ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച്ച രാവിലെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ബോബിയെ, രാത്രിയോടെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് മജിസ്‌ട്രേറ്റ് കോടതയില്‍ ഹാജരാക്കുന്ന ജ്വല്ലറി ഉടമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും.
താനൊരു കുറ്റവും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ബോബി. ചോദ്യം ചെയ്യലില്‍ പറഞ്ഞതും പിന്നീട്, വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മാധ്യമങ്ങളോട് ആവര്‍ത്തിച്ചതും കുറ്റം ചെയ്തിട്ടില്ലെന്നാണ്. പുരാണത്തിലെ കാര്യങ്ങളാണ് അഭിമുഖങ്ങളിലടക്കം പറഞ്ഞതെന്നും അല്ലാതെ അശ്ലീല പദപ്രയോഗങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും അതെല്ലാം തെറ്റിദ്ധാരണ മാത്രമാണെന്നും ബോബി പൊലീസിനോട് പറഞ്ഞതായാണ് പുറത്തു വന്ന വിവരം.
വയനാട് മേപ്പാടിയില്‍ കള്ളാടിക്കടുത്തുള്ള ബോബിയുടെ വിവാദ എസ്‌റ്റേറ്റായ ബോചെ ആയിരമേക്കറില്‍ നിന്നാണ് ഇയാളെ എറണാകുളം പൊലീസ് പിടികൂടിയത്. അവിടെ നിന്നും രക്ഷപ്പെടാനുള്ള പദ്ധതിയിലായിരുന്നു ബോബിക്ക്. ഇത് തകര്‍ത്താണ് പൊലീസ് പിടിച്ചത്. ബുധനാഴ്ച്ച രാത്രി ഏഴരയോടെ സ്‌റ്റേഷനില്‍ എത്തിച്ച ബോബിയെ രണ്ട് മണിക്കൂറിലേറേ ചോദ്യം ചെയ്‌തെന്നുവെന്ന മാധ്യമങ്ങള്‍ പറയുന്നു. അതിനു ശേഷം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിധോനയ്ക്ക് വിധേയനാക്കി.
ലൈംഗികാധിക്ഷേപം, അതിക്രമം എന്നീ കുറ്റങ്ങള്‍ക്ക് ഭാരതീയ ന്യായസംഹിതയിലെ 75(1), (4) വകുപ്പുകളും ഐ ടി ആക്ടിലെ 6-7 ആം വകുപ്പും പ്രകാരമാണ് ബോബിക്കെതിരേ കേസ് എടുത്തിരിക്കുന്നതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാമ്യമില്ലാത്ത വകുപ്പാണ് ലൈംഗികാതിക്രമം. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ വകുപ്പ് കുറ്റാരോപിതനെതിരേ ചുമത്താന്‍ സാധ്യതയുണ്ട്. ബുധനാഴ്ച്ച എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിക്കാരിയായ നടി രഹസ്യ മൊഴി നല്‍കിയിരുന്നു. ഈ മൊഴി പകര്‍പ്പ് കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും. പകര്‍പ്പ് കിട്ടിയാല്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ കൂടി പരിഗണിച്ച് കുറ്റങ്ങള്‍ ചാര്‍ത്താനായിരിക്കും പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് ജാമ്യം കിട്ടുന്നില്ലെങ്കില്‍ കേരളത്തിലെ മുന്‍നിര വ്യവസായികളിലൊരാള്‍ക്ക് തന്നെ തന്റെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ വീണ്ടും പൊലീസ് കസ്റ്റഡിയിലേക്ക് പോകേണ്ടി വരും. അതേസമയം, ബോബിയെ പുറത്തിറക്കാന്‍ രംഗത്തുള്ളത് അഡ്വ. രാമന്‍ പിള്ള അസോഷ്യേറ്റാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വേണ്ടി രംഗത്തുള്ളതും രാമന്‍ പിള്ളയാണ്. കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി ഹാജരായതും അഡ്വ. രാമന്‍ പിള്ളയായിരുന്നു. Boby Chemmanur to be produced in court today in sexual assault case
Content Summary; Boby Chemmanur to be produced in court today in sexual assault case