ഇടുക്കിയിലെ വട്ടവടയ്ക്കും കാസറഗോഡെ പെരിയയ്ക്കും ഇടയില്‍ 500 കിലോമീറ്ററിനു മേല്‍ ദൂരമുണ്ട്. പക്ഷേ, അഭിമന്യുവിനും കൃപേഷിനും ഇടയില്‍ ദൂരദേശ വ്യത്യാസങ്ങളൊന്നുമില്ലാതാകുന്നു. രാഷ്ട്രീയ വൈരമെന്ന ഒറ്റ ആയുധത്തിന്റെ ഇരകളായവര്‍ കേരള മനഃസാക്ഷിക്കു മുന്നില്‍ തൊട്ടുചേര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്.
അഭിമന്യു നമ്മളെ വേദനിപ്പിച്ചതും കൃപേഷ് ഇപ്പോള്‍ വേദനിപ്പിക്കുന്നതും അവരുടെ മരണം കൊണ്ടു മാത്രമല്ല, അവര്‍ പോയതിനു പിന്നാലെ മാത്രം നാം കണ്ട അവരുടെ ജീവിത പശ്ചാത്തലങ്ങളും കൊണ്ടുകൂടിയാണ്. കേരളത്തിന്റെ അങ്ങേയറ്റത്ത്, ഒരു ചെറുഗ്രാമത്തില്‍ നിന്നും പഠിക്കാനുള്ള മോഹം കൊണ്ട് എറണാകുളം പോലൊരു നഗരത്തിലെത്തി മഹാരാജാസ് പോലൊരു കോളേജില്‍ പഠിച്ചിരുന്ന അഭിമന്യുവിനെ ജൂലൈ മാസത്തിലെ ആ കറുത്ത രാത്രിക്കു മുമ്പ് വരെ നമുക്കറിയില്ലായിരുന്നു. നെഞ്ചില്‍ കുത്തിയിറക്കിയ കത്തി അവന്റെ ജീവന്‍ വലിച്ചെടുത്തു കഴിഞ്ഞാണ് വട്ടവടയിലെ അവന്റെ വീടിനെക്കുറിച്ച് നാം കേള്‍ക്കുന്നതും പോകുന്നതും. കൊട്ടക്കമ്പൂര്‍ ഊരിലെ, ഒരു ഒറ്റമുറി വീട്ടില്‍ നിന്നുമായിരുന്നു, മരിക്കും വരെ ജീവിതത്തിന്റെ കഷ്ടപ്പാടും പട്ടിണിയും മാത്രം അനുഭവിച്ച ആ വിദ്യാര്‍ത്ഥി നമുക്ക് മുന്നിലേക്ക് വന്നിരുന്നതെന്ന സത്യം ഉണ്ടാക്കിയ ഞെട്ടലിലാണ് ഈ നാടിന്റെ മനഃസാക്ഷി വീണുപോയത്.
അഭിമന്യുവിന്റെ ഒറ്റമുറി വീട്ടില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല കൃപേഷിന്റെ ഒാലക്കുടിലും. കിടപ്പു മുറിയും അടുക്കളയും എല്ലാം ഒന്നിച്ച്. വെയിലും മഴയ്ക്കും യാതൊരു തടസ്സവും കൂടാതെ കടന്നു കയറാവുന്ന തരത്തില്‍ തീര്‍ത്തും ദുര്‍ബലമായ ആ കൂരയ്ക്കുള്ളിലായിരുന്നു കൃപേഷും അച്ഛനും അമ്മയും രണ്ടു സഹോദരിമാരും ജീവിച്ചിരുന്നത്. പെയിന്റ് തൊഴിലാളിയായ കൃഷ്ണനാണ് കൃപേഷിന്റെ അച്ഛന്‍. അമ്മ ബാലാമണി. അഭിമന്യുവിനുമേല്‍ അവന്റെ കുടുംബം എത്രമാത്രം പ്രതീക്ഷവച്ചിരുന്നോ, കൃപേഷിനെയോര്‍ത്ത് ഇവിടെയീ കുടുംബവും പലതും മുന്നില്‍ കണ്ടിരുന്നു. എല്ലാം ഒരു കൊടുവാളിന്റെ മൂര്‍ച്ഛയില്‍ പിടഞ്ഞുതീര്‍ന്നു.
എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റേറിയത്തില്‍ മകന്റെ മൃതശരീരത്തില്‍ കെട്ടിടിപ്പിടിച്ച് ഭൂപതി എന്ന അമ്മ ‘നാന്‍ പെറ്റ മകനേ’ എന്ന് കരഞ്ഞതിന്റെ തനിയാവര്‍ത്തനമാണ്, പെരിയയിലെ ആ ഓലക്കുടിലിനുള്ളില്‍ നിന്നും ബാലാമണി എന്ന അമ്മയുടെ ‘എന്റെ മകനേ…’ എന്ന പതം പറഞ്ഞുള്ള നിലവിളിയും. മകന്‍ നഷ്ടപ്പെട്ട ഒരച്ഛന്റെ മുഖത്തെ വേദനകൊണ്ട് മനോഹരന്‍ നമ്മുടെ മനസിനെ എത്രത്തോളം തകര്‍ത്തോ, കൃഷ്ണന്‍ എന്ന അച്ഛന്റെ നിസ്സഹായതയും അത്രമേല്‍ തന്നെ നമ്മെ തകര്‍ത്തു കളയുന്നു. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടവരുടെ വേദന കൊണ്ട്, ഈ രണ്ടച്ഛന്മാരുടെയും ജീവിതം ഇനിയൊരുപോലെയാണ്.
അവന്റെ രീതിക്കാണ് അവന്‍ പോയത്. ഞങ്ങള്‍ അതില്‍ ഒന്നും പറഞ്ഞിരുന്നില്ല. പോകണ്ടായെന്നോ പോണമെന്നോ പറഞ്ഞിട്ടില്ല. എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിക്കണമെന്നു പഞ്ഞപ്പോഴും എതിരൊന്നു പറഞ്ഞില്ല. ഇവിടെ പാര്‍ട്ടിയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും പറഞ്ഞപ്പോഴും ആരുമവനെ തടഞ്ഞില്ല. അവന്‍ നന്നായി പഠിക്കുമായിരുന്നു. അവന്‍ ആഗ്രഹിച്ച നിലയില്‍ എത്തിച്ചേരുമെന്നും ഞങ്ങള്‍ ഉറപ്പാക്കിയിരുന്നു. അവനായിട്ട് ഒരു ചീത്തപ്പേര് കുടുംബത്തിന് ഉണ്ടാക്കിയിട്ടില്ല, ഈ നാടിനും ഉണ്ടാക്കിയിട്ടില്ല. അവന്‍ തെറ്റായ വഴിയെ പോയിട്ടില്ല. അവന്‍ ശരിയായി തന്നെയാണ് പോയത്. അതിഷ്ടപ്പെടാത്തവര്‍ അവനെ‘; ഈ വാക്കുകള്‍ അഭിമന്യുവിന്റെ സഹോദരങ്ങളുടെതാണ്…
ഇനി കൃപേഷിന്റെ അച്ഛന്‍ പറയുന്നതു കേള്‍ക്കു; ഞാനൊരു സിപിഎം അനുഭാവിയായിരുന്നിട്ടും അവന് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ എന്നു കരുതി. പ്രശ്‌നങ്ങളില്‍ പെടരുതെന്നു മാത്രമായിരുന്നു പറഞ്ഞിരുന്നത്. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ പെട്ട് പഠിപ്പ് മുടങ്ങിയിരുന്നു. സിപിഎമ്മുകാരുമായി തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അവര്‍ അവനെ കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിര്‍ധന കുടുംബമാണ് എന്റേത്. ആകെ ആശ്രയം ഏക മകനിലായിരുന്നു. ഇനി എന്ത് ചെയ്യണമെന്നറിയില്ല.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ കൃപേഷിനെയും അഭിമന്യുവിനെയും അവരുടെ വീട്ടുകാര്‍ തടഞ്ഞിരുന്നില്ല. അവരവര്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിച്ചു. എന്നാല്‍ അതേ, രാഷ്ട്രീയം അവരുടെ ജീവനെടുക്കുമെന്ന് ആ വീട്ടുകാര്‍ കരുതിയില്ല. അതി ക്രൂരമായി തന്നെ രണ്ടുപേരെയും അവസാനിപ്പിച്ചു. പിന്നില്‍ നിന്നും പിടിച്ചു നിര്‍ത്തി ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കി അഭിമന്യുവിന്റെ ജീവന്‍ എടുക്കുകയായിരുന്നു ശത്രുക്കള്‍. തൊട്ടടുത്ത് തന്നെ ആശുപത്രിയുണ്ടായിരുന്നിട്ടും അവിടെ വരെ എത്തിക്കാന്‍ പോലും കഴിഞ്ഞില്ല, അതിനു മുന്നേ ജീവന്‍ പോയി. കൃപേഷിന്റെയും സ്ഥി വ്യത്യസ്തമായിരുന്നില്ല. ആശുപത്രിയില്‍ എത്തിക്കും മുന്നേ ആ ചെറുപ്പക്കാരനും പോയി. നെറ്റിയുടെ തൊട്ടുമുകളില്‍ മൂര്‍ദ്ധാവിലായി കൊടുവളിനുള്ള വെട്ട്. 11 സെന്റീമീറ്റര്‍ നീളത്തിലും രണ്ടു സെന്റീ മീറ്റര്‍ ആഴവുമുണ്ടെന്നു ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന ആ വെട്ടില്‍ ആ 19 കാരന്റെ തലയോട് തകര്‍ന്നിരുന്നു. ഒരു മരുന്നിനും ചികിത്സയ്ക്കും രക്ഷപ്പെടുത്താനാവാത്ത വിധം മരണം ഉറപ്പിച്ച് കൊലയാളികള്‍ ചെയ്ത ക്രൂരത. വലതു കഴുത്തിലേക്ക് ആഴത്തില്‍ ആയുധം ഇറക്കിയത് കൂടാതെ രണ്ടു കാലുകളിലും അഞ്ചു വെട്ടുകള്‍ ഏല്‍പ്പിച്ച് അസ്ഥിയും മാസവും കൂടിക്കലര്‍ന്ന നിലയിലാക്കിയ ശരത് ലാല്‍ എന്ന 21 കാരനൊപ്പം കൃപേഷിനെയും ഉപേക്ഷിച്ചു പോയി കൊലയാളികള്‍. വഴിപോക്കരുടെ കണ്ണില്‍, വെട്ടി നുറക്കപ്പെട്ട ആ രണ്ടു ശരീരങ്ങളും കാണുന്നത് വൈകിയാണ്. ജീവനുണ്ടാകുമെന്ന് കരുതി രണ്ടു പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കൃപേഷ് പോയിക്കഴിഞ്ഞിരുന്നു.
എന്തിനാണ് തന്റെ മകനെ കൊന്നു കളഞ്ഞതെന്ന ചോദിച്ചു കരയുന്ന, ബാലാമണിയെന്ന അമ്മ നമുക്ക് ആദ്യ കാഴ്ച്ചയല്ല. ഭൂപതിയും ചോദിച്ചത് എന്റെ മകനെ കൊന്നതെന്തിനെന്നായിരുന്നു. അതിനു മുമ്പും എത്ര അമ്മമാര്‍ കണ്ണീരോടെ ഇതേ ചോദ്യം ചോദിച്ചിരിക്കുന്നു. ഇനിയും ഇതേ ചോദ്യം അമ്മമാരില്‍ നിന്നും കേള്‍ക്കേണ്ടി വരുമോ? വെട്ടിക്കീറപ്പെട്ട മക്കളുടെ ശരീരം കാണേണ്ടി വരുന്ന അച്ഛനമ്മാര്‍ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുമോ? രക്തസാക്ഷികള്‍ ഇനിയും ദേശദൂര വ്യത്യാസമില്ലാതെ കൂടിച്ചേര്‍ന്നുകൊണ്ടിരിക്കുമോ? ഒന്നിനും ഉത്തരം പറയാനാകുന്നില്ല….