June 04, 2026 |
Share on

ഓപ്പറേഷൻ കുബേരയിലും കുടുങ്ങാത്ത ബോബി

ഇന്ന് പുറത്തുവരുന്ന സാമ്പത്തിക ക്രമക്കേടുകൾ വർഷങ്ങൾക്ക് മുൻപ് വിവിധ റെഗുലേറ്ററി ഏജൻസികൾ സംശയം പ്രകടിപ്പിച്ച അതേ ബിസിനസ്സ് മോഡലിൻ്റെ തുടർച്ചയാണ്

കേരളത്തിലെ പ്രമുഖ വ്യവസായിയും ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനുമായ ബോബി ചെമ്മണൂരുമായി ബന്ധപ്പെട്ട എട്ട് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (LLP) കമ്പനികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് അഴിമുഖം ഇക്കഴിഞ്ഞ നവംബർ 21-ന് പ്രസിദ്ധീകരിച്ചിരുന്നു. ഈ എട്ട് LLP-കളും നിലവിൽ കനത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത് . 2022-23 വർഷത്തിൽ 68 കോടി രൂപയും, 2023-24 സാമ്പത്തിക വർഷത്തിൽ 92 കോടി രൂപയുമാണ് ഇവയുടെ മൊത്തം നഷ്ടം. എന്നാൽ ഈ സ്ഥാപനങ്ങളുടെ ‘നിയുക്ത പങ്കാളികൾ’ ചെയർമാന്റെ ബന്ധുക്കളും ജീവനക്കാരുമായിരിക്കെ, നഷ്ടക്കണക്കുകൾക്കിടയിലും 11,879 പങ്കാളികൾ ഈ LLP-കളിൽ മൊത്തം 764 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട് എന്നതാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.

അഴിമുഖവും ന്യൂസ് മിനിറ്റും സംയുക്തമായി തയ്യാറാക്കുന്ന നാല് ഭാഗങ്ങളുള്ള അന്വേഷണ പരമ്പരയുടെ ആദ്യ ഭാഗം പരിശോധിക്കുന്നത് എട്ട് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (LLP) സ്ഥാപനങ്ങളുടെ സംശയാസ്പദമായ ഇടപാടുകളാണ്. ഈ സ്ഥാപനങ്ങൾ സ്വർണ വ്യാപാരമാണ് നടത്തുന്നത് എന്ന് പുറമെ തോന്നിപ്പിക്കുമെങ്കിലും അത് വെറും മറ മാത്രമാണെന്നാണ് അന്വേഷണങ്ങളിൽ നിന്ന് മനസിലാകുന്നത്.

ക്രമക്കേടുകൾ നടത്തിയെന്ന പേരിൽ ആരോപണങ്ങളുണ്ടായിട്ടും ബോബി പിടിക്കപ്പെടാതിരിക്കുന്നത് ഇതാദ്യമായല്ല. അതിനൊരു ഉദാഹരണമാണ് ഓപ്പറേഷൻ കുബേര. അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്ന ബ്ലേഡ് മാഫിയകളെ പിടികൂടാനായി 2014-ൽ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരള പോലീസ് ആരംഭിച്ച നിയമനടപടിയായിരുന്നു ‘ഓപ്പറേഷൻ കുബേര’. കോൺഗ്രസിലെ ‘ഐ’ ഗ്രൂപ്പുകാർ ഈ നീക്കത്തെ ആഭ്യന്തര മന്ത്രിയുടെ നേട്ടമായി ഉയർത്തിക്കാട്ടി.

എന്നാൽ, ഈ പൊലീസ് നടപടി ചെറുകിടക്കാരിലേക്ക് മാത്രമായി ഒതുങ്ങുകയും, ആയിരക്കണക്കിന് കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന വൻകിടക്കാർക്ക് സംരക്ഷണം ലഭിച്ചു എന്നും അന്ന് ശക്തമായ ആക്ഷേപം ഉയർന്നിരുന്നു. ഓപ്പറേഷൻ കുബേരയുടെ നിഴലിൽ വന്നതും എന്നാൽ അതിജീവിച്ചതുമായ ബിസിനസ് പ്രമുഖരിലെ ശ്രദ്ധേയമായ പേരാണ് ബോബി ചെമ്മണൂരിന്റേത്. ക്രമക്കേടുകൾ നടത്തിയെന്ന ആരോപണങ്ങൾ മുമ്പും ഉണ്ടായിട്ടും, ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലറി ഉടമയായ ബോബിയെപ്പോലുള്ള പ്രമുഖർ ‘ഓപ്പറേഷൻ കുബേര’യുടെ പരിധിയിൽ കാര്യമായി വിചാരണ ചെയ്യപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തില്ല.

ഇന്ന് പുറത്തുവരുന്ന സാമ്പത്തിക ക്രമക്കേടുകൾ വർഷങ്ങൾക്ക് മുൻപ് വിവിധ റെഗുലേറ്ററി ഏജൻസികൾ സംശയം പ്രകടിപ്പിച്ച അതേ ബിസിനസ്സ് മോഡലിൻ്റെ തുടർച്ചയാണ്. കേരളത്തിൽ ‘ഓപ്പറേഷൻ കുബേര’ പോലുള്ള പോലീസ് നടപടികൾ സജീവമായിരുന്ന കാലത്താണ്, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ബോബി ചെമ്മണൂരിനെതിരെ 2000 കോടി രൂപയുടെ തട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ചത്. എന്നാൽ, വി.എസ്സിന്റെ ഈ നിർണ്ണായക പ്രസ്താവന ചാനലുകൾ സംപ്രേഷണത്തിൽ നിന്ന് ഒഴിവാക്കുകയും, ജ്വല്ലറിയിലെ ജീവനക്കാരുടെ പേരിൽ ആത്മഹത്യ നടന്ന സംഭവങ്ങളിൽപ്പോലും മാധ്യമങ്ങൾ സ്ഥാപനത്തിൻ്റെ പേര് വെളിപ്പെടുത്താൻ മടിക്കുകയും ചെയ്തു.

2013 ഫെബ്രുവരി 23-ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഓൺലൈൻ എഡിഷനിൽ ഒരു വാർത്ത വന്നിരുന്നു. മുംബൈ വംശിയിലെ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലെ നാലു ജീവനക്കാരെ നവി മുംബൈ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഈ ജ്വല്ലറി അവതരിപ്പിച്ച സ്വർണ പദ്ധതികളിൽ റിസർവ് ബാങ്ക് ചില സംശയങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ആർബിഐയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചു എന്നതായിരുന്നു ഈ സാമ്പത്തിക കുറ്റകൃത്യ കേസിൽ ചുമത്തപ്പെട്ടത്.

ഈ സംഭവത്തെ തുടർന്ന് ആർബിഐയുടെ തിരുവനന്തപുരത്തെ ശാഖ ബോബിയുടെ മറ്റൊരു സ്ഥാപനമായ ചെമ്മണ്ണൂർ ക്രഡിറ്റ്‌സ് ആന്റ് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന് ചില സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവരം ആരാഞ്ഞു കൊണ്ട് ഇമെയിൽ സന്ദേശം അയച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ക്രഡിറ്റ്‌സ് ആന്റ് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്. ചെയർമാനായ സി ഡി ബോബി സ്ഥാപനത്തിന് ഡയറക്ടറുടെ വായ്പയായും ഓഹരി മൂലധനമായും നൽകിയ ഏകദേശം 74 കോടി രൂപയുടെ സ്രോതസ് എവിടെയാണെന്ന ചോദ്യമാണ് ആർബിഐ ഉന്നയിച്ചത്. .ഇതിനു മറുപടിയായി, കമ്പനി വ്യാജ സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾ സമർപ്പിച്ചുവെന്ന ആരോപണം സാമൂഹ്യ പ്രവർത്തകനായ ജോയ് കൈതാരത്ത് ഉൾപ്പെടെയുള്ളവർ അന്ന് ഉന്നയിക്കുകയും, ഇതിൻ്റെ തെളിവുകൾ ഹാജരാക്കുകയും ചെയ്തിരുന്നു.

ഈ ഇമെയിലിനെ തുടർന്നുള്ള നടപടികൾ വൈകിപ്പിക്കാനുള്ള തന്ത്രങ്ങൾ പയറ്റിയശേഷം ബോബി 2008-09, 2009-2010, 2010-11 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിച്ചു. എന്നാൽ ആർബിഐയ്ക്ക് ആദ്യം സമർപ്പിച്ച ഇൻകംടാക്‌സ് റിട്ടേണിൽ നിന്ന് വ്യത്യസ്തമാണ് പിന്നീട് സമർപ്പിച്ച രേഖകൾ എന്നതിന് ശക്തമായ തെളിവുകൾ ഉണ്ടെന്ന് സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്റർ ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് പറയുന്നു. ബോബി ക്രഡിറ്റ്‌സ് ആന്റ് ഇൻവെസറ്റ്‌മെന്റ്‌സ് ലിമിറ്റഡിലേക്ക് ഒഴുക്കിയ പണത്തിന്റെ കണക്കുകൾ കൃത്യമാക്കുന്നതിനായി വ്യാജമായി ചമച്ച ഫൈനാൽഷ്യൽ സ്റ്റേറ്റ്‌മെന്റുകളെക്കുറിച്ചും അന്ന് കൈതാരത്ത് വെളിപ്പെടുത്തിയിരുന്നു.

നിക്ഷേപം സ്വീകരിക്കാൻ ആർബിഐയുടെ അനുമതി ഇല്ലാത്ത ബോബിയുടെ ജ്വല്ലറികളിലൂടെ അനവധി നിയമവിരുദ്ധമായ നിക്ഷേപ പദ്ധതികളിലൂടെ പണം സ്വീകരിക്കുന്നുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. 14 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്. നാലായിരത്തോളം കളക്ഷൻ ഏജന്റുമാർ ഈ പദ്ധതികളിൽ കീഴിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ ശേഖരിക്കുന്ന പണത്തിലെ ഒരു പങ്ക് മാത്രമാണ് രേഖകളിലുള്ളതെന്ന ആരോപണവും ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സമിതി ആരോപിക്കുന്നു. അതേസമയം ബോബി മറ്റൊരു അക്കൗണ്ടിലേക്ക് പണം വകമാറ്റുകയും ചെയ്യുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു.

ബോബി ചെമ്മണ്ണൂരിന്റെ മുൻ ജീവനക്കാർ കൈമാറിയ രേഖകൾ പ്രകാരം 2014 ഫെബ്രുവരി വരെ 850 കോടിയിൽ പരം രൂപ പല പദ്ധതികളിലൂടേയും ശേഖരിച്ചിട്ടുണ്ട്. ഇപ്പോഴത് 1450 കോടിയിലധികം ആകുമെന്ന് കൈതാരത്ത് പറയുന്നു.

ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾ പ്രിഫറൻസ് ഷെയറുകളായി മാറ്റുന്നുമുണ്ട്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങളാണ് ബോബിയുടേത് എന്നതിനാൽ ഇത് ആർബിഐ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കൂടാതെ കമ്പനി കളക്ടീവ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ രജിസ്റ്റർ ചെയ്തതുമല്ല. ഇത്തരത്തിൽ യാതൊരു അംഗീകൃത അനുമതികൾ ഒന്നുമില്ലാതെയാണ് വൻതോതിൽ നിക്ഷേപം സ്വീകരിക്കുന്നത്. 14 ശതമാനം പലിശ വാഗ്ദാനം ചെയ്യുകയും അതേസമയം രേഖകളിൽ ആറ് ശതമാനം പലിശയുമാണ് രേഖപ്പെടുത്തുന്നത്. ബോബിയുടെ വലയിൽ കുരുങ്ങിയ ആയിരക്കണക്കിന് പേരിലൊരാളാണ് തിരൂരിൽ ആത്മഹത്യ ചെയ്ത ഇസ്മായിൽ. മണി ചെയിൻ മാതൃകയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബോബിയുടെ സാമ്രാജ്യത്തിൽ ദ്വാരങ്ങൾ വീണു തുടങ്ങിയാൽ കൂട്ട ആത്മഹത്യകളാകും ഉണ്ടാകുകയെന്ന് കൈതാരത്ത് പറഞ്ഞിരുന്നു.

ബോബിയുടെ സാമ്രാജ്യം മണി ചെയിൻ മാതൃകയിൽ പ്രവർത്തിച്ചു വരുന്നതായും, ഈ സാമ്പത്തിക ദ്വാരങ്ങൾ വലുതായാൽ കൂട്ട ആത്മഹത്യകൾക്ക് വരെ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ജോയ് കൈതാരത്ത് അന്ന് നൽകിയിരുന്നു. ഈ മുന്നറിയിപ്പുകൾക്ക് അടിവരയിടുന്ന വിവരങ്ങളാണ് നിലവിലെ അന്വേഷണ പരമ്പരയിൽ എൽ.എൽ.പി.കളുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്.

Content Summary: Bobby Chemmanur Was Not Caught in Operation Kubera

Leave a Reply

Your email address will not be published. Required fields are marked *

×