July 17, 2025 |

‘കോവിഡ് ഭീതി വേണ്ട, ജാ​ഗ്രത മതി, മഴക്കാലത്ത് ശ്വാസകോശ അണുബാധയുണ്ടാകുന്നത് സ്വാഭാവികം’

മുൻകരുതലുകൾ എടുക്കേണ്ടത് അടിസ്ഥാനപരമായ കാര്യമെന്ന് ഡോ. സൈറു ഫിലിപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകളും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ പോകുമ്പോഴും മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുമ്പോഴും മാസ്ക് ധരിക്കുക, കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളുള്ളവർ കോവിഡ് പരിശോധന നടത്തുക തുടങ്ങിയ വിവരങ്ങൾ അടങ്ങിയ മാർ​ഗനിർദേശങ്ങളും ആരോ​ഗ്യ വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കിയിരുന്നു. കൂടാതെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകളും ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വീണ്ടുമൊരു ലോക്ക്ഡൗൺ രാജ്യം നേരിടേണ്ടി വരുമോ എന്ന ചോദ്യമാണ് പലയിടങ്ങളിൽ നിന്നും ഉയരുന്നത്.

കോവിഡ് വ്യാപനത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും അതേസമയം, ഏത് രോ​ഗമാണെങ്കിലും മുൻകരുതലുകൾ എടുക്കേണ്ടത് അടിസ്ഥാനപരമായ കാര്യമാണെന്നും കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സൈറു ഫിലിപ്പ് അഴിമുഖത്തോട് പ്രതികരിച്ചു. മഴക്കാല സീസണിൽ ശ്വാസകോശ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും രോ​ഗം വരാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ. സൈറു ഫിലിപ്പ് കൂട്ടിച്ചേർത്തു.

‘ഇതൊരു മഴക്കാലമാണ്. ഈ സമയത്ത് ശ്വാസകോശ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അണുബാധ ചിലപ്പോൾ കോവി‍ഡിലേക്കോ എച്ച് വൺ എൻ വണിലേക്കോ മാറാനും സാധ്യതയുണ്ട്. എന്ത് കാരണത്താലായാലും മഴക്കാലത്താണ് ഇത്തരം അണുബാധകൾ കൂടുതൽ ഉണ്ടാകുന്നത്. ഏത് രോ​ഗമാണ് എന്നുള്ളതിൽ പ്രാധാന്യം നൽകുന്നതിന് പകരം രോ​ഗം വരാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ചാണ് ഇപ്പോൾ ചിന്തിക്കേണ്ടത്. വായുവിലൂടെ പകരുന്ന രോ​ഗങ്ങളുടെ ലക്ഷണങ്ങൾ ഒരാളിൽ കണ്ട് തുടങ്ങിയാൽ മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങുക എന്നത് വളരെ അടിസ്ഥാനപരമായ കാര്യമാണ്. അതിന് കൊവിഡ് വരണമെന്നില്ല. ജലദോഷം ഉണ്ടെങ്കിൽ പോലും പ്രത്യേകിച്ച് ഈ കാലാവസ്ഥയിൽ മാസ്ക് ധരിക്കുക എന്നത് അത്യാവശ്യമാണ്. എല്ലാവരുമല്ല, രോ​ഗലക്ഷണങ്ങൾ ഉള്ളവർ ശ്രദ്ധിക്കണമെന്നാണ് ആരോ​ഗ്യ മന്ത്രാലയത്തിന്റെ മാർ​ഗനിർദേശങ്ങളിൽ പറഞ്ഞിട്ടുള്ളത്.

കോവിഡ് കുറഞ്ഞപ്പോൾ ജനങ്ങൾ അതിന്റെ കാര്യം മറന്നുപോയി എന്നാണ് മനസിലാക്കാൻ കഴിയുന്നത്. കോവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. മാർ​ഗനിർദേശങ്ങൾ പാലിക്കുകയും വേണം.

കോവിഡ് 19 നമ്മുടെ ഇടയിൽ കമ്മ്യൂണിറ്റി സ്പ്രെഡ് ആയ ഒന്നാണ്. അത് കൂടുന്നതും കുറയുന്നതും അനുസരിച്ച് സർക്കാരിൽ നിന്ന് കൃത്യമായ മാർ​ഗനിർദേശങ്ങൾ ലഭിക്കുന്നതാണ്. എന്നാൽ നിലവിൽ അലർട്ട് കേട്ട് ഭീതിപ്പെടേണ്ട അവസ്ഥയില്ല. രോ​ഗങ്ങളുടെ കാര്യത്തിൽ നന്നായി നിരീക്ഷണം നടത്തുന്ന സംസ്ഥാനങ്ങളിൽ കൃത്യമായ മാർ​ഗനിർദേശങ്ങൾ നൽകുന്നത് പോസിറ്റീവ് ആയിട്ടുള്ള കാര്യമാണ്. അതിൽ ഭയപ്പെടാതെ മാർ​ഗനിർദേശങ്ങൾ പാലിക്കുകയാണ് നാം ചെയ്യേണ്ടത്. ഇപ്പോൾ എച്ച് വൺ എൻ വൺ നോക്കിയാൽ, പ്രായമുള്ളവരും ​ഗർഭിണികളും രോ​ഗത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. രോ​ഗമേതായാലും പാലിക്കേണ്ട അടിസ്ഥാന മുൻകരുതലുകൾ സമാനമാണ്. രോ​ഗലക്ഷണങ്ങൾ ​ഗൗരവമാണെന്ന് തോന്നുമ്പോഴാണ് കോവിഡ് ടെസ്റ്റിന് നിർദേശിക്കുന്നത്.

ഇതിൽ ഭീതി വരുന്നതിലുപരി ജനങ്ങൾ മനസിലാക്കേണ്ടത് മുൻകരുതലുകൾ എന്ന അടിസ്ഥാന കാര്യമാണ്. വെള്ളം ചൂടാക്കി മാത്രം ഉപയോ​ഗിക്കുക എന്നത് ഈ മഴക്കാലത്ത് അത്യാവശ്യമായി ചെയ്യേണ്ടതാണ്. ഹെപ്പറ്റൈറ്റിസ്, കോളറ തുടങ്ങി വെള്ളത്തിൽ കൂടി പടരുന്ന രോ​ഗങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രാഥമികമായ കാര്യമാണത്. അങ്ങനെയൊരു കാഴ്ചപ്പാടിൽ വേണം നിലവിലെ കോവിഡ് കോസുകളും കാണേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്.

കോവിഡ് വൈറസ് പൂർണമായും പോയിട്ടില്ല. അത് നമ്മുടെ സമൂഹത്തിലുള്ള ഒരു അസുഖമായി മാറിക്കഴിഞ്ഞു. എന്നാൽ അത് നിയന്ത്രിക്കാനാകാത്ത വിധം ജനങ്ങൾക്കിടയിൽ പടർന്ന് പിടിക്കുമ്പോഴാണ് നമ്മൾ ജാ​ഗരൂകരാകേണ്ടത്. ഏത് പകർച്ചവ്യാധിയുടേയും രീതി അതാണല്ലോ? ഇങ്ങനെയൊരു പകർച്ചവ്യാധി ഇതുവരെയും അനുഭവിച്ചിട്ടില്ലാത്ത ജനങ്ങൾക്കിടയിൽ അത് എത്തുന്ന രീതിയും പകർച്ചവ്യാധി എല്ലാവർക്കും ബാധിച്ചതിന് ശേഷമുള്ള രീതിയും വ്യത്യസ്തമാണ്. കോവിഡ് നമുക്കിടയിലുണ്ട് എന്നത് യാഥാർത്ഥ്യം. എന്തുകൊണ്ട് വീണ്ടു വർദ്ധിക്കുന്നു എന്നത് കണ്ടെത്തി പരിഹരിക്കുകയെന്നതാണ് അടുച്ച ലക്ഷ്യം. അതേസമയം, അടിസ്ഥാന പ്രതിരോധ പ്രവർത്തനങ്ങൾ മാറുന്നില്ല, ഡോക്ടർ സൈറു ഫിലിപ്പ് അഴിമുഖത്തോട് പറഞ്ഞു.

കേരളം, ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലാണ് നിലവിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് സാംപിളുകളുടെ ശേഖരണം, പരിശോധന എന്നിവയുടെ മാർഗനിർദേശങ്ങളിൽ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം തേടിയിരുന്നു.Covid cases in India; Dr. Sairu Philip Stresses the Importance of Taking Precautions

Content Summary: Covid cases in India; Dr. Sairu Philip Stresses the Importance of Taking Precautions

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×