July 15, 2026 |

സതീശനോട് പാര്‍ട്ടിക്ക് പറയാനൊന്നുമില്ലേ?

മുഖ്യമന്ത്രിയെ തിരുത്താന്‍ കെപിസിസിക്ക് ഭയമോ?

അധികാരത്തിലേറി വെറും ഒരു മാസം പിന്നിടുമ്പോഴേക്കും വി ഡി സതീശന്‍ സര്‍ക്കാര്‍ ഗുരുതരമായ അഴിമതി ആരോപണത്തിന്റെയും തുടര്‍ച്ചയായ വിവാദങ്ങളുടെയും ആഭ്യന്തര പിണക്കങ്ങളുടെയും നടുവില്‍ വീണിരിക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി ഉയരുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമ്പോഴും ഭരണത്തെ നിയന്ത്രിക്കുകയും തിരുത്തുകയും ചെയ്യേണ്ട കോണ്‍ഗ്രസ് പാര്‍ട്ടിയും കെ.പി.സി.സി നേതൃത്വവും കനത്ത നിശ്ശബ്ദതയിലാണ്. പാര്‍ട്ടി സംവിധാനത്തെ പൂര്‍ണമായും നിഷ്‌ക്രിയമാക്കിക്കൊണ്ട് ഭരണം മുഖ്യമന്ത്രി വി.ഡി. സതീശനിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നു എന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇപ്പോള്‍ ശക്തമായിരിക്കുകയാണ്.

മുന്‍കാലങ്ങളിലെ യു.ഡി.എഫ് ഭരണ ചരിത്രം പരിശോധിച്ചാല്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഇത്തരം നയപരമായ കാര്യങ്ങളില്‍ പുലര്‍ത്തിയിരുന്ന ജാഗ്രത വ്യക്തമാകും. ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് അന്നത്തെ കെ.പി.സി.സി നേതൃത്വമായിരുന്നു സര്‍ക്കാരിന്റെ പ്രധാന വിമര്‍ശകരും തിരുത്തല്‍ ശക്തിയും. വി.എം. സുധീരന്‍ എന്ന സംസ്ഥാന അധ്യക്ഷന്‍ അക്ഷരാര്‍ത്ഥത്തില്‍ പല കാര്യങ്ങളിലും സര്‍ക്കാരുമായി പരസ്യമായ ഏറ്റുമുട്ടല്‍ തന്നെ നടത്തിയിരുന്നു. സംസ്ഥാനത്ത് ബാറുകള്‍ കൂട്ടത്തോടെ പൂട്ടുന്ന തീരുമാനത്തിലേക്ക് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കൊണ്ടെത്തിച്ചത് പോലും കെ.പി.സി.സി നേതൃത്വവുമായുള്ള അത്തരം ശക്തമായ ഏറ്റുമുട്ടലുകളുടെ ഭാഗമായായിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പരസ്യമായി തിരുത്തല്‍വാദമുയര്‍ത്തിയ പ്രമുഖ നേതാക്കളില്‍ ഒരാള്‍ ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശനായിരുന്നു എന്നതും ഇപ്പോഴത്തെ സാഹചര്യത്തില്‍ വിരോധാഭാസമായി മാറുന്നു. അന്ന് സര്‍ക്കാരിനെ തിരുത്താന്‍ മുന്നില്‍ നിന്നവര്‍ ഇന്ന് ഭരണത്തലപ്പത്ത് എത്തിയപ്പോള്‍ പാര്‍ട്ടിയെ പൂര്‍ണ്ണമായും അപ്രസക്തമാക്കുന്ന കാഴ്ചയാണ് കാണുന്നത്.

സംസ്ഥാന ബഡ്ജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് ഒടുവിലത്തെ വലിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. സാധാരണഗതിയില്‍ ഇത്തരമൊരു നയപരമായ തീരുമാനം ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുമായും മുന്നണി നേതാക്കളുമായും ആലോചിക്കേണ്ടതുണ്ട്. എന്നാല്‍, എക്‌സൈസ് വകുപ്പ് മന്ത്രി പോലും അറിയാതെ, ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സ്വന്തം താല്പര്യപ്രകാരം എടുത്ത ഏകപക്ഷീയമായ തീരുമാനമാണിതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഈ തീരുമാനത്തിനെതിരെ മന്ത്രിമാര്‍ക്കിടയിലും യു.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയിലും കടുത്ത പ്രതിഷേധം പുകയുന്നുണ്ട്. മദ്യനയത്തില്‍ യു.ഡി.എഫ് പരമ്പരാഗതമായി പുലര്‍ത്തുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായ ഈ നീക്കം മുന്നണിക്കുള്ളില്‍ വരും ദിവസങ്ങളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കും.

സര്‍ക്കാര്‍ രൂപീകരിച്ച് ഒരു മാസം തികയും മുന്‍പേ തന്നെ അഴിമതിയുടെ കറ പുരണ്ട നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്. സതീശന്‍ മുഖ്യമന്ത്രിയാകുന്നതിന് തൊട്ടുമുമ്പ് നടത്തിയ ദുരൂഹത നിറഞ്ഞ മംഗലാപുരം യാത്രയാണ് ഇതില്‍ ആദ്യത്തേത്. ഇതിന് പിന്നാലെ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കാതെ മുഖ്യമന്ത്രി തന്നെ നേരിട്ട് തുറമുഖ വകുപ്പ് ഏറ്റെടുത്തതും സംശയത്തോടെയാണ് രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിവാദപരമായ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഭാഗമാകുന്നതിന് പിന്നില്‍ കാണിച്ച ധൃതിയും, വന്‍കിട ലോബികള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ കരിമണല്‍ ഖനനത്തിന് അനുകൂലമായി കൈക്കൊണ്ട നിര്‍ണായക തീരുമാനവും അഴിമതി ആരോപണങ്ങള്‍ക്കും രാഷ്ട്രീയ പക്ഷപാതത്വത്തിനും ആക്കം കൂട്ടുന്നു.

ഇത്രയേറെ വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടും ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയോ കെ.പി.സി.സി.യോ ഇതുവരെ ഒരു പ്രതികരണവും നടത്താന്‍ തയ്യാറായിട്ടില്ല. കെ.പി.സി.സി പ്രസിഡന്റായിരുന്ന സണ്ണി ജോസഫ് മന്ത്രിസഭയില്‍ അംഗമായതോടെ സംഘടനയുടെ തലപ്പത്ത് നാഥനില്ലാത്ത അവസ്ഥയാണ്. പുതിയൊരു പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനോ സംസ്ഥാന നേതൃത്വത്തിനോ കഴിഞ്ഞിട്ടില്ല. കെ.പി.സി.സി നേതൃത്വത്തിലുണ്ടായിരുന്ന പ്രമുഖരൊക്കെ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമായി മാറിയതോടെ പാര്‍ട്ടിക്ക് ഭരണത്തിന്മേല്‍ യാതൊരുവിധ നിയന്ത്രണവുമില്ലാത്ത അവസ്ഥയാണുള്ളത്.

നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത്, പാര്‍ട്ടിയെ വെറും കാഴ്ചക്കാരാക്കി പിണറായി വിജയന്‍ ഏകപക്ഷീയമായി ഭരിക്കുന്നു എന്നതായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രധാന വിമര്‍ശനം. എന്നാല്‍ അക്കാലത്ത് പോലും സര്‍ക്കാരിനെതിരെ ഉയര്‍ന്ന ഓരോ വിവാദത്തിലും മറുപടി പറയാന്‍ സി.പി.എം പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടി സംവിധാനവും ബാധ്യസ്ഥരായിരുന്നു. മാധ്യമങ്ങള്‍ പാര്‍ട്ടിയെ നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സതീശന്‍ സര്‍ക്കാരിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍, മാധ്യമങ്ങളോ പൊതുജനങ്ങളോ കോണ്‍ഗ്രസ് പാര്‍ട്ടിയോടോ കെ.പി.സി.സി.യോടോ ഒന്നും തന്നെ ചോദിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി സംവിധാനം നിലനില്‍ക്കുന്നുണ്ടോ എന്ന് പോലും സംശയിക്കേണ്ട രീതിയിലാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം മുന്നോട്ട് പോകുന്നത്.

അതേസമയം, പരസ്യമായി വിമര്‍ശനങ്ങളോ തിരുത്തലുകളോ പാര്‍ട്ടിയെന്ന നിലയില്‍ ഉണ്ടാകുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരേ നേതാക്കളില്‍ അതൃപ്തിയുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹത്തിന്റെ പുകച്ചില്‍ തുടങ്ങിയിട്ടുണ്ട്. കരിമണല്‍ ഖനനത്തിലടക്കം വി.എം. സുധീരന്‍ എടുത്തപോലെ പരസ്യമായൊരു വിമര്‍ശനത്തിന് മറ്റ് നേതാക്കള്‍ മുതിര്‍ന്നിട്ടില്ലെങ്കിലും, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം മുഖ്യമന്ത്രിക്കുള്ള കൃത്യമായ താക്കീതാണ്. എന്ത് നല്ല ഉദ്ദേശ്യത്തോടെയാണെന്ന് പറഞ്ഞാലും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തീരുമാനങ്ങളേ സര്‍ക്കാര്‍ എടുക്കാവൂ എന്നും, മദ്യനയത്തിലും കരിമണല്‍ ഖനനത്തിലും ഉയര്‍ന്ന ആശങ്കകള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും വേണുഗോപാല്‍ വ്യക്തമാക്കിക്കഴിഞ്ഞു.

സ്വന്തം വകുപ്പിലെ തീരുമാനമായിട്ടും തന്നെ ഇരുട്ടില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി മദ്യനികുതി കുറച്ചതെന്ന അതൃപ്തിയുണ്ട് എക്‌സൈസ് മന്ത്രി എം. ലിജുവിന്. കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ലിജു, ഇപ്പോഴത്തെ മദ്യ വിവാദത്തില്‍ പരസ്യമായി അകലം പാലിക്കുകയാണ്. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ലഹരിവിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ട് പോകുന്ന ചെന്നിത്തല, സതീശന് വേണ്ടിയെന്ന പോലെ സംസാരിച്ചുവെങ്കിലും വിവാദത്തില്‍ മുഖ്യമന്ത്രിയെ പൂര്‍ണമായി പ്രതിരോധിക്കാന്‍ തയ്യാറായിട്ടില്ല. ‘ഇത് വെറുമൊരു ബഡ്ജറ്റ് നിര്‍ദ്ദേശം മാത്രമാണ്, അന്തിമ നയമല്ല; ഇനിയും ചര്‍ച്ചകള്‍ ആവശ്യമുണ്ട്’ എന്ന് പറഞ്ഞുകൊണ്ട് വിവാദം തണുപ്പിക്കാനാണ് ചെന്നിത്തല ശ്രമിച്ചത്. നിലവില്‍ കെപിസിസി പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫ് സര്‍ക്കാരുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പാര്‍ട്ടി നേതൃത്വവുമായി യാതൊരു കൂടിയാലോചനയും നടത്താത്തതില്‍ കടുത്ത അമര്‍ഷത്തിലാണെന്നും വിവരമുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് സര്‍ക്കാരിനെ തിരുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നെങ്കില്‍, ഇന്ന് പാര്‍ട്ടിയെയും ഘടകകക്ഷികളെയും പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് മുഖ്യമന്ത്രി സതീശന്‍ നടത്തുന്ന ‘ഏകാധിപത്യ’ ശൈലിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അണിയറയില്‍ വലിയ രീതിയില്‍ എതിര്‍പ്പുണ്ടെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

ഒരു ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരിന് മേല്‍ പാര്‍ട്ടിക്ക് കൃത്യമായ നിയന്ത്രണം വേണമെന്നത് കമ്യൂണിസ്റ്റുകള്‍ക്ക് മാത്രം ബാധകമായതല്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നത് പാര്‍ട്ടിയുടെ നയങ്ങളും വാഗ്ദാനങ്ങളും കണ്ടിട്ടാണ്. അധികാരത്തില്‍ വരുമ്പോള്‍ സര്‍ക്കാര്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടിയുടെ പ്രതിനിധികള്‍ മാത്രമാണ്. ജനങ്ങളോട് നേരിട്ട് ഉത്തരവാദിത്തം പാര്‍ട്ടിക്കാണ്. പാര്‍ട്ടിക്കു മാത്രമാണ് യഥാര്‍ത്ഥ ജനവികാരം അറിയാന്‍ സാധിക്കുക. ഈ ജനവികാരം സര്‍ക്കാരിലേക്ക് എത്തിക്കാനും ജനവിരുദ്ധമായ തീരുമാനങ്ങള്‍ തിരുത്തിക്കാനും പാര്‍ട്ടിയുടെ ശക്തമായ ഇടപെടല്‍ അത്യാവശ്യമാണ്. ഇതില്ലാത്തപക്ഷം ഭരണം വ്യക്തികേന്ദ്രീകൃതമായ ഏകാധിപത്യ സ്വഭാവത്തിലേക്കോ ഉദ്യോഗസ്ഥ മേധാവിത്വത്തിലേക്കോ വഴിമാറും. അതാണ് കഴിഞ്ഞ ഭരണത്തില്‍ കേരളം കണ്ടത്. വന്‍കിട കോര്‍പ്പറേറ്റുകളുടെയും മദ്യ-ഖനന ലോബികളുടെയും വഴിവിട്ട സ്വാധീനങ്ങള്‍ക്ക് ഭരണാധികാരികള്‍ കീഴടങ്ങാതിരിക്കണമെങ്കിലും പാര്‍ട്ടിയുടെ ശക്തമായ പ്രത്യയശാസ്ത്രപരമായ മേല്‍നോട്ടം അനിവാര്യമാണ്. ഒടുവില്‍ സര്‍ക്കാര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് വോട്ട് ചോദിച്ച് ജനങ്ങളെ സമീപിക്കേണ്ടി വരുന്നത് പാര്‍ട്ടി ആണെന്നതിനാല്‍, പാര്‍ട്ടിയുടെ നിലനില്‍പ്പിന് ഈ നിയന്ത്രണം അത്യന്താപേക്ഷിതമാണ്. എന്നാല്‍ മുഖ്യമന്ത്രി സതീശന്‍ ഇപ്പോള്‍ ചെയ്യുന്നത് പാര്‍ട്ടിയെ വെറും കാഴ്ച്ചക്കാരാക്കി നിര്‍ത്തുകയാണ്.

Content Summary; The controversies surrounding the VD Satheesan government in Kerala, the rising dissent within UDF, and the silence of KPCC leadership

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×