2023 ജനുവരിയില്‍ പ്രസിഡന്റ് ലൂയിസ് ഇനാഷിയോ ലുല ഡ സില്‍വ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പായി ബ്രസീല്‍ ഒരു സൈനിക അട്ടിമറിയെ അതിജീവിച്ചതായി പൊലീസ് റിപ്പോര്‍ട്ട്. സര്‍ക്കാരിനെ അട്ടിമറിക്കാനും സുപ്രീം കോടതി ജസ്റ്റിസ് അലക്സാണ്ടര്‍ ഡി മൊറേസിനെയും അതുപോലെ പ്രസിഡന്റ് ലുലയെയും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ജെറാള്‍ഡോ അല്‍ക്ക്മിനെയും വധിക്കാനും തീവ്ര വലതുപക്ഷ സംഘം ഗൂഢാലോചന നടത്തിയതായാണ് ഫെഡറല്‍ പോലീസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഈ ആസൂത്രിത അട്ടിമറിക്ക് മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ അനുയായികളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് അട്ടിമറിയാരോപിച്ചായിരുന്നു നീക്കം. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഗൂഢാലോചന സമഗ്രമായ അന്വേഷണത്തിന് പിന്നാലെയാണ് പുറത്തായിരിക്കുന്നത്.
തീവ്രവലതുപക്ഷക്കാരനായ ജെയര്‍ ബോള്‍സോനാരോയുടെ അധികാരം ഉറപ്പിക്കുകയായിരുന്നു അട്ടിമറി ലക്ഷ്യത്തിന് പിന്നിലെന്നാണ് ചൊവ്വാഴ്ച്ച പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. അട്ടിമറി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിനെ ഏകാധിപത്യത്തിലേക്ക് മാറ്റാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് നിരീക്ഷകര്‍ അനുമാനിക്കുന്നത്.
ഏകദേശം മൂന്നുവര്‍ഷക്കാലത്തെ ഗൂഢാലോചനയെക്കുറിച്ച് 884 പേജുകളുള്ള പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിരിക്കുന്നു എന്ന പ്രതീതീ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുക, അതിനായി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണങ്ങള്‍ ഉയര്‍ത്തുക. ഇക്കാര്യം ജനങ്ങളെ വിശ്വസിപ്പിച്ചുകൊണ്ട് പട്ടാള അട്ടിമറിയെ പൊതുമധ്യത്തില്‍ ന്യായീകരിക്കുകയെന്നതൊക്കെയായിരുന്നു ഗൂഢാലോചനക്കാരുടെ ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2022 ഡിസംബര്‍ 15 ന് അട്ടിമറി നടത്താനായിരുന്നു ആസൂത്രണം ചെയ്തിരുന്നതെന്ന് ഫെഡറല്‍ പൊലീസ് പറയുന്നു. അതായത്, ലുല അധികാരമേല്‍ക്കുന്നതിന് രണ്ടാഴ്ച്ച മുമ്പ്. 2022 ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ബോള്‍സോനാരോയെ വളരെ ചെറിയ വോട്ട് വ്യത്യാസത്തിലാണ് ലുല പരാജയപ്പെടുത്തിയത്.
ഡിസംബര്‍ 15 ന് ബോള്‍സോനാരോ ഒരു ‘ അട്ടിമറി ഉത്തരവില്‍’ ഒപ്പ് വയ്ക്കുമെന്നായിരുന്നു നിരവധി മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും ഉള്‍പ്പെട്ട ഗൂഢാലോചന സംഘം കണക്കുകൂട്ടിയിരുന്നത്. അത്തരമൊരു ഒപ്പ് വയ്ക്കല്‍ നടന്നാല്‍, അത് ഫലത്തില്‍ രാജ്യത്തിന്റെ ഭരണം ഔദ്യോഗികമായി സൈന്യത്തെ ഏല്‍പ്പിക്കലാകും.
ബ്രസീല്‍ പ്രസിഡന്റ് ലുല
ഗൂഢാലോചനപോലെ കാര്യങ്ങള്‍ നടന്നിരുന്നുവെങ്കില്‍, ഡിസംബര്‍ 16 ന് ബോള്‍സോനോരോയുടെ ഏറ്റവും അടുത്ത ആളുകളായ പ്രതിരോധമന്ത്രി ജനറല്‍ വാള്‍ട്ടര്‍ ബ്രാഗ നെറ്റോയും ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്യൂരിറ്റി മന്ത്രി ജനറല്‍ അഗസ്‌റ്റോ ഹെലെനോയും ഭരണപ്രതിസന്ധിയും ഭരണമാറ്റവും നിയന്ത്രിക്കാനുള്ള ഒരു ക്രൈസിസ് മാനേജ്‌മെന്റ് കാബിനറ്റിന്റെ ചുമതലയേല്‍ക്കുമായിരുന്നു. അതോടെ രാജ്യം ഒരു അട്ടിമറി ഭരണത്തിലേക്ക് പൂര്‍ണമായും മാറും.
അധികാര കൈമാറ്റത്തിനുള്ള ഉത്തരവില്‍ ബോള്‍സോനാരോ ഒപ്പിടാത്തതിന്റെ ഒരേയൊരു കാരണം, ബ്രസീലിലെ സൈനിക മേധാവികളില്‍ നിന്ന് മതിയായ പിന്തുണ നേടുന്നതില്‍ ഗൂഢാലോചനക്കാര്‍ പരാജയപ്പെട്ടതിനാലാണെന്നാണ് ഫെഡറല്‍ പൊലീസ് റിപ്പോര്‍ട്ട് അവലോകനം ചെയ്ത ദ ഗാര്‍ഡിയന്‍ പറയുന്നത്. ഫ്രെയര്‍ ഗോമസ്, ബാപ്റ്റിസ്റ്റ ജൂനിയര്‍, സൈനിക തലത്തിലെ ഭൂരിഭാഗം ഉന്നതാധികാരികള്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ ‘വ്യക്തമല്ലാത്ത നിലപാട്’ ായിരുന്നു ഉണ്ടായിരുന്നത് എന്നതും അട്ടിമറി ശ്രമം നടക്കാതെ പോയതിന് കാരണമായി ഫെഡറല്‍ പൊലീസ് പറയുന്നുണ്ട്. പിന്തുണയ്ക്കാതിരുന്നവര്‍ ‘ജനാധിപത്യ-നിയമ രാഷ്ട്രത്തെ നിയന്ത്രിക്കുന്ന മൂല്യങ്ങളോട് വിശ്വസ്തരായി നിലകൊള്ളുകയും അട്ടിമറി സമ്മര്‍ദത്തിന് വഴങ്ങാതിരിക്കുകയും ചെയ്തു’ എന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്.
ജനാധിപത്യ സംവിധാനം അട്ടിമറിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതെന്ന കുറ്റത്തിന് മുന്‍ പ്രസിഡന്റ് ബോള്‍സോനാരോയ്‌ക്കെതരേ കഴിഞ്ഞാഴ്ച്ച ഔദ്യോഗികമായി കുറ്റാരോപണം നടത്തിയിരുന്നു. ബോള്‍സോനാരോ ഉള്‍പ്പെടെ 37 പേര്‍ക്കെതിരെയാണ് കുറ്റാരോപണം നടത്തിയിരിക്കുന്നത്. എന്നാല്‍ തനിക്കെതിരായ കുറ്റങ്ങള്‍ നിഷേധിച്ച ബോള്‍സോനാരോ, ഭ്രാന്തന്‍ ആരോപണങ്ങള്‍ എന്നാണ് പരിഹസിച്ചത്. Brazil narrowly avoided a military coup and assassination attempts federal police report
Content Summary; Brazil narrowly avoided a military coup and assassination attempts federal police report