മേഘങ്ങൾ ഇഴഞ്ഞുനീങ്ങുന്ന മൂന്നാറിലെ മലനിരകൾ. സമുദ്രനിരപ്പിൽ നിന്ന് 120 അടി ഉയരമുള്ള ആനച്ചാലിലെ ആകാശ ഭക്ഷണശാലയിൽ ഇരുന്നു പ്രകൃതിയുടെ വിസ്മയം ആസ്വദിക്കുകയായിരുന്നു കോഴിക്കോട് നിന്നുള്ള ആ കുടുംബം. സാങ്കേതിക തകരാർ ആ ആകാശ ഊഞ്ഞാലിന്റെ ചലനം നിലപ്പിച്ചത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു.
വാർത്താ ചാനലുകളിൽ ‘ഒരു കുടുംബം ആകാശ ഭക്ഷണശാലയിൽ കുടുങ്ങി’ എന്ന വാർത്ത സ്ക്രോൾ ചെയ്തപ്പോൾ, അത് ശ്രദ്ധയിൽപ്പെട്ട ദേവികുളം സബ്കളക്ടർ നേരിട്ട് മൂന്നാർ അഗ്നിരക്ഷാ നിലയത്തിലേക്ക് വിളിച്ചു. നിമിഷങ്ങൾക്കകം സ്റ്റേഷൻ ഓഫീസർ (എസ്.ടി.ഒ) അജയകുമാറും സംഘവും രക്ഷാദൗത്യത്തിനായി കുതിച്ചു. ഒരു മണിക്കൂറിന് ശേഷം സേനാംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും മുന്നിൽ നിന്നത് ദുർഘടമായ സാഹചര്യമായിരുന്നു.
നാല് മുതിർന്ന ആളുകളും രണ്ട് ചെറിയ കുട്ടികളുമാണ് സംഘത്തിലുള്ളത് എന്നായിരുന്നു ലഭിച്ച പ്രാഥമിക ഘട്ടത്തിൽ ലഭിച്ച വിവരം. സംഭവസ്ഥലത്ത് എത്തിയപ്പോഴായിരുന്നു രണ്ട് കുട്ടികൾ ഉൾപ്പെടുന്ന ഒരു കുടുംബവും വിനോദസഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരിയുമാണ് അവിടെ ഉണ്ടായിരുന്നത് അറിയുന്നത്. സാധാരണയായി ഇത്തരം സ്ഥലങ്ങളിലെത്തുമ്പോൾ ഒരു പൊതുവായ വിലയിരുത്തൽ ആദ്യം തന്നെ നടത്താറുണ്ട്. അതിന് ശേഷമാണ് രക്ഷാപ്രവർത്തനത്തിന്റെ സ്വഭാവം നിർണ്ണയിക്കുന്നത്. ഇവിടുത്തെ സാഹചര്യം വിലയിരുത്തിയപ്പോൾ റോപ്പ് റെസ്ക്യൂ ആണ് സാധ്യമാവുകയെന്ന് മനസിലായി.
ഇവിടെ റോപ്പ് റെസ്ക്യൂ മാത്രമാണ് സാധ്യമാവുക എന്ന് ഞങ്ങൾ വിലയിരുത്തി. എന്നാൽ ഞങ്ങളെ ഞെട്ടിച്ച ഒരു കാഴ്ചയുണ്ടായിരുന്നു,” എസ്.ടി.ഒ. അജയകുമാർ ഓർക്കുന്നു. “ഞങ്ങൾ എത്തുന്നതിന് മുൻപ് തന്നെ പ്രായമായ ഒരു അച്ഛൻ റോപ്പ് റെസ്ക്യൂവിന് വേണ്ട പ്രാഥമിക സജ്ജീകരണങ്ങൾ ഒരുക്കി വെച്ചിരുന്നു. അഡ്വഞ്ചറസ് ട്രെയിനിങ് ലഭിച്ച ഒരാൾക്ക് മാത്രമേ ഇത്ര വേഗത്തിൽ അത് ചെയ്യാൻ കഴിയൂ. പിന്നീട് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല.”
ഇവിടെ അജയകുമാറിനും ടീമിനും സഹായമായത് ഒപ്പമുണ്ടായിരുന്ന ജീവനക്കാരി ഹരിപ്രിയ ആയിരുന്നു. ഭക്ഷണശാലയിലെ അതിഥികൾക്ക് ധൈര്യം നൽകിയതും, അച്ഛൻ ഒരുക്കിയ റോപ്പ്, കപ്പി എന്നിവയുടെ സഹായത്തോടെ രക്ഷാപ്രവർത്തനത്തിന് വേണ്ട നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് അഗ്നിരക്ഷാസേനയുമായി സഹകരിച്ചതും ഹരിപ്രിയയാണ്. മുൻപരിചയം കൊണ്ട് അവർ ആ സാഹചര്യം കൈകാര്യം ചെയ്ത രീതി അപാരമായിരുന്നു.
മറ്റു അപകട സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി അവിടെ ഇരുന്ന് ഭക്ഷണം കഴിച്ച് റിലാക്സ് ചെയ്യുകയായിരുന്നു കുടുംബം. അതുകൊണ്ട് തന്നെ ഇവർക്ക് ഭീതി കുറവായിരിക്കും. ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടിട്ടൊക്കെയാവാം ഞങ്ങൾ ചെല്ലുന്ന സമയത്ത് കുട്ടികൾ പേടിച്ച് കരയുന്നുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ നിർണായക ഘട്ടം കുട്ടികളെ താഴെയെത്തിക്കുന്നതായിരുന്നു. സേഫ്റ്റി ഹാർനെസ് ധരിപ്പിക്കാൻ കുട്ടികളുടെ സഹകരണം അത്യാവശ്യമായിരുന്നു. “താഴെ ചെന്നാൽ ഐസ്ക്രീം വാങ്ങിത്തരാം എന്ന് പറഞ്ഞും കാഴ്ചകൾ കാണിച്ചുമാണ് ഞങ്ങൾ കുട്ടികളുടെ സഹകരണം നേടിയെടുത്തത്,” അജയകുമാർ പറയുന്നു.
1999ൽ ഫയർമാനായിട്ടാണ് ഞാനീ ജോലിയിൽ പ്രവേശിക്കുന്നത്. മട്ടാഞ്ചേരി സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം പിന്നീടുള്ള 26 വർഷക്കാലം പല സ്റ്റേഷനുകളിലായി പ്രവർത്തിച്ചു. എറണാകുളം ജില്ലയിലെ തന്നെ വിവിധ സ്റ്റേഷനുകളിൽ ആയിരുന്നു കൂടുതലും പ്രവർത്തിച്ചിരുന്നത്. ഒട്ടനവധി ട്രെയിനിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും ആളുകൾക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ആ അനുഭവസമ്പത്ത് ശരിയ്ക്കും ഒരു കൈമുതൽ തന്നെയാണ്. എത്ര ദുർഘടമായാലും, അപകടസ്ഥലങ്ങളിലെത്തി സഹായം നൽകുകയെന്നത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ് അത് ഭംഗിയായി ചെയ്തുവെന്ന് മാത്രം. രക്ഷാപ്രവർത്തനത്തിന് പോകുമ്പോൾ ഒരു പ്രീപ്ലാൻ തയ്യാറാക്കുകയെന്നത് പ്രധാനമാണെങ്കിലും പലപ്പോഴും അത് സംഭവിക്കാറില്ല എന്നതാണ് സത്യം. ഞാനായിരിക്കും മുകളിലേക്ക് പോകുന്നതെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നില്ല. സ്ഥലത്ത് ചെന്ന് അവിടുത്തെ സാഹചര്യം വിലയിരുത്തിയതിന് ശേഷമാണ് ആരാണ് നേതൃത്വം നൽകുകയെന്ന് തീരുമാനിക്കുന്നത്. ഞാൻ മുകളിൽ കയറിയെന്നത് ഇവിടെ പ്രസക്തമല്ല. എനിക്ക് ആവശ്യമായ പിന്തുണ നൽകി എന്റെ ടീം സജീവമായത് കൊണ്ടാണ് ഞാൻ താരമായത്.
താഴെയെത്തി ഭയം മാറിയ ഒരു കുട്ടി ഓടി വന്ന് അജയകുമാറിന്റെ കൈകളിലേക്ക് ചാടിവീണു. ഒരുമിച്ചുള്ള അവരുടെ ആ ചിത്രം, ആ മൂന്നര മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും രക്ഷാപ്രവർത്തനത്തിന്റെ വിജയത്തിനും ഏറ്റവും വലിയ സാക്ഷ്യമായി. ഈ കഥയിൽ ഹരിപ്രിയയുടെ സമചിത്തതയും എസ്.ടി.ഒ. അജയകുമാറിന്റെ അനുഭവസമ്പന്നതയും ഒന്നിച്ചപ്പോൾ ഒരു ദുരന്തം ഒഴിവായി.
താഴെയെത്തിയപ്പോൾ പേടി മാറിയ കുട്ടി എന്റെ കൈയിലേക്ക് ചാടിവരികയും ഞങ്ങളൊരുമിച്ച് ചിത്രം പകർത്തുകയുമൊക്കെ ചെയ്തു. ഫയർ ഫോഴ്സിന്റെ എല്ലാ പ്രവർത്തനങ്ങളും അഭിനന്ദനം അർഹിക്കുന്നവയാണ്. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ ജനശ്രദ്ധയാകർഷിക്കുന്നു എന്നു മാത്രം.
content summary: A family was trapped inside a sky restaurant in Idukki’s Anachal, and STO Ajayakumar and his team from Munnar rescued them