കറുത്തതാണ്, തടിച്ചതാണ്, മെലിഞ്ഞതാണ്, ഉയരമില്ല തുടങ്ങിയ കാരണങ്ങളാലുള്ള അധിക്ഷേപങ്ങള്‍ കേള്‍ക്കാത്തവരായി നമ്മളില്‍ ആരും തന്നെ കാണുകയില്ല. ഇത്തരം പരാമര്‍ശങ്ങള്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുമെന്നത് ഹൈക്കോടതി ആവര്‍ത്തിച്ച് പറയുന്ന കാര്യവുമാണ്. എന്നാലിതാ നിറത്തിന്റെ പേരില്‍ മലപ്പുറം കൊണ്ടോട്ടിയില്‍ ഒരു കൊലപാതകം കൂടി നടന്നിരിക്കുകയാണ്. നമ്മുടെ സമൂഹത്തില്‍ ഇന്നും പുരുഷാധിപത്യം നിലനില്‍ക്കുന്നു എന്നതിന്റെ ഒരു തെളിവ് കൂടിയാണ് ഈ മരണം. ഇന്ത്യന്‍ ഭരണഘടനയില്‍ പുരുഷനും സ്ത്രീക്കും തുല്യമായ നീതിയും അവകാശവും എല്ലാം നിലനിര്‍ത്തപ്പെടുമ്പോഴും അതില്‍ ജാതിയോ മതമോ വര്‍ണമോ യാതൊരു വിമോചനവും ഇല്ലാതെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുകയും അംഗീകരിക്കുകയും സമത്വം നല്‍കുകയും തുല്യത നല്‍കുകയും ചെയ്യുന്നു. പക്ഷേ, ഇപ്പോഴും അധികാരത്തിലും കുടുംബത്തിലും സമൂഹത്തിലും പുരുഷാധിപത്യം നിലനില്‍ക്കുന്നു.body shaming has only one meaning; The female body is not for you to interpret
പലപ്പോഴും അഭിപ്രായങ്ങള്‍ പറയുന്ന സ്ത്രീകളെ നിര്‍വീര്യമാക്കാന്‍ പുരുഷന്മാര്‍ തിരഞ്ഞെടുക്കുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് സ്ത്രീയെ ബോഡി ഷെയിം ചെയ്യുക, അവരുടെ വസ്ത്രധാരണത്തെ കുറിച്ച് കമന്റ് ചെയ്യുക, ശരീരഭാഗങ്ങളുടെ ഘടനയെ കുറിച്ച് മോശമായി കമന്റ് ചെയ്യുക, നിറത്തെ അപമാനിക്കുക ഇതൊക്കെ. സ്ത്രീകളെ പെട്ടെന്ന് നിശ്ശബ്ദമാക്കാനുള്ള മാര്‍ഗമായാണ് പുരുഷന്മാര്‍ ഇതിനെ കാണുന്നത്.
കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് നിറത്തിന്റെയും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിന്റെയും പേരില്‍ അപമാനിക്കപ്പെടുകയായിരുന്നു. ഇത്തരം വിഷയങ്ങളില്‍ ആദ്യം മാറേണ്ടത് നമ്മുടെ പെണ്‍കുട്ടികള്‍ തന്നെയാണ്. വീടുകളില്‍ നിന്നാണ് സംസ്‌കാരം പഠിക്കേണ്ടത്. മറ്റുള്ളവരോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നാണ് മക്കളെ ആദ്യം പറഞ്ഞുകൊടുക്കേണ്ടത്. പ്രത്യേകിച്ച് ആണ്‍കുട്ടികളോട്, എങ്ങനെയാണ് സ്ത്രീകളെ ബഹുമാനിക്കേണ്ടതെന്ന് പഠിപ്പിക്കണം. സ്വന്തം അമ്മയോടും സഹോദരിയോടും എങ്ങനെ ആകണമെന്നും ഭാര്യയും മകളുമൊക്കെ ആകുമ്പോള്‍ അവരോട് എങ്ങനെ പെരുമാറണം എന്നൊക്കെ വീടുകളില്‍ നിന്ന് തന്നെയാണ് ആണ്‍മക്കള്‍ പഠിക്കേണ്ടത്.
അതേസമയം, പെണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയിലുള്ള ജീവിതവിദ്യാഭ്യാസമാണ് പകര്‍ന്ന് കൊടുക്കേണ്ടത്. നമ്മള്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ലോകത്തിന്റെ എവിടെ വേണമെങ്കിലും അവരെ അയയ്ക്കും. പക്ഷേ ജീവിതത്തില്‍ ചെറിയൊരു പ്രശ്‌നം വന്നാല്‍ പോലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരായി ജീവിതം അവസാനിക്കുന്നത് അവരുടെ ഉള്ളില്‍ ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ടും അവര്‍ക്ക് ജീവിതവിദ്യാഭ്യാസത്തില്‍ വേണ്ടത്ര അറിയും പരിജ്ഞാനവും നല്‍കാത്തതുകൊണ്ടുമാണ്.
ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിശോധിച്ചാല്‍ തന്നെ, ഹൈക്കോടതി വീണ്ടും ശക്തമായി പറഞ്ഞിരിക്കുകയാണ് സ്ത്രീകളെ അപമാനിക്കുന്നതും ബോഡി ഷെയിമിങ് ചെയ്യുന്നതും വളരെ ഗൗരവതരമായ കാര്യമാണെന്ന്. കോടതി ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചിട്ടും പുരുഷന്മാരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളും സംസാരങ്ങളും അശ്ലീലചുവയോടും ദ്വയാര്‍ത്ഥത്തിലുള്ള ആക്ഷേപങ്ങളും തുടരുകയാണ്. ഒരു സ്ത്രീയെ ആക്ഷേപിക്കുമ്പോള്‍ അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു വലിയ സമൂഹം ഉണ്ടെന്നത് വളരെ ഖേദകരമായ കാര്യമാണ്.
ഞാന്‍ വനിതാ കമ്മീഷന്‍ അംഗമായിരുന്ന സമയത്ത് കാസര്‍ഗോഡ് ജില്ലയില്‍ സിറ്റിങ് നടത്തിയതിന് ശേഷം ഒരു പരാമര്‍ശം നടത്തിയിരുന്നു. നമുക്ക് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്. അതുകൊണ്ടുതന്നെ നമ്മള്‍ പാഠ്യപദ്ധതിയിലൂടെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം പകര്‍ന്ന് നല്‍കണമെന്ന്. ഞാനിത് ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തു. എന്നാല്‍ അതിന് താഴെ വന്ന് ഒരാള്‍ ചോദിച്ചത്: ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് പറയുമ്പോള്‍ അതില്‍ പ്രാക്ടിക്കല്‍ കൂടി ഉള്‍പ്പെടുത്തുമോ എന്നാണ്. ഇത്തരത്തില്‍ വഷളത്തരം പറയുന്ന ആളുകളാണ് നമ്മുടെ ചുറ്റിലും ഉള്ളത്. ആ കമന്റ് ചെയ്ത ആളുടെ ഫേസ്ബുക്കില്‍ കയറി നോക്കിയപ്പോള്‍ ഏകദേശം 45 വയസ്സ് പ്രായം വരുന്ന ആളായിരുന്നു. ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങളുടെ മകള്‍ കൂടി ഉള്‍പ്പെടുന്ന ഒരു സമൂഹത്തിനാണ് ലൈംഗിക വിദ്യാഭ്യാസം കൊടുക്കണമെന്ന് ഞാന്‍ പറഞ്ഞത്. പ്രാക്ടിക്കലിലൂടെ തന്നെയാണോ കൊടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ എന്നോട് അയാള്‍ ക്ഷമ പറയുകയാണ് ഉണ്ടായത്.
സ്വന്തം മക്കളുടെ ജീവിതത്തെ പോലും സുരക്ഷിതമാക്കുന്ന രീതിയില്‍ ഒരു നിയമസംവിധാനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പോലും അതിനടിയില്‍ വന്ന് യാതൊരു ലജ്ജയുമില്ലാതെ പ്രതികരിക്കുകയാണ്. സെല്‍ഫ് റെസ്‌പെക്ട് ഉള്ള ഒരാള്‍ക്ക് ഒരിക്കലും ഇത്തരത്തില്‍ സംസ്‌കാരശൂന്യമായ രീതിയില്‍ സംസാരിക്കാന്‍ കഴിയുകയില്ല.
എത്രയോ കാലമായി ഇതിനൊക്കെ എതിരെ നമ്മള്‍ സംസാരിക്കുന്നു. എന്നിട്ടും യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. എനിക്ക് എന്റെ പെണ്‍കുട്ടികളോട് പറയാനുള്ളത് ഇത്തരത്തിലുള്ള കമന്റുകള്‍ കേള്‍ക്കുമ്പോള്‍ ഒളിച്ചോടേണ്ടവരല്ല നിങ്ങള്‍. ആര്‍ജവത്തോടെ നിന്നുകൊണ്ട് ആത്മവിശ്വാസത്തോടെ അതിനെ സധൈര്യം നേരിട്ട് എന്റെ തൊലിയുടെ നിറം കറുപ്പാണെങ്കില്‍ ഞാനതില്‍ അഭിമാനിക്കുന്നു എന്ന് പറയാന്‍ തക്കവിധം അവര്‍ പ്രാപ്തരാകണം. അല്ലെങ്കില്‍ അവരെ പ്രാപ്തരാക്കേണ്ടതുണ്ട്. അതിനായി കുടുംബവും സമൂഹവും നമ്മുടെ എല്ലാ സംവിധാനവും പിന്തുണ കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നതല്ല ഇതിനൊക്കെയുള്ള പരിഹാരം. ആ ഒളിച്ചോട്ടം ഇത്തരത്തിലുള്ള ആളുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുകയാണ് ചെയ്യുന്നത്.
ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഒരു വിഭാഗം ആളുകള്‍ അതില്‍ സന്തോഷം പ്രകടിപ്പിച്ചു. തുടര്‍ച്ചയായുള്ള സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കും സമീപനങ്ങള്‍ക്കുമെതിരെ സമൂഹത്തിന് നല്‍കിയ ഒരു മെസേജ് കൂടിയായിരുന്നു ആ സന്തോഷം. കോടതി പോലും അങ്ങനെയാണ് ചിന്തിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കോടതിയും സമൂഹത്തിന് ഒരു മെസേജ് കൊടുക്കുന്ന രീതിയില്‍ തന്നെയാണ് സോഷ്യല്‍ ആക്ടിവിസ്റ്റായ ഒരാളെ അറസ്റ്റ് ചെയ്യുകയും ജയിലിലടച്ച് രണ്ടുമൂന്ന് ദിവസത്തിന് ശേഷം ജാമ്യഹര്‍ജി പരിഗണിക്കുകയും ചെയ്തത്. അതുകൊണ്ടാണല്ലോ ഈ കേസ് ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ടത്. സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇത്രയ്‌ക്കൊന്നും ചര്‍ച്ചയാകില്ലായിരുന്നല്ലോ ഈ വിഷയം.
ഈ വിഷയത്തില്‍ ഹണി റോസിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. കാരണം അവര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആക്ഷേപങ്ങള്‍ ഉണ്ടായിട്ടും അതൊന്നും കേട്ട് പിന്തിരിഞ്ഞ് പോകാതെ അതിനെ നിയമപരമായി നേരിടാന്‍ മുന്നോട്ടുവന്നത് അഭിനന്ദനാര്‍ഹമാണ്. വസ്ത്രധാരണമൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ നമ്മള്‍ ഇടപെടേണ്ട കാര്യമില്ല. അതവരുടെ സ്വതന്ത്രമായ അവകാശമാണ്. എവിടെയെങ്കിലും എന്നെങ്കിലും ഏതെങ്കിലും ഒരു പുരുഷന്റെ വസ്ത്രധാരണത്തെ കുറിച്ച് സ്ത്രീകള്‍ കമന്റ് പറഞ്ഞ് കേട്ടിട്ടുണ്ടോ? പുരുഷന്മാരിലും കറുത്തവരും അല്പവസ്ത്രധാരികളും തടിച്ചവരും മെലിഞ്ഞവരുമുണ്ട്. ഇതിന്റെയൊക്കെ പേരില്‍ ഏതെങ്കിലുമൊരു സ്ത്രീ അധിക്ഷേപിച്ച് പുരുഷന്മാരില്‍ ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ? കേരളീയ സമൂഹത്തില്‍ ആകെ കേട്ടുകേള്‍വിയില്‍ വന്ന സംഭവം ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ അധിക്ഷേപമാണ്. അന്നാകട്ടെ കേരളജനത ഒന്നടങ്കം ആര്‍എല്‍വി രാമകൃഷ്ണനൊപ്പമായിരുന്നു.
ഇന്നും സ്ത്രീയെ എന്തും പറയാനും ചെയ്യാനും കഴിയുന്ന ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന സംസ്‌കാരത്തിലാണ് നമ്മുടെ നാട് എന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ട് പുരുഷന്മാര്‍ മാറിയില്ലെങ്കില്‍ സ്ത്രീകള്‍ സ്വയം മാറുകയാണ് വേണ്ടത്. നമുക്ക് നമ്മള്‍ തന്നെ സ്വയം റെസ്‌പെക്ട് കൊടുക്കണം. ഞാന്‍ ചില വേദികളില്‍ തര്‍ക്കിച്ചിട്ടുണ്ട്. നമ്മള്‍ ഒരു വേദിയില്‍ ഇരിക്കുമ്പോള്‍ പോലും സംസാരിക്കാന്‍ വിളിക്കുമ്പോള്‍ പുരുഷന്മാരെ ശ്രീ ചേര്‍ത്തും സ്ത്രീ എത്രവലിയ പൊസിഷനില്‍ ഇരിക്കുന്ന ആളാണെങ്കിലും ഒരു ശ്രീമതി പോലും ചേര്‍ക്കാതെ പേര് മാത്രമായാണ് വിളിക്കാറ്. അത്തരത്തിലുള്ള വേദികളില്‍ പലപ്പോഴും ഞാനത് തിരുത്തിയിട്ടുണ്ട്. സെല്‍ഫ് റെസ്‌പെക്ട് ഉള്ള ഒരാള്‍ക്കും ഇതിനെ നിസാരമായി കാണാന്‍ സാധിക്കില്ല. അത് തിരുത്തേണ്ടതും ചോദ്യം ചെയ്യേണ്ടതും അവരവരുടെ മാത്രം ഉത്തരവാദിത്തമാണ്. എന്റെ പ്രശ്‌നത്തെ ഞാന്‍ അഡ്രസ് ചെയ്യുമ്പോള്‍ അത് സ്ത്രീ സമൂഹത്തിന്റെ പൊതുവായ വിഷയമാണ് എന്നൊരു ബോധ്യം നമ്മളില്‍ ഉണ്ടാകുന്നതിലൂടെ നിയമപരമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കാനും അതിലൂടെ സാധിക്കും. ഇതോടൊപ്പം നമ്മുടെ പെണ്‍കുട്ടികളും സ്ത്രീകളും ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാകുന്നതിന് ജീവിതവിദ്യാഭ്യാസം പ്രധാനമാണ്.body shaming has only one meaning; The female body is not for you to interpret
Content Summary: body shaming has only one meaning; The female body is not for you to interpret