UPDATES

ബ്ലോഗ്

ഐന്‍സ്റ്റൈനെ ആളുമാറിയതിലുള്ള അബദ്ധമല്ല, ഗണിത നിഷേധമെന്ന സയന്‍സിന്റെ മുനയോടിക്കാനുള്ള ഫാഷിസ്റ്റ്‌ നയമാണ് കൂടുതല്‍ പേടിക്കേണ്ടത്

ഒരാധുനിക ഭൗതികശാസ്ത്രജ്ഞ “ഗ്രാവിറ്റി” എന്ന് പറയുന്ന സാധനം കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് കൊടുക്കാന്‍ യോഗ്യന്‍ ഐന്‍സ്റ്റൈന്‍ തന്നെയാണ്.

                       

ആരാണ് ഗ്രാവിറ്റി കണ്ടുപിടിച്ചത്?

ഐന്‍സ്റ്റൈന് ഗ്രാവിറ്റി കണ്ടുപിടിക്കാന്‍ കണക്കിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന മഹത്തായ വെളിപാട് സ്വബോധമുള്ളവരുടെയെല്ലാം തലച്ചോറിന്റെ ഫ്യൂസടിച്ച് പോകാനും മാത്രം വോള്‍ട്ടേജുള്ള പൊട്ടത്തരമാണ്. “ഗ്രാവിറ്റി കണ്ടുപിടിച്ചത് ഐന്‍സ്റ്റൈന്‍ ആണോ? ന്യൂട്ടണല്ലേ?” എന്നാണ് പൊതുവേ സ്ക്കൂള്‍വിദ്യാഭ്യാസമുള്ള ഒരു മനുഷ്യന് പറയാന്‍ തോന്നുക. പക്ഷേ, ഐന്‍സ്റ്റൈനാണ് ഗ്രാവിറ്റി കണ്ടുപിടിച്ചത്; ന്യൂട്ടണ്‍ കണ്ടുപിടിച്ചതുപോലെ തന്നെ. ഇവര്‍ രണ്ടുപേരും കണ്ടുപിടിച്ച ഗ്രാവിറ്റികള്‍ തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്; നമ്മള്‍ പൊതുവേ ഗ്രാവിറ്റി എന്ന് പറയാറ് ഇതിനൊന്നുമല്ല താനും. ഏത് ഗ്രാവിറ്റി ആര് കണ്ടുപിടിച്ചു എന്നതാണ് ഈ കുറിപ്പിന്റെ വിഷയം.

“വസ്തുക്കള്‍ താഴേക്ക് വീഴുന്നു” എന്നത് ആരും പ്രത്യേകിച്ച് സിദ്ധാന്തിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. ചിന്താശേഷി വികസിച്ച കാലം മുതല്‍ മനുഷ്യപൂര്‍വ്വികര്‍ക്കടക്കം അറിയാവുന്ന ഒന്നാണിത്. മാവില്‍ കല്ലെറിയുന്നത് മുതല്‍ സ്മാര്‍ട്ട്ഫോണിന് വീഴ്ച്ചയില്‍ പരിക്കുപറ്റാതെ കവറിടുന്നത് വരെ നമ്മളുടെ തലമുറകളിലൂടെയുള്ള പ്രവര്‍ത്തികളെല്ലാം ഈ ധാരണയില്‍ നിന്നാണല്ലോ? അതായത്, പൂക്കള്‍ക്ക് മണമുണ്ടെന്നും നിലാവിന് ചൂടില്ലെന്നുമുള്ളതുപോലെയുള്ള മനുഷ്യരുടെ പൊതു അനുഭവത്തിന്റെ ഭാഗം മാത്രമാണിത്. പക്ഷേ, നമ്മുടെ തലയ്ക്കുള്ളില്‍ കിടക്കുന്നത് ഇതാണ് ഗ്രാവിറ്റി എന്നാണെന്നായിരിക്കും. ഗ്രാവിറ്റി എന്ന ഫോഴ്സിന്റെ (അത് ന്യൂട്ടന്റെയോ ഐന്‍സ്റ്റൈന്റെയോ തരമാകട്ടെ) നമ്മുടെ ജീവിതത്തെ ഏറ്റവും ബാധിക്കുന്ന ഭാഗമിതായതുകൊണ്ടാണ് നമുക്കിതിനോട് ഇത്രയ്ക്ക് പരിചയം തോന്നുന്നത്.

ന്യൂട്ടണിലേക്ക് പോകും മുന്‍പ് മറ്റൊരു നിരീക്ഷണമുണ്ട്: “ഒരേ ഉയരത്തില്‍ നിന്ന് ഭാരം വ്യത്യാസമുള്ള വസ്തുക്കള്‍ താഴേക്ക് വീഴുന്നതിനെടുക്കുന്ന സമയം മാറ്റമില്ല.” രണ്ട് ഭാരമുള്ള പീരങ്കിയുണ്ടകള്‍ പിസയിലെ ചെരിഞ്ഞ ഗോപുരത്തില്‍ നിന്ന് താഴേക്കിട്ട് ഗലീലിയോ ഇത് തെളിയിച്ചു എന്നാണ് ഐതീഹ്യം. ഭാരം വ്യത്യാസമുള്ള കല്ലുകളോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് നിങ്ങള്‍ക്ക് തന്നെ ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്. ഭാരം കൂടിയ വസ്തു പെട്ടന്ന് വീഴും എന്നതാണ് നമ്മുടെ ആദ്യമുണ്ടാകാവുന്ന തോന്നല്‍ എങ്കിലും ഭാരം ഇതിലൊരു വിഷയമേ അല്ല എന്ന ധാരണ ഗ്രാവിറ്റിയെ കുറിച്ചും എന്തിന് ഫോഴ്സുകളെ പറ്റിയുമുള്ള നമ്മുടെ അറിവിന് പരമപ്രധാനമാണ്. (എങ്ങനെ എന്നത് ഈ പോസ്റ്റിലല്ലാതെ പിന്നീടൊരിക്കല്‍ വിശദീകരിക്കാം) ഈ ഗ്രാവിറ്റി ഭൂമിയുടെ ഗ്രാവിറ്റിയുടെ സ്വഭാവങ്ങളെ കുറിച്ചുള്ള ഏകദേശ ധാരണയാണ്. ഇത് കണ്ടുപിടിച്ചത് ഗലീലിയോ ആണെന്ന് പറയാം. (മറ്റൊരുപാടുപേര്‍ ഇതേ നിരീക്ഷണം പല സംസ്കാരങ്ങളിലായി നടത്തിയിരിക്കാം; പക്ഷേ, പിന്തുടര്‍ച്ചയില്ലാത്ത അവയെ നമുക്ക് ഇപ്പോഴുള്ള സയന്‍സിന്റെ ചരിത്രത്തിന്റെ ഭാഗമാക്കുക ബുദ്ധിമുട്ടാണ്)

ദൂരവും മാസുമായി ബന്ധപ്പെട്ട് മാസുള്ള എല്ലാ വസ്തുക്കളും തമ്മിലുള്ള ഒരു ഫോഴ്സാണ് ഗ്രാവിറ്റി എന്നതാണ് ന്യൂട്ടോണിയന്‍ ധാരണ. പക്ഷേ, ഈ ഒരു ഏകദേശധാരണ ഗലീലിയോയുടേയും കെപ്ലറുടെയും നിരീക്ഷണങ്ങളില്‍ നിന്ന് ന്യൂട്ടണ് മുന്‍പ് തന്നെ സയന്‍സിനറിയാമായിരുന്നു. ദൂരം, മാസ് ഇവ തമ്മിലുള്ള കൃത്യമായ ഗണിതശാസ്ത്ര ബന്ധമെന്ത് എന്നതാണ് ന്യൂട്ടന്റെ ഗ്രാവിറ്റി. ന്യൂട്ടണ്‍ കണ്ടുപിടിച്ച ഗ്രാവിറ്റി അക്ഷരാര്‍ത്ഥത്തില്‍ ഗണിതമാണ്; ന്യൂട്ടന്റെ സംഭാവന പ്രധാനമായും മുന്‍ ധാരണകളെ ഗണിതത്തിന്റെ ചട്ടക്കൂടില്‍ വ്യക്തമായി അവതരിപ്പിക്കുകയായിരുന്നു. യൂണിവേഴ്സല്‍ ലോ ഓഫ് ഗ്രാവിറ്റി എന്ന് വിളിക്കുന്ന ആ നിയമത്തില്‍ നിന്ന് വരുന്ന ഗ്രാവിറ്റി കണ്ടുപിടിച്ചത് ന്യൂട്ടനാണ്.

ന്യൂട്ടന്റെ സിദ്ധാന്തത്തിന് പരിമിതികളുള്ളതുകൊണ്ട് ഗണിതശാസ്ത്രമായ സമീപനത്തിലൂടെ തന്നെയാണ് ഐന്‍സ്റ്റൈന്‍ ആധുനിക ഫിസിക്സില്‍ നമ്മളിന്ന് ഉപയോഗിക്കുന്ന ഗ്രാവിറ്റിയുടെ സിദ്ധാന്തം കണ്ടുപിടിക്കുന്നത്: ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി. ഐന്‍സ്റ്റൈന്‍ കണ്ടുപിടിച്ച ഗ്രാവിറ്റിയില്‍ മാസില്ലാത്ത വസ്തുക്കളേയും ഗ്രാവിറ്റി ബാധിക്കുന്നുണ്ട്; സമവാക്യത്തിലും വ്യത്യാസമുണ്ട്. എന്നാല്‍, ഐന്‍സ്റ്റൈന്റെ സിദ്ധാന്തത്തിലും കല്ലെറിഞ്ഞാല്‍ മാങ്ങ വീഴുക തന്നെ ചെയ്യും; മാങ്ങകളുടെ വലിപ്പമെന്തായാലും ഒരേ ഉയരത്തിലുള്ള മാങ്ങകള്‍ ഞെട്ടറ്റാല്‍ ഒരേ സമയത്ത് തന്നെ നിലത്ത് വീഴും; കെപ്ലറുടെ നിയമങ്ങള്‍ക്കനുസൃതമായി തന്നെ ഗ്രഹങ്ങള്‍ കറങ്ങും. അതായത്, മുന്‍ ധാരണകളെ നിഷേധിച്ചുകൊണ്ടല്ല, അവയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് സയന്‍സ് മുന്നോട്ടുപോകുന്നത്. അങ്ങനെയൊരു മുന്നേറ്റമായിരുന്നു റിലേറ്റിവിറ്റിയും.

ഒരാധുനിക ഭൗതികശാസ്ത്രജ്ഞ “ഗ്രാവിറ്റി” എന്ന് പറയുന്ന സാധനം കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് കൊടുക്കാന്‍ യോഗ്യന്‍ ഐന്‍സ്റ്റൈന്‍ തന്നെയാണ്. പക്ഷേ, സയന്‍സുകളുടെ യുക്തിയാണ് ഗണിതം; അതിനെ നിഷേധിച്ച് ഐന്‍സ്റ്റൈനല്ല ഒരാള്‍ക്കും ഒരു കിണ്ടിയും ചെയ്യാന്‍ പറ്റില്ല.

ഗണിതത്തിന്റെ നിഷേധം വസ്തുതകളുടെ നിഷേധത്തിലേക്കുള്ള, ഇഹലോകത്തെ അപ്രസക്തമാക്കാനുള്ള, സയന്‍സിന്റെ മുനയൊടിക്കാനുള്ള ഫാഷിസ്റ്റ് നയത്തിന്റെ വ്യക്തമായ പ്രകടനമായിട്ടാണ് എനിക്ക് തോന്നുന്നത്. ഐന്‍സ്റ്റൈനെ ആളുമാറിയതിലുള്ള അബദ്ധമല്ല, ഗണിത നിഷേധമെന്ന സമര്‍ത്ഥമായ നിലപാടാണ് എന്റെ കണ്ണില്‍ പെട്ടത്. പേടിക്കേണ്ടതും അത് തന്നെയാണെന്നാണ് എന്റെ അഭിപ്രായം.

Read More :ഹീറോ അല്ല ഷീറോ; അപമാനിക്കപ്പെട്ടവരില്‍നിന്ന് അംഗീകാരം പൊരുതി നേടിയെടുത്ത ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയുടെ വിജയം

കണ്ണന്‍ കീച്ചേരില്‍

കണ്ണന്‍ കീച്ചേരില്‍

ശാസ്ത്രപ്രചാരകന്‍, ജ്യോതിശാസ്ത്ര വിദ്യാര്‍ത്ഥി

More Posts

Share on

മറ്റുവാര്‍ത്തകള്‍