June 07, 2026 |
Share on

ജാമ്യത്തിന് കൈക്കൂലി ആവശ്യപ്പെട്ടു; ഡൽഹിയിൽ കോടതി ക്ലാർക്കിനെതിരെ കേസ്; ആരോപണവിധേയനായ ജഡ്ജിയെ സ്ഥലം മാറ്റി

ഡൽഹി റോസ് അവന്യു കോടതിയിലെ ജഡ്ജിക്കും ക്ലർക്കിനുമെതിരെയാണ് അന്വേഷണം

പ്രതികൾക്ക് ജാമ്യം നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്ന് ജഡ്ജിക്കും കോടതി ക്ലർക്കിനുമെതിരെ അന്വേഷണം. ഡൽഹി റോസ് അവന്യു കോടതിയിലെ ജഡ്ജിക്കും ക്ലർക്കിനുമെതിരെയാണ് അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ അന്വേഷണം.

കൈക്കൂലി പരാതിയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എസിബി), 2025 ജനുവരി 29 ന് ജഡ്ജിക്കെതിരെയും കോടതി ക്ലാർക്കിനെതിരെയും അന്വേഷണത്തിന് റോസ് അവന്യൂ കോടതിയിൽ അനുമതി തേടിയിരുന്നു. എന്നാൽ ഫെബ്രുവരി 14ന് മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കേസന്വേഷണത്തിനുള്ള അനുമതി കോടതി നിഷേധിക്കുകയായിരുന്നു. ശേഷം കോടതി എസിബിക്ക് അന്വേഷണം തുടരാൻ അനുവദിക്കുകയും കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ കേടതിയെ സമീപിക്കാൻ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് മെയ് 16 ന് അഴിമതി നിരോധന നിയമപ്രകാരം കോടതി ക്ലാർക്കിനെതിരെ എസിബി കേസ് ഫയൽ ചെയ്തു. തുടർന്ന് നാല് ദിവസത്തിന് ശേഷം പ്രത്യേക ജഡ്ജിയെ മറ്റൊരു കോടതിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.

ജിഎസ്ടി തട്ടിപ്പ് കേസിലെ പ്രതികളോടാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. വ്യാജ നികുതി റീഫണ്ടുകൾ അംഗീകരിച്ചുവെന്ന് ആരോപിച്ച് ഒരു ജിഎസ്ടി ഉദ്യോഗസ്ഥനെതിരെ 2023 ൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ജിഎസ്ടി ഉദ്യോഗസ്ഥനും അഭിഭാഷകരും ഉൾപ്പെടെ പതിനാറ് പേരെ ജഡ്ജിയുടെ മുന്നിൽ ഹാജരാക്കി. പ്രതികളുടെ നിരവധി ജാമ്യാപേക്ഷകൾ കോടതി തള്ളിയതിന് ശേഷം ജാമ്യം അനുവദിക്കാൻ ഒരാൾക്ക് 85 ലക്ഷം രൂപയും മറ്റുള്ളവർക്ക് ഒരു കോടി രൂപയും കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് എസിബിക്ക് ലഭിച്ച പരാതി.

കൈക്കൂലി നിഷേധിച്ചപ്പോൾ, ജാമ്യം വൈകിപ്പിക്കുകയും നിഷേധിക്കുകയും ചെയ്തുകൊണ്ട് ജഡ്ജി പ്രതികാരം ചെയ്തുവെന്നും ഒരു പരാതിക്കാരൻ ആരോപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഓഡിയോ റെക്കോർഡിംഗുകളും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനുള്ള സമയക്രമങ്ങളും ഈ വാദങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് എസിബി കോടതിയിൽ പറഞ്ഞു. അതേസമയം, ജഡ്ജിക്കെതിരെ മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ജഡ്ജിക്ക് വേണ്ടിയാണ് ക്ലാർക്ക് കൈക്കൂലി വാങ്ങിയതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. തുടർന്നാണ് ക്ലാർക്കിനെതിരെ മാത്രം നിലവിൽ കേസെടുത്തിരിക്കുന്നത്.

കൈക്കൂലി ആരോപണം നേരിടുന്ന ക്ലാർക്ക് പിന്നീട് കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എസിബി വ്യാജ കേസ് ഫയൽ ചെയ്തതാണെന്നും ജഡ്ജിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ക്ലാർക്കിന്റെ അഭിഭാഷകർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ക്ലാർക്ക് പ്രധാന കുറ്റവാളിയാണെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞ് പ്രോസിക്യൂഷൻ ജാമ്യത്തെ എതിർക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി പോലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ആരോപണ വിധേയനായ ജഡ്ജി ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

Content Summary: bribe for bail; Accused judge transferred, Case filed against Delhi court clerk

Leave a Reply

Your email address will not be published. Required fields are marked *

×