ഫെബ്രുവരി 23 ന് ആയിരുന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം. ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ വക നല്‍കിയ മത്സരഫലമായിരുന്നുവെങ്കിലും, ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ കുറച്ച് മനുഷ്യരുടെ ജീവിതവും സമാധാനവും തകര്‍ക്കുന്ന ഫലമായിരുന്നു ആ ഞായര്‍ രാത്രി നല്‍കിയത്. മഹാരാഷ്ട്രയിലെ സിന്ധുദര്‍ഗയിലെ മാല്‍വാനിലാണ് ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ പേരില്‍ ഹിന്ദുത്വവാദികളും, പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് വര്‍ഗീയ പ്രകോപനവും ബുള്‍ഡോസര്‍ രാജും നടപ്പിലാക്കിയത്.
ഒരു 15 കാരനും അവന്റെ കുടുംബവും, ബന്ധുക്കളുമാണ് ക്രിക്കറ്റ് കളിയുടെ പേരില്‍ ജീവിതം പ്രതിസന്ധിയിലായത്. മത്സരം ടിവിയില്‍ കണ്ടുകൊണ്ടിരിക്കെ 15 കാരന്‍ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം. ഇവരുടെ വീടിനു പുറത്തു കൂടി പോയ ആരോ ആണ് കുട്ടി ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പറയുന്നത്. അയാള്‍ അത് മറ്റുള്ളവരോട് പറയുകയും അവരെല്ലാവരും ചേര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തു. പിന്നാലെ പൊലീസ് വന്നു. ഒരു പ്രദേശവാസിയുടെ പരാതി അടിസ്ഥാനമാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 15 കാരനെ കസ്റ്റഡിയില്‍ എടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു. അവന്റെ മാതാപിതാക്കളെ വിവധി വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. മാതാപിതാക്കള്‍ക്ക് ചൊവ്വാഴ്ച്ച ജാമ്യം ലഭിച്ചിരുന്നു. കുട്ടിയെ ജുവനൈല്‍ ഹോമില്‍ നിന്നും അമ്മാവനൊപ്പം അയച്ചു.
കേസിനും അറസ്റ്റിനും പുറമെയാണ്, കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗമായിരുന്ന തകരക്കട പൊളിച്ചു നീക്കിയത്. മാല്‍വാന്‍ മുന്‍സിപ്പാലിറ്റി അധികൃതരാണ് 15 കാരന്റെ കുടുംബത്തിന്റെ തകരക്കട പൊളിച്ചത്. അനധികൃത കയ്യേറ്റമാണെന്നായിരുന്നു കാരണം പറഞ്ഞത്. എന്നാല്‍, ഇത്തരമൊരു നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി ഒരു നോട്ടീസ് പോലും അധികൃതര്‍ നല്‍കിയിരുന്നില്ല. കുട്ടിയുടെ പിതാവ് മറ്റൊരാളുടെ സ്ഥലത്ത് നിയമവിരുദ്ധമായാണ് കട നിര്‍മിച്ചിരുന്നതെന്നും, സ്ഥല ഉടമയുടെ പരാതി കിട്ടിയതിനെ തുടര്‍ന്നാണ് നിര്‍മാണം പൊളിച്ചു നീക്കിയതെന്നുമാണ് മാല്‍വാന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ചീഫ് ഓഫിസര്‍ സന്തോഷ് ജിറാഗ് ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്. സ്ഥലമുട നല്‍കിയെന്ന പരാതിയില്‍ പറയുന്നത്, തന്റെ സ്ഥലത്താണ് താത്കാലിക തകര ഷെഡ് നിര്‍മിച്ചിരുന്നതെന്നാണ്. ഉടന്‍ തന്നെ ഞങ്ങള്‍ ആക്ഷന്‍ എടുത്തു. കൂടാതെ, എംഎല്‍എ നിലേഷ്
റാണെയുടെയും പൊലീസിന്റെയും കത്തും ഇതുമായി ബന്ധപ്പെട്ട് കിട്ടിയിരുന്നുവെന്ന് മുന്‍സിപ്പല്‍ ഓഫിസര്‍ പറയുന്നു. 300 ഓളം ആളുകള്‍, നിര്‍മാണം ഉടനടി പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് തടിച്ചു കൂടിയിരുന്നുവെന്നും അധികൃതര്‍ പറയുന്നു.
എന്നാല്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതിന് മുമ്പായി, നിയമപരമായി നല്‍കേണ്ട നോട്ടീസ് മുന്‍സിപ്പാലിറ്റി നല്‍കിയിരുന്നില്ലെന്ന് ചീഫ് ഓഫിസര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സമ്മതിക്കുന്നുണ്ട്. കിട്ടിയ പരാതി മാത്രമാണ് നിര്‍മാണം പൊളിച്ചു നീക്കാന്‍ അധികൃതര്‍ കാരണമാക്കിയത്. ഇങ്ങനെയൊരു ഷെഡ്, കുട്ടിയുടെ മാതാപിതാക്കള്‍ എപ്പോഴാണ് തന്റെ സ്ഥലത്ത് നിര്‍മിച്ചതെന്നൊന്നും പരാതിക്കാരന്‍ പറയുന്നുമില്ല. എന്തായാലും ആ ചെറിയ ഷെഡ് പൊളിച്ചു നീക്കുന്നതിന്റെ ചിത്രങ്ങള്‍ എംഎല്‍എ നിലേഷ് റാണെ റാണെ തന്റെ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.
ആരോപണവിധേയരായ കുടുംബത്തിന്റെ ജീവിത മാര്‍ഗം മാത്രമല്ല അധിതകര്‍ തകര്‍ത്തത്. കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ തകരക്കടയും അവര്‍ പൊളിച്ചു നീക്കി. തന്റെ സഹോദരന്റെ തകരക്കടയുടെ 50 മീറ്റര്‍ അടുത്ത് തന്നെയായിരുന്നു തന്റെയും കടയെന്നാണ് 15 കരന്റെ പിതാവിന്റെ മൂത്തസഹോദരന്‍ പറയുന്നത്. ഞാനും എന്റെ ഇളയ സഹോദരനുമായി നല്ല അടുപ്പത്തില്‍ ആയിരുന്നില്ല. പക്ഷേ, ഞാന്‍ അവന്റെ ബന്ധുവാണെന്ന പേരില്‍ എന്റെ കടയും അവര്‍ പൊളിച്ചു. ഈ കട നിന്നിരുന്നത് മറ്റൊരാളുടെ സ്ഥലത്തുമായിരുന്നു. 4-5 ലക്ഷം രൂപയാണ് എനിക്ക് നഷ്ടം വന്നിരിക്കുന്നത്. എന്റെ കുടുംബം കഷ്ടത്തിലായി. എന്റെ മകള്‍ക്കു പത്താം ക്ലാസ് പരീക്ഷയാണ്. എന്താണ് ഞങ്ങള്‍ ചെയ്ത തെറ്റ്? സഹോദരന്റെ വാക്കുകള്‍.
രാജന്‍ അസ്ഗോങ്കര്‍ എന്നയാളാണ് തന്റെ കട നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമയെന്നും തന്റെ ഇളയ സഹോദരന്റെ ഭൂവുടമയുടെ പേര് സുഹാസ് അജ്ഗോങ്കര്‍ എന്നാണെന്നും സഹോദരന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു. ”ഞാന്‍ 10,000 രൂപ ഡെപ്പോസിറ്റും പ്രതിമാസം 3,000 രൂപ വാടകയും നല്‍കുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങളുമായി അവര്‍ ഔപചാരിക കരാറിലൊന്നും ഏര്‍പ്പെട്ടിരുന്നുമില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ആരോപണവിധേയനായ കുട്ടിയുടെ മാതാപിതാക്കളുടെ ഉള്‍പ്പെടെ സമീപപ്രദേശത്തുള്ള രണ്ടോ മൂന്നോ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കിയിട്ടുണ്ടെന്നാണ് പൊലീസും പറയുന്നത്. എന്നാല്‍ ഇതെല്ലാം നിയമപരമായ മുന്നൊരുക്കങ്ങളോടെയാണോ എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. Bulldozer action in Malvan, Anti-National slogans during India-Pakistan Champions Trophy match case
Content Summary; Bulldozer action in Malvan