ബിആര്‍പി ഭാസ്‌ക്കര്‍ പത്രപ്രവര്‍ത്തന, സാമൂഹിക പ്രവര്‍ത്തന രംഗത്ത് കേരളത്തിന് വഴികാട്ടിയായിരുന്ന, അപൂര്‍വ വ്യക്തിത്വമായിരുന്നു. ബി.ആര്‍.പി. വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്
മലയാളത്തിലെ മികച്ച ആത്മകഥകളിലൊന്നായ ‘അര്‍ദ്ധവിരാമം’ എഴുതിയ, ഒരിക്കല്‍ സന്യാസിയായിരുന്ന അമര്‍ത്യാനന്ദ പറയുന്നുണ്ട് ‘സന്ന്യാസം എന്നു വെച്ചാല്‍ സേവനമാണ്. സഹജീവികള്‍ക്ക് ആത്മാര്‍ത്ഥമായി എന്തെങ്കിലും സേവനം ചെയ്യാന്‍ കഴിഞ്ഞാല്‍ സന്ന്യാസം സഫലമായെന്ന് ഞാന്‍ കരുതുന്നു’ ബി.ആര്‍.പി ഭാസ്‌ക്കറിന് പത്രപവര്‍ത്തനം സേവനമായിരുന്നു. ആത്മാര്‍ത്ഥതയുള്ള സേവനം. കൂടാതെ, അതൊരു ദൗത്യം കൂടിയായിരുന്നു. ഏഴ് പതിറ്റാണ്ട് മുന്‍പ് 20-ാം വയസ്സില്‍ ആരംഭിച്ച തന്റെ മാധ്യമപ്രവര്‍ത്തനം ഇടവേളകളില്ലാതെ കഴിഞ്ഞവര്‍ഷം ഇതേ ദിവസം 92-ാം വയസില്‍ അന്തരിക്കും വരെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മാധ്യമരംഗങ്ങളിലെ നെല്ലും പതിരും, നേരും നെറിയും എഴുത്തിലൂടെയും വാക്കുകളിലൂടെയും മലയാളികള്‍ക്ക് വേര്‍തിരിച്ച് പകര്‍ന്നു കൊടുത്ത അപൂര്‍വ്വമൊരു പത്രപ്രവര്‍ത്തകനായിരുന്നു ബാബു രാജേന്ദ്ര പ്രസാദ് എന്ന ബി.ആര്‍.പി.
ബി.ആർ.പി. ഭാസ്‌ക്കര്‍ യൗവനത്തിൽ
തന്നെക്കാളും ബുദ്ധിയുണ്ടെന്ന് താന്‍ വിശ്വസിച്ച് പോന്ന അപൂര്‍വ്വം മനുഷ്യജീവിയെന്ന് എം.പി. നാരായണ പിള്ള വിശേഷിപ്പിച്ച ഒരാളായിരുന്നു ബി.ആര്‍.പി യെന്ന ബാബുസാര്‍. ആര്‍ക്കും പിടികൊടുക്കാത്ത മനുഷ്യ ചാത്തനായ നാരായണ പിള്ള അങ്ങനെ വിശ്വസിച്ചതില്‍, ശിഷ്യപ്പെട്ടതില്‍ അത്ഭുതമില്ല. നാണപ്പന്റെ ആദ്യകാല ഡല്‍ഹിവാസത്തില്‍ ബി.ആര്‍.പി നാണപ്പനോട് പറഞ്ഞു. ‘ഇംഗ്ലീഷിലെഴുതാന്‍ ഇംഗ്ലീഷ് ഭാഷ അറിയേണ്ട ആവശ്യമില്ല. മലയാളത്തിലെഴുതാന്‍ മലയാളവും’. തന്റെ വിചിത്രമായ പേര് -ബാബു രാജേന്ദ്ര പ്രസാദ്, ഒരു മലയാളിക്ക് വിചിത്രമായ പേര് എങ്ങനെ വന്നു? എന്ന നാണപ്പന്റെ ചോദ്യത്തിന് ബി.ആര്‍.പി. മറ്റൊരു ചോദ്യം മറുപടിയായി കൊടുത്തു. മദ്രാസില്‍ ‘ദര്‍ശന്‍ കൗര്‍ എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുണ്ട്. പഞ്ചാബി പേര്, വേഷം സല്‍വാര്‍ കമ്മീസ്, ജോലി ഖല്‍സാ കോളേജില്‍ ലക്ച്ചര്‍. മലയാളിയാണെന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചാല്‍ പോലും വിശ്വസിക്കുമോ? സിഗരറ്റും തീപ്പെട്ടിയും വേറെ വെറെ വാങ്ങുന്നതില്‍ അര്‍ത്ഥമില്ലെന്ന മറ്റൊരു നൂതന ആശയം നാണപ്പനോട് പറഞ്ഞത് ബി.ആര്‍.പി. തന്നെ. സിഗരറ്റിന്റെ അറ്റത്ത് തീപ്പെട്ടിക്കൊള്ളിയിലെ മരുന്നല്‍പ്പം വെച്ചിട്ട് സിഗരറ്റ് പാക്കിന്റെ സൈഡില്‍ ഉരയ്ക്കാനുള്ള മരുന്നു വെച്ചാല്‍ സിഗരറ്റിന്റെ പാക്കറ്റ് തുറന്ന് ഒരണ്ണമെടുത്ത് ഉരച്ച് കത്തിച്ചാല്‍ പോരേ? അതോടെ നാണപ്പന്റെ സംശയങ്ങള്‍ തീര്‍ന്നു. ഇമ്മാതിരി പുത്തന്‍ വ്യത്യസ്ത ആശയങ്ങള്‍ പറയുന്ന ആളായതിനാലാണ് ബി.ആര്‍.പിക്ക് തന്നെക്കാളും ബുദ്ധിയുണ്ടെന്ന് നാണപ്പന്‍ വിശ്വസിച്ചത്.
ദീര്‍ഘമായ തന്റെ പത്രപവര്‍ത്തന ജീവിതത്തില്‍ മാധ്യമരംഗത്തെ പ്രിന്റ് -ടെലിവിഷന്‍ – സമൂഹമാധ്യമങ്ങള്‍ എന്നീ മൂന്ന് പ്ലാറ്റ്‌ഫോമുകളിലും തന്റെ ദൗത്യം സജീവമായി, ഇടവേളകളില്ലാതെ നിര്‍വഹിച്ച ഒരു പൊഫഷണല്‍ പത്രപ്രവര്‍ത്തകനായിരുന്നു ബി.ആര്‍.പി. വംശനാശം വന്ന, മൂല്യാധിഷ്ഠ പത്രപ്രവര്‍ത്തനത്തിലെ അവസാന കണ്ണികളിലൊരാള്‍. കേരളത്തിന് പുറത്ത് ദീര്‍ഘകാലം പത്രപ്രവര്‍ത്തനം നടത്തിയ ഒരാള്‍ റിട്ടയര്‍മെന്റ് ലൈഫില്‍ തിരികെ വന്ന് കേരളത്തില്‍ സജീവമായി ഒരു ആക്റ്റിവിസ്റ്റാകുകയെന്നത് അത്ഭുതമാണ്. പക്ഷേ, ബി.ആര്‍.പി യുടെ നാള്‍ വഴികള്‍ ശ്രദ്ധിച്ചാല്‍ അത് അസാധാരണമല്ലായിരുന്നു. പത്രപ്രവര്‍ത്തകര്‍ തല്‍ക്ഷണം പ്രതികരിക്കണമെന്ന് വിശ്വസിച്ച വിഖ്യാത എഡിറ്ററായ എടത്തട്ട നാരായണന്റെ കൂടെ പേട്രിയറ്റ് ഇംഗ്ലീഷ് ദിനപത്രത്തില്‍ പ്രവര്‍ത്തിച്ച അനുഭവം അദ്ദേഹത്തിന് തുണയായി കൂടെയുണ്ടായിരുന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും പത്രപ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് പ്രയോജനപ്പെടുത്താനായി അദ്ദേഹം തന്റെ ജീവിതത്തിന്റെ അടുത്ത കാല്‍ നൂറ്റാണ്ടോളം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. അതിന്റെ ഒരു ഭാഗമായായിരുന്നു എഷ്യാനെറ്റിലെ ‘പത്രവിശേഷം’ എന്ന നൂതനാശയമായ ടി വി പരിപാടി’. ഏറെക്കാലത്തിന് ശേഷം തിരികെ കേരളത്തില്‍ വന്നപ്പോഴും ജാതിസംഘടനകളിലോ മതസംഘടനകളിലോ രാഷ്ട്രീയ സംഘടനകളിലോ ബാബു സാര്‍ ചേരാതെ ശരി പക്ഷത്ത് നിന്നായിരുന്നു അദ്ദേഹത്തിന്റെ പത്രജീവിതത്തിലെ രണ്ടാം ഭാഗം.
കൊല്ലത്തെ നവഭാരതം പത്രം നടത്തിയിരുന്ന എം.കെ. ഭാസ്‌ക്കറിന്റെ മൂത്തമകനായിരുന്നു ബാബു ഭാസ്‌ക്കര്‍. ദേശീയ പ്രസ്ഥാനത്തിന് പിന്‍തുണ നല്‍കാന്‍ നവഭാരതം പത്രം ആരംഭിച്ച എം.കെ. ഭാസ്‌ക്കര്‍ ദേശീയ ബോധം മക്കള്‍ക്കു പേരിടുന്നതിലും കാണിച്ചു. ശാന്താ ബെന്‍, മോഹന്‍ദാസ്, സുഭാഷ് ചന്ദ്രന്‍, രവീന്ദ്രനാഥ് എന്നിങ്ങനെ നേതാക്കളുടെ പേരുകളാണ് ബി.ആര്‍.പി. യുടെ സഹോദരങ്ങള്‍ക്ക്. കൊല്ലത്തെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് പിന്‍തുണ നല്‍കാനായി ആരംഭിച്ച ‘നവഭാരതം ‘പത്രം കൊല്ലത്തെ ഇടതുപക്ഷ പ്രവര്‍ത്തനങ്ങളുടെ വേദി കൂടിയായിരുന്നു.. ബാപ്പു റാവു , സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, പി.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവരൊക്കെ നവഭാരതത്തില്‍ പ്രവര്‍ത്തിച്ചു. പഠനകാലത്തേ വാര്‍ത്തകളുമായി ഇടപഴകാന്‍ ബി.ആര്‍.പിയെ നവഭാരതത്തിന്റെ പത്രമോഫീസ് സഹായിച്ചു.
ബി.ആർ. പിയുടെ പിതാവ് എം.കെ. ഭാസ്ക്കർ
1948 ല്‍ തിരുവിതാംകൂറിന്റെ മുഖ്യമന്ത്രിയായ (അന്ന് പ്രധാനമന്ത്രി) പട്ടം താണുപിള്ള രാഷ്ട്രീയ പ്രതിസന്ധികളുണ്ടായപ്പോള്‍ രാജിവെച്ചു. ഇന്റര്‍ മീഡിയറ്റിന് പഠിക്കുകയായിരുന്ന ബാബുസാര്‍ പേര് വെയ്ക്കാതെ ഒരു വാര്‍ത്തയെഴുതി. പട്ടം എന്തിന് രാജി വെച്ചു? അത് നവഭാരതത്തില്‍ അച്ചടിച്ചു വന്നു. ബാബുസാറിന്റെ ആദ്യത്തെ പത്രപ്രവര്‍ത്തനം അങ്ങനെയാരംഭിച്ചു. മകനെ ഐ എ എസുകാരനാക്കാനായിരുന്നു എം.കെ. ഭാസ്‌ക്കറിന്റെ ആഗ്രഹം. പത്രപ്രവര്‍ത്തനത്തിലാണ് മകന് താല്‍പ്പര്യമെന്നറിഞ്ഞ ഭാസ്‌ക്കര്‍ നെഹ്‌റുവും പട്ടേലും കേരളത്തില്‍ വന്നപ്പോള്‍ നവഭാരതത്തിന് വേണ്ടി റിപ്പോര്‍ട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടു. 1948 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ എന്‍. ശ്രീകണ്ഠന്‍ നായരുടെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്നു ബി.ആര്‍.പി.
അക്കാലത്ത് ബി.ആര്‍.പി മറക്കാത്ത ഒരു സംഭവം മഹാത്മാഗാന്ധിയുടെ വധമാണ്. ബി.ആര്‍.പി. അന്ന് തിരുവനന്തപുരത്ത് കോളേജ് വിദ്യാര്‍ത്ഥിയാണ്. ഒളിവുജീവിതം കഴിഞ്ഞ് പാളയത്ത് ഇ.എം.എസ് ഒരു ഹോസ്റ്റലില്‍ പാര്‍ട്ടി ചര്‍ച്ചകള്‍ക്കായ് താമസിക്കുകയാണ്. മുറിയില്‍ തുറന്നിട്ട ജനലിനരികെ എഴുത്തും വായനവുമായി ഇരിക്കുന്ന ആ മനുഷ്യന്‍ ഇ.എം.എസാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വരെ അറിയുമായിരുന്നു. അങ്ങനെയിരിക്കെ മഹാത്മാഗാന്ധി വെടിയേറ്റ് മരിക്കുന്നു. ഇന്ത്യ മുഴുവന്‍ കണ്ണീരണിഞ്ഞ ദുഃഖവാര്‍ത്ത. ഇതുകേട്ട മാത്രയില്‍ ഈ സങ്കട വാര്‍ത്ത ആരോടെങ്കിലും പറയണമെന്ന് വിദ്യാര്‍ത്ഥിയായ ബി.ആര്‍.പിക്ക് തോന്നി. കേട്ട പാടെ ഇം. എം. എസിനോട് പറയാന്‍ ബി.ആര്‍.പി. ഓടി. വാര്‍ത്ത കേട്ട പാടെ ഇം.എം.എസ് പറഞ്ഞത് ‘ആര്‍.എസ്.എസാ’ എന്നായിരുന്നു. മറിച്ച് അയ്യോ! എന്ന് പറഞ്ഞ് നെഞ്ചത്ത് കൈ വെയ്ക്കലായിരുന്നില്ല. വികാരങ്ങളെക്കാള്‍ വിചാരങ്ങളില്‍ മുഴുകുന്ന കാരണങ്ങളെ ശ്രദ്ധിച്ച ഒരു മനസ്സായിരുന്നു ഇ.എം. എസിന്റെത് എന്ന് സൂചിപ്പിക്കുകയായിരുന്നു ബി.ആര്‍.പി.
1952 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് ബി.ആര്‍.പി. കേരളം വിട്ടു. മദ്രാസിലെ ഹിന്ദു പത്രത്തിന്റെ ഉടമ കസ്തൂരി ശ്രീനിവാസനെ എം.കെ. ഭാസ്‌ക്കര്‍ക്ക് അറിയാമായിരുന്നു. ഒരു കത്തുമായി മദ്രാസിലെത്തി ശ്രീനിവാസനെ കണ്ടു. ആദ്യമായി ഹിന്ദു ഓഫീസില്‍ ചെന്ന സംഭവം രസകരമായിരുന്നു. എഡിറ്ററുടെ സെക്രട്ടറി ഒരു പ്യൂണിനെ വിളിച്ച് ബിആര്‍പി യെ എഡിറ്ററുടെ മുറിയിലെക്ക് കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കി. രണ്ടുപേരും ഒരു കുട്ടുസു മുറിയില്‍ കയറി. മുറി മുകളിലേക്ക് നീങ്ങുകയാണെന്ന് തോന്നി. അപ്പോഴാണ് താന്‍ കയറിയത് ഒരു ലിഫ്റ്റിലാണെന്ന് ബിആര്‍.പി. മനസിലാക്കിയത്. ആദ്യമായി ലിഫ്റ്റില്‍ കയറിയ അവസരം. അങ്ങനെ ജേര്‍ണലിസ്റ്റ് ട്രെയിനിയായി ബി.ആര്‍.പി ഹിന്ദുവില്‍ പ്രൊഫഷണല്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നു. ബി.എസ്.സി. മാത്തമാറ്റിക്‌സുകാരനാണ് ബി. ആര്‍.പി. പക്ഷെ, കണക്കും പത്രപ്രവര്‍ത്തനവും യോജിച്ചു പോയി. റിപ്പോട്ടിംഗില്‍ നല്ല പ്രിസിഷന്‍ ഉണ്ടായി. കണക്ക് പഠിച്ച ഒരാള്‍ക്ക് തെറ്റാതെ അനാവശ്യമായ വാക്കില്ലാതെ കൃത്യത കാണിക്കാന്‍ സാധിക്കുമെന്നായിരുന്നു ഗുരുനാഥനായ ബാലകൃഷ്ണ ശര്‍മ്മ അദ്ദേഹത്തെ പഠിപ്പിച്ചത്.
‘ഹിന്ദുവിലെ പരിശീലനം വലിയൊരു അനുഭവമായിരുന്നു. ഭാഷ ഉപയോഗിക്കാന്‍ എനിക്ക് ഡിസിപ്ലിന്‍ നല്‍കി. ഭാഷ എങ്ങനെയുപയോഗിക്കണമെന്ന് ഹിന്ദുവിലെ പരിശീലനം എന്നെ പഠിപ്പിച്ചു.’ ബി.ആര്‍.പി. ഒരിക്കല്‍ പറഞ്ഞു. മൂന്ന് ന്യൂസ് എഡിറ്റര്‍മാരാണ് അന്ന് ഹിന്ദുവിന്റെ പേജ് പരിശോധിക്കുക. അരിച്ച് പെറുക്കി തെറ്റുകള്‍ ഒഴിവാക്കിയാണ് പത്രം അന്ന് പുറത്തിറങ്ങിയിരുന്നത്.
ഹിന്ദുവില്‍ തുടരുമ്പോഴാണ് ഒരു യൂണിയന്‍ പ്രശ്‌നമുണ്ടാകുന്നത്. എഡിറ്ററായ വി.കെ. നരസിംഹന്‍ മുന്‍കൈയ്യെടുത്ത് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംങ്ങ് ജേര്‍ണലിസ്റ്റിന്റെ ഒരു യൂണിയന്റെ യൂണിറ്റ് ആരംഭിച്ചു. ഹിന്ദു മാനേജ്‌മെന്റിന് അത് ഇഷ്ടമായില്ല. നരസിംഹനെ തന്ത്രപൂര്‍വ്വം കുടുക്കി സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി. പിന്നീട് കോടതിയിലെത്തിയ കേസില്‍ ബി.ആര്‍.പി. നരസിംഹന് വേണ്ടി അനുകൂലമായി ഹിന്ദു മാനേജ്‌മെന്റിനെതിരെ ബി.ആര്‍.പി. സാക്ഷി പറഞ്ഞു. മാനേജ്‌മെന്റ് എഡിറ്റോറിയല്‍ സ്റ്റാഫിനെ സ്വാധീനിച്ച കാര്യം ബി.ആര്‍.പി. കോടതിയെ അറിയിച്ചു. കോടതി അത് അംഗീകരിക്കുകയും നരസിംഹനനുകൂലമായി വിധിക്കുകയും ചെയ്തു. ഹിന്ദുവില്‍ നിന്ന് ബി.ആര്‍.പി. യെ പുറത്താക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ, കസ്തൂരി ശ്രീനിവാസന്‍ വിയോജിപ്പുകള്‍ അംഗീകരിച്ചു തുറന്ന മനസോടെ പെരുമാറി. അക്കാലത്ത് ഫിലിപ്പയ്ന്‍സില്‍ ഒരു ഫെല്ലോഷിപ്പ് കിട്ടിയതിനാല്‍ ജോലി രാജിവെച്ച ബി.ആര്‍.പി യോട് ശ്രീനിവാസന്‍ പറഞ്ഞു. ‘ When you come back, come back to Hindu.’
ഹിന്ദുവിൻ്റെ എഡിറ്ററായിരുന്ന വി.കെ. നരസിംഹൻ
ഫിലിപ്പയ്ന്‍സില്‍ നിന്ന് മടങ്ങിവന്ന ശേഷം ഡല്‍ഹിയില്‍ ദി സ്റ്റേറ്റ്‌സ് മാന്‍ പത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് 1963 മാര്‍ച്ചില്‍ എടത്തട്ട നാരായണന്‍ പേട്രിയറ്റ് ഇംഗ്ലീഷ് ദിനപത്രം തുടങ്ങുന്നതും ബി.ആര്‍.പി. അതില്‍ ചേരുന്നതും. ഡല്‍ഹിയിലെ ഏക ഇടതുപക്ഷ ഇംഗ്ലീഷ് ദിനപത്രമായ പേട്രിയറ്റ് പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. നെഹ്‌റുവിന്റെ മരണദിവസത്തെ വാര്‍ത്തകള്‍ തയ്യാറാക്കിയ പേട്രിയറ്റ് ദിനപത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍ ബി.ആര്‍.പി യുടെ പങ്ക് വലുതായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം എടത്തട്ടയുമായുള്ള വിയോജിപ്പുകള്‍ കാരണം ജോലി രാജിവെച്ചു. പേട്രിയറ്റില്‍ നിന്ന് രാജി വെയ്ക്കുന്ന ആദ്യത്തെ പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി.യാണ്.
പിന്നീട് ‘യു.എന്‍.ഐ വാര്‍ത്താ ഏജന്‍സിയില്‍. യു.എന്‍.എ വാര്‍ത്താ ഏജന്‍സിയുടെ വളര്‍ച്ചയുടെ കാലം. വേതന വര്‍ദ്ധനവിന്റെ പേരില്‍ വേജ് ബോര്‍ഡ് പ്രശ്‌നവുമായി ബന്ധപ്പെട്ട് യുഎന്‍ഐ ജനറല്‍ മാനേജര്‍ മിര്‍ചന്ദാനി ബി.ആര്‍.പിയുമായി ഇടഞ്ഞു. ഒടുവില്‍ ബി.ആര്‍.പിക്ക് ടെര്‍മിനേഷന്‍ നോട്ടീസ് വരെയെത്തി, പുറത്താക്കി.
പക്ഷേ, യൂണിയന്‍ ശക്തമായി ബി.ആര്‍.പി.യുടെ കൂടെ നിന്നു. മറ്റു യൂണിയനുകളും രംഗത്ത് വന്നു. പിരിച്ചുവിടല്‍ റദ്ദാക്കിയില്ലെങ്കില്‍ പത്രങ്ങള്‍ക്കുള്ള ന്യൂസ് പ്രിന്റ് തടയുമെന്ന് തുറമുഖയൂണിയന്‍ പ്രഖ്യാപിച്ചതോടെ ദിനപത്രങ്ങള്‍ പ്രശ്‌നത്തിലിടപെട്ടു. സമ്മര്‍ദത്തിലായ കേന്ദ്രഗവണ്‍മെന്റ് യു.എന്‍.ഐ മാനേജ്‌മെന്റിനെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഒടുവില്‍ ബി.ആര്‍.പി യെ തിരികെയെടുത്തു. ‘ഒരുപക്ഷേ, ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലാദ്യമായാണ് പിരിച്ചുവിട്ട ഒരാളെ തിരികെയെടുത്തത്. അത് പത്രപ്രവര്‍ത്തകരുടേയും സംഘടിത തൊഴിലാളികളുടെയും വിജയമായിരുന്നു. അല്‍പ്പകാലം കഴിഞ്ഞ് യു.എന്‍. ഐ വിട്ട് ബാംഗ്ലൂരിലെ ഡക്കാന്‍ ഹെറാള്‍ഡില്‍. അവിടെ നിന്ന് ലീഡര്‍ റൈറ്ററായി. 1984 ല്‍ വിരമിച്ച് കേരളത്തിലേക്ക് ബി.ആര്‍.പി. തിരികെയെത്തി.
പുതിയൊരു മാധ്യമ സംസ്‌കാരം ലക്ഷ്യമാക്കി പി.ടി.ഐ യിലുണ്ടായിരുന്ന ശശികുമാര്‍ തുടങ്ങിയ ഏഷ്യാനെറ്റില്‍ വാര്‍ത്താ വിഭാഗത്തിന്റെ എഡിറ്റോറിയല്‍ ഉപദേശകനായാണ് ബി.ആര്‍.പി കേരളത്തിലെ മാധ്യമ രംഗത്ത് തന്റെ ജോലിയാരംഭിക്കുന്നത്. ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌ക്കര്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതനാകുന്നത് മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ‘പത്രവിശേഷം’ എന്ന പംക്തി തുടങ്ങിയപ്പോഴാണ്. എന്തിനെയും വിമര്‍ശിക്കാം പത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്കതീതമാണെന്ന നടപ്പ് സിദ്ധാന്തം ഈ പത്രവിശേഷം പറയാന്‍ തുടങ്ങിയതോടെ ഇല്ലാതായി.
പ്രശസ്ത സാഹിത്യകാരന്‍ പോള്‍ സഖറിയയും ബിആര്‍പിയുമായിരുന്നു ഒന്നിടവിട്ട ആഴ്ചകളില്‍ ഇത് അവതരിപ്പിച്ചത്. സഖറിയ ആക്ഷേപഹാസ്യം കലര്‍ത്തി അവതരിപ്പിച്ചപ്പോള്‍ ബാബു ഭാസ്‌ക്കര്‍ മാധ്യമ വിചാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. അതോടെ മുഖ്യാധാരാ പത്രങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തി. വിമര്‍ശനത്തില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച ഒരു മുഖ്യധാരാദിനപത്രം മലയാളത്തിലെ ഏക സാറ്റലൈറ്റ് ചാനലായിട്ടും, ഏഷ്യാനെറ്റിന്റെ പരിപാടികള്‍ ടി വി കോളത്തില്‍ കൊടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ സ്റ്റാര്‍ ടിവിയുള്‍പ്പെടെ ഇംഗ്ലീഷ് ചാനലുകളുടെ പരിപാടി കൊടുക്കുകയും ചെയ്തു.
ഹിന്ദുവിൻ്റെ ഉടമയായ കസ്തൂരി ശ്രീനിവാസൻ
പത്രം വായിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പതുക്കെ മലയാളികള്‍ മനസിലാക്കാന്‍ തുടങ്ങിയെന്നതാണ് പത്രവിശേഷം കൊണ്ടുണ്ടായ ഒരു ഗുണം. അവതാരകര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യവും ലഭിച്ചിരുന്നതിനാല്‍ പത്രവിശേഷം നിക്ഷ്പക്ഷമായി മുന്നോട്ട് പോവുകയും മലയാളികള്‍ വിമര്‍ശന ബുദ്ധിയോടെ പത്രം വായിക്കാന്‍ തുടങ്ങുകയും ചെയ്തു.
ശശികുമാര്‍ ഏഷ്യാനെറ്റ് വിട്ടതോടെ നയങ്ങള്‍ക്ക് മാറ്റം വന്നു. പുതിയ മേധാവി റജി മേനോന്‍ ബി.ആര്‍.പിയുടെ റെക്കോഡ് ചെയ്ത ഒരു പത്രവിശേഷത്തിന്റെ എപ്പിസോഡില്‍ എഡിറ്റിങ്ങ് നടത്താന്‍ ന്യൂസ് – വൈസ് പ്രസിഡന്റായ കെ.പി. മോഹനന് നിര്‍ദേശം നല്‍കി. അതിനു മുന്‍പ് തന്നെ പത്ര വിശേഷം ഇനി തുടരണോ എന്ന വിചാരത്തിലായിരുന്നു. ബി.ആര്‍.പി. കാരണം, ഒരു വായനക്കാരന്‍ പത്രവിശേഷത്തിലേക്ക് കത്തെഴുതി ‘നിങ്ങളുടെ മുതലാളിയല്ലേ ആന്ധ്രയില്‍ വണ്ടി ചെക്ക് കേസില്‍ ജയിലില്‍ കിടക്കുന്നത്.’ ഈ കത്ത് കിട്ടിയത് ബി.ആര്‍.പി യെ ഒരു പുനഃചിന്തയ്ക്ക് പ്രേരിപ്പിച്ചിരുന്നു. വിശ്വാസ്യതയും അവതാരകന്റെ വിശ്വാസ്യതയും ഇത്തരമൊരു പരിപാടിക്ക് അത്യന്താപേക്ഷികമാണെന്ന് അദ്ദേഹം കരുതി.
1999 ലെ ഡിസംബര്‍ 17ലെ എപ്പിസോഡില്‍ മാതൃഭൂമിയെക്കുറിച്ച് ഒന്നിലധികം പരാമര്‍ശങ്ങള്‍ ഉണ്ടായത് സുഖമായി തോന്നുന്നില്ലെന്നും അവ ഭാഗികമായ് എഡിറ്റ് ചെയ്യാന്‍ കെ.പി. മോഹനന് നിര്‍ദ്ദേശം നല്‍കുന്നതായി പ്രക്ഷേപണം ചെയ്യുന്നതിന്റെ തലേനാള്‍ ബി.ആര്‍.പി യെ റജി മേനോന്‍ അറിയിക്കുന്നു. ഇത്തരം തീരുമാനങ്ങള്‍ ചാനലിന്റെ പ്രൊഫഷണല്‍ സ്വഭാവത്തിന് ചേര്‍ന്നതല്ലെന്ന് മറുപടിയായ് ബി.ആര്‍.പി. ചൂണ്ടിക്കാട്ടി.
പത്രപ്രവര്‍ത്തനത്തിലെ പൊഫഷണലിസം എന്ന് വിളിക്കപ്പെടുന്നത് കര്‍ശനമായി പാലിക്കാന്‍ നിര്‍വാഹമില്ലെന്ന് റജി മേനോന്‍ മറുപടി നല്‍കി. ‘താങ്കളുടെ കല്‍പ്പനയനുസരിച്ച് കെ.പി. മോഹനന്‍ ചെയ്തതിനെ ‘ഭാഗിക എഡിറ്റിങ്ങ്’ എന്നല്ല പറയുക. സെന്‍സര്‍ഷിപ്പ് എന്നാണ്. എഡിറ്റിങ് വേറ ഇത് വേറെ കൃത്യമായ വാക്കുകളില്‍ കാര്യം പറഞ്ഞ് ബി. ആര്‍.പി. ഏഷ്യാനെറ്റിന്റെ എഡിറ്റോറിയല്‍ അഡൈ്വസര്‍ പദവി രാജിവെച്ചു.
40 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമുള്ള ബി.ആര്‍.പി യുടെ ഇടപെടലുകള്‍ തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. പ്ലാച്ചിമട, വിളപ്പില്‍ശാല, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ സമരങ്ങളില്‍ പിന്‍തുണയുമായി ബി.ആര്‍.പി ഉണ്ടായിരുന്നു – ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളെ എഴുത്തിലൂടേയും വാക്കുകളിലൂടേയും ബി.ആര്‍.പി ചോദ്യം ചെയ്തു.
കരുണാകരന്റെ കാലത്തെ പാമോയില്‍ ഇറക്കുമതിയിലെ അഴിമതിയും ഇടതുപക്ഷക്കാര്‍ സര്‍വ്വകലാശാലകളില്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റുന്നതിനേയും തന്റെ ലേഖനങ്ങളിലൂടെ ചോദ്യം ചെയ്തു. മൂന്നുവര്‍ഷം മുന്‍പ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാവിവല്‍ക്കരണത്തിനെതിരെ നടന്ന പ്രതിഷേധത്തിലും ബി.ആര്‍.പി. മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. ശരിപക്ഷത്ത് ഒരു മുതിര്‍ന്ന പത്രപവര്‍ത്തകനായി എന്നും ഉറച്ച് നിന്നു.
ചെന്നെയിലെ ദി ഹിന്ദു കെട്ടിടം
ബി.ആര്‍.പി. ഒരു കമ്യൂണിക്കേറ്റായിരുന്നു. പൊതു സമൂഹത്തിനോട് തന്റെ അഭിപ്രായങ്ങള്‍ സംവദിക്കുന്ന ഒരാള്‍. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാകാം. രാഷ്ട്രീയ പാര്‍ട്ടികളുടെ പിണിയാളുകള്‍ നിലവാരമില്ലാതെ പ്രതികരിക്കുന്നതിനോട് അദ്ദേഹം മറുപടി പറഞ്ഞില്ല..
ഭരണപക്ഷത്തെ വിമര്‍ശിച്ചതിന് ബി.ആര്‍.പിക്കെതിരെ അവസാന കാലത്ത് സൈബറാക്രമണമുണ്ടായി. ’90 കഴിഞ്ഞ ഒരു വൃദ്ധനെ വെറുതെ വിടാതെയുള്ള ആക്രമണത്തിനു കാരണം അദ്ദേഹം വിശ്വസിക്കുന്ന പക്ഷത്തുനിന്ന് സത്യം എഴുതി എന്നതാണ്. ഇത്തരക്കാരോട് അദ്ദേഹം മറുപടി പറയാറില്ല. ‘സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നവരില്‍ 90% പേരും മറ്റു മാധ്യമങ്ങളില്‍ ഇടം ലഭിക്കാത്തവരാണ്. അങ്ങനെയുള്ളവര്‍ എന്തും പറയട്ടെ. ഞാനത് കാര്യമായി കാണാറില്ല. സോഷ്യല്‍ മീഡിയ ഒരു സ്വീകരണ മുറിയല്ല. അതൊരു ചന്തസ്ഥലമാണ്. ആ ഭാഷയും സംസ്‌കാരവും അവിടെ വരും. മാന്യന്‍മാരുടേയും ബുദ്ധിയുള്ളവരുടേയും ഭാഷ അവിടെ പ്രതീക്ഷിക്കാനാവില്ല’ ബി.ആര്‍.പി. ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ ജീവിതത്തെ സ്വാധീനിച്ച അപൂര്‍വ്വം വ്യക്തികളിലൊരാളായ എം.പി. നാരായണ പിള്ളയാണ് ബി.ആര്‍.പി യെ ആദ്യമായി തന്റെ ശൈലിയില്‍ മലയാള വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയത്. ഏഷ്യാനെറ്റില്‍ പത്രവിശേഷം കേള്‍ക്കുന്ന പ്രേക്ഷകരാരും അതില്‍ കാണുന്ന മനുഷ്യന്റെ പിന്നിലെ യഥാര്‍ത്ഥ കഥാപാത്രത്തെപ്പറ്റി ഒരു ശതമാനമെങ്കിലും അറിയാനിടയില്ല. ആ ബുദ്ധിയുടെ ആഴമറിഞ്ഞ അപൂര്‍വ്വം മനുഷ്യനിലൊരാളായിരുന്നു എടത്തട്ട നാരായണന്‍ എന്ന പത്രാധിപര്‍. എടത്തട്ടയെ കുലുക്കിയ ഒരു നഷ്ടമായിരുന്നു ബാബുവിന്റെ രാജി- നാരായണ പിള്ള എഴുതി.
എം.പി. നാരായണ പിള്ള അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വായനക്കാര്‍ തിരുവനന്തപുരത്ത് ഒരു അനുശോചന യോഗം നടത്തി. അതില്‍ ബി.ആര്‍.പി. ഏതാനും വാക്കുകള്‍ നാണപ്പനെ കുറിച്ച് സംസാരിച്ചു. നാണപ്പനെ കൊണ്ട് ആദ്യം ചെറുകഥയെഴുതിച്ച് അത് മാതൃഭൂമി വാരികക്ക് അയച്ചത് ഡല്‍ഹിയില്‍ വെച്ച് ബി.ആര്‍.പി യാണ്. നാണപ്പന്റെ ഒരു കഥാസമാഹാരം സമര്‍പ്പിച്ചിട്ടുള്ളതും ബി.ആര്‍.പിക്കാണ്. ആ യോഗം കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ബി.ആര്‍.പി യോട് ചോദിച്ചു: ‘എം.പി.നാരായണപിള്ളയ്ക്കും നിങ്ങള്‍ക്കുമൊക്കെ എങ്ങനെയാണ് കാര്യങ്ങള്‍ വ്യത്യസ്തമായി കാണാന്‍ കഴിയുന്നത്?’ അപ്പോള്‍ ബി.ആര്‍.പി. അര നൂറ്റാണ്ട് മുമ്പ് തിരുവനന്തപുരത്ത് പ്രചരിച്ചിരുന്ന ഒരു കഥ അയാളോട് പറഞ്ഞു.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കാവിവൽക്കരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനത്തിൽ ബി. ആർ.പി.
ഒരിക്കല്‍ ഒരു കണ്‍കെട്ട് വിദ്യക്കാരന്‍ തിരുവനന്തപുരം നഗരത്തില്‍ വന്നു. ഹജൂര്‍ കച്ചേരി (അങ്ങനെയായിരുന്നു സെക്രട്ടേറിയറ്റ് കെട്ടിടം പണ്ട് അറിയപ്പെട്ടിരുന്നത്) താന്‍ വിഴുങ്ങുമെന്ന് അയാള്‍ പ്രഖ്യാപിച്ചു. ഈ അത്ഭുത കാഴ്ച കാണാന്‍ അയാള്‍ ആളുകളെ ക്ഷണിച്ചു. സെക്രട്ടേറിയറ്റ് കോമ്പൗണ്ടില്‍ പ്രവേശിച്ച് അയാള്‍ ഒരു പ്രഭാഷണം നടത്തി. പിന്നീട് അയാള്‍ കാണികളെ മെസ്മറൈസ് ചെയ്തു. എന്നിട്ട് പ്രകടനം തുടങ്ങി. കെട്ടിടത്തിന്റെ ഒരു മൂലയില്‍ ചെന്ന് നിന്നുകൊണ്ട് അയാള്‍ പറഞ്ഞു: ‘ഇവിടെ നിന്നാണ് തുടങ്ങാന്‍ പോകുന്നത്. ഓരോരോ അടി ആയി വിഴുങ്ങും. ‘ഇതാ ഒരടി… ഇതാ രണ്ടാമത്തെ അടി… മൂന്നാമത്തെ അടി…’
ഈ സമയത്ത് മെയിന്‍ റോഡ് വഴി വന്ന ഒരാള്‍ സെക്രട്ടേറിയറ്റ് കോമ്പൗണ്ടിലെ ആള്‍ക്കൂട്ടത്തെ കണ്ടു. എന്താ കാര്യമെന്ന് അന്വേഷിക്കാന്‍ അയാള്‍ അങ്ങോട്ട് ചെന്നു. പിന്നില്‍ നിന്നിരുന്ന ഒരാളെ തട്ടി വിളിച്ച് എന്താ കാര്യമെന്ന് ചോദിച്ചു.
‘നോക്കൂ!’ അയാള്‍ പറഞ്ഞു. ‘ഒരാള്‍ ഹജൂര്‍ കച്ചേരി വിഴുങ്ങുന്നത് കണ്ടില്ലേ? പത്തടി വിഴുങ്ങിക്കഴിഞ്ഞു.’
മെസ്മറൈസ് ചെയ്യപ്പെട്ടിട്ടില്ലായിരുന്ന ആഗതന്‍ നോക്കിയപ്പോള്‍ ആ മനുഷ്യന്‍ കെട്ടിടത്തിന്റെ ഒരു മൂലയില്‍ നിന്നുകൊണ്ട് ‘ഇതാ പതിനൊന്നടി!’ എന്ന് വിളിച്ചു പറയുന്നതാണ് കണ്ടത്.
”ഇവിടെ കണ്‍കെട്ട് വിദ്യക്കാര്‍ പണി തുടങ്ങിയപ്പോള്‍ എം.പി. നാരായണപിള്ളയും ഞാനുമൊക്കെ പുറത്തായിരുന്നു. ഞങ്ങള്‍ മെസ്മറൈസ് ചെയ്യപ്പെട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ വ്യത്യസ്തമായി കാണുന്നു’ കഥയവസാനിപ്പിച്ച ബി.ആര്‍.പി തന്റെ പഞ്ച് ലൈന്‍ ആ ചെറുപ്പക്കാരനോട് പറഞ്ഞു.
എല്ലാ മാധ്യമങ്ങളും ഒരു ശീലത്തിന്റെ ഭാഗമാണ്. അച്ചടിയുടെ കാലത്തുള്ള തലമുറ അതിന്റെ തടവുകാരനായി. പത്രം വായിക്കാതായ ഒരു തലമുറ ചാനലുകളുടെ കാഴ്ചക്കാരായി. എന്നാല്‍ പത്രങ്ങള്‍ക്കുണ്ടാക്കാനായ സാംസ്‌കാരികാന്തരീക്ഷം ചാനലുകള്‍ക്ക് സൃഷ്ടിക്കാനായില്ല.’ എന്നായിരുന്നു ബി. ആര്‍.പി.യുടെ മാധ്യമ നിരീക്ഷണം.
‘സാധാരണയായി പോസ്റ്റുകളില്‍ ഞാന്‍ ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കാറില്ല. മാധ്യമവിചാരണ എനിക്ക് പരിചിതമായ ശൈലിയുടെ ഭാഗമല്ലാത്തതുകൊണ്ട് ആരോപണങ്ങളിന്മേല്‍ വിധി പ്രഖ്യാപിക്കാറുമില്ല. പൊതുമണ്ഡലത്തില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയോ ഉചിതമെന്ന് തോന്നുന്ന നിരീക്ഷണങ്ങള്‍ നടത്തുകയോ ആണ് ഞാന്‍ ചെയ്യുന്നത്.’ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരികരിക്കുന്നതിനെ കുറിച്ച് ബി.ആര്‍.പി ഒരിക്കല്‍ പറഞ്ഞു.
ബി.ആർ. പി ചെന്നെ വാസക്കാലത്ത്
ഒരു മാധ്യമ പ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകളാണ് അദ്ദേഹത്തിന്റെ പുസ്തകം, ന്യൂസ് റൂം. ‘താന്‍ ഭാഗമാവുകയും സാക്ഷിയാകുകയും ചെയ്ത ചരിത്ര സന്ദര്‍ഭങ്ങളോട് തന്റെ തലമുറ എങ്ങനെ പ്രതികരിച്ചു എന്നതിന്റെ സത്യസന്ധമായ വിവരണം. വ്യക്തിനിഷ്ഠമെന്നതിനേക്കാള്‍ വസ്തുനിഷ്ഠമാണ് ഈ പുസ്തകം. സ്വതന്ത ഇന്ത്യയിലെ ദേശീയ പത്രപ്രവര്‍ത്തന ചരിത്രം വിശദമായി വിശകലനം ചെയ്ത് എഴുതപ്പെട്ട മലയാളത്തിലെ അപൂര്‍വ്വ ഗ്രന്ഥം. പത്രപ്രവര്‍ത്തകരും, പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികളും ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ന്യൂസ് റൂമാണത്. ‘ഈ കാലഘട്ടത്തിലെ പത്രപവര്‍ത്തകരുടെ കണ്ണില്‍ എന്റെ തലമുറയുടേത് മാധ്യമ ചരിത്രത്തിലെ ശിലായുഗമോ ഡിനോസര്‍ യുഗമോ ആകാം.’ തന്റെ അനുഭവക്കുറിപ്പുകളില്‍ ബി.ആര്‍.പി. കുറിച്ചു. BRP Bhaskar; the voice of Indian media democracy
Content Summary: BRP Bhaskar; the voice of Indian media democracy
Leave a Comment