ലോകത്തെ ഞെട്ടിച്ച ബോണ്ടി ബീച്ച് തീവ്രവാദി ആക്രമണത്തില്‍ സ്വന്തം ജീവന് പണയം വച്ച് നടത്തിയ ധീരമായ ഇടപെടല്‍ ഒരു പഴക്കട ഉടമയായ അഹമ്മദ് അല്‍ അഹമ്മദിനെ ലോകത്തിന് മുന്നില്‍ ഒരു പോരാളിയാക്കിയിരിക്കുകയാണ്. മനുഷ്യരെ കൂട്ടക്കൊല ചെയ്ത അക്രമിയെ, അയാളുടെ കൈയിലിക്കുന്ന തോക്ക് കണ്ട് ഭയപ്പെടാതെ കീഴടക്കാന്‍ ശ്രമിച്ചയാളാണ് അഹമ്മദ്. ഇതിന്റെ വീഡിയോ ഇപ്പോള്‍ ലോകമാകമാനം വൈറലാണ്.
10 വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെ 16 പേരാണ് ബിച്ചില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 50 കാരനായ സജിദ് അക്രം, അയാളുടെ 24 കാരനായ മകന് നവീദ് അക്രം എന്നിവരാണ് തോക്ക് ഉപയോഗിച്ച് ബീച്ചില്‍ ഭീകരാക്രമണം നടത്തിയത്. സജിദ് പൊലീസിന്റെ വെടിവയ്പ്പില്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. പൊലീസിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ നവീദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജൂതതരുമായി ബന്ധപ്പെട്ട ഹനുക്ക ആഘോഷിക്കാന്‍ ആയിരത്തിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിക്കിടെ ഞായറാഴ്ച രാത്രിയിലാണ് വെടിവെപ്പ് നടന്നത്. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള തീവ്രവാദ ആക്രമണമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പഴക്കട ഉടമയായ അഹമ്മദ് രണ്ട് കുട്ടികളുടെ പിതാവുകൂടിയാണ്. അക്രമിയില്‍ നിന്നും വെടിയേറ്റ അഹമ്മദ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഹമ്മദിന്റെ ശസ്ത്രക്രിയ കഴിഞ്ഞതായാണ് അദ്ദേഹത്തിന്റെ കുടുംബം 7ന്യൂസ് ഓസ്ട്രേലിയയോട് പറഞ്ഞത്.
‘അദ്ദേഹം ഒരു ഹീറോയാണ്, നൂറു ശതമാനവും ഹീറോ. കൈയിലും കൈപ്പത്തിയിലുമായി അദ്ദേഹത്തിന് രണ്ട് തവണ വെടിയേറ്റു, അഹമ്മദിന്റെ ബന്ധുവായ മുസ്തഫ 7 ന്യൂസ് ഓസ്ട്രേലിയയോട് പറഞ്ഞു. ‘അദ്ദേഹത്തിന് കുഴപ്പമൊന്നും ഇല്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഞാന്‍ അദ്ദേഹത്തെ ഇന്നലെ രാത്രി കണ്ടിരുന്നു. അദ്ദേഹത്തിന് കുഴപ്പമില്ലായിരുന്നു, പക്ഷേ ഡോക്ടര്‍ എന്ത് പറയുന്നു എന്ന് ഞങ്ങള്‍ കാത്തിരിക്കുകയാണ്.’ മുസ്തഫയുടെ വാക്കുകള്‍.
അഹമ്മദിന്റെ ഇടപെടലിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ചെറിയ കാല്‍നട പാലത്തിനടുത്ത് ഒരു ഈന്തപ്പനയുടെ പിന്നില്‍ നിന്ന് തോക്കുധാരികളില്‍ ഒരാള്‍ ലക്ഷ്യസ്ഥാനത്തേക്ക് തോക്ക് ചൂണ്ടി വെടിവെക്കുന്നത് അതില്‍ കാണാം. പാര്‍ക്ക് ചെയ്ത കാറിന് പിന്നില്‍ ഒളിച്ചിരുന്ന അഹമ്മദ് അക്രമിയുടെ നേര്‍ക്ക് ചാടി വീഴുകയും അയാളെ പിടികൂടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
അഹമ്മദ് അക്രമിയുടെ കയ്യില്‍ നിന്ന് തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും, നിലത്തേക്ക് തള്ളിയിടുകയും, തോക്ക് അയാളുടെ നേര്‍ക്ക് ചൂണ്ടുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. അക്രമി പാലത്തിനടുത്തേക്ക് പിന്‍വാങ്ങാന്‍ തുടങ്ങുന്നതും വീഡിയോയിലുണ്ട്.
ഇതിനു പിന്നാലെ അഹമ്മദ് ആയുധം താഴ്ത്തുകയും ഒരു കൈ വായുവില്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. താന്‍ അക്രമികളുടെ കൂട്ടത്തില്‍ ഉള്ളയാള്‍ അല്ലെന്ന് പോലീസിനെ കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം.
അതേ അക്രമി പിന്നീട് പാലത്തില്‍ നിന്ന് മറ്റൊരു ആയുധം എടുക്കുകയും വീണ്ടും വെടിയുതിര്‍ക്കുകയും ചെയ്യുന്നത് കാണാം. മറ്റൊരു തോക്കുധാരിയും പാലത്തില്‍ നിന്ന് വെടിയുതിര്‍ക്കുന്നത് തുടരുന്നുണ്ട്. അവര്‍ ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വീഡിയോയില്‍ വ്യക്തമല്ല.
ഞായറാഴ്ച വൈകിട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് അഹമ്മദിന്റെ പേര് വെളിപ്പെടുത്താതെ അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. ‘ആ മനുഷ്യന് ഒരു യഥാര്‍ത്ഥ ഹീറോയാണ്, അദ്ദേഹത്തിന്റെ ധീരതയുടെ ഫലമായി ഇന്ന് രാത്രി നിരവധി പേര് ജീവനോടെയുണ്ടെന്നതില്‍ എനിക്ക് സംശയമില്ല.’ മിന്‍സിന്റെ വാക്കുകള്‍.
മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി അപകടത്തിലേക്ക് ഓടിപ്പോകുന്ന ഓസ്ട്രേലിയക്കാരെ നമ്മള് ഇന്ന് കണ്ടു. ഈ ഓസ്ട്രേലിയക്കാര്‍ ഹീറോകളാണ്, അവരുടെ ധീരത ജീവന് രക്ഷിച്ചു എന്നായിരുന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ വാക്കുകള്‍.
വൈറ്റ് ഹൗസ് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അഹമ്മദിനെ പ്രശംസിച്ചു, അദ്ദേഹത്തോട് തനിക്ക് വലിയ ആദരവുണ്ട് എന്നായിരുന്നു ട്രംപ് പറഞ്ഞത്.
അദ്ദേഹം വളരെ ധീരനായ വ്യക്തിയാണ്, അദ്ദേഹം അക്രമിയെ നേരിട്ട് ചെന്നു പ്രതിരോധിക്കുകയും നിരവധി ജീവന് രക്ഷിക്കുകയും ചെയ്തു എന്ന് ട്രംപ് വിശേഷിപ്പിച്ചു.
Content Summary; Bondi beach terror attack; Ahmed Al Ahmed, hero who wrestled gun from bondi shooter.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.