ചെറിയ പ്രായത്തില്‍, നീണ്ട കാലം ജയിലില്‍ കഴിഞ്ഞ ലാങ് തിരിച്ചു വരുമ്പോള്‍ കാണുന്ന വീടും പരിസരവും അയാളെത്തന്നെ അവിടെ അപരിചിതനാക്കുന്നുണ്ട്. ചൈനയിലെ നോര്‍ത്വെസ്റ്റ് ഏരിയയില്‍, ഗോബി മരുഭൂമിയുടെ ഓരത്തുള്ള ച്ഷായിലാണ് ലാങ് ജനിച്ചു വളര്‍ന്നത്. ഗോബിയുടെ എല്ലാ പ്രതികൂല കാലാവസ്ഥയും അനുഭവിക്കേണ്ടി വരുന്ന ഒരു സ്ഥലം. അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകള്‍. അവയ്ക്ക് കാവല്‍ നില്‍ക്കുന്ന ചെന്നായ്ക്കള്‍. യാത്രാമധ്യേ ഇവയുടെ ആക്രമണത്തില്‍ മറിഞ്ഞ ബസ്സ്. ആളൊഴിഞ്ഞ കെട്ടിടങ്ങള്‍. നായകളെ പിടിക്കാന്‍ ഓടി നടക്കുന്ന ഡോഗ് സ്‌ക്വാഡ്. വെറുതെയല്ല, പിടികിട്ടാപുള്ളിയായ ‘ബ്ലാക്ക് ഡോഗ്’ താരമാകുന്നത്. കൂടിയ തുക അവന്റെ തലയ്ക്കാണ്. റാബീസ് പരത്തുന്നതും അവനാണ് എന്നാണ് അനൗണ്‍സ്മെന്റ്.
ലാങ്ങും ബ്ലാക്ഡോഗും ഇതൊന്നും അറിയാതെയാണ് ആദ്യം കണ്ടുമുട്ടുന്നത്. അതിജീവനത്തിന്റെ പ്രശ്‌നം രണ്ടു പേര്‍ക്കും ഉണ്ട്. നിസ്സഹായതയും, ഏകാന്തതയും, ആരും മനസ്സിലാക്കപ്പെടാത്തതുമായ ഒരു ജീവിതാവസ്ഥ, മറ്റൊരര്‍ത്ഥത്തില്‍ വല്ലാത്തൊരു അസ്ഥിത്വപ്രശ്‌നം അവരെ ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. അവര്‍ പരസ്പരം തിരിച്ചറിയേണ്ടതുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ Un Certain Regard prize നേടിയ ചൈനീസ് സിനിമയാണ് ‘ബ്ലാക്ഡോഗ്’. 2008 ബീജിങ് ഒളിംപിക്സിന് വേണ്ടി മുഖം മിനുക്കുന്ന ചൈനയെ വളരെ വിദഗ്ധമായി അവതരിപ്പിച്ച് കൊണ്ടാണ് സംവിധായകന്‍ ഗ്വാന്‍ ഹു (Guan Hu) പ്രേക്ഷകരെ ‘ബ്ലാക്ക് ഡോഗ്’ ലേക്ക് കയറ്റിവിടുന്നത്. പഴയ നഗരത്തിന്റെ ഓര്‍മ്മകള്‍ പോലും പേറാന്‍ ആരെയും അനുവദിക്കാത്ത പോലെയുള്ള കുടിയൊഴിപ്പിക്കല്‍. പുതിയ സാമ്പത്തിക നയങ്ങളും, രാജ്യത്തിന്റെ പുരോഗതിയും മാത്രമാണ് മുഖ്യം. തെരുവില്‍ അലഞ്ഞുതിരിയുന്ന, കൂട്ടില്‍ കയറ്റി, റെസ്‌ക്യൂ സോണില്‍ കൊണ്ടുപോയി തള്ളുന്ന ഈ നായകള്‍ക്കെല്ലാം സ്വന്തമായി വീടുണ്ടായിരുന്നു, അവരെ സ്‌നേഹിക്കുന്ന മനുഷ്യരും. ഗോസ്റ്റ് സിറ്റി പോലെ ആയിക്കൊണ്ടിരിക്കുന്ന ച്ഷായുടെ വിവിധ ദൃശ്യങ്ങള്‍, ഗോബി മരുഭൂമിക്ക് മേലെ, വിഷാദം നിറഞ്ഞ ചാരനിറമുള്ള ആകാശവും, വീടും, വര്‍ഷങ്ങളായി ചെയ്യുന്ന ജോലിയും നഷ്ടപ്പെടുന്ന, ഒന്നും ചെയ്യാനില്ലാതെ, മരണം ആഗ്രഹിക്കുന്ന വൃദ്ധര്‍, പണത്തിന്റെ പിന്നാലേ ഓടിക്കിതയ്ക്കുന്ന യുവാക്കള്‍, പട്ടിണിയിലാകുന്ന മൃഗങ്ങള്‍ – പിടിമുറുക്കുന്ന ക്യാപിറ്റലിസത്തിന്റെ ഇരുണ്ട വശങ്ങള്‍ എല്ലാ ഫ്രെമുകളിലും നിറയ്ക്കുന്നുണ്ട് ഗാവോഷേയുടെ (Gao Weizhe) ക്യാമറ.
ബ്ലാക്ഡോഗ് കൃത്യമായി ഒരു കഥയൊന്നും പറയുന്നില്ല. കേന്ദ്രകഥാപാത്രമായ ലാങ്ങിനെ അവതരിപ്പിക്കുന്ന എഡി പെങ് (Eddie Peng) ആദ്യം സംസാരിക്കുന്നേയില്ല, ഊമയാണോ എന്ന് സംശയിച്ചു പോവും നമ്മള്‍. പക്ഷെ ബോഡി ലാംഗ്വേജ് എല്ലാം പറയും. കണ്ണുകളില്‍ സന്ദര്‍ഭത്തിനനുസരിച്ച് ഭാവങ്ങള്‍ മിന്നിമറയും. അതിപ്പോ ഇനി ചെറിയൊരു ഇഷ്ടം വന്നാല്‍ പോലും. ഗ്വാന്‍ ഹു, ലാങ്ങിനെ അങ്ങനെ തന്നെ നിലനിര്‍ത്തുന്നത്, അയാളുടെ ഉള്ളിലേക്ക് മാത്രം ഫോക്കസ് ചെയ്യാനാണ് എന്ന് തോന്നും. പുറമെയുള്ള മനുഷ്യരും, ബന്ധങ്ങളും അയാളുടെ പരിധിക്ക് പുറത്താണ്. ഉള്ളിലെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. സത്യത്തില്‍, ലാങ് കുറ്റക്കാരനാണോ, അതോ അബദ്ധത്തില്‍ പറ്റിയതാണോ ആ ക്രൈം എന്ന് സംശയം തോന്നുന്ന ഒരു മൂഡ് ബ്ലാക്ഡോഗില്‍ ഉടനീളം ഉണ്ട്. അയാളോട് പകയുള്ള ലോക്കല്‍ ഗുണ്ടയായ ബുച്ചര്‍ പോലും ലാങ്ങിനെ തിരിച്ചറിയുന്നുണ്ട് പിന്നീട്. പ്രായശ്ചിത്തത്തിന്റെ വഴികളില്‍ ആണ് ലാങ് എപ്പോഴും. ബങ്കിജമ്പ് നടത്തി സ്വയം മുറിവേല്‍പ്പിച്ചും, അടി കിട്ടിയാല്‍ പരമാവധി ക്ഷമിച്ചും, സ്‌നേഹരഹിതനായ അച്ഛനെ ഏറ്റെടുത്തും, അയാളോടുള്ള വാക്കുകള്‍ പാലിച്ചുകൊണ്ടും, അങ്ങനെയങ്ങനെ… ഒരു സീനില്‍, ബലമായി പിടിച്ചുവാങ്ങി കൊണ്ടുപോകുന്ന സ്വന്തം പപ്പിയേ നോക്കി കരയുന്ന ഒരു കൊച്ചു കുട്ടിയെ ലാങ് റിസ്‌ക്കെടുത്ത് സഹായിക്കുന്നുണ്ട്. ഓരോ ചെറിയ സല്‍പ്രവര്‍ത്തിയും അയാളുടെ ഉള്ളില്‍ പ്രകാശം പരത്തുന്നുണ്ട്.
ബ്ലാക്ഡോഗിന്റെ മെയിന്‍ തീം ലാങ്ങും പിടികിട്ടാപുള്ളിയായ ബ്ലാക്ഡോഗും തമ്മിലുള്ള അസാധാരണമായ ബോണ്ട് തന്നെയാണ്. വഴക്ക് കൂടിയും, പിണങ്ങിയും, ഇണങ്ങിയും അവര്‍ അവരുടെ സ്വത്വത്തെ അംഗീകരിക്കുന്ന സീനുകള്‍ മനോഹരമാണ്. ഇപ്പോള്‍, മറന്ന് തുടങ്ങിയ തന്റെ പഴയ ബൈക്കര്‍-സിങ്ങര്‍ സ്റ്റാര്‍ ഇമേജ് ലാങ്ങിലേക്ക് പതിയെ തിരികെ വരുന്നുണ്ട്.
പ്രതികരിക്കാനുള്ള അവകാശം പോലുമില്ലാതെ വേരുകള്‍ നഷ്ടമാവുന്ന അടിസ്ഥാനവര്‍ഗവും, ഓടിത്തളര്‍ന്ന് കീഴടങ്ങുന്ന നായകളും ഏതാണ്ട് ഒരുപോലെയാണ് ബ്ലാക്ഡോഗില്‍. തികഞ്ഞ മനുഷ്യത്വത്തോടെയും, ദയാവായ്പോടെയും വേട്ടക്കാരില്‍ നിന്ന് രക്ഷിച്ചെടുക്കുന്നത് ഒരു മിണ്ടാപ്രാണിയെ ആണെങ്കില്‍ കൂടി, അത് ലാങ്ങിന്റെ ഹൃദയത്തെ ശുദ്ധീകരിക്കുന്നുണ്ട്. അനിശ്ചിതത്വം പ്രതീക്ഷയ്ക്ക് വഴി മാറുന്നുണ്ട്. മുന്‍വിധികളില്ലാത്ത ഒരു സ്‌നേഹം ബാക്ക്പാക്കിലിരുന്ന് അയാളെ തൊട്ടുരുമ്മുന്നുണ്ട്. അങ്ങനെയാണ്, ബ്ലാക്ഡോഗിലെ നായകന്റെ മനോഹരമായ, ആദ്യത്തെ ആ ചെറുപുഞ്ചിരിയില്‍ പ്രേക്ഷകര്‍ മയങ്ങുന്നത്. ആ പാത ലാങ്ങിന്റെ ഭാവിയാണ്. നടന്‍ എഡി പെങ്ങിന് നന്ദി. അത്രയും നേരം ഉള്ളുരുകുന്ന സങ്കടങ്ങള്‍ മൂകമായി, ഒതുക്കത്തോടെ അവതരിപ്പിച്ച് അവസാനത്തെ കയ്യടി നേടിയതിന്. ഒട്ടും വാണിജ്യവത്കരിക്കാതെ തന്നെയാണ് ഗ്വാന്‍ ഹുവും പ്രസക്തമായ ഈ തീം അവതരിപ്പിച്ചിട്ടുള്ളത്. Black dog; A film about an ex-convict and the dog he befriends
Content Summary: Black dog; A film about an ex-convict and the dog he befriends