June 03, 2026 |

കൊള്ളപ്പലിശക്കാര്‍ കൊല്ലുന്ന കേരളം; ഓപ്പറേഷന്‍ കുബേരയ്ക്ക് പൂട്ടിട്ടതാര്?

സാധാരണക്കാര്‍ എളുപ്പത്തില്‍ വട്ടിപ്പലിശക്കാരുടെ കെണിയില്‍ അകപ്പെടും

വട്ടിപ്പലിശക്കാരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസം പറവൂരില്‍ വീട്ടമ്മയായ ആശ ബെന്നി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവവും ഇക്കഴിഞ്ഞ ജൂണില്‍ ഈരാറ്റുപേട്ടയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തതും നിയമവിരുദ്ധ പണമിടപാടുകാരുടെ തിരിച്ചുവരവിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്.

കടം വാങ്ങുന്നവര്‍ പലിശക്കാരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്യുന്ന പ്രവണത അടുത്തിടെയായി വീണ്ടും കേരളത്തില്‍ കൂടിയിരിക്കുകയാണ്. പണം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ വട്ടിപ്പലിശക്കാര്‍ കടം വാങ്ങിയവരുടെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തും. ഇത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കുകയും ആത്മഹത്യയ്ക്ക് കാരണമാകുകയുമാണ്.

വളരെ എളുപ്പത്തില്‍ പണം കടമായി കിട്ടുന്നത് കൊണ്ട് സാധാരണക്കാരാണ് വട്ടിപ്പലിശക്കാരുടെ കെണിയില്‍ അകപ്പെടുന്നത്. പണം തിരിച്ചുപിടിക്കാന്‍ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് വീടുകളില്‍ കയറി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും സാധാരണമാണ്. ചില സന്ദര്‍ഭങ്ങളില്‍ ഭീഷണി മാനസികവും ശാരീരികവുമായ പീഡനങ്ങളായും മാറാറുണ്ട്.

റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന പ്രദീപിന്റെയും ഭാര്യയുടെയും പക്കല്‍ നിന്ന് പത്ത് ലക്ഷം രൂപയായിരുന്നു പറവൂര്‍ സ്വദേശിനിയായ ആശ ബെന്നി കടമായി വാങ്ങിയത്. എന്നാല്‍ മുതലും പലിശയുമടക്കം 30 ലക്ഷത്തോളം രൂപ തിരികെ കൊടുത്തിട്ടും ആശ ബെന്നിയെ ഭീഷണിപ്പെടുത്തുകയും മാനസിക സമ്മര്‍ദത്തിലാക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു അവര്‍ ജീവനൊടുക്കിയത്. കൂടാതെ മക്കളെ മോശക്കാരാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ആശ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കൈ ഞരമ്പ് മുറിച്ചും ആശ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

കോട്ടയം കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു രണ്ട് മാസം മുമ്പ് ഈരാറ്റുപേട്ട സ്വദേശിയായിരുന്ന വിഷ്ണു എസ് നായര്‍, ഭാര്യ രശ്മി സുകുമാരന്‍ എന്നീ ദമ്പതികള്‍ ആത്മഹത്യ ചെയ്തത്. വട്ടിപ്പലിശക്കാര്‍ വീട്ടിലെത്തി ഭീഷണി മുഴക്കുകയും വിഷ്ണുവിനെ മര്‍ദിക്കുകയുമായിരുന്നു. ഇതിനുപുറമെ ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന രശ്മിയെ അവിടെയെത്തി അവഹേളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.

ഓപ്പറേഷന്‍ കുബേരയുടെ പരാജയം

നിയമനടപടികളുടെ ശക്തമായ അഭാവം വട്ടിപ്പലിശക്കാര്‍ക്ക് പലപ്പോഴും സഹായകമാകുന്നുണ്ട്. അനധികൃതമായ സാമ്പത്തിക ഇടപാട്, ബ്ലേഡ് പലിശ എന്നിവ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. 2014 മെയ് മാസത്തില്‍ തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വട്ടിപ്പലിശക്കാരുടെ ഭീഷണി കാരണം ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ‘ഓപ്പറേഷന്‍ കുബേര’ എന്ന പേരില്‍ ഒരു പോലീസ് റെയ്ഡ് ആരംഭിച്ചിരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ ഈ റെയ്ഡ് അനധികൃത പണമിടപാടുകാരെ നിയന്ത്രിക്കാന്‍ സഹായിച്ചിരുന്നു.

ഓപ്പറേഷന്‍ കുബേര വലിയ വിജയമായിരുന്നു. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ താല്പര്യം കാണിക്കാതായതോടെ അത് പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. ഓപ്പറേഷന്‍ കുബേരയുടെ പേര് മാറ്റി പുതിയരീതിയില്‍ പരിഷ്‌കരിക്കുമെന്ന് 2019 ല്‍ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍ ആറ് വര്‍ഷം പിന്നിട്ടിട്ടും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇതോടെ കൊള്ളപ്പലിശക്കാര്‍ വീണ്ടും കേരളത്തില്‍ സജീവമായി പിടിമുറുക്കിയിരിക്കുകയാണ്.

പോലീസുകാരുടെ വഴിവിട്ട നടപടികളും ചെറുകിട ബ്ലേഡ് ഇടപാടുകാര്‍ മാത്രം പിടിയിലായി വന്‍കിടക്കാര്‍ രക്ഷപ്പെടുകയും ചെയ്യുന്നതും ഓപ്പറേഷന്‍ കുബേരയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. വന്‍കിട സംഘങ്ങളെ തൊടാന്‍ പോലീസ് മടിക്കുന്നുവെന്ന ആരോപണവും വിഷയത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനവും കൂടി വന്നതോടെ ഓപ്പറേഷന്‍ കുബേര നിര്‍ജീവമായി.

ഓണ്‍ലൈന്‍ വായ്പാ ആപ്പുകളും ഭീഷണികളും

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിടുന്ന ഓണ്‍ലൈന്‍ ‘ലോണ്‍ ആപ്പുകളും’ ഒരു വലിയ ഭീഷണിയാണ്. യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത ഈ ആപ്പുകള്‍ ഉയര്‍ന്ന പലിശ ഈടാക്കിയും ഭീഷണിപ്പെടുത്തിയും ആളുകളെ ചൂഷണം ചെയ്യുന്നു.

വട്ടിപ്പലിശക്കാരുടെ ഭീഷണിയില്‍ ആത്മഹത്യകള്‍ നടക്കുമ്പോള്‍ മാത്രമാണ് ബ്ലേഡ് മാഫിയകള്‍ സജീവമാണെന്ന വിവരം പുറംലോകത്തേക്കും എത്തുന്നത്. ഓപ്പറേഷന്‍ കുബേരയെ തുടര്‍ന്ന് താല്കാലികമായി ഉള്‍വലിഞ്ഞ കൊള്ളപ്പലിശക്കാര്‍ പോലീസ് നടപടി നിലച്ചതോടെ വീണ്ടും സാധാരണക്കാരെയും വീട്ടമ്മമാരെയും ലക്ഷ്യമാക്കി ഇറങ്ങിയിരിക്കുകയാണ്.

ബ്ലാങ്ക് ചെക്കുകള്‍ വാങ്ങി കള്ളക്കേസുകള്‍ ഉണ്ടാക്കിയും ബ്ലേഡ് മാഫിയക്കാര്‍ ഭീമമായ തുക കൈപ്പറ്റാറുണ്ട്. കേസിന്റെ നൂലാമാലകളില്‍ പെടുന്നതിന്റെ പ്രയാസം മനസ്സിലാക്കി നഷ്ടം സഹിച്ചും ഇടപാടുകാര്‍ വീണ്ടും തുകയും പലിശയും നല്‍കിക്കൊണ്ടിരിക്കും. എന്നാല്‍, വാങ്ങുന്ന പണത്തിന് യാതൊരു രേഖയും ഇവര്‍ നല്‍കാറില്ല. അവസാനം മൂന്നോ നാലോ വര്‍ഷം തുടര്‍ച്ചയായി ഇങ്ങനെ തിരിച്ചടക്കേണ്ടി വരും. പതിനായിരം വാങ്ങിയവര്‍ തിരിച്ചടവ് തീരുമ്പോഴേക്കും മുപ്പതിനായിരമെങ്കിലും കവിഞ്ഞിട്ടുണ്ടാകും.

പണപ്പിരിവിനായി ഗുണ്ടാസംഘങ്ങള്‍

ബ്ലേഡ് മാഫിയ സംഘങ്ങള്‍ക്കായി പലപ്പോഴും പണപ്പിരിവ് നടത്തുന്നത് ഗുണ്ടകളാണ്. തിരിച്ചടവ് മുടങ്ങുന്നതോടെ ഭീഷണിയുമായി വരുന്ന ഗുണ്ടകള്‍ അക്രമകാരികളായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 2018 ല്‍ പലിശപ്പണം അടയ്ക്കാന്‍ വൈകിയതോടെ കൊല്ലം അഞ്ചല്‍ സ്വദേശിയായ 90 കാരി വൃദ്ധ ഉള്‍പ്പെടെയുള്ള അഞ്ചംഗ കുടുംബത്തെ ക്രൂരമായി മര്‍ദ്ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവവും കൊള്ളപ്പലിശ സംഘത്തിന്റെ കേരളത്തിലെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.

കോവിഡ് കാലം ചെറുകിട കച്ചവടങ്ങളും തൊഴില്‍ നഷ്ടവും രൂക്ഷമാക്കിയതോടെയാണ് കൊള്ളപ്പലിശക്കാര്‍ വീണ്ടും കേരളത്തില്‍ സജീവമായി പിടിമുറുക്കിയത്. കര്‍ഷകരെയും ചെറുകിട ഇടത്തര കച്ചവടക്കാരെയും സ്ഥിരവരുമാനമില്ലാത്തതിന്റെ പേരില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കയ്യൊഴിയുന്നതും വട്ടിപ്പലിശക്കാരുടെ പിടിമുറുക്കലിന് കാരണമാകുന്നു. Blade mafia is thriving in Kerala; who put an end to operation kubera?

Content Summary: Blade mafia is thriving in Kerala; who put an end to operation kubera?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×