയിൽ നിന്ന് വിരമിച്ച നല്ല വായനക്കാർ ഉണ്ട്. അവരുടെ കാലശേഷം വായന ശീലമില്ലാത്ത മക്കൾ സ്ഥലം മിനക്കെടുത്തുന്ന പിതാവിൻ്റെ പുസ്തകങ്ങൾ വിൽക്കും. നമ്മൾ ഈ മേഖലയിൽ ആയതിനാൽ അവർ നമ്മെ തേടി വരും. പുസ്തകങ്ങൾ കിട്ടുന്ന ഒരു സ്രോതസ്സ് അതാണ്. പിന്നെ ചെറുകിട പുസ്തകക്കടകളിൽ വിൽക്കാതെ ചില പുസ്തകങ്ങൾ ഷെൽഫിൽ ഇരുന്നു പോകും. ഇത്തരം സ്ഥലങ്ങളിൽ കയറി പുസ്തകം തിരയാറുണ്ട്. ചിലപ്പോൾ നല്ല ടൈറ്റിലുകൾ കിട്ടാം. അതും പുസ്തകം കിട്ടാനുള്ള ഒരു സ്രോതസ്സ് ആണ്,’ സന്തോഷ് പറയുന്നു.

മറ്റൊരു പഴയ റഷ്യൻ ക്ലാസിക്ക് വീണ്ടും പ്രസിദ്ധീകരിച്ചപ്പോൾ

‘ഞാൻ കൂടുതലും വിൽക്കുന്നത് ചരിത്ര പുസ്തകങ്ങളാണ്. പ്രത്യേകിച്ചും ഭാഷാ ഇൻസ്റ്റിട്യൂട്ടിൻ്റെ രണ്ടാം ലോകമഹായുദ്ധം പോലെ. പിന്നെ ഇന്ത്യാ ചരിത്രം, കൂടാതെ ജീവചരിത്രങ്ങൾ ഇവയൊക്കെ നല്ല ഡിമാൻ്റാണ്. ഇവയൊന്നും എല്ലായിടത്തും കിട്ടാൻ വിഷമമാണ്. അതിനാൽ ഞാൻ ഈ മൂന്നു വിഭാഗത്തിലെ പുസ്തകങ്ങളാണ് കൂടുതലും വിൽക്കുന്നത്. തിരക്കു പിടിച്ച ഇന്നത്തെ ജീവിതത്തിൽ പുസ്തകം അന്വേഷിക്കനുള്ള സമയം ഒരു വായനക്കാരന് ഇല്ല. ഒഴിവ് സമയത്ത് വാട്ട്സാപ്പ് വഴി ഇത് കാണുമ്പോൾ അവർ സമയം ലാഭിക്കാനും മെനെക്കേട് ഒഴിവാക്കാനും അവ ഓർഡർ ചെയ്യുന്നു. തങ്ങൾ ആഗഹിച്ച പുസ്തകം വീട്ടിൽ വരുന്നു എന്നത് വലിയ കാര്യമല്ലെ?’, സന്തോഷ് പറയുന്നു. ലഭ്യതയാണ് ഇത്തരം വിൽപ്പനയുടെ ഏറ്റവും ശ്രദ്ധയമായ ഘടകം.

ഈ ഡിജിറ്റൽ യുഗത്തിലും രണ്ടാം ലോക മഹായുദ്ധക്കാലത്തെക്കുറിച്ച് ഇൻ്റർനെറ്റ് വഴി ധാരാളം വിവരങ്ങൾ കിട്ടാനുള്ളപ്പോൾ അതേ കുറിച്ചുള്ള പുസ്തകം തന്നെ കാശ് കൊടുത്ത് വാങ്ങുന്ന വായനക്കാർ ഇപ്പോഴും ഉണ്ടെന്ന് അറിയുക. അഭിപ്രായ വിദഗ്ധർ പറയും പോലെ ‘പുസ്തകം മരിച്ചിട്ടില്ല’ എന്നും.

ഒരിക്കൽ ഒരു പ്രശസ്ത വാരികയുടെ മുതിർന്ന എഡിറ്റർ പുസ്തക വിൽപ്പനയെ കുറിച്ച് ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത് ഓർക്കുന്നു. ‘തന്തയില്ലാത്തവന്മാരുടെ ഡയറക്ടറി എന്ന പേരിൽ 100 കോപ്പി അച്ചടിച്ച് ഒരു പുസ്തകം വിൽപ്പനക്ക് വെച്ചാൽ അതും വിറ്റു പോകും’. കാരണം തൻ്റെ പേര് അതിലുണ്ടോ എന്നറിയാൻ ഇത്തരക്കാർ കാശ് കൊടുത്തു അത് വാങ്ങും എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം.

വീണ്ടും പ്രസിദ്ധീകരിച്ച പഴയ റഷ്യൻ ക്ലാസിക്ക് കഥാ പുസ്തകം

പുസ്തകം ആർക്കും എഴുതാം, കാശുണ്ടെങ്കിൽ അച്ചടിപ്പിക്കാം. പക്ഷേ, വിറ്റഴിക്കാനാണ് പാട്. ഉദാഹരണം ചരിത്രത്തിലുണ്ട്. 90 വർഷം മുൻപ്, ചങ്ങമ്പുഴയുടെ രമണൻ അച്ചടിച്ച പ്രതികളുടെ പുസ്തകക്കെട്ട് തൻ്റെ തോളിൽ വെച്ച് വിൽപ്പനക്കായി സാക്ഷാൽ കവി ചങ്ങമ്പുഴ കൃഷ്ണപിള്ള തന്നെ ഇറങ്ങി.

അച്ചടിച്ച രമണൻ്റെ കോപ്പികൾ ചിലവാകാതെ വന്നപ്പോൾ വിൽക്കാനായി ചങ്ങമ്പുഴ നേരിട്ട് തിരുവിതാംകൂറിലേക്ക് പോയി. അവിടത്തെ കോളേജുകളിലും സാംസ്കാരിക സ്ഥാപനങ്ങളിലും കവി നേരിട്ട് കയറിയിറങ്ങിയാണ് രമണൻ്റെ കോപ്പികൾ വിറ്റത്. രമണന് മുൻപ് ‘ബാഷ്പാഞ്ജലി‘ കാവ്യം എഴുതിയ കവിയുടെ പ്രശസ്തി ഇതിന് സഹായിച്ചു. ഈ കാവ്യം പ്രശസ്തമായതോടെ പിന്നീട് അതിന് നിരവധി പതിപ്പ് ഉണ്ടായി. 50 പതിപ്പ് കടന്നു. രമണൻ എന്ന കാവ്യത്തിൻ്റെ ഒരു ലക്ഷത്തി എൺപതിനായിരം കോപ്പികൾ ഇതിനകം വിറ്റെന്ന് കണക്കുകൾ പറയുന്നു.

കോഴിക്കോട് നഗരത്തിൽ സൈക്കിളിൽ പുസ്തകം വിറ്റ് നടന്ന എൻ.ഇ. ബാലകൃഷ്ണ മാരാർ എന്ന പുസ്തക വിൽപ്പനക്കാരൻ ടി.ബി.എസ് എന്ന കോഴിക്കോടെ ‘വൻ പ്രസാധക സ്ഥാപനം പടുത്തുയർത്തിയ കഥ അദ്ദേഹത്തിൻ്റെ ആത്മകഥയായ ‘കണ്ണീരിൻ്റെ മാധുര്യം’ത്തിലുണ്ട്. 1950 കളിൽ മലയാള പുസ്തകശാലകൾ വിരളമായിരുന്ന കാലത്ത് പുസ്തകം വിറ്റഴിക്കുന്നതിൻ്റെ എല്ലാ ദുരിതങ്ങളും രേഖപെടുത്തിയ ഒരു പുസ്തക വിൽപ്പനക്കാരൻ്റെ അനുഭവമാണ് ‘കണ്ണീരിൻ്റെ മാധുര്യം’ എന്ന ആത്മകഥ. ഈ പഴയകഥകളെയൊക്കെ അമ്പരിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോഴത്തെ പുസ്തക വിൽപ്പനയിൽ നടക്കുന്നത്.

ഒരു ഓൺ ലൈൻ പുസ്തക തട്ടിപ്പ്

ഒരു മുൻ പത്രപവർത്തകനായ സക്കീർഹുസൈൻ മുഖപുസ്തകത്തിലെ ‘ഓൾഡ് ബുക്സ്’ ഗ്രൂപ്പിൽ തൻ്റെ കയ്യിലുള്ള ഒന്നിലധികം കോപ്പികൾ ഉള്ള ചില പുസ്തകങ്ങൾ വിൽക്കാനായി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടു. ‘ഈ ‘ഓൾഡ് ബുക്സ്’ എന്ന ഗ്രൂപ്പ് പുസ്തകങ്ങൾ വാങ്ങാനും വിൽക്കാനുമുള്ളതാണ്. ഒരു ഗ്രൂപ്പിൽ തൻ്റെ പുസ്തകങ്ങൾ വിൽക്കാൻ തുടങ്ങിയതോടെയാണ് ഈ മേഖലയിൽ സക്കീർഹുസൈൻ സജീവമായത്. വൻ തോതിൽ പുസ്തകങ്ങളൊന്നും വിൽക്കുന്നില്ലെങ്കിലും ഒരു 2000 രൂപയുടെ പുസ്തകങ്ങൾ, ഈ ഗ്രൂപ്പിലൂടെ ഞാൻ ഒരു ദിവസം വിൽക്കുന്നുണ്ട്’ അദ്ദേഹം പറയുന്നു. ‘ഏറ്റവും കൂടുതൽ വിൽപ്പന നോവലുകൾക്കാണ്. പിന്നെ ചില ഗ്രൂപ്പുകളിൽ മറ്റ് വിഷയങ്ങൾക്കും വിൽപ്പനയുണ്ട്. തന്ത്രം, മന്ത്രം തുടങ്ങിയ പുസ്തകങ്ങളും വാങ്ങുന്നവരുണ്ട്’ സക്കീർഹുസൈൻ പറയുന്നു. ചുരുക്കത്തിൽ എല്ലാ മേഖലയിലെ പുസ്തകങ്ങൾക്കും ആവശ്യക്കാരുണ്ട്. കോഴിക്കോട് മാത്രം സമൂഹമാധ്യമങ്ങൾ വഴി പുസ്തകം വിറ്റ് ജീവിക്കുന്ന നൂറോളം പേരുണ്ടെന്ന് സക്കീർഹുസൈൻ പറയുന്നു.

വെറും പുസ്തകവിൽപ്പനക്കാരൻ മാത്രമല്ല സക്കീർഹുസൈൻ, വർത്തമാനം ദിനപത്രത്തിൻ്റെ വാരാന്ത പതിപ്പിൻ്റെ ചുമതലക്കാരനായിരുന്നു. ആ കാലത്ത് പത്രത്തിൽ റിവ്യൂവിന് പുസ്തകങ്ങൾ വരുന്നതിനാൽ വായനയിൽ താൽപ്പര്യം ഉണ്ടാകാനും പുസ്തകങ്ങളുമായി ബന്ധം വളരാനും സാധിച്ചു. അതോടെ ഈ തൊഴിലിൽ തന്നെ തുടർന്നു. ചന്ദ്രികയിലും പിന്നീട് മാധ്യമം വാരികയിലും പത്രപ്രവർത്തനം തുടർന്നപ്പോഴും പുസ്തകങ്ങളുമായി ഉറച്ച ബന്ധമായിരുന്നു. വിൽപ്പന തുടങ്ങിയ കാലത്ത് കോഴിക്കോടെ പുസ്തകശാലകളുടെ ഗോഡൗണിലൊക്കെ ചെന്ന് മുൻപ് പുസ്തകങ്ങൾ തിരയുമായിരുന്നു. എടുക്കുന്ന ആ അദ്ധ്വാനത്തിന് വേണ്ടത്ര ഗുണം കിട്ടുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അത് നിർത്തി. ഇപ്പോൾ പല സ്രോതസ്സുകളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ച് മുഖപുസ്തകം വഴി വിൽക്കുന്നു. മോശമല്ലാത്ത വരുമാനവും ഇതിൽ നിന്നുണ്ട്.

കോഴിക്കോട് മാവൂരിലെ ഷീലാ സുരേഷ്, ഒരു വർഷം മുൻപ് തുടങ്ങിയ ‘ഷീലാ ശ്രീനിവാസ് ബുക്ക് സെല്ലർ എന്ന വാട്ട്സാപ്പ് ഗ്രൂപ്പ് ഇപ്പോൾ സജീവമായി മന്നോട്ടു പോകുന്നു. ‘ചെറിയൊരു വരുമാനത്തിന് വേണ്ടിയാണ് വാട്സാപ്പ് ഗ്രൂപ്പ് വഴി പുസ്തക വിൽപ്പന തുടങ്ങിയതെങ്കിലും ഏകദേശം ആയിരത്തോളം പുസ്തങ്ങകൾ വില്പന നടത്തിയിട്ടുണ്ട്. ചരിത്ര പുസ്തകങ്ങളാണ് കൂടുതലും വിൽക്കുന്നത് അപൂർവ്വമായ പുസ്തകങ്ങൾക്ക് എപ്പോഴും ഡിമാൻ്റാണ്. അങ്ങനെയുള്ള പുസ്തകങ്ങൾ തേടി കണ്ട് പിടിക്കാനാണ് പ്രയാസം’, അവർ പറയുന്നു.

ഒരു പുസ്തകം വിൽക്കുമ്പോൾ പ്രസാധകർക്കും വില്പനക്കാരനും പുസ്തകം വാങ്ങുന്ന ആളിനും ഗുണമുണ്ട് എന്നാണ് എൻ്റെ അഭിപായം. പുസ്തകം വാങ്ങുന്ന ആളിനെ സംബന്ധിച്ച് അവർ ആഗ്രഹിക്കുന്ന പുസ്തകം അവരുടെ കൈകളിൽ നേരിട്ട് എത്തുന്നു. പുസ്തക ഷോപ്പുകൾ കയറി അലയേണ്ട ആവശ്യം വരുന്നില്ല. പക്ഷേ, ഇത്തരമൊരു സംരംഭം തൊഴിലായി സ്വീകരിക്കാതെ, സൈഡായി മാത്രമേ കൊണ്ട് പോകാൻ കഴിയുകയുള്ളു എന്നാണ് ഷീല പറയുന്നത്. ഷീലാ ശ്രീനിവാസ് ബുക്ക് സെല്ലർ’ പുസ്തകങ്ങൾ ചില എഴുത്തുകാരുടെ അടുത്ത് നിന്ന് നേരിട്ട് എടുക്കാറുണ്ട്. കൂടുതൽ ഇളവിൽ പുസ്തകം വിൽക്കാൻ അത് കൊണ്ട് കഴിയും.

കോവിഡ് എന്ന മഹാമാരി ലോകത്തിനെ വിഴുങ്ങി പല ജീവിത സമവാക്യങ്ങളും മാറ്റി മറച്ചപ്പോഴാണ് സോഷ്യൽ മീഡിയ സർവ്വവ്യാപകമായി സജീവമായത്. ഓൺലൈൻ മീറ്റിംഗുകൾ, ക്ലാസ്സുകൾ, കോടതി വരെ ഓൺലൈൻ്റെ സാധ്യത ഉപയോഗപ്പെടുത്തിയപ്പോൾ പുസ്തക വിൽപ്പന ഓൺലൈനിൽ സജീവമായി. ചിലവ് കുറഞ്ഞ ഈ സാധ്യത പരീക്ഷിച്ചതോടെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഓൺലൈൻ പുസ്തകച്ചവടം വിജയകരമായി മാറിയത്.

സാഹിത്യ പ്രവർത്തക സഹകരണ സംഘം കോവിഡ് കാലത്ത് ഓൺലൈൻ വഴി പുസ്തകവിൽപ്പന തുടങ്ങിയപ്പോൾ അതിൽ ‘പ്രവർത്തിച്ചിരുന്ന ജിഷ രാജേഷ് പിന്നീട് അവിടെ നിന്ന് പിരിഞ്ഞ് ഇപ്പോൾ സ്വന്തമായി ‘മധുരിമ ബുക്സ്’ എന്ന വാട്സാപ്പ് ‘ഗ്രൂപ്പിലുടെ പുസ്തകങ്ങൾ വിൽക്കുന്നു. ആദ്യകാലത്ത് എൻ.ബി.എസ്സിൻ്റെ ടൈറ്റിലുകൾ മാത്രം വിറ്റിരുന്ന അവർ ഇപ്പോൾ മിക്ക പ്രസാധകരുടേതും വിൽക്കുന്നു. ‘ആവശ്യക്കാർക്ക് കൃത്യ സമയത്ത് പുസ്തകം എത്തിച്ച് കൊടുത്താൽ ഇത് വിജയകരമാണ്. കോവിഡ് കാലത്ത് പുസ്ത വിൽപ്പനയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് പലർക്കും കഴിയാൻ സാധിച്ചത് എന്ന് അത് തെളിയിച്ചു. ആവശ്യത്തിന് ഓർഡർ സ്വീകരിച്ച് മാത്രമേ പുസ്തകം പ്രസാധകരിൽ നിന്ന് വാങ്ങുകയുള്ളൂ. എന്നിട്ട് പോലും ചില പ്രശ്നങ്ങൾ വന്നിട്ടുണ്ട്. പുസ്തകം കിട്ടാതെ വരുമ്പോൾ ദേഷ്യപ്പെട്ട് അയക്കുന്ന മെസേജുകൾ മൂലം ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ആളുകൾ പല തരക്കാരാണല്ലോ. കൊറിയർ കമ്പനി മൂലമോ പോസ്റ്റൽ വകുപ്പിൻ്റെ കാലതാമസമോ കാരണം
പുസ്തകം കിട്ടാൻ താമസിക്കാം. പക്ഷെ കുറ്റം നമുക്കായിരിക്കും. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഒരു കസ്റ്റമറും, ചിലപ്പോൾ മറ്റ് പുസ്തക ഓഡറുകളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഈ കാര്യങ്ങളിൽ ശ്രദ്ധവെച്ച് മുന്നോട്ട് പോയാൽ പുസ്തക വിൽപ്പന ഒരു തൊഴിലാക്കുന്നതിൽ കഴപ്പമില്ല’, ജിഷ പറയുന്നു.

കോവിഡ് കാലത്ത് ഒരു മാസം പതിനയ്യായിരം രൂപ വരെ സമ്പാദിക്കാൻ സാധിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു. ‘ഒരു പുസ്തകം അയക്കാൻ 14 രൂപ എന്നത് 40 രൂപയായി ഈയിടെ തപാൽ വകുപ്പ് ഉയർത്തി. മറ്റ് ആനുകൂല്യങ്ങൾ എടുത്തു കളയുകയും ചെയ്തു. ഞങ്ങളെപ്പോലെ ചെറിയ പ്രസ്ഥാനങ്ങളെ ഇത് ബാധിക്കുന്നുണ്ട്.’ ജിഷ പറയുന്നു.

സാഹിത്യകാരന്മാർ നേരിട്ട് പുസ്തകം വിൽക്കുന്നത് പ്രൊഫഷണലാക്കി നടത്തി വിജയിച്ച ആളാണ് എഴുത്തുകാരൻ സി. രാധാകൃഷ്ണൻ . അദ്ദേഹം തൻ്റെ സ്വന്തം പ്രസാധക സ്ഥാപനമായ ഹൈടെക്ക് ബുക്സിലൂടെ 1994ലെ തൻ്റെ നോവലുകൾ വിൽക്കുന്നു. ആദ്യ കാലത്ത് തപാൽ വഴിയും പിന്നെ ഓൾ ലൈൻ വഴിയും ഇപ്പോഴും വിൽക്കുന്നു. എഴുത്തുകാരന് നേരിട്ട് ഗുണം കിട്ടുന്ന ഈ ലൈൻ പിൻതുടരുന്ന എഴുത്തുകാർ പക്ഷേ, ഇപ്പോൾ കുറവാണ്.

1979- 80 കളിൽ പ്രശസ്തിയിലേക്കുയർന്ന ബാലമാസിക ‘പൂമ്പാറ്റ’യിൽ കുട്ടികൾക്കുള്ള നോവലുകളിലൂടെ പ്രശസ്തനായ കെ. രാധാകൃഷ്ണൻ്റെ പ്രസിദ്ധമായ, പൂമ്പാറ്റയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച നോവലുകൾ പഴയ പൂമ്പാറ്റ വായനക്കാരുടെ മുഖപുസ്തക ഗ്രൂപ്പിൻ്റെ ശ്രമഫലമായായാണ് പുസ്തക രൂപത്തിൽ വന്നത്. തച്ചോളി അമ്പാടി, ഭൂപതിക്കോട്ട , അമർജിത്ത് സിംഗ് എന്നീ നോവലുകൾ വർഷങ്ങൾക്കു ശേഷവും വായനക്കാർ നന്നായി സ്വീകരിച്ചു. പൂമ്പാറ്റ ഇപ്പോഴും പഴയ വായനക്കാരുടെ മനസ്സിൽ വിസ്മയിപ്പിച്ച് പറക്കുന്നു എന്നതിന് തെളിവാണ് അതിൻ്റെ വായന ഗൂപ്പിലെ അംഗമായ തിരുവനന്തപുരത്തെ ഒരു ഡോക്ടർ 1980 ലെ മൂന്നു ലക്കം പൂമ്പാറ്റ ഒരു വിൽപ്പന ഗ്രൂപ്പ് വഴി 1500/- രൂപക്ക് വാങ്ങിയത് . ഒരു കോപ്പി വില 500 രൂപ! ഇപ്പോൾ മലയാളത്തിൽ പുറത്ത് വരുന്ന എല്ലാ ബാലമാസികളുടെ വാർഷിക വരിസഖ്യ ഈ തുക വരില്ല.

നിലച്ചു പോയ ഒരു പ്രസിദ്ധീകരണത്തിൻ്റെ വായനക്കാരുടെ കൂട്ടായ്മ, ആ പ്രസിദ്ധീകരണത്തിൽ പണ്ട് വായിച്ച ഇഷ്ടപ്പെട്ട നോവലോ കഥകളോ പുസ്തക രൂപത്തിൽ സമൂഹമാധ്യമം വഴി പുറത്ത് കൊണ്ടു വരിക,അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിൻ്റെ ഒരു ഉദാഹരണമാണ് ഇത്. പുസ്തക വിപണിയിൽ സാമൂഹിക മാധ്യങ്ങളുടെ വർദ്ധിച്ച് വരുന്ന റോൾ എന്താണെന്നും ഇതിൽ നിന്നു അറിയാം. മറ്റൊരു കാര്യമുള്ളത് അച്ചടിയിൽ പ്രിൻ്റ് ഓൺ ഡിമാൻഡ് സംവിധാനം ഇപ്പോൾ വ്യാപകമായി പ്രചാരത്തിൽ വന്നതിനാൽ ആവശ്യമായ കോപ്പികൾ മാത്രം അച്ചടിക്കാം. സാമ്പത്തിക നഷ്ടം വരുന്നില്ല. പുസ്തകം കെട്ടി കിടക്കില്ല.

ദീർഘകാലം പത്രപ്രവർത്തകനും നല്ല ഒരു വായനക്കാരനുമായ ഷാജൻ സി. മാത്യു തൻ്റെ ബൃഹ്ത്തായ സ്വകാര്യ പുസ്തക ശേഖരത്തിൽ നിന്ന് തനിക്ക് വായിക്കാൻ പുസ്തകങ്ങൾ കണ്ട് പിടിക്കാൻ വിഷമം നേരിട്ട് തുടങ്ങിയപ്പോൾ അനാവശ്യ പുസ്തകങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചു. ആ സമയത്ത് ഒരു ലൈബ്രറിക്ക് വേണ്ടി കുറച്ച് പുസ്തകങ്ങൾ വാങ്ങാൻ ഒരു പ്രവാസിയായ സ്നേഹിതൻ്റെ ആവശ്യമനുസരിച്ച് ഇരൂപതിനായിരം രൂപയുടെ പുസ്തകങ്ങൾ കൊച്ചിയിലെ അന്താരാഷ്ട്ര പുസ്തക മേളയിൽ നിന്ന് വാങ്ങി. അത് ആവശ്യപ്പെട്ട പ്രവാസി സ്നേഹിതൻ ഒഴിഞ്ഞ് മാറിയതിനാൽ ഈ പുസ്തകങ്ങൾ സ്വന്തം തലയിലായി. 20000 രൂപയുടെ ഈ പുതിയ പുസ്തകങ്ങൾ വിൽക്കാൻ തന്നെ ഷാജൻ തീരുമാനിച്ചു. തൻ്റെ പഴയ പുസ്തകങ്ങൾ വിറ്റപ്പോൾ പുതിയ പുസ്തകങ്ങൾ ആവശ്യപ്പെട്ട് ആളുകൾ വന്നതോടെ ഷാജൻ ‘ക്ലാസ്സിക് ബുക്സ്’ എറണാകുളത്ത് ആരംഭിച്ചു. ഇപ്പോൾ വാട്ട്സാപ്പ് ഗ്രൂപ്പ് വഴി പുസ്തകം വിൽക്കുന്നു.

‘സ്വന്തം പ്രസ്ഥാനമായതിനാൽ എൻ്റെ സമയത്തിൻ്റെ ഉടമ ഞാൻ തന്നെയാണ്. വായന, യാത്ര ഇതെല്ലാം എൻ്റെ സൗകര്യത്തിന് ചെയ്യാം. വായനയെ ഗൗരവമായി സമീപിക്കുന്നതിനാൽ വായിക്കാൻ വിട്ട് പോയ പുസ്തകങ്ങൾ എനിക്ക് വായിക്കാൻ സമയം കിട്ടുന്നു. പുതിയ എഴുത്തുകാരെ അറിയാം. പുതിയ ആളുകളെ പരിചയപ്പെടാം. ഇഷ്ടപ്പെട്ട ഒരു പുസ്തകം എനിക്ക് വായിക്കാൻ അവസരം കിട്ടുന്നു. വായനയുമായി ബന്ധപ്പെട്ട ജോലിയായതിനാൽ എനിക്ക് സന്തോഷം തരുന്നതാണ് ഇതൊക്കെ. അത് തന്നെയാണ് ഈ മേഖലയിൽ നിലയുറപ്പിക്കാൻ കാരണം’, ഷാജൻ പറയുന്നു.

50 കൊല്ലം മുൻപത്തെ മാസിക 150 രൂപ വില

ഒരു പാട് ഓൺലൈൻ ബുക്ക് സൈറ്റുകൾ ഇപ്പോൾ ഉണ്ടെങ്കിലും അതൊന്നും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. ആമസോണിൽ പോലും ഒരേ പുസ്തകത്തിൻ്റെ ടൈറ്റിലുകൾ തന്നെ വ്യാജൻ ഉൾപ്പടെ ഒന്നിലധികം പതിപ്പുകൾ കണ്ടേക്കാം. കേടുപാടുള്ള പുസ്തകങ്ങൾ കിട്ടുക, അങ്ങനെ ചില പ്രശ്നങ്ങളും ഉണ്ട്. അവ വായനക്കാർക്ക് തൃപ്തി നൽകുന്ന സൈറ്റുകൾ അല്ല. ക്ലാസിക്ക് ബുക്സിന് എല്ലാ പ്രസാധകരുമായും നേരിട്ട് ലിങ്ക് ഉണ്ട്. ഞങ്ങളുടെ കസ്‌റ്റേമേഴ്സിന് ഉള്ള മെച്ചം. ഏത് പ്രസാധകരുടേയും പുസ്തകം ആവശ്യപ്പെട്ടാൽ അത് സ്വന്തം വീട്ടിലെത്തും.

പിന്നെ ഞങ്ങൾ പുസ്തകങ്ങൾ വലിയ അളവിൽ വാങ്ങുന്നത് റെഡി ക്യാഷ് കൊടുത്താണ്. ക്രഡിറ്റ് അല്ല. ക്രഡിറ്റ് തരാമെന്ന് പറയുന്ന പ്രസാധകരിൽ നിന്നു പോലും അങ്ങനെ ഞങ്ങൾ വാങ്ങാറില്ല. അതിനാൽ എല്ലാ പ്രസാധകരുമായും ഊഷ്മളമായ ബന്ധമാണ്. പണം കൃത്യമായി പ്രസാധകർക്ക് കിട്ടുന്നതിനാൽ പറഞ്ഞ സമയത്ത് അവർ ഞങ്ങൾക്ക് പറഞ്ഞ പുസ്തകം എത്തിച്ച് തരും. പുസ്തക കടകളിൽ നിങ്ങൾക്ക് ലഭിക്കാത്ത ഡിസ്കൗണ്ട് ക്ലാസ്സിക്ക് ബുക്‌സ് നൽകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 30% വരെ ഡിസ്കൗണ്ട് നൽകിയ സന്ദർഭങ്ങൾ ഉണ്ട്. കൂടാതെ അപൂർവ്വ പുസ്തകങ്ങൾ ക്ലാസ്സിക്ക് വായനക്കാർക്ക് തേടിപ്പിടിച്ചു നൽകുന്നു, ഷാജൻ പറയുന്നു.

കെ. രാധാകൃഷ്ണൻ

ക്ലാസിക്ക് ബുക്സ് ചെറുകിട പ്രസാധകരുടെയും ഒറ്റ പുസ്തകം മാത്രം പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ പുസ്തകവും, പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും തുല്യതയോടെ പ്രമോട്ട് ചെയ്യുന്നു. അത്തരം ടൈറ്റിലുകൾ പ്രത്യേകം തേടിപ്പിടിക്കാറുണ്ട്. അവർക്ക് അത് ശരിക്കും പ്രയോജനപ്പെടുന്നു. അവർക്ക് അർഹമായ പിന്തുണ ഞങ്ങൾ നൽകുന്നു. ഇക്കാലത്ത് വിൽപ്പനയിൽ ട്രൻഡ് നോവൽ തന്നെ, പക്ഷേ, ഞങ്ങൾ കൂടുതൽ വിറ്റഴിക്കുന്നത് വൈജ്ഞാനിക ഗ്രന്ഥങ്ങൾ, അപൂർവ്വ പുസ്തകങ്ങൾ എന്നിവയാണ്. നിലവാരമുള്ള പുസ്തകങ്ങൾ മാത്രം കൊടുക്കാൻ ശ്രദ്ധിക്കുന്നു. ഇപ്പോഴത്തെ ആളുകൾ വായിച്ച് തള്ളുന്ന ന്യൂജെൻ പുസ്തകങ്ങൾ പ്രമോട്ട് ചെയ്യുകയോ പുസ്തകം ഡിസ്പ്ലേ വെയ്ക്കുകയോ ചെയ്യാറില്ല. ഒരു വിൽപ്പനശാല എന്ന നിലക്ക് ആരെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടാൽ അത്തരം പുസ്തകങ്ങൾ എടുത്ത് കൊടുക്കും എന്ന് മാത്രം. ഷാജൻ മാത്യു പറയുന്നു.

ഓൺലൈൻ വഴി പണമടച്ച് അത് കിട്ടിയാൽ മുങ്ങുന്ന തട്ടിപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ ഷാജൻ പറയുന്നത് ഇങ്ങനെ. ‘ക്ലാസിക്ക് ബുക്സ് ‘ നിയമാനുസൃതം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ്. പിന്നെ ഇത് വരെ അത്തരത്തിലുള്ള പ്രശ്നം ഞങ്ങൾക്ക് വന്നിട്ടില്ല. വളരെ കുറച്ച് കസ്റ്റമേഴ്സേ ഞങ്ങൾക്കുള്ളൂ. അവർ ഞങ്ങളുമായി വളരെ അടുപ്പം പുലർത്തുന്നവരാണ്. ക്ലാസിക്ക് ബുക്സിൽ നിന്ന് ആദ്യത്തെ ഓർഡറിൻ്റെ പുസ്തകം അവർക്ക് ലഭിച്ച ശേഷം പിന്നീട് അവർ മറ്റാരിൽ നിന്നും പുസ്തകം വാങ്ങാറില്ല. ഇപ്പോൾ ഗൾഫ് മേഖലിലേക്കും ക്ലാസിക്ക് ബുക്സ് പുസ്തകങ്ങൾ എത്തിക്കുന്നുണ്ട്.

ക്ലാസിക്ക് ബുക്സിൻ്റെ ഷാജൻ സി മാത്യു

കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ ഓൺ ലൈൻ ബുക്സ് വിൽപ്പന വിഭാഗത്തിലെ അഭിജിത്ത് പറയുന്നത് ക്ലാസ്സിക്ക് പുസ്തകങ്ങൾക്കും തർജ്ജമകൾക്കും ഇപ്പോൾ നല്ല ഡിമാൻ്റുണ്ട് എന്നാണ്. എൻ. ബി.എസ് പണ്ട് ഇറക്കിയ ക്ലാസിക്ക് പുസ്തകമായ റീപ്രിൻ്റ് ചെയ്ത ടോൾസ്റ്റോയിയുടെ രണ്ട് വോളിയങ്ങളുള്ള ‘യുദ്ധവും സമാധനവും’ ( വില 1800), നന്നായി വിറ്റ് പോകുന്നു. ചരിത്ര പുസ്തകങ്ങളാണ് ചിലവുള്ള മറ്റ് പുസ്തകങ്ങൾ. പി വത്സലയുടെ ‘നെല്ല്,’ യു. കെ കുമാരൻ്റെ ‘തക്ഷൻകുന്ന് സ്വരൂപം‘ ഈ രണ്ട് നോവലുകളും അടുത്തിടെ നന്നായി വിറ്റുപോയ നോവലുകളാണ്. ഒരു പുസ്തകത്തിൻ്റെ 20 കോപ്പികൾ മാത്രമേ ഓൺലൈൻ വിൽപ്പനക്ക് തരികയുള്ളൂ. ബാക്കി കോപ്പികൾ മറ്റു ബ്രാഞ്ചുകൾക്ക് അയക്കും. എങ്കിലും ഓൺലൈൻ വിൽപ്പന നന്നായി വരികയാണ്. ആമസോൺ, ഫ്ലിപ്പ് ആർട്ട് എന്നീ സൈറ്റുകളിൽ
എൻ. ബി.എസ് പുസ്തകങ്ങൾ കിട്ടുന്നുണ്ട്. പക്ഷേ, അവരിൽ നിന്ന് നമുക്ക് കിട്ടുന്ന മാർജിൻ കുറവാണ്. 500 രൂപയ്ക്ക് മുകളിൽ വിലയുള്ള പുസ്തകം ആണെങ്കിലേ ഗുണമുള്ളൂ’.

‘വാട്സാപ്പും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഉപയോഗിച്ച് പുസ്തകങ്ങൾ മാർക്കറ്റ് ചെയ്യുന്നതും വിൽക്കുന്നതും മലയാള പുസ്തകവ്യവസായത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിശ്ശബ്ദമായ ഒരു വിപ്ലവമാണ്’. രാജ്യത്തെ ആദ്യ മലയാള ബുക്ക് ഓൺലൈൻ ബുക്ക് സ്റ്റോറായ ‘ഇന്ദുലേഖ ഡോട്ട് കോം’ സ്ഥാപിച്ച ടോം ജെ. മങ്ങാട്ട് പറയുന്നു. 2005 ലാണ് ഇന്ദുലേഖ ഡോട്ട് കോം ആരംഭിക്കുന്നത്. പുസ്തക വിൽപ്പന കൂടാതെ പുസ്തക പ്രസാധനവും ഇന്ദുലേഖക്കുണ്ട്. ഇന്ദുലേഖ പ്രസിദ്ധീകരിച്ച ‘കൂട്ട്’(2015) എന്ന പുസ്തകത്തിലൂടെയാണ് ബോബി ജോസ് കട്ടികാട് ശ്രദ്ധേയനാകുന്നത്.

ഇന്ദുലേഖ ഡോട്ട് കോമിലെ ടോം. ജെ. മങ്ങാട്ട്

‘നിസ്സാരമായ മുതൽ മുടക്കിൽ, അല്ലെങ്കിൽ മുതൽമുടക്കേയില്ലാതെ, ആർക്കും ചെയ്യാവുന്ന ഒരു ബിസിനസായി ഇന്നു പുസ്തകവ്യാപാരം മാറിക്കഴിഞ്ഞു. കേരളത്തിലെ ഓരോ ജില്ലയിലും അത്തരത്തിലുള്ള നൂറുകണക്കിനു പുസ്തക മാർക്കറ്റിങ്ങുകാരും വില്പനക്കാരുമുണ്ട്. പുസ്തകവ്യവസായത്തിനും വായനക്കാർക്കും ഇതു വളരെ സഹായകരവുമാണ്. എന്നാൽ, വലിയ കെട്ടിടവാടകയും ജീവനക്കാരുടെ ശമ്പളവും ചെലവാക്കേണ്ടിവരുന്ന ബുക്സ്റ്റോറുകൾക്ക്, പ്രത്യേകിച്ച് ഇൻഡിപെൻഡന്റ് ബുക്ക് സ്റ്റോറുകൾക്ക് വൈകാതെ പൂട്ടു വീഴുന്നതിനും ഇതു കാരണമാകും, ടോം പറയുന്നു.

നാല് പതിറ്റാണ്ടായി എറണാകുളം H & C ബുക്സിലെ സെയിൽസ് മാനേജർ കൃഷ്ണരാജിനും സമാനമായ അഭിപായമാണ്. ‘ചെറുകിട കച്ചവടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു മെത്തേഡ് ആണിത്. സ്ഥാപനങ്ങൾക്ക് ദോഷമാണ് ഇത്. കടയിൽ വന്ന് പുസ്തകങ്ങൾ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞ്, സാവധാനത്തിൽ ഇല്ലാതാകും. സ്ഥാപനങ്ങളുടെ നിലനിൽപ്പ് ഇല്ലാതാകുകയും ഒടുവിൽ നമ്മൾ ഓൺലൈനെ മാത്രം ആശ്രയിക്കുന്ന അവസ്ഥയിലേക്ക് എത്തും. പഴയ പ്രശസ്തമായ പുസ്തക കടകൾ ക്രമേണ ഇല്ലാതാകും. സ്ഥാപനങ്ങളുടെയോ പുസ്തകശാലയുടേയോ സഹായം കൂടാതെ സ്വന്തം പുസ്തകം വിൽക്കാൻ സാധിക്കും എന്നതാണ് ഇതിൻ്റെ ഒരു പ്രയോജനം’, കൃഷ്ണരാജ് പറയുന്നു. ഓൺലൈൻ വിൽപ്പന കടയിലെ വിൽപ്പനയെ ബാധിച്ച് തുടങ്ങിയെന്നത് സംശയമില്ലാത്ത കാര്യമാണ് ’ അദ്ദേഹം പറയുന്നു.

ഒരു ഓൺ ലൈൻ വിൽപ്പന ശാലയിൽ പുസ്തകങ്ങൾ

നൂറ് കണക്കിന് പുസ്തകശാലകളും മുട്ടിനു മുട്ടിന് നടക്കുന്ന പുസ്തകമേളകളെയും നിഷ്പ്രഭമാക്കി കൊണ്ടാണ് സമൂഹമാധ്യമങ്ങൾ വഴിയുള്ള ഈ വിൽപ്പന മുന്നേറുന്നത്. സമയ ലാഭവും ലഭ്യതയുമാണ് ഈ ഓൺലൈൻ വിൽപ്പനയുടെ ഏറ്റവും വലിയ വിജയ ഘടകം. ഡൽഹിയിലെ ദാരിയഗഞ്ചിലെ നിരത്തിൽ ഒന്നര കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന വിഖ്യാതമായ പുസ്തകചന്തയിൽ കുന്നു കൂടി കിടക്കുന്ന പുസ്തക കൂമ്പാരത്തിൽ പോയി നിങ്ങൾ അന്വേഷിക്കുന്ന പുസ്തകം തപ്പണ്ട. ബുക്ക് ഷോപ്പിൽ കേറി പുസ്തകം തിരഞ്ഞ് ഷെൽഫിലെ പൊടിയടിക്കണ്ട. പുതിയതും പഴയതും നിങ്ങൾക്ക് മുഖപുസ്തകത്തിലോ, ഇത്തരം വാട്ട്സാപ്പ് ഗ്രൂപ്പ്കളിലോ കേറി നോക്കിയാൽ മതി.

90 വർഷം പഴക്കമുള്ള രണ്ടണ വിലയുള്ള പഴയ ‘എഞ്ചുവടി’ തൊട്ട് 700 രൂപ വിലയുള്ള അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം വരെ നിങ്ങൾക്ക് കാണാം. നിങ്ങളാവശ്യപ്പെട്ട പഴയ പുസ്തകം കണ്ടില്ലെങ്കിൽ വിഷമിക്കേണ്ട അത് ഏറെ താമസിയാതെ, ഫോണിലൂടെ മെസേജായി നിങ്ങളെ തേടിയെത്തും. മുടക്ക് മുതൽ വേണ്ട, ഒരു മൊബൈൽ ഫോൺ മതി, പുസ്തക വിതരണക്കാരുമായി അത്യാവശ്യം ബന്ധം. വിശ്വാസത അത്യാവശ്യം ഇത് ഉണ്ടെങ്കിൽ ആർക്കും തുടങ്ങാവുന്ന ഒരു തൊഴിൽ കൂടിയാണത് എന്ന സാധ്യത നിസ്സാര കാര്യമല്ല. എല്ലാ മേഖലയിലും കണ്ടുവരുന്ന തട്ടിപ്പുകാർ ഇവിടെയും ഉണ്ട്. പുസ്തകം തരാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങുന്നവർ ഈ മേഖലയിലും സജീവമാണ്. അതിനാലാണ് ആദ്യം വിശ്വാസത ഉറപ്പാക്കണം എന്ന് പറയുന്നത്.

80 ഭാഷകളിൽ പ്രസിദ്ധീകരിച്ച ക്ലാസിക്ക്, ഏറെ പ്രശസ്തമായ ആക്‌സൽ മുൻതേയുടെ ‘സാൻമിഷേലിന്റെ കഥ’ മലയാളത്തിൽ വരാൻ കാരണം മദ്രാസിൽ വെച്ച് വിൽക്കാൻ വഴിവക്കിൽ കൂട്ടിയിരുന്ന ഒരു പുസ്തക കൂമ്പാരത്തിൽ നിന്ന് എം.ടിക്ക് കിട്ടിയതിനാലാണ്. അദ്ദേഹം അത് ഒരാളെ കൊണ്ട് പരിഭാഷപ്പെടുത്തി മാതൃഭൂമി വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചു. അത് പോലെ ഓൺലൈൻ വിൽപ്പനയിലും സംഭവിക്കാം. അപ്രത്യക്ഷമായ പല നല്ല പുസ്തകങ്ങളും വീണ്ടും അച്ചടിക്കപ്പെടാൻ വഴി തുറക്കുന്നു എന്നതാണ് മറ്റൊരു ഓൺലൈൻ പുസ്ത വിൽപ്പന സജീവമായതിൻ്റെ ഒരു മേന്മ.

പഴയ കാല ക്ലാസിക്കുകളായ ‘മല്ലൻ പിള്ളയെ ആന കുത്തിയ പാട്ട് ‘, കുവള പാറ കൊമ്പൻ തുടങ്ങി പണ്ട് ഉത്സവത്തിന് അമ്പല പറമ്പുകളിൽ വിറ്റഴിഞ്ഞ കൃതികളും, തലമുറകളെ ഇക്കളിപ്പെടുത്തിയ സൈലം ആലുവയുടെ പ്രശസ്തമായ ‘അതിരസം കുഞ്ഞന്നാമ്മ , ’ ഒരു കാലത്ത് മറുനാടൻ മലയാളികളേയും നാടൻ മലയാളികളേയും ആനന്ദ പുളകിതരാക്കിയ താരാ ജൂണിൻ്റെ ‘സുന്ദരിമാരുടെ ദുശ്ശീലം’ തുടങ്ങിയ ക്ലാസിക്കുകൾ പഴയ പുസ്തകമായി ഓൺലൈൻ വിൽപ്പനയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ പിന്നീട് അവ പുതിയ എഡിഷനായി പുനർജനിക്കാൻ സാധ്യത ഏറുകയാണ്.

ഒരു വാട്ട്സപ്പ് ഗ്രൂപ്പ്

ഇനി വരാനിരിക്കുന്ന ഓൺലൈൻ പുസ്തകച്ചവടത്തിൻ്റെ കാലമാണെന്ന് ഉറപ്പിച്ച സ്ഥിതിക്ക് അറുപതുകളിൽ മധ്യകേരളത്തിൽ നിന്ന് പുറത്ത് വന്ന് പ്രചരിച്ച ഇക്കിളി സാഹിത്യമായ ‘കൊച്ചു പുസ്തകം’ എന്ന് ഓമനപ്പേരിട്ട് വിളിച്ച അശ്ലീല മാസികകൾ ഓൺലൈനിൽ വിൽപ്പനക്ക് പ്രത്യക്ഷപ്പെടാൻ സാധ്യത തെളിഞ്ഞു. ഇത് വിൽപ്പനക്കായ് മുഖം കാണിച്ചിട്ടില്ലെങ്കിലും ഏറെ താമസിയാതെ അവനെത്തും. മേള, സ്റ്റണ്ട് , തേൻ കൂട്, ഹിപ്പി തുടങ്ങി കേരളധ്വനി, ഭാരതധ്വനി തുടങ്ങി ദേശീയ ചായ്‌വ് വരെ പ്രകടമാക്കുന്ന പേരുകളുമുള്ള ഈ അശ്ലീല മാസികകൾ തലമുറകളായ് യുവമനസുകളിൽ കുളിര് കോരിയിട്ടവയാണ്.

1962 ൽ പട്ടം താണുപിള്ള മുഖ്യമന്ത്രിയായ കാലത്ത് കുടിൽ വ്യവസായമായി പുരോഗമിച്ച ഈ അശ്ലീല മാസികകളെ അന്നത്തെ പോലീസ് ഐ. ജി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി അനുവാദം വാങ്ങി റെയ്ഡ് ചെയ്ത് പലതും പൂട്ടിക്കുകയായിരുന്നു. എന്നിട്ടും അവ പല പേരുകളിൽ രഹസ്യമായി പ്രചരിച്ചു. അശ്ലീല മാസികയെന്ന് പ്രഖ്യാപിച്ച് പോലീസിന് പിടിച്ചെടുത്ത് കട പൂട്ടിക്കാനുള്ള അധികാരം ഉണ്ടായിരുന്നിട്ടും ഈ സോദ്ദേശ സമാന്തര സാഹിത്യം രഹസ്യമായി പ്രചരിച്ചു. 1990 കളിൽ ‘ടെലിവിഷൻ – വീഡിയോയുടെ വരവോടെയാണ് ഇവയുടെ അച്ചടി രൂപം അപ്രത്യക്ഷമായത്.

വീട്ടിൽ നിന്ന് ഒഴിവാക്കാൻ കടലാസ് – പുസ്തക – മാസികകൾ തൂക്കി വിൽക്കാൻ കൊടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാലമാണ് ഈ ഓൺലൈൻ പുസ്തക വിൽപ്പന കാലം. ഈ വിറ്റതിൽ എന്തെങ്കിലും ഒന്ന് പിന്നീട് ഏതെങ്കിലും ഗ്രൂപ്പുകളിൽ വിൽപ്പനക്കായ് അണിനിരന്നാൽ നിങ്ങൾ ഖേദിക്കേണ്ടി വരും!

Content Summary: Online book selling; The magic of online bookselling

Leave a Reply

Your email address will not be published. Required fields are marked *

×