അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് എറണാകുളം എളമക്കരയിൽ 12 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിലാകുന്നത്. പിന്നാലെയാണ് മരടിൽ നാല് വയസ്സുകാരിയെ അമ്മ ചട്ടുകം വെച്ച് പൊള്ളിച്ച സംഭവമുണ്ടാകുന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാട്ടിത്തറയിൽ താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശിനിയായ അമ്മയെ പ്രതി ചേർത്ത് മരട് പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ അധികൃതരുടെ പരാതിയിലാണ് അമ്മ പിടിയിലായത്. കുട്ടിക്ക് കൃത്യമായി ഭക്ഷണം നൽകിയിരുന്നില്ലെന്നും അമ്മൂമ്മയും കുട്ടിയെ ഉപദ്രവിച്ചിരുന്നതായുമാണ് ലഭിക്കുന്ന വിവരം.
കുട്ടിയുടെ അച്ഛൻ ജീവിച്ചിരിപ്പില്ലായെന്നാണ് പൊലീസ് നൽകുന്ന വിവരം. അമ്മയും കുഞ്ഞും അമ്മൂമ്മയും അപ്പൂപ്പനും മാത്രമാണ് വീട്ടിലുള്ളത്. ഒരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും പ്രത്യേകമായി ഭക്ഷണം പാകം ചെയ്ത് രണ്ട് കുടുംബമായാണ് താമസിക്കുന്നത്.
ഏഴ് ദിവസങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന അമ്മയോടൊപ്പമായിരിക്കും ഇനിയും കുട്ടിയെ അയക്കാൻ സാധ്യതയെന്നും അത് കുട്ടിയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും പൊതുപ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് അഴിമുഖത്തോട് പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഇത്തരം കേസുകളിൽ നിരന്തരം വീഴ്ചകൾ വരാറുണ്ടെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് കൂട്ടിച്ചേർത്തു.
‘കുട്ടികൾ ഒരു ബാധ്യതയായിട്ട് പല മാതാപിതാക്കൾക്കും തോന്നുന്നതാണ് ഇത്തരം സംഭവങ്ങളിലെ പ്രധാന കാരണം. പുതിയൊരു ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി കുട്ടികളെ ഒഴിവാക്കാൻ ശ്രമിക്കുമ്പോഴാണ് അവരെ ഉപദ്രവിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നത്. മരടിലെ വിഷയം പരിശോധിക്കുകയാണെങ്കിൽ നാലുവയസുകാരി ഒരു കൂട്ടുകുടുംബത്തിലെ അംഗമാണ്. മൂന്ന് വർഷമായി കുട്ടിക്ക് സ്ഥിരമായി മാതാവിൽ നിന്നും അമ്മൂമ്മയിൽ നിന്നും മർദ്ദനം ഏൽക്കുകയാണ്. കുട്ടിക്ക് ഭയം കൊണ്ട് ഇത് പുറത്താരോടും പറയാൻ കഴിഞ്ഞിരുന്നില്ല. കുറ്റം ചെയ്ത സ്ത്രീയെ സംരക്ഷിക്കുന്ന നിലപാടാണ് അവരുടെ അമ്മയും സ്വീകരിച്ചത്. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ച് മനസിലാക്കിയപ്പോഴാണ് അമ്മയുടെ ക്രൂരത പുറത്തുവരുന്നത്.
സംഭവത്തിൽ സാക്ഷികളില്ലാത്തതിനാൽ കേസ് നിൽക്കില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് കേസ് ഫയൽ ചെയ്യുകയും മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ച് അമ്മ റിമാൻഡിൽ പോവുകയുമായിരുന്നു. വീട്ടിലെ പ്രശ്നങ്ങളും കുട്ടികൾ നേരിടുന്ന പീഡനങ്ങളും തുറന്നുപറയാൻ സ്കൂളുകളിൽ സൗകര്യങ്ങളുണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
മരടിലെ സംഭവത്തിൽ കുട്ടി തനിക്കൊരു ശല്യമാണ് എന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. നാലുവയസുള്ള ഒരു കുഞ്ഞ് ഒരിക്കലും മാതൃത്വത്തിന് ശല്യമായി വരാൻ സാധ്യതയില്ല. മറ്റെന്തെങ്കിലും മറയ്ക്കുന്നതിന് വേണ്ടിയാകാം കുട്ടിയുടെ അമ്മ ഇങ്ങനെ ന്യായീകരണം പറഞ്ഞതെന്നാണ് എനിക്ക് തോന്നുന്നത്. അമ്മയ്ക്ക് മറ്റ് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുമ്പോൾ അത് കുട്ടിയോടുള്ള ദേഷ്യമായി മാറുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുകയാണ്.
നമ്മുടെ സംസ്ഥാന സർക്കാരിൽ വളരെ പ്രധാനപ്പെട്ട ഒരു വകുപ്പായ വനിതാ ശിശുക്ഷേമത്തിനെ ഒരു പേപ്പറിൽ മാത്രം ഒതുക്കിയിരിക്കുന്ന അവസ്ഥയാണ് വർഷങ്ങളായി കാണാൻ കഴിയുന്നത്. കുട്ടികൾ നേരിടുന്ന പല പീഡനങ്ങളും പുറത്തുവരുന്നില്ല. പുറത്തുവരുന്നവയിൽ തന്നെ കൃത്യമായ നടപടികളെടുത്ത് അവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ നമ്മുടെ ഭരണസംവിധാനത്തിന് കഴിയുന്നുമില്ല.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അമ്മ പുറത്തിറങ്ങുമ്പോൾ, കുട്ടിയെ അമ്മയോടൊപ്പം വിടാനായി പല ഭാഗത്ത് നിന്നും കുട്ടിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടാകും. സ്വാധീനത്തിൻ്റെ ഫലമായി തനിക്ക് പരാതിയില്ലെന്നും കുട്ടി പറയാം. പിന്നീട് വീണ്ടും അമ്മയിൽ നിന്നും പീഡനം നേരിടേണ്ടി വന്നാൽ പിന്നീട് കുട്ടി പരാതിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ അത് വ്യാജ പരാതിയായി കണക്കാക്കപ്പെടുന്നു. അങ്ങനെയൊരു അവസ്ഥയുണ്ടാകാതിരിക്കാൻ വേണ്ടിയാണ് കുട്ടിയുടെ ജീവിതാവസ്ഥയെക്കുറിച്ച് അന്വേഷിക്കണമെന്നും കുട്ടിയെ സംരക്ഷിക്കണമെന്നും ഞാൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്.
അമ്മ പുറത്തിറങ്ങുന്ന സമയത്ത് കുട്ടിയുടെ കസ്റ്റോഡിയൽ അമ്മ തന്നെയാണ് വരുന്നത്. കോടതിക്ക് മറ്റൊരു മാർഗമില്ല. വീണ്ടും കുട്ടിയുടെ സുരക്ഷ അവിടെ ഇല്ലാതാവുകയാണ്. അമ്മയുടെ ദേഷ്യവും ഉപദ്രവവുമെല്ലാം അനുഭവിച്ച് വന്നതുകൊണ്ട് തന്നെ ഭാവിയിൽ അങ്ങനെയുള്ള ഒരു വ്യക്തിയായി ഈ കുട്ടിയുടെ വ്യക്തിത്വവും രൂപപ്പെട്ടേക്കാം.
എറണാകുളത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള അശ്രദ്ധയാണ് സംഭവിക്കുന്നത്. വിവാദപരമായ സംഭവങ്ങളിൽ മാത്രം ഇടപെടുകയും ചെറിയ രീതിയിലുള്ള പേപ്പർ വർക്കുകൾ നടത്തി ഒത്തുതീർപ്പിന് ശ്രമിക്കുകയുമാണ് ചെയ്യുന്നത്. അല്ലാതെ വളരെ ആഴത്തിൽ ജില്ലയിലെ പ്രശ്നങ്ങൾ പഠിച്ച് കൃത്യമായ നടപടികളെടുക്കാൻ സിഡബ്ലുസി ശ്രമിക്കുന്നില്ല. ചുരുക്കം ചില വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റുള്ളവയെ അവഗണിക്കുകയുമാണ് അവർ ചെയ്യുന്നത്. സ്കൂളുകളിൽ പോലും അവബോധ ക്ലാസുകൾ ക്രമീകരിക്കുന്നതിന് പോലും ചൈൽഡ് വെൽഫെയർ കമ്മിറ്റി പരിശ്രമിക്കുന്നില്ല.
തൻ്റെ കുട്ടിയെ എന്തും ചെയ്യാമെന്നുള്ള വിചാരമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിൻ്റെ കാരണം. കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നതും വളർത്തുന്നതുമെല്ലാം താനാണെന്നും അതിനാൽ അവരെ എന്ത് വേണമെങ്കിലും ചെയ്യാം എന്നുമുള്ള തെറ്റായ ധാരണ പല രക്ഷിതാക്കളും വെച്ചുപുലർത്തുന്നുണ്ട്.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജാഗ്രതാ സമിതികളുണ്ട്. എന്നാൽ ഒരു ജാഗ്രതാ സമിതിയും വലിയ സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യുന്നില്ല. ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും നടത്താത്ത ജാഗ്രതാ സമിതികളുമുണ്ട്.
പത്തനംതിട്ടയിൽ അടുത്തിടെ ഒരു പോക്സോ കേസ് വന്നിരുന്നു. ആ കേസ് ഒതുക്കി തീർക്കാൻ അവിടത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റി തന്നെ ശ്രമിച്ചുവെന്ന തരത്തിൽ വിവാദങ്ങളുമുണ്ടായി. ഹൈക്കോർട്ട് അഭിഭാഷകനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. റൂറൽ എസ്പിയും, ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡൻ്റും കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു. അവസാനം കളക്ടർ അന്വേഷണം പ്രഖ്യാപിക്കുകയും സിഡബ്ല്യൂസി അധ്യക്ഷനെ സ്ഥാനത്ത് നിന്നും മാറ്റുകയുമായിരുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ കുട്ടികളാണ് ഇരകളെന്ന് മനസിലാകുമ്പോൾ പല തരത്തിൽ അവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സർക്കാരിൽ നിന്നും കൃത്യമായിട്ടുള്ള ഒരു മോണിറ്ററിങ്ങ് ഇല്ലാത്തത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.
മരട് പൊലീസ് സ്റ്റേഷനിൽ നിന്നും സർക്കാരിൽ നിന്നും കൃത്യമായ ഇടപെടലുണ്ടായാൽ ഈ കുട്ടിയെ നല്ല സംരക്ഷണം നൽകി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും’, അഡ്വ. കുളത്തൂർ ജയ്‌സിങ് അഴിമുഖത്തോട് പറഞ്ഞു.
തങ്ങൾക്കെതിരെ ആരോപണങ്ങളുയർത്തുന്നവർക്ക് ശരിക്കും ഡിഡബ്ല്യുസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നും ചില വിവരങ്ങൾ പുറത്തുപറയാൻ കഴിയാത്തതിനാലാണ് ഇത്തരം ആരോപണങ്ങളുണ്ടാകുന്നതെന്നും ചൈൻഡ് ലൈൻ പ്രവർത്തകർ അഴിമുഖത്തോട് പറഞ്ഞു.
‘മരടിലെ വിഷയത്തിൽ ചൈൻഡ് വെൽഫെയർ കമ്മിറ്റി കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ട്. നിലവിൽ ഡോക്ടർമാരുടെ നിർദേശമനുലരിച്ച്
കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിവരികയാണ്. സംഭവം അറിഞ്ഞപ്പോൾ തന്നെ ചൈൻഡ് ലൈൻ പ്രവർത്തകർ നേരിട്ടെത്തി കുട്ടിയെ അവിടെ നിന്നും മാറ്റുകയായിരുന്നു.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യം തന്നെയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിൽ അവബോധം നൽകുകയെന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. കുട്ടിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിൽ ഇൻഫർമേഷൻ ലഭിച്ചാൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കുന്നുണ്ട്.
നിലവിൽ കുട്ടിയെ കാണാൻ ആർക്കും കഴിയില്ല. കുഞ്ഞ് പൂർണമായും ഡിഡബ്ല്യുസിയുടെ സുരക്ഷിതത്വത്തിലാണ്. പുനരധിവാസത്തിനെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള പൂർണ ഉത്തരവാദിത്തവും ഡിഡബ്ല്യുസിക്കാണ്.
ഡിഡബ്ല്യുസി ദിവസവും ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നവരാണ്. നമുക്ക് ലഭിക്കുന്ന വിവരങ്ങൾ രഹസ്യസ്വഭാവമുള്ളവയാണ്. അത് എപ്പോഴും എല്ലാവരോടും തുറന്നുപറയാൻ കഴിയുന്നതല്ല. അല്ലാതെ ഒരിക്കൽ പോലും ചില കേസുകളിൽ മാത്രം താൽപര്യം കാണിച്ച് ഇടപെടാറില്ല’, ചൈൻഡ് ലൈൻ പ്രവർത്തകർ അഴിമുഖത്തോട് പറഞ്ഞു.
Content Summary: Brutality against children increases in kerala, 4-year-old girl in Maradu faces brutal abuse by her mother