July 15, 2026 |
Share on

ഇലക്ടറല്‍ ബോണ്ട് നിരോധനം ബിജെപിയെ ബാധിച്ചില്ല: 2024-25ല്‍ പാര്‍ട്ടിക്ക് ലഭിച്ചത് 6,088 കോടി രൂപ

50 ശതമാനത്തിനു മേലാണ് ബിജെപിയുടെ സമ്പത്ത് വളര്‍ന്നത്

2024 ഫെബ്രുവരിയിലാണ് ഏറെ വിവാദപരമായ ഇലക്ടറല്‍ ബോണ്ട് സുപ്രീം കോടതി റദ്ദാക്കിയത്. ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ സംഭാവന നേടിയിരുന്നത് രാജ്യം ഭരിക്കുന്ന ബിജെപിയായിരുന്നു.മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് ബഹദൂരം മുന്നിലായിരുന്നു അവര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന കണക്കുകള്‍ പറയുന്നത്, ഇലക്ടറല്‍ ബോണ്ട് നിരോധനം ബിജെപിയുടെ സംഭാവനകളില്‍ ഒരു കുറവും വരുത്തിയിട്ടില്ല എന്നാണ്. അജ്ഞാതമായി സംഭാവന നല്‍കാന്‍ അനുവദിച്ചിരുന്ന ഇലക്ടറല്‍ ബോണ്ട് നിര്‍ത്തലാക്കിയ ശേഷമുള്ള ആദ്യ പൂര്‍ണ സാമ്പത്തിക വര്‍ഷത്തിലെ(2024-25) കണക്കു പ്രകാരം ബിജെപിക്ക് ലഭിച്ച സംഭാവനകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന 2024-25 വര്‍ഷത്തെ ബിജെപിയുടെ സംഭാവന റിപ്പോര്‍ട്ട് പ്രകാരം, ആ വര്‍ഷം പാര്‍ട്ടിക്ക് ലഭിച്ചത് 6,088 കോടി രൂപയാണ്. 2023-24 വര്‍ഷത്തില്‍ ലഭിച്ച 3,967 കോടിയെക്കാള്‍ ഏകദേശം 53 ശതമാനം കൂടുതലാണിത്. ഡിസംബര്‍ 8-ന് ബിജെപി സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്.

ബിജെപിയുടെ സമീപ വര്‍ഷങ്ങളിലെ സംഭാവന വിവരങ്ങള്‍ ഇപ്രകാരമാണ്

2019-20- 3,427 കോടി(74 ശതമാനം)

2020-21- 578 കോടി( നാല് ശതമാനം)

2021-22- 1,775 കോടി( 58 ശതമാനം)

2022-23- 2,120 കോടി( 61 ശതമാനം)

2023-24- 3,967 കോടി (42 ശതമാനം)

2024-25- 6,088 കോടി

ബിജെപിയുടെ ആകെ ഫണ്ട് കോണ്‍ഗ്രസിനേക്കാള്‍ ഏകദേശം 12 മടങ്ങ് കൂടുതലാണ്. 2024-25ല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 522.13 കോടി രൂപ മാത്രമാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 12 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ച സംഭാവനകള്‍ കൂട്ടിയാല്‍ പോലും 1,343 കോടി രൂപയേ ആകൂ. അതായത്, ഈ പന്ത്രണ്ട് പാര്‍ട്ടികള്‍ക്ക് ലഭിച്ച ആകെ തുകയുടെ 4.5 മടങ്ങാണ് ബിജെപിക്ക് ഒറ്റയ്ക്ക് ലഭിച്ചത്.

2024-25 ല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകള്‍

ബിജെപി- 6,088 കോടി
കോണ്‍ഗ്രസ്- 522 കോടി
ഡിഎംകെ- 365 കോടി
ടിഎംസി-184 കോടി
വൈഎസ്ആര്‍സിപി-140 കോടി
ടിഡിപി-83 കോടി
ബിജെഡി-60കോടി
എഎപി-38 കോടി
ജെഎസ്പി-25 കോടി
ജെഡിയു-18 കോടി
സിപിഎം-സിപിഎം എംഎല്‍-17 കോടി
ബിആര്‍എസ്-15കോടി
എല്‍ജെപി ആര്‍വി-11 കോടി
എസ്എഡി-4കോടി
എസ്പി- 94 ലക്ഷം
എംഎന്‍എസ്-90.87 ലക്ഷം

ബിജെപി സമര്‍പ്പിച്ച 162 പേജുള്ള സംഭാവന റിപ്പോര്‍ട്ടില്‍ പറയുന്നത്, 2024-25ല്‍ ഇലക്ടറല്‍ ട്രസ്റ്റുകള്‍ മാത്രം 3,744 കോടി രൂപ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. ഇത് പാര്‍ട്ടിയുടെ മൊത്തം സംഭാവനയുടെ 61 ശതമാനമാണ്. ബാക്കി 2,344 കോടി രൂപ വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും ലഭിച്ചതാണ്.

ഇലക്ടറല്‍ ട്രസ്റ്റുകള്‍ക്ക് പുറമെ, ബിജെപിയുടെ പ്രധാന സംഭാവന ദാതാക്കളില്‍ 30 പ്രമുഖ കമ്പനികളുമുണ്ട്. ഇതില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 കോടിയാണ് നല്‍കിയത്. റൂങ്ത സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് കൊടുത്തത് 95 കോടി രൂപ. വേദാന്ത ലിമിറ്റഡ് വക 67 കോടി. മാക്രോടെക് ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ സംഭാവന 65 കോടി രൂപ. ഡെറൈവ് ഇന്‍വെസ്റ്റ്മെന്റ്‌സില്‍ നിന്നും 53 കോടി. മോഡേണ്‍ റോഡ് മേക്കേഴ്സ് സംഭാവന ചെയ്തത് 52 കോടി രൂപ. ലോട്ടസ് ഹോംടെക്‌സ്‌റ്റൈല്‍സ് കൊടുത്തത് 51 കോടി രൂപ.

ബിജെപിയുടെ മറ്റ് പ്രധാന സംഭാവന ദാതാക്കളില്‍ ഐടിസി, മാന്‍കൈന്‍ഡ് ഫാര്‍മ, ഹീറോ എന്റര്‍പ്രൈസസ് തുടങ്ങിയവരുമുണ്ട്. 2019-20ന് ശേഷമുള്ള കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഭാവനയാണിത്.

20,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വ്യക്തിഗത സംഭാവനകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി സംഭാവന നല്‍കാം. ഇവ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ വെളിപ്പെടുത്തേണ്ടതുണ്ട്.

2017-18ല്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ട് പദ്ധതിയിലൂടെ പാര്‍ട്ടികള്‍ക്ക് ഇതുവരെ 16,000 കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ബിജെപിക്കാണ് ലഭിച്ചത്. എന്നാല്‍ ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് 2024 ഫെബ്രുവരിയില്‍ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ദാതാക്കളുടെയും ഗുണഭോക്താക്കളുടെയും പേര് വെളിപ്പെടുത്താന്‍ എസ്ബിഐയോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഉത്തരവിട്ടിരുന്നു.

Content Summary; BJP not affected by electoral bond ban: Ruling Party received Rs 6,088 crore in donations in 2024-25 financial year.

Leave a Reply

Your email address will not be published. Required fields are marked *

×